കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.എം. ആക്രമണത്തിന്റെ പിന്നില്‍
ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമാണ് പൊലീസ് എന്ന് കമ്യൂണിസ്റ്റ് വേദാന്തം. ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ നിരന്തര ശത്രു സ്ഥലത്തെ പൊലീസ് സബ് ഇന്‍സ്പെക്ടറാണെന്ന് പഴയകാല കമ്യൂണിസ്റ്റുകള്‍ വിശ്വസിച്ചു. തീവ്ര വിപ്ലവത്തിന്റെ പാഠങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പൊരിക്കല്‍ കല്യാശേരിയിലെത്തിയ യുവ വിപ്ലവകാരിയുടെ ചിന്താപദ്ധതികളൊക്കെ വിസ്തരിച്ചുകേട്ടശേഷം കെ.പി.ആര്‍ ഗോപാലന്‍ ഇങ്ങനെ ചോദിച്ചു: 'എവിടാ മോന്റെ വീട്'?, 'വടക്കന്‍ പറവൂര്‍'-യുവാവ് പറഞ്ഞു. 'ആരാ അവിടുത്തെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍'?
മാവോയേയും ലിമ്പിയാവോവിനെയും കനുസന്യാലിനെയും ചാരുമജുദാരെയും അറിയാവുന്ന യുവാവ് അല്‍പം നീരസത്തോടെ പറഞ്ഞു; 'എനിക്കറിയില്ല'. അപ്പോള്‍ കെ.പി.ആര്‍ അല്‍പം രോഷത്തോടെ യുവാവിനോട് പറഞ്ഞു 'സ്ഥലത്തെ പൊലീസ് എസ്.ഐയെ അറിയാത്തവന്‍ നാട്ടില്‍ വിപ്ലവമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നു'-.കെ.പി.ആറിന് ദേഷ്യം വന്നു. വര്‍ഗശത്രുവിന്റെ ആയുധമണിഞ്ഞ പ്രതീകമാണ് പൊലീസ് എന്ന് അന്നത്തെ കമ്യൂണിസ്റ്റുകാര്‍ വിപ്ലവപ്രവര്‍ത്തനത്തിന് ഇറങ്ങുംമുമ്പ് അണികളെ പഠിപ്പിച്ചിരുന്നു. ഇന്ന് വിപ്ലവകാരികളില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരും ചുമന്ന് നടക്കുന്ന കപട വിപ്ലവകാരികളേയുള്ളൂ. സ്ഥാപിത താല്‍പര്യത്തിനുവേണ്ടി അവര്‍ ഭരണത്തേയും പൊലീസിനേയും സൗകര്യം പോലെ ഉപയോഗിക്കുന്നു.
മലപ്പുറത്തെ കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മാര്‍ക്സിസ്റ്റുകാരനായ പ്രതിയെ മോചിപ്പിച്ചുകൊണ്ടുപോയ സി.പി.എം യുവാക്കള്‍ നാട്ടില്‍ സ്ഥിതി സമത്വമുണ്ടാക്കാനല്ല നിയമം കയ്യിലെടുത്തത്. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകം പിന്‍വലിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്ത എടരിക്കോട് ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ തള്ളിക്കയറി പഞ്ചായത്ത് അംഗങ്ങളെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ആ പ്രതിയെ ഇറക്കിക്കൊണ്ടുപോയി. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. സദാനന്ദന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ മൂസ, വനിതാ കോണ്‍സ്റ്റബിള്‍ ഫിലോമിന എന്നിവര്‍ക്ക് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേരെ ഈ സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ഡിവൈ.എസ്.പിയുടെ വ്യാജ അന്വേഷണത്തിന്റെ മറവില്‍ പരുക്കേറ്റ പൊലീസുകാരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുകയാണ്. സസ്പെന്‍ഷനിലുള്ള പൊലിസുകാരെല്ലാം സ്തുത്യര്‍ഹമായ സേവനചരിത്രമുള്ളവരാണ്. സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇതിനകം പല പ്രസ്താവനകളും മാറിമാറി നടത്തിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പറയുന്നു. അതേസമയം തന്നെ സി.പി.എം പ്രവര്‍ത്തകരാരും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റുകാര്‍ മലപ്പുറം ജില്ലയുടെ പലഭാഗത്തും ഗുണ്ടാ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഒരു വ്യാപാരസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയ കേസിലും പ്രതിയാണ് പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിക്കപ്പെട്ട മാര്‍ക്സിസ്റ്റുകാരന്‍. വളരെ ആസൂത്രിതമായിരുന്നു കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം. സബ് ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയ തക്കംനോക്കി പുലര്‍ച്ചെ സ്റ്റേഷനില്‍ ഡ്യൂട്ടി പൊലീസ് പരിമിതമായിരുന്ന വേളയിലാണ് ആക്രമണമുണ്ടായത്. സ്റ്റേഷനില്‍ കയറി പൊലീസുകാരെ കീഴ്പ്പെടുത്തിയും അപമാനിച്ചും പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്നത് ഇടതുഭരണത്തിന്‍കീഴില്‍ ആദ്യത്തെ സംഭവമല്ല.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.പി.ഐ നേതാക്കളും മന്ത്രിമാരും നേരിട്ടുചെന്ന് കസ്റ്റഡിയിലിരുന്ന പ്രതികളെ ഇറക്കിക്കൊണ്ടുപോയി. വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായിരുന്നു അവര്‍. പത്തനംതിട്ടയില്‍ എസ്.എഫ്.ഐക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭരണത്തിന്റെ പിന്‍ബലവും അധികാരത്തിന്റെ മുഷ്ക്കും ഉപയോഗിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പൊലീസുകാരെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനുള്ള കമ്യൂണിസ്റ്റ് തന്ത്രമാണ് ഈ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് കക്ഷിഭേദമില്ലാതെ നീതിനിര്‍വഹിക്കാന്‍ ബാധ്യസ്ഥമാണ്. മാര്‍ക്സിസ്റ്റ് ഭരണത്തിന്‍കീഴില്‍ പൊലീസിന് ഒരിക്കലും നിഷ്പക്ഷമായി നീതിനിര്‍വഹിക്കാന്‍ കഴിയുന്നില്ല. മാര്‍ക്സിസ്റ്റുകാരുടെ ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ വാദിയെ പ്രതിയാക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്.
നീതിനിര്‍വഹണത്തിന് പ്രതിജ്ഞാബന്ധരായ പൊലീസുകാരുടെ ആത്മവീര്യം കെടുത്താന്‍മാത്രമേ ഈ നടപടി സഹായിക്കൂ. പൊലീസ് മന്ത്രിയുടെ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വിടുവേല ചെയ്യാത്ത പൊലീസുകാര്‍ക്ക് അടിയും കിട്ടും ജോലിയും പോകുമെന്ന അവസ്ഥയാണ്. കോട്ടയ്ക്കല്‍ സംഭവം ഒറ്റപ്പെട്ടതല്ല. സംസ്ഥാനമൊട്ടുക്ക് സി.പി.എം പൊലീസിനെ വരുതിയിലാക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ്. നീതിബോധത്തിന്റെ പേരില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചതിക്കുഴിയില്‍ വീഴാന്‍ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പാര്‍ട്ടിയുടെ ഗുണ്ടകളില്‍ നിന്ന് ദേഹോപദ്രവം ഏല്‍ക്കേണ്ടിവരും എന്നാണ് കോട്ടയ്ക്കല്‍ സംഭവം മുന്നറിയിപ്പ് നല്‍കുന്നത്.
വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് വരുതിയില്‍ നില്‍ക്കുന്ന പൊലീസും അല്ലാത്ത പൊലീസും ആരാണെന്ന് തരംതിരിക്കാനുള്ള പരീക്ഷണവും പാര്‍ട്ടി നടത്തുന്നു. ഇതനുസരിച്ച് ഇലക്ഷന്‍ പ്രവര്‍ത്തനം അട്ടിമറിക്കാനും കള്ളവോട്ട് വ്യാപകമാക്കാനും സി.പി.എം പതിവുപോലെ ശ്രമിക്കും. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമല്ല ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പൊലിസ്. പാര്‍ട്ടിയുടെ വിനീത ദാസന്‍മാരോ കുറഞ്ഞപക്ഷം ചട്ടുകമോ ആയിരിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ മാത്രമല്ല, ക്രമസമാധാന സംവിധാനത്തെയും ഇത് തകിടംമറിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
Rate this article



del.icio.us
Digg