Home | മുഖപ്രസംഗം | കുടിവെള്ളത്തില്‍പ്പോലും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

കുടിവെള്ളത്തില്‍പ്പോലും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

Font size: Decrease font Enlarge font
image

ബസ്‌ യാത്രാക്കൂലിയും വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച്‌ ഈയിടെ ജനങ്ങളെ പ്രഹരിച്ച ഇടതുഭരണകൂടം കുടിവെള്ളത്തിന്റെ വിലയും കൂട്ടാന്‍ പോകുന്നു. പത്തുകിലോലിറ്ററിന്‌ മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കുള്ള കരം വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിന്‌ അനുവാദം നല്‍കിക്കഴിഞ്ഞു. വെള്ളക്കരം ഉയര്‍ത്താന്‍ ജല അതോറിറ്റി വന്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. വൈദ്യുതി ബോര്‍ഡില്‍നിന്ന്‌ ജല അതോറിറ്റിക്കുമേല്‍ അതിനായി വന്‍ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഏതായാലും ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ ഓണസമ്മാനം അസലായി! കരം പിരിച്ച്‌ ധൂര്‍ത്തടിക്കാന്‍ മാത്രമായി ഒരു സര്‍ക്കാരിവിടെ എന്തിനെന്ന്‌ ജനങ്ങള്‍ക്ക്‌ തോന്നിപ്പോകുന്നു. തമിഴ്‌നാട്ടില്‍ ഓണാഘോഷമില്ല.

എങ്കിലും അവിടെ ഒരു രൂപാനിരക്കില്‍ ഈ മാസം എല്ലാ കുടുംബങ്ങള്‍ക്കും 20 കിലോഗ്രാം അരി സര്‍ക്കാര്‍ നല്‍കുന്നു. 20 രൂപയ്ക്ക്‌ 20 കിലോ അരി!!
കേരളത്തില്‍ ആ വിലയ്ക്ക്‌ ഒരുകിലോ അരി കിട്ടിയേക്കും. തമിഴ്‌നാട്ടില്‍ പച്ചക്കറി സമൃദ്ധം. കേരളീയര്‍ അവരോട്‌ ഇരന്നുവാങ്ങി സാമ്പാറുണ്ടാക്കുന്നു. അവിടെ കൃഷിയാവശ്യത്തിന്‌ വൈദ്യുതി സൗജന്യമായി നല്‍കുന്നു. ഇവിടെ കുടിവെള്ളം പമ്പുചെയ്യുന്ന വൈദ്യുതിക്ക്‌ ഒരു വ്യവസായ ഉപയോക്താവ്‌ നല്‍കുന്ന നിരക്ക്‌.
കരുണാനിധി സര്‍ക്കാര്‍ പാവങ്ങള്‍ക്ക്‌ ടി.വി നല്‍കുന്നു, സാരി നല്‍കുന്നു എന്നൊന്നും പറയുന്നില്ല. എങ്കിലും അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പ്രജകളായിപ്പോയി എന്ന കുറ്റത്താല്‍ നികുതി ഭാരംകൊണ്ട്‌ കേരളീയരെ ഇങ്ങനെ ഞെക്കിപ്പിഴിയാമോ? വിദ്യാര്‍ത്ഥികളുടെ ഫീസ്‌ നിരക്ക്‌ ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ്‌ ബസ്‌ യാത്രാക്കൂലി കൂട്ടിയത്‌.

ബസ്‌ യാത്രാനിരക്ക്‌ കൂട്ടിയതുകൊണ്ട്‌ നേട്ടമുണ്ടായത്‌ റെയില്‍വേയ്ക്കും സ്വകാര്യ ബസ്‌ ഉടമകള്‍ക്കും മാത്രം. കെ.എസ്‌.ആര്‍.ടി.സി ബസിലെ യാത്ര ജനങ്ങള്‍ കഴിയുന്നത്ര ഉപേക്ഷിച്ചു. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിലൊക്കെ ഇപ്പോള്‍ എന്താ തിരക്ക്‌! പക്ഷേ ഹ്രസ്വദൂരയാത്രയ്ക്ക്‌ സ്വകാര്യബസിനെ ആശ്രയിച്ചേതീരു. അമിതകൂലി നല്‍കി യാത്രക്കാര്‍ അത്‌ നിത്യവും സഹിക്കുന്നു. ഫീസ്‌ വര്‍ധനയെ പഴിച്ചും യാത്രാക്കൂലി വര്‍ധനവില്‍ പരിതപിച്ചും കഴിയുമ്പോഴാണ്‌ കറന്റ്‌ ചാര്‍ജ്‌ കുത്തനെ കൂട്ടിയത്‌. വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴയില്ലാത്തതുകൊണ്ട്‌ ഊര്‍ജ്ജകമ്മി ഉണ്ടായതിനാല്‍ കൂടിയവിലയ്ക്ക്‌ പുറമേനിന്ന്‌ വാങ്ങുന്ന വൈദ്യുതിയാണെന്ന ന്യായം പറഞ്ഞാണ്‌ വില ഉയര്‍ത്തിയത്‌. കറന്റ്‌ കട്ടും ലോഡ്ഷെഡിങ്ങുംകൊണ്ട്‌ ഊര്‍ജ്ജകമ്മി നേരിടുന്നുണ്ട്‌.

ചാര്‍ജ്‌ കൂട്ടിയത്‌ കെ.എസ്‌.ഇ.ബി ഭരിക്കുന്ന മാര്‍ക്സിസ്റ്റ്‌ തമ്പുരാക്കന്‍മാരുടെ ധൂര്‍ത്തും അഴിമതിയും കൊണ്ടുവന്ന നഷ്ടം നികത്താനാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌?പദ്ധതി പ്രദേശത്ത്‌ കഴിഞ്ഞദിവസങ്ങളില്‍ സമൃദ്ധമായി മഴപെയ്തു. മഴ തുടരുകയാണ്‌. സംഭരണികളില്‍ ആവശ്യത്തിന്‌ വെള്ളം നിറഞ്ഞുകഴിഞ്ഞാല്‍ വര്‍ധിപ്പിച്ച വൈദ്യുതിനിരക്ക്‌ കുറയ്ക്കുമോ എന്ന്‌ നമുക്കുകാണാം. ഒരു കാരണവശാലും ഈ സര്‍ക്കാര്‍ കൂട്ടിയ ഒരു നിരക്കും കുറയ്ക്കാന്‍ പോകുന്നില്ല. കൂടുതല്‍ കൂടുതല്‍ നികുതിയും കരവും ചുമത്തി ജനങ്ങളെ ക്ലേശിപ്പിക്കുമെന്ന്‌ രഹസ്യപ്രതിജ്ഞയെടുത്ത സര്‍ക്കാരാണ്‌ കേരളം ഇപ്പോള്‍ ഭരിക്കുന്നത്‌.

വെള്ളക്കരം ഉയര്‍ത്തിക്കഴിഞ്ഞാലുടന്‍ വീട്ടുകരം വര്‍ധിപ്പിക്കാനിരിക്കുകയാണ്‌. അതും ചില്ലറയൊന്നുമല്ല, നിലവിലുള്ളതിന്റെ പതിന്മടങ്ങ്‌. ഏതെങ്കിലും സംസ്ഥാനത്ത്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും ഭീമമായ നികുതിഭാരവും വിലക്കയറ്റവും ഉണ്ടായിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. കുടിവെള്ളത്തിന്‌ അവസാനമായി വില വര്‍ധിപ്പിച്ചത്‌ 1998ലാണെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ മേന്‍മയായി പറയുന്നു. അന്ന്‌ ഇവിടെ ഭരിച്ചിരുന്നതും ഇടതുമുന്നണി തന്നെ. 750 കോടി രൂപ വൈദ്യുതി ചാര്‍ജ്ജ്‌ കുടിശികയിനത്തില്‍ ജലഅതോറിറ്റി കെ.എസ്‌.ഇ.ബിക്ക്‌ നല്‍കാനുണ്ടെന്ന്‌ പറയുന്നു. ഹായ്‌ ടെന്‍ഷന്‍, എക്സ്ട്രാ-ഹൈ ടെന്‍ഷന്‍ ഉപയോക്താക്കളുടെ നിരക്കാണ്‌ ജല അതോറിറ്റിയില്‍ നിന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ഈടാക്കുന്നത്‌. ഈയിടെ വരുത്തിയ വര്‍ധനവ്‌ പ്രകാരം പ്രതിമാസം 11 കോടി രൂപ വൈദ്യുതി വിലയായി നല്‍കിയിരുന്ന ജല അതോറിറ്റി ഇനി 16 കോടി രൂപ നല്‍കണം.

കുടിവെള്ളം വിലകൊടുത്ത്‌ വാങ്ങുന്ന നാട്ടുകാരിലേക്ക്‌ വര്‍ധന വീതിക്കുന്നതാണ്‌ എല്ലാവര്‍ക്കും എളുപ്പം. കൃത്യസമയത്ത്‌ വൈദ്യുതിവില നല്‍കാത്തതിന്റെ പേരിലുള്ള പലിശയും പിഴപ്പലിശയും എല്ലാം ജനങ്ങള്‍ സഹിക്കേണ്ടിവരുന്നു. കുടിവെള്ളത്തിനുള്ള വൈദ്യുതി യഥാര്‍ത്തത്തില്‍ സൗജന്യനിരക്കില്‍ നല്‍കേണ്ടതല്ലേ? കൃഷിയ്ക്കുപോലും അയല്‍ സംസ്ഥാനത്ത്‌ സൗജന്യമായി വൈദ്യുതി നല്‍കുമ്പോള്‍ കേരളത്തില്‍ കുടിവെള്ളം പമ്പ്‌ ചെയ്യാന്‍വരെ വന്‍വില നല്‍കണം. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കല്ല; വ്യാവസായിക ഉപയോക്താക്കളുടെ നിരക്ക്‌! ജനങ്ങള്‍ക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്ന ജലവിഭവവകുപ്പ്‌ ഒരു വ്യവസായ സ്ഥാപനമല്ല, സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഒരു വകുപ്പാണ്‌. സേവനമാണ്‌ അവരുടെ പ്രവര്‍ത്തനത്തുറ.

അങ്ങനെയുള്ളൊരു സ്ഥാപനത്തിന്റെമേല്‍ വ്യവസായ ഉപയോക്താക്കളുടെ നിരക്ക്‌ ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളംകുടിപോലും മുട്ടിക്കുന്ന സര്‍ക്കാര്‍ നയം ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. നാട്ടിന്‍പുറത്ത്‌ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള ഒരു ചൊല്ലുണ്ട്‌: 'പച്ചവെള്ളത്തില്‍ പോലും വിശ്വസിക്കരുത്‌'. ജലം പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്‌ ജനങ്ങള്‍ക്ക്‌. അതിന്‌ അമിതവില ഈടാക്കുന്നത്‌ വിശ്വാസവഞ്ചനയാണ്‌. വെള്ളക്കരം കൂട്ടാന്‍ ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിലൂടെ ഇടതുമുന്നണിക്ക്‌ വോട്ടുചെയ്ത ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
1.00