ജീവനില്ലാത്ത മീനുകള്‍
ചത്തമീനുകള്‍ ഒഴുക്കിനൊപ്പം പോകുന്നു. ഇത് ഒരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. മറ്റു ഭാഷകളിലും ഇതേ ആശയം വരുന്ന പല ചൊല്ലുകളുമുണ്ട്. ചത്ത മീനുകളെന്ന് ഈ പഴഞ്ചൊല്ലുകളില്‍ ഉദ്ദേശിക്കുന്നത് ശാരീരികമായി ജീവനുണ്ടെങ്കിലും മാനസികമായി മരിച്ച മനുഷ്യരെക്കുറിച്ചാണ്. നാം ചുറ്റും ഉള്ള ഒഴുക്കില്‍പ്പെട്ട് ഒരിക്കലും അതിനോട് എതിര്‍ക്കാന്‍ ശ്രമിക്കാതെ, അതിനെതിരെ നീന്താനുള്ള നമ്മുടെ ശക്തിപോലും ഉപയോഗിക്കാതെ, എളുപ്പം ലഭിക്കുന്ന സുഖങ്ങളില്‍ മുഴുകി മുന്നോട്ടു പോകുന്നതിനെയാണ് ചത്ത മീന്‍ എന്ന് ഇവിടെ വ്യാഖ്യാനിച്ചിട്ടുള്ളത്.
എന്തുകൊണ്ട് നാം ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്നില്ല? നമ്മുടെ ബുദ്ധിശക്തിയും പ്രവര്‍ത്തനശേഷിയും എന്തുകൊണ്ട് ഒഴുക്കിനെ നേരിടാന്‍ ഉപയോഗിക്കുന്നില്ല? നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് എന്തുകൊണ്ട് ഒരു വ്യക്തത തേടുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും നാം സ്വയം ചോദിച്ചിട്ടുണ്ടാകാം. പക്ഷേ അവയ്ക്ക് ഉത്തരം തേടാന്‍ ശ്രമിക്കാതെ നമ്മളില്‍ ബഹുഭൂരിപക്ഷവും ഒഴുക്കിലൂടെ ചത്ത മീനുകളായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഗാന്ധിജി ഏതുവിധം ഒഴുക്കിനെതിരെ നീന്തി തന്റെ അസ്തിത്വം കാട്ടിയിരുന്നു എന്നന്വേഷിക്കുമ്പോള്‍ മഹാകവി വള്ളത്തോളിന്റെ 'ചെല്ലുവിന്‍ ഭവാന്‍മാര്‍ എന്‍ ഗുരുവിന്‍ നികടത്തില്‍ അല്ലായ്കില്‍ അവിടുത്തെ ചരിത്രം വായിക്കുവിന്‍' എന്ന ആഹ്വാന വരികളാണ് ഓര്‍മ്മവരുന്നത്.
ഒരു ഉദാരണം. ചരിത്രത്തിലെ ഒരു ഏട്. 1946 അവസാനം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അടുത്ത് തന്നെ ലഭിക്കും എന്ന ഉറപ്പ്. കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള്‍ ബ്രിട്ടീഷ് അധികാരികളുമായി ദില്ലിയില്‍ സുപ്രധാനമായ ചര്‍ച്ചകള്‍ നടത്തുന്ന സമയം. സ്വാതന്ത്ര്യ സമരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഗാന്ധിജി സാധാരണഗതിയില്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദീപാവലി കാലത്ത് ഇന്നത്തെ ബംഗ്ലാദേശിലെ നൗഖാലി ജില്ലയില്‍ ഉണ്ടായ അസാധാരണമായ സാമുദായിക ലഹളയുടെ വിവരവും അതിന്റെ ഫലമായി നൂറുകണക്കിന് പാവപ്പെട്ട അയല്‍ക്കാര്‍ അന്യോന്യം വെട്ടിമരിക്കുകയും സ്ത്രീകള്‍ അവഹേളിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകളും അറിഞ്ഞ് ഗാന്ധിജി അവിടെയാണ് തന്റെ ആവശ്യം എന്ന് കണ്ട് ഒഴുക്കിനെതിരെ നീന്തി.
അദ്ദേഹം തന്റെ ദൗത്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ-പാകിസ്ഥാന്‍ വീതം വയ്പിനെക്കാളും പ്രധാനം ഒരു ഉള്‍നാടന്‍ ഗ്രാമീണ മേഖലയില്‍ പാവപ്പെട്ട ഹിന്ദുക്കളും മുസ്ലീങ്ങളും വാളെടുത്ത് അന്യോന്യം വെട്ടിക്കൊല്ലുന്ന അവസ്ഥയെ ഇല്ലാതാക്കുക എന്നതാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം 1946 ലെ ക്രിസ്തുമസ് ദിവസം സര്‍ദാര്‍ വല്ലഭായി പട്ടേലിന് എഴുതി. ഇവിടെ ഞാനൊരു അഗ്നിപരീക്ഷണം നടത്തുകയാണ്. എന്റെ സത്യവും അഹിംസയും ഒരു രത്നവ്യാപാരിയും ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തത്ര കണിശമായ തുലാസില്‍ വച്ച് തൂക്കപ്പെടുകയാണ്. ഒരു തലനാരിഴയുടെ നൂറിലൊന്ന് വ്യത്യാസം പോലും രേഖപ്പെടുത്തത്തക്കവിധത്തില്‍ അത് സൂക്ഷ്മവേദിയായിരുന്നു. എനിക്ക് സത്യവും അഹിംസയും പരസ്പരം മാറ്റി ഉപയോഗിക്കാവുന്ന വാക്കുകളാണ്.
സത്യം പറയണം, പ്രിയമായ സത്യം പറയണം. എന്ന ചൊല്ല് ഗാന്ധിജി തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ അംഗീകരിച്ചില്ല. സത്യത്തിന്റെ ശക്തി ഒഴുക്കിന്റെ പ്രിയത്തിലോ അപ്രിയത്തിലോ അല്ല. പക്ഷെ സമൂഹത്തിന്റെ മരിച്ച മനസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിലാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. നാം ചുറ്റും പരിശോധിച്ചാല്‍, മേല്‍പ്പറഞ്ഞ ആശയം അല്‍പ്പമെങ്കിലും നമ്മുടെ തീരുമാനങ്ങള്‍ക്ക് ഉപോത്ബലകമാക്കാന്‍ ധൈര്യപ്പെട്ടാല്‍ തീര്‍ച്ചയായും നമുക്കും ജീവനുള്ള മത്സ്യങ്ങളാകാന്‍ സാധിക്കും. ഒഴുക്കിന്റെ പ്രളയ പ്രവാഹത്തില്‍ അസ്തിത്വം നഷ്ടപ്പെട്ട മനസ്സുകളുമായി മരിച്ച് ജീവിക്കേണ്ടിവരില്ല.



del.icio.us
Digg