കരഗതമായ സാങ്കേതിക വിസ്മയം!
ശാസ്ത്ര സാങ്കേതികവിദ്യ ആധുനിക മനുഷ്യന് നല്‍കിയ ഏറ്റവും അത്ഭുതകരമായ സമ്മാനമാണ് മൊബെയില്‍ ഫോണ്‍. വാര്‍ത്താവിനിമയ ഉപാധി എന്ന നിലയിലാണ് മനുഷ്യന്റെ കൈവെള്ളയിലൊതുങ്ങുന്ന ഈ ഉപകരണത്തെ ഫോണ്‍ എന്ന് വിളിക്കുന്നതെങ്കിലും ബഹുമുഖമാണ് അതിന്റെ ഉപയോഗം. കമ്പ്യൂട്ടര്‍, റേഡിയോ, ക്യാമറ, ടേപ്പ് റിക്കാര്‍ഡര്‍, വാക്മാന്‍ എന്നിങ്ങനെ പല ഉപകരണങ്ങള്‍ കൊണ്ടുള്ള ഉപയോഗം ഇപ്പോള്‍ ഒരു മൊബെയില്‍ ഫോണിലൂടെ നിര്‍വ്വഹിക്കപ്പെടുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സര്‍വ്വവ്യാപിയാകാന്‍ കഴിഞ്ഞ മൊബെയില്‍ ഫോണ്‍ വഴി ഇപ്പോള്‍ മനുഷ്യന്റെ വൈകാരിക ചേതനയായ ലൈംഗികതപോലും വിനിമയം ചെയ്യപ്പെടുന്നു. മനുഷ്യചരിത്രത്തില്‍ ഇത്രയും അത്ഭുതം കാട്ടിയ വേറൊരു കണ്ടുപിടുത്തം ഉണ്ടെന്ന് തോന്നുന്നില്ല.
ഒരു പത്രമോ പുസ്തകമോ വായിക്കാന്‍ മനുഷ്യന് ദീര്‍ഘകാലത്തെ പരിശീലനം ആവശ്യമുണ്ട്. അനേകം വര്‍ഷങ്ങള്‍കൊണ്ട് സാക്ഷരത കൈവരിച്ചാലേ വായന സാധ്യമാകൂ. ഒരു സിനിമ കാണാനും സംഗീതം കേള്‍ക്കാനും ഒരു ചിത്രം ആസ്വദിക്കാനും സുശിക്ഷിതമായ സാംസ്ക്കാരിക പരിശീലനം ആവശ്യമുണ്ട്. ഒരു മൊബെയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അപാരമായ അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഉപയോഗപ്രദമാക്കാന്‍ ആര്‍ക്കും. കഴിയും. ആഴിക്ക് നടുവില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിക്കും അമേരിക്കന്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് രാജ്യാന്തര കാര്യവിചാരം നടത്തുന്ന ഭരണത്തലവനും നിഷ്പ്രയാസം ഉപയോഗിക്കാന്‍ പറ്റുന്ന വസ്തുവായി സെല്‍ഫോണ്‍ മാറിക്കഴിഞ്ഞു.
മനുഷ്യന്‍ കണ്ടുപിടിച്ച മറ്റൊരു ഉപകരണവും ഇത്രത്തോളം സാര്‍വ്വ ലൗകികവും സാര്‍വ്വജനീനവും സര്‍വ്വസാധാരണവും ആയിട്ടില്ല. 620 കോടി ജനങ്ങളാണ് ഭൂമുഖത്തുള്ളത്. അവരില്‍ 360 കോടി പേര്‍ ഇപ്പോള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ സെല്‍ഫോണ്‍ ഉപയോക്താക്കളുടെ പ്രദേശങ്ങളിലൊന്ന് കേരളമാണ്. 312 ലക്ഷം കേരളീയര്‍ക്കിടയില്‍ ഇതിനകം രണ്ടുകോടി സെല്‍ഫോണ്‍ വിറ്റഴിയപ്പെട്ടു എന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നും. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും പോലെ ഒരു അവശ്യ വസ്തുവായി സാധാരണ മലയാളികള്‍ക്കിടയില്‍പ്പോലും സെല്‍ഫോണ്‍ പ്രചാരം നേടിക്കഴിഞ്ഞു.
മനുഷ്യോപയോഗത്തില്‍ ഉള്ള മറ്റൊരു ഇലക്ട്രോണിക് ഉല്‍പന്നവും ഇത്രയും വ്യാപകമായ പ്രചാരം കൈവരിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നമ്മുടെ സമൂഹത്തില്‍ സംഭവിച്ച ഈ മാറ്റം നാനാതരത്തില്‍ വിലയിരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
പത്രം വായിക്കാത്തവരും ടെലിവിഷന്‍ കാണാത്തവരും ഒന്നും രണ്ടും സെല്‍ഫോണുമായി നടക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം വിജ്ഞാനവും വിനോദവും ഉള്ളംകൈയില്‍ എത്തിച്ചുകൊടുക്കുന്ന ഒരു ഉപാധിയാണത്. നൂതന സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ ഈ അനുഗ്രഹത്തെ മനുഷ്യന്‍ കൈനീട്ടി സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ ഇതിന്റെ നിത്യോപയോഗം മൂലം ഏതെങ്കിലും തരത്തിലുള്ള ഹാനി മനുഷ്യനുണ്ടാക്കുമോ എന്ന് ആരായുന്നത് സ്വാഭാവികമാണ്.
ഒരു മന്ദമാരുതനെപ്പോലെ സെലുലാര്‍ ഫോണ്‍ സര്‍വ്വവ്യാപിയായിരിക്കെ അതിന്റെ തുടര്‍ച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച റേഡിയേഷന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് പറയുന്നവരുണ്ട്. ആപത്കരമായ ഉപകരണം എന്നും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്ത വരുന്നു. മനുഷ്യജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച ഒരു സാങ്കേതിക ഉപകരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം അത്യന്താപേക്ഷിതമാണ്. നല്ലതാണോ ചീത്തയാണോ എന്ന് വ്യക്തമല്ലാതെ ഉപയോഗസാധ്യത മാത്രം പരിഗണിച്ച് ജനങ്ങള്‍ പണം മുടക്കി ഇതിന്റെ പിന്നാലെ പായുമ്പോള്‍ റേഡിയേഷന്‍ പ്രസരണത്തിന്റെ തോതും തകരാറും നിര്‍ണയിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ശാസ്ത്രലോകത്തിന് ബാധ്യതയുണ്ട്. മദ്യപാനത്തിനെതിരെ നിയമപരമായ മുന്നറിയിപ്പ് മദ്യകുപ്പിയില്‍ തന്നെ രേഖപ്പെടുത്തിയാണ് വില്‍ക്കുന്നത്.
പുകവലിക്കരുതെന്ന് സിഗററ്റ് കൂടില്‍ തന്നെ എഴുതിവയ്ക്കുന്നു. ചിലതരം സിനിമകള്‍ കുട്ടികള്‍ക്ക് കാണാനുള്ളതല്ലെന്ന് ആ സിനിമാപ്പരസ്യത്തില്‍ തന്നെ വിളംബരം ചെയ്യാറുണ്ട്. എന്തിനു പറയുന്നു, ഔഷധങ്ങളില്‍ പോലും അടങ്ങിയിരിക്കുന്ന വിഷമാലിന്യത്തെപ്പറ്റി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരുന്നു. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വലിയമാന്യതയുടെ അടയാളമാണത്.
വില്‍പ്പനക്കാരെ സംബന്ധിച്ചിടത്തോളം അത് നിയമപരമായ ബാധ്യതയുമാണ്. മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പല പല അഭ്യൂഹങ്ങളും അര്‍ദ്ധസത്യങ്ങളും ഊഹാപോഹങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്.
ഹെഡ്ഫോണോ ഇയര്‍ഫോണോ ഉപയോഗിച്ചാല്‍ റേഡിയേഷന്റെ ആഘാതത്തില്‍ നിന്ന് മോചനം കിട്ടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ പറയുന്നു; ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ ബധിരത ഉണ്ടാകുമെന്നും ഓര്‍മ്മക്കുറവ് സംഭവിക്കുമെന്നും തലച്ചോറിന് കേടുപറ്റുമെന്നും മറ്റും. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? റേഡിയേഷന്റെ ആഘാതം എത്രത്തോളം ഹാനികരമാണ്? സെല്‍ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ടോ? കുട്ടികള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഈയിടെ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം മുന്നറിയിപ്പു നല്‍കുകയുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് മാത്രമേ ഇത് ഹാനികരമായിട്ടുള്ളോ? മുതിര്‍ന്നവര്‍ക്ക് തുടര്‍ച്ചയായി എത്രസമയം ഉപയോഗിക്കാം? ഇത്യാദി പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കേണ്ടതാണ്.
ആധുനിക വാണിജ്യ വില്‍പ്പന വിപണന തന്ത്രത്തിലൂടെ സെല്‍ഫോണിന്റെ പ്രചാരം കൂട്ടുന്നവര്‍ ഉപയോക്താക്കള്‍ക്ക് അതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിക്കുമ്പോള്‍ ശാസ്ത്രീയ വീക്ഷണമുള്ള സമൂഹം രംഗത്തു വരണം.
പരിസ്ഥിതി പ്രശ്നത്തെക്കുറിച്ചും പ്രകൃതിമാലിന്യങ്ങളെക്കുറിച്ചും ജാഗരൂകമായ ഒരു ഉത്ബുദ്ധ സമൂഹം നമുക്കുണ്ട്. എന്നാല്‍ രണ്ടു കോടിയില്‍പ്പരം സെല്‍ഫോണ്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ അത്ഭുതകരമായ ഈ ഉപകരണം ഒരു സാമൂഹിക വിപത്തായിത്തീരുമോ എന്ന് നിശ്ചയമായും പരിശോധിക്കേണ്ടതാണ്.
Rate this article



del.icio.us
Digg