അച്യുതാനന്ദന്റെ മൂഢസ്വര്‍ഗ്ഗം
ജനജീവിതം നിശ്ചലമാക്കുന്ന ബന്ദ് എന്ന സമരമുറയെ തനിക്ക് അനുകൂലിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്‍ജി പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഇങ്ങനൊരു പ്രസ്താവന കേള്‍ക്കാന്‍ ഇന്ത്യാ മഹാരാജ്യം ദശകങ്ങളായി കാത്തിരിക്കുകയായിരുന്നു. സി.പി.എമ്മുകാരന്‍ എന്നതിനുപരി ബുദ്ധദേവ് ഒരു ഭരണാധികാരിയായിരിക്കാം. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ജനഹൃദയത്തെ കോരിത്തരിപ്പിക്കുന്നു!
കേരളാ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് വിയോജിച്ചിരിക്കുന്നു. "ബുദ്ധദേവ് ഭട്ടാചാര്‍ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്" എന്ന് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം വായിച്ച് ആഹ്ലാദചിത്തരായവര്‍ കേരളാ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് ദുഃഖിക്കുകയും ചെയ്യുന്നു. ഒരു പാര്‍ട്ടിയുടെ നേതാക്കളെന്ന നിലയില്‍ രണ്ട് സംസ്ഥാനങ്ങളുടെ ഭരണനേതൃത്വത്തില്‍ വന്ന ഇരുവര്‍ക്കും പൊതു സമരമുറയോട് പരസ്പരവിരുദ്ധമായ നിലപാടുണ്ടാകാന്‍ എന്താണ് കാരണം? പാര്‍ട്ടി നയം അനുസരിച്ചാണോ ഭരണഘടനാ വ്യവസ്ഥകള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിധേയമായാണോ അതോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണോ ഈ നേതാക്കള്‍ അവരവരുടെ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്?
ബന്ദ്, ഹര്‍ത്താല്‍, പണിമുടക്ക് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സമരമുറകള്‍ ഒരു സമൂഹത്തിന്റെ അവസാനത്തെ ആയുധമാണ്. അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍മാത്രം ആവശ്യമെങ്കില്‍ പ്രയോഗിക്കേണ്ട പ്രതിഷേധ സമരമുറ. എഴുപത് വര്‍ഷംമുമ്പ് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭവേളയില്‍ വിദേശ ഭരണാധികാരികളുടെ നിഷ്ഠൂരമായ നിലപാടുകള്‍ക്കെതിരെ മഹാത്മജി പ്രയോഗിച്ച സമരമാര്‍ഗ്ഗമാണിത്. അന്നത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടില്‍ അത് ശരിയായിരുന്നു. ഇന്ന് ഈ സമരരീതികള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് ആധിപത്യം പോയി. സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയില്‍ ജനജീവിതം നിശ്ചലമാക്കുന്നതും പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്നതുമായ ഏതു സമരമാര്‍ഗ്ഗവും നിയമവിരുദ്ധമാണ്. ദേശദ്രോഹമാണ്.
അതുകൊണ്ടാണ് കോടതി ബന്ദ് നിരോധിച്ചത്. ഹര്‍ത്താലിനെ അപലപിച്ചത്.
പൊതുപണിമുടക്കെന്നപേരില്‍ ജനജീവിതം സ്തംഭിപ്പിച്ച ആഭാസസമരത്തെ കുറ്റപ്പെടുത്തിയത്. എട്ടുമാസത്തിനുള്ളില്‍ ചെറുതും വലുതുമായ എണ്‍പത് ഹര്‍ത്താല്‍ നേരിട്ട കേരളം എങ്ങനെ മേല്‍ഗതി പിടിക്കും? പ്രതിഷേധ സമരങ്ങളുടെ ശൈലി മാറണം. നമ്മുടെ രാജ്യത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂട്ടായി ഈ വിഷയത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം കഴിഞ്ഞു.മുതലാളിത്ത വ്യവസ്ഥിതി നിലവിലുള്ള രാജ്യങ്ങളില്‍ സമരം ഉണ്ട്. ഇരട്ടിപ്പണി ചെയ്താണ് അവിടെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്.
ഈയിടെ ജപ്പാനിലെ ഒരു ചെരുപ്പു നിര്‍മ്മാണക്കമ്പനിയില്‍ നടന്ന പണിമുടക്കിന്റെ വാര്‍ത്ത വായിച്ചു. ഒരു കാലിന് ഇണങ്ങിയ ചെരുപ്പുകള്‍ മാത്രം നിര്‍മ്മിച്ചായിരുന്നു അവിടത്തെ തൊഴിലാളികള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അവര്‍ തടസ്സപ്പെടുത്തിയില്ല. അവിടുത്തെ വിദ്യാലയങ്ങള്‍ മുടങ്ങിയില്ല. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തില്ല.അകാലത്തില്‍ അന്തരിച്ച മകന് അന്ത്യചുംബനം അര്‍പ്പിക്കാന്‍ വിലപിച്ചെത്തിയ അമ്മയുടെ വഴി തടഞ്ഞില്ല. ദേശീയ പണിമുടക്കെന്നപേരില്‍ ഈയിടെ നമ്മുടെ നാട്ടില്‍ ഇത്തരം ആഭാസങ്ങളൊക്കെ നടന്നു. ദേശീയമെന്ന് പറഞ്ഞെങ്കിലും ദേശത്തിന്റെ മറ്റു പ്രദേശങ്ങളിലൊന്നും കേരളത്തില്‍ സംഭവിച്ചതുപോലെ അന്നേദിവസം ജീവിതം നിശ്ചലമായില്ല.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ജീവിതം അന്ന് സാധാരണ നിലയിലായിരുന്നു. അവിടെ സംഘടിത തൊഴിലാളികള്‍ മാത്രമേ പണിമുടക്കിയുള്ളൂ. കേരളത്തിലും ബംഗാളിലും മാത്രം എന്താണ് പണിമുടക്കിന്റെ പേരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കായികബലം കാട്ടി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്? അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍, ഒരു ദേശീയ ദുഃഖമോ, ദുരന്തമോ ഉണ്ടാകുമ്പോള്‍ മാത്രം, ജനങ്ങള്‍ സ്വമേധയാ ആചരിക്കേണ്ടതാണ് ഹര്‍ത്താല്‍. പകരം മാസത്തില്‍ പത്ത് നിര്‍ബന്ധിത ഹര്‍ത്താലും പണിമുടക്കും അക്രമവും നടന്നാല്‍ ഈ നാടിന്റെ ഗതി എന്തായിത്തീരും? ഇതേപ്പറ്റിയാണ് നമ്മുടെ ബഹുജനസംഘടനകള്‍ അടിയന്തരമായി ആലോചിക്കേണ്ടത്.
സി.പി.എമ്മിന്റെ ഒരു ഉന്നതനേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്‍ജി ബന്ദിനെതിരെ പ്രതികരിക്കും എന്ന് പറഞ്ഞുകേട്ടപ്പോള്‍ സന്തോഷം തോന്നിയത് അതുകൊണ്ടാണ്. കാലഹരണപ്പെട്ട ഈ സമരമുറ കാലോചിതമായി മാറുകതന്നെ വേണം.
ബംഗാളികള്‍ക്ക് ഒരു പൊങ്ങച്ചം പറച്ചിലുണ്ട്. അവര്‍ ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യയുടെ ചിന്തയായിരിക്കുമെന്ന്. ഹര്‍ത്താലിനും ബന്ദിനുമെതിരെ നിശിതമായ ഭാഷയില്‍ പ്രതികരിച്ച കേരള ഹൈക്കോടതി ഇന്നലെ ചിന്തിച്ചതാണ് ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി ചിന്തിക്കുന്നത്. അതിനാല്‍ ആ പൊങ്ങച്ചക്കഥയെ ഇപ്പോള്‍ നമുക്ക് മറ്റൊരുതരത്തില്‍ പറയാം. 'മലയാളി ഇന്നലെ ചിന്തിച്ചത് ഇന്ന് ബംഗാളി ചിന്തിക്കുന്നു. അത് നാളെ ഇന്ത്യയുടെ ചിന്തയായി മാറും.'
ഇത് വെറും വ്യാമോഹമായിരിക്കാം. കാരണം കേരളാ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ എതിര്‍ത്തിരിക്കുകയാണ്. ചിന്താപരമായി ഏതോ പ്രാകൃത യുഗത്തിലാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി. സ്വന്തം പാര്‍ട്ടിയുടെ ചിന്താശാലയിലേക്ക് പേടിച്ച് പേടിച്ച് എത്തുന്ന തരിമ്പുവെട്ടത്തെപ്പോലും കാര്‍ക്കശ്യത്തോടെ തടയാന്‍ ശ്രമിക്കുന്ന അച്യുതാനന്ദനെപ്പോലുള്ളവരെ തട്ടിനീക്കി കാലം മുന്നോട്ട് പോകും. താളിയോലയില്‍ ആരോ കുറിച്ച അവ്യക്ത സംജ്ഞാവലികള്‍ മുറുകെപ്പിടിച്ച് മൂഢവിചാരങ്ങളില്‍ മുഴുകി അദ്ദേഹം കഴിഞ്ഞോട്ടെ!
Rate this article



del.icio.us
Digg