Home | മുഖപ്രസംഗം | വിഘടന രാഷ്ട്രീയം വിലപ്പോവില്ല

വിഘടന രാഷ്ട്രീയം വിലപ്പോവില്ല

Font size: Decrease font Enlarge font

ഇന്ത്യയെന്ന മഹത്തായ സംസ്കാര വിശേഷത്തെ വികലമാക്കാന്‍ വേഷംകെട്ടി ഇറങ്ങിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ട്‌ ഇവിടെ. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കലാപമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം. മാക്സിം ഗോര്‍ക്കി പറഞ്ഞ മനുഷ്യനെന്ന മനോഹര പദത്തെ ക്രിസ്ത്യാനിയായും മുസ്ലീമായും ഹിന്ദുവായും സിക്കായും പാഴ്സിയായും വേര്‍തിരിച്ച്‌ ദേശീയ സങ്കല്‍പ്പത്തെ നാണംകെടുത്തുന്ന ഈ രാഷ്ട്രീയ തിന്മയ്ക്ക്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ക്ഷീണകാലത്ത്‌ കുറച്ചുകാലം രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ചു. മതത്തിന്റെ പേരില്‍ മനുഷ്യനെ തമ്മിലടിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക്‌ ഇവിടെ അസ്തിത്വമുള്ളൂ.

അതിനായി വിസ്മൃതകാലത്തെങ്ങോ നാട്ടുരാജാക്കന്‍മാര്‍ക്ക്‌ സംഭവിച്ച മണ്ടത്തരങ്ങളും അബദ്ധങ്ങളും ചരിത്ര സത്യമെന്ന പേരില്‍ പൊക്കിയെടുത്ത്‌ കൊണ്ടുവന്ന്‌ രാഷ്ട്രീയ പൂജ നടത്തുകയാണ്‌ അവര്‍. കള്ളക്കഥകളും കപടഭക്തിയും കൊണ്ട്‌ ജനങ്ങളില്‍ കുറേപ്പേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.പെഷവാറില്‍ ജനിച്ച്‌ വിഭജനകാലത്ത്‌ അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ വന്ന ലാല്‍കൃഷ്ണ അദ്വാനിയാണ്‌ രാഷ്ട്രീയത്തെ രക്തപങ്കിലമാക്കാന്‍ ശ്രമിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നായകന്‍. അണിയിച്ചൊരുക്കിയ ഒരു മോട്ടോര്‍ വാഹനത്തെ 'രഥം' എന്ന്‌ കള്ളപ്പേരിട്ട്‌ അതില്‍കയറി ഇന്ത്യയുടെ ആത്മാവിലൂടെ ഓടിച്ച്‌ വര്‍ഗ്ഗീയവിഷം പരത്തുകയാണ്‌ ഇദ്ദേഹത്തിന്റെ വിനോദം.

മഞ്ഞണിഞ്ഞ ഹിമവല്‍ പ്രദേശത്തെ തീക്കുണ്ഠമാക്കാന്‍ അദ്വാനിയുടെ പ്രസ്ഥാനത്തിന്‌ ക്രൂരമായ രസമാണ്‌. സേതുസമുദ്രം രാമകരചരണങ്ങളുടെ സ്പര്‍ശനമേറ്റ സ്ഥലമാണെന്ന്‌ പറഞ്ഞ്‌ ജനങ്ങളെ ഇളക്കാന്‍ നോക്കി, വിജയിക്കാതെ വന്നപ്പോള്‍ കാശ്മീരിലേക്ക്‌ തീക്കൊള്ളിയും തീതുപ്പുന്ന വാക്കുമായി ചെന്ന്‌ കുഴപ്പങ്ങളുണ്ടാക്കുന്നു.അമര്‍നാഥ്‌ ക്ഷേത്രത്തിന്‌ ഭൂമി വിട്ടുകൊടുത്തത്‌ തെറ്റായിപ്പോയെന്ന്‌ തോന്നിയ കാശ്മീര്‍ സര്‍ക്കാര്‍ ആ നടപടി ഉടന്‍ പിന്‍വലിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ ജനങ്ങള്‍ക്കിടയില്‍ അത്‌ ഒരു വര്‍ഗ്ഗീയ വിഷയമാക്കി വളര്‍ത്താന്‍ അദ്വാനിയുടെ പാര്‍ട്ടി കിണഞ്ഞു ശ്രമിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ കഴിഞ്ഞുവന്ന ആ താഴ്‌വരയില്‍ ഇസ്ലാമിക ഭീകരത വീണ്ടും തലയുയര്‍ത്താന്‍ വളം വച്ച്‌ കൊടുത്തത്‌ ബി.ജെ.പി എന്ന ദുഷ്ടശക്തിയാണ്‌.

കാശ്മീരില്‍ കത്തിച്ച വര്‍ഗ്ഗീയ തീ ബി.ജെ.പി ഒറീസയിലേക്കും വലിച്ചെറിഞ്ഞിരിക്കുന്നു. അവിടെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച്‌ മുതലെടുക്കുകയാണ്‌ ലക്ഷ്യം.അക്രമരാഹിത്യത്തിന്റെ മഹാമനീഷിയായിരുന്ന ഗാന്ധിജിക്ക്‌ സ്വതന്ത്ര ഇന്ത്യയില്‍ ജീവിതം നിഷേധിച്ച ദുഷ്ടശക്തി ഇന്ത്യന്‍ ഐക്യത്തിന്‌ എന്നും ഭീഷണിയാണ്‌. ജനങ്ങളെ വര്‍ഗ്ഗീയ കള്ളികളില്‍ വേര്‍തിരിച്ച്‌ 'ഞങ്ങളും നിങ്ങളും' എന്ന ഭാവത്തില്‍ അകറ്റിനിര്‍ത്തി സമ്പന്ന ഹിന്ദു സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരപടവുകളില്‍ നിന്നും വിദ്യാഭ്യാസ അവസരങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ട പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ബി.പി മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയിലൂടെ സംവരണാനുകൂല്യം ലഭിക്കുമെന്നുവന്നപ്പോള്‍ കള്ളരഥമുരുട്ടി അതിനെ അട്ടിമറിച്ച പ്രതിലോമകാരിയാണ്‌ അദ്വാനി.

ബാബറി മസ്ജിദ്‌ എന്ന മുസ്ലീം ആരാധനാസ്ഥലം വാല്മീകി രാമായണത്തിലെ കഥാപാത്രമായ ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന്‌ നുണപറഞ്ഞ്‌ കര്‍സേവകരെന്ന പേരില്‍ കലാപകാരികളെ ഇറക്കിവിട്ട്‌ തകര്‍ത്ത അദ്വാനിപ്പട രാജ്യത്ത്‌ ഇസ്ലാമിക തീവ്രവാദം വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചിട്ടുണ്ട്‌. മാത്രമല്ല ലക്ഷോപലക്ഷം മലയാളികള്‍ ജീവിതായോധനം നടത്തുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യാവിരുദ്ധ മനോഭാവവും വിദ്വേഷവും വളര്‍ത്താന്‍ ആ പ്രവൃത്തി കാരണമായി.ജനങ്ങളില്‍ ഭിന്നിപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതിന്‌ പുറമേ അന്താരാഷ്ട്ര വേദികളില്‍ മഹത്തായ ഈ രാജ്യത്തെപ്പറ്റി അവജ്ഞ ഉളവാക്കാനും ബി.ജെ.പിക്കും അവര്‍ രാഷ്ട്രീയോര്‍ജ്ജം ആവാഹിക്കുന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടനകള്‍ക്കും കഴിയുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനം നക്സലൈറ്റുകള്‍ എന്നുവിളിക്കുന്ന മാവോ കമ്യൂണിസ്റ്റുകളോ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പോ ഒന്നുമല്ല.

ഇന്ത്യ ഭരിക്കാന്‍ തറ്റുടുത്ത്‌ കുറിയിട്ട്‌ ചാടുവചനങ്ങളുമായി ഇറങ്ങിയിരിക്കുന്ന അദ്വാനിയുടെ പാര്‍ട്ടിയാണ്‌. വര്‍ഗീയത ആണ്‌ അവരുടെ രാഷ്ട്രീയ ആയുധം. മതനിരപേക്ഷത മുഖ്യശത്രു. ജനങ്ങളുടെ ഒരുമയ്ക്കും രാജ്യത്തിന്റെ ഭദ്രതയ്ക്കും ഏറ്റവും വലിയ ഭീഷണി മതത്തെ രാഷ്ട്രീയ ആയുധമാക്കുന്ന ബി.ജെ.പിയാണ്‌. ഇന്ത്യയുടെ അഖണ്ഡതയുടെ ഐതിഹാസിക പ്രതീകമായിരുന്ന മഹാത്മജിയുടെ ചോരയില്‍ ചവുട്ടിയാണ്‌ ഈ പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക്‌ വന്നത്‌. ജനങ്ങളില്‍ യാതൊരു താല്‍പര്യവും ഉണര്‍ത്താതെ പാപിയെപ്പോലെ ഒറ്റപ്പെട്ട്‌ കഴിഞ്ഞിരുന്ന ബി.ജെ.പിയെ കോണ്‍ഗ്രസ്‌ വിരോധികള്‍ വിവേകശൂന്യമായി പിന്തുണച്ച്‌ അധികാരത്തിന്റെ രുചിപിടിപ്പിച്ചു.

തീക്കളിയും ചോരക്കളിയും അധികാരം പിടിക്കാന്‍ ഉപകരിക്കുമെന്ന്‌ തെറ്റിദ്ധരിച്ച അദ്വാനിക്കും കൂട്ടര്‍ക്കും അമര്‍നാഥും മധുരയും നിലയ്ക്കലും ഒക്കെ ഓരോ അവസരങ്ങളാണ്‌.കൊന്നും വെന്നുമാണ്‌ അധികാരം നേടേണ്ടതെന്ന്‌ വിസ്മൃതിയിലാണ്ടുപോയ ഏതോ ദുഷ്ട രാജാവില്‍ നിന്ന്‌ പഠിച്ച മുറിമീശക്കാരനായ നേതാവിന്‌ ലോകത്തിന്റെ മുന്നില്‍ സമുന്നത സ്ഥാനം അലങ്കരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യയെക്കുറിച്ച്‌ ആലോചിക്കേണ്ട ആവശ്യമില്ല. ജനങ്ങളുടെ ക്ഷേമമോ നാടിന്റെ സാമ്പത്തിക പുരോഗതിയോ ശാസ്ത്ര സാങ്കേതിക ഉയര്‍ച്ചയോ പ്രശ്നമല്ല.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കത്തിയെരിഞ്ഞാലും വേണ്ടില്ല അദ്വാനിക്ക്‌ അധികാരം കിട്ടിയാല്‍ മതി. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിച്ചാല്‍ തന്റെ അധികാരക്കയറ്റം എളുപ്പമാകുമെന്ന്‌ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഈ കാപട്യക്കാരന്‍ തെറ്റിദ്ധരിക്കുന്നു.രാഷ്ട്രപിതാവിനെ വധിച്ച ക്രൂരമനസ്സോടെ തന്നെ മഹത്തായ ഈ രാഷ്ട്രത്തിന്റെ ഹൃദയത്തെയും വര്‍ഗ്ഗീയമായി കീറിമുറിക്കാനാണ്‌ ശ്രമം. പക്ഷേ നടക്കില്ല അദ്വാനി; നടക്കില്ല. ബഹുസ്വരതയാല്‍ വിലയം കൊണ്ട ഒരു അഭൗമ സംഗീതം പോലെ സാന്ദ്രമായ ഈ മഹാരാജ്യം മതത്തിന്റെ പേരില്‍ തലതല്ലിക്കീറി നശിക്കാന്‍ കോണ്‍ഗ്രസ്‌ അനുവദിക്കില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0