ജലം മോഷ്ടിക്കുന്ന അയല്‍ക്കാരന്‍
കേരളത്തിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ അനേകം രഹസ്യച്ചാലുകള്‍ ഉണ്ടാക്കി തമിഴ്‌നാട് കേരളത്തിലെ നദികളിലെ ജലം ചോര്‍ത്തിക്കൊണ്ടുപോകുന്ന സംഭവം ആര്‍ക്കും അറിയാത്തതല്ല. മോഷ്ടിക്കപ്പെടുന്ന വെള്ളം കൃഷി ആവശ്യത്തിനോ ജനങ്ങള്‍ക്ക് കുടിക്കാനോ ഉപയോഗിച്ചിരുന്നെങ്കില്‍ മാനുഷികതയുടെ പേരില്‍ കണ്ണടയ്ക്കാമായിരുന്നു. എന്നാല്‍ ചെറിയ ചെറിയ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിച്ച് തമിഴ്‌നാട് കേരളത്തിന്റെ വെള്ളമുപയോഗിച്ച് ഊര്‍ജ്ജ ഉത്പാദനം നടത്തുകയാണ്. ഇതിന് ഒത്താശ ചെയ്തുകൊടുത്ത് വന്‍തുക കൈക്കൂലി പറ്റുന്ന ധാരാളം ഉദ്യോഗസ്ഥന്മാരും ഇവിടെയുണ്ട്. ഒരു അയല്‍ സംസ്ഥാനം മറ്റൊരു സംസ്ഥാന സര്‍വ്വീസിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്ത് വെള്ളം മോഷ്ടിക്കുന്നു എന്ന കാര്യം വിശ്വസിക്കാന്‍പോലും പ്രയാസം.
എന്നാല്‍ വര്‍ഷങ്ങളായി ഭരണാധികാരികളുടെ മൗനാനുവാദത്തോടുകൂടി യാതൊരു തടസ്സവുമില്ലാതെ ജലമോഷണം ഇവിടെ നടന്നുവരുന്നു.44 പുഴകളുണ്ടെങ്കിലും കേരളം ഈയിടെയായി ജലക്ഷാമം അനുഭവിക്കുന്ന ഒരു പ്രദേശമായിത്തീര്‍ന്നിരിക്കുന്നു. കാര്‍ഷികവൃത്തിക്ക് വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. കുടിക്കാനും കുളിക്കാനും ആഹാരം പാകം ചെയ്യാനും ആവശ്യത്തിന് വെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. വേണ്ടത്ര മഴ സമൃദ്ധമായി പെയ്തിരുന്നപ്പോള്‍ വെള്ളത്തിന്റെ വിലയറിയാതെ പെരുമാറിയിരുന്ന കേരളീയര്‍ ഇപ്പോള്‍ ജലക്ഷാമത്തിന്റെ ഭീഷണിയില്‍ ഉത്കണ്ഠാകുലരാണ്. ഈ സന്ദര്‍ഭത്തിലാണ് സഹ്യപര്‍വ്വതത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികളുടെയെല്ലാം ഉത്ഭവസ്ഥാനങ്ങളില്‍ രഹസ്യച്ചാലുകള്‍ ഉണ്ടാക്കി തമിഴ്‌നാട് വെള്ളം ചോര്‍ത്തിക്കൊണ്ട് പോകുന്നത്. ഇതുമൂലം കുട്ടനാട് വരള്‍ച്ച നേരിടുന്നു.
പാലക്കാടന്‍ നെല്‍വയലുകള്‍ കരിയുന്നു. തൃശൂര്‍ കോള്‍നിലങ്ങള്‍ നെല്‍ക്കൃഷിക്ക് ഇണങ്ങാതെ ഓരുവെള്ളംകൊണ്ട് നിറയുന്നു. നമ്മുടെ കാര്‍ഷികവ്യവസ്ഥ അപ്പാടെ അവതാളത്തിലായിക്കൊണ്ടിരിക്കുന്നു.കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലനിയന്ത്രണ ബോര്‍ഡിന്റെ സംയുക്തയോഗം കഴിഞ്ഞയാഴ്ച പാലക്കാട്ട് ചേര്‍ന്നിരുന്നു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട വെള്ളം വിട്ടുതരാന്‍ തമിഴ്‌നാട് വിസമ്മതിച്ചിരിക്കുകയാണ്. 50 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഈ കരാര്‍ പുനഃപരിശോധിക്കേണ്ട കാലം കഴിഞ്ഞിട്ടുപോലും രണ്ട് ദശാബ്ദമായി.
കേരളത്തിന് അര്‍ഹമായ വെള്ളം വിട്ടുകിട്ടാത്തതിനാല്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് കഷ്ടപ്പെടുന്നത്. ഭാരതപ്പുഴ വറ്റി വരണ്ടുപോയത് ഷോളയാര്‍ റിസര്‍വോയറിലെ വെള്ളം യഥാസമയം തുറന്നുവിടാത്തതുകൊണ്ടാണ്. പെരിയാറും ചാലക്കുടിപ്പുഴയും ജലസമൃദ്ധമാകാത്തത് 20 കൊല്ലം മുമ്പ് കാലഹരണപ്പെട്ട പറമ്പിക്കുളം-ആളിയാര്‍ കരാറിലെ വ്യവസ്ഥ പുനഃപരിശോധിക്കാത്തതുകൊണ്ടുതന്നെ. കൃഷിക്കും ഭക്ഷണപാനീയങ്ങള്‍ക്കും കേരളീയര്‍ വെള്ളം കിട്ടാതെ വിഷമിക്കുമ്പോള്‍ 1958-ല്‍ പ്രാബല്യത്തില്‍ വന്ന കരാറിന്റെ പേരില്‍ കേരളത്തിന്റെ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി വൈദ്യുതി ഉണ്ടാക്കുന്നു. ജലനിയന്ത്രണ ബോര്‍ഡ് യോഗത്തില്‍ വെള്ളം പങ്കുവയ്ക്കുന്നതിലെ അപാകതയെ ചൊല്ലി ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ തര്‍ക്കിച്ചതല്ലാതെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
ഉദ്യോഗസ്ഥ തലത്തില്‍ നടന്നുവരുന്ന ചര്‍ച്ച അവസാനിപ്പിച്ച് രാഷ്ട്രീയ ഭരണനേതൃത്വം ഈ വിഷയം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാടുമായി പറമ്പിക്കുളം-ആളിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും അടിക്കടി ലംഘിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാടുമായി കേരളം എങ്ങനെയാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് എന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്ത് ഒതുക്കി വച്ചിരിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ ഭരണനേതൃത്വം ഏതുവഴിക്ക് ഫലപ്രദമായി ഇടപെടുമെന്നും കണ്ടറിയണം. സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പുരോഗതിപോലും ജലലഭ്യതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ നാല്‍പ്പതിനായിരം ഏക്കര്‍ നെല്‍വയല്‍ ജലക്ഷാമം മൂലം ഇരുപ്പൂ കൃഷി ചെയ്യാന്‍ കഴിയാതായിരിക്കുകയാണ്. നെല്ലുത്പാദനം പത്തിലൊന്നായി കുറഞ്ഞു.
നാളികേരം ഉത്പാദനം പകുതിയായി. ഉള്ള തെങ്ങിലൊന്നും പണ്ടത്തേപ്പോലെ വിളവുണ്ടാകുന്നില്ല. കാര്‍ഷിക വൃത്തിയിലേക്ക് പുതിയ തലമുറ ആവേശപൂര്‍വ്വം വരുന്നില്ലെന്ന് പരിതപിക്കുമ്പോള്‍ കൃഷിക്ക് ഇണങ്ങുന്ന ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടോയെന്ന് ആരും ചിന്തിക്കുന്നില്ല. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നല്ല വിലയുള്ള കാലമാണിത്. കൃഷി ആദായകരമാകണമെങ്കില്‍ മേറ്റ്ന്തിനുമുപരി ജലലഭ്യത ഉറപ്പാക്കണം. കാലഹരണപ്പെട്ട കരാറിന്റെ പേരില്‍ പ്രകൃതി വിഭവമായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം മുഴുവന്‍ കൈക്കൂലിയും കമ്മട്ടവും കാട്ടി അയല്‍ സംസ്ഥാനം കട്ടുകൊണ്ടുപോയാല്‍ കേരളം എന്തുചെയ്യും? നെയ്യാര്‍ഡാമിലെ വെള്ളം തമിഴ്‌നാടിന് പങ്കുവയ്ക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഏതാനും മാസം മുമ്പ് തീരുമാനിച്ചിരുന്നു. നിലവിലുള്ള വ്യവസ്ഥയും കരാറും കൃത്യമായി പാലിക്കാത്തവരോട് സര്‍ക്കാര്‍ ഇത്രവലിയ ഔദാര്യം കാട്ടേണ്ട ആവശ്യമുണ്ടോ എന്നുപോലും തോന്നിപ്പോകുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നം മാനുഷികവും പ്രായോഗികവുമായി പരിഹരിക്കാന്‍ കൂട്ടാക്കാതെ സുപ്രിം കോടതിയിലെത്തിച്ച തമിഴ്‌നാട് പറമ്പിക്കുളം-ആളിയാര്‍ തര്‍ക്കവും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനായിരിക്കും ആഗ്രഹിക്കുക. കേരളം കര്‍ശന നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നഷ്ടം മൂന്നുകോടി പത്തുലക്ഷം വരുന്ന മലയാളികള്‍ക്കാണ്. ജലമോഷണത്തിന് തമിഴ്‌നാടിനുവേണ്ടി ഒത്താശചെയ്യുന്ന കേരളത്തിലെ ഉദ്യോഗസ്ഥന്മാരെ ജനദ്രോഹികളായി കണ്ട് ശിക്ഷിക്കുകയും വേണം.



del.icio.us
Digg