അധ്യാപനത്തിന്റെ ആത്മശോഭ
വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്‍ശനികമായി തിരിച്ചറിയുകയും ചെയ്ത മുന്‍രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി 1961 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചു വരികയാണ്. ഭാരതസംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള സ്ഥാനവും ഔന്നത്യവും സമൂഹസൃഷ്ടിയില്‍ അവര്‍ക്കുള്ള അനന്യവും നിര്‍ണ്ണായകവുമായ ഉത്തരവാദിത്വവും പുനഃരവലോകനം ചെയ്യാന്‍ ഈ ദിനാചരണം സഹായകമാകും.
ഇന്ന് ഇന്ത്യയില്‍ 16,885 കോളേജുകളുണ്ട്. 18 കേന്ദ്രസര്‍വ്വകലാശാലകള്‍, 205 സ്റ്റേറ്റ് സര്‍വ്വകലാശാലകള്‍, 95 കല്‍പ്പിത യൂണിവേഴ്സിറ്റികള്‍, 18 ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഏഴ് സ്വകാര്യ സര്‍വ്വകലാശാലകള്‍. എന്നിട്ടും നമ്മുടെ സമൂഹം കൂടുതല്‍ നന്നാകുന്നതിനു പകരം നിയന്ത്രണാതീതമായി വഷളായിക്കൊണ്ടിരിക്കുന്നു.
കുറ്റകൃത്യങ്ങളുടെയും കുടുംബ ആത്മഹത്യകളുടെയും എണ്ണം പെരുകുന്നു. അസംതൃപ്തിയും അസമാധാനവും അഴിമതിയും അരാജകത്വവും മുമ്പത്തേക്കാള്‍ രൂക്ഷമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉത്തമ മനുഷ്യനെ വാര്‍ത്തെടുക്കുന്നതില്‍ തെറ്റുപറ്റുന്നു.ആത്മസത്തയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം. പ്രപഞ്ചം മുറ്റിനില്‍ക്കുന്ന പരമാത്മാവില്‍ പങ്കുചേരാന്‍ ജീവാത്മാവിനെ സജ്ജമാക്കുന്ന ധര്‍മ്മമാണ് വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വിചക്ഷണനായ എഫ്.ഡബ്ല്യൂ.ഫ്രോബല്‍ (എൃീലയലഹ) അഭിപ്രായപ്പെടുന്നു. വിദ്യാര്‍ഥിയുടെ സര്‍ഗ്ഗസിദ്ധിയുടെ സമ്പൂര്‍ണ വികാസം സാധ്യമാകേണ്ട വിദ്യാഭ്യാസ പ്രക്രിയയില്‍ വിദ്യാര്‍ഥികളുടെ വിജ്ഞാനസമ്പാദനവും വ്യക്തിത്വ വികാസവും രൂപപ്പെടുത്തുന്നത് പാഠ്യപദ്ധതികളുടെ നിലവാരവും ഉള്ളടക്കവും പഠനരീതിയുമാണ്. വിദ്യാഭ്യാസരംഗത്തെ ഏത് നിര്‍ദ്ദേശവും ഏറെ പഠനങ്ങള്‍ക്കുശേഷം മാത്രമേ നടപ്പാക്കുവാന്‍ പാടുള്ളൂ. കാരണം അത് തലമുറകളെ ബാധിക്കുന്ന പ്രശ്നമാണ്.
അധ്യാപകദിനാചരണത്തിന് വഴിയൊരുക്കിയ ഡോ.എസ്. രാധാകൃഷ്ണന്‍ വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം വിദ്യാര്‍ഥികളുടെ സ്വഭാവഗുണമാണെന്നും സ്വഭാവഗുണമില്ലാത്ത വിദ്യാഭ്യാസം ആപത്കരവും ഉപയോഗശൂന്യവുമാണെന്നും വ്യക്തമാക്കുന്നു. പാഠപുസ്തകങ്ങള്‍ ആ ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ സാധിക്കുന്നതാകണം.വിദ്യാഭ്യാസം ഒരു സംസ്കാരമാണ്. ആ സംസ്കാരത്തിന്റെ ശ്രേയസ് ദൈവവിചാരത്തിലും ആത്മീയ ഭാഷയിലും ധാര്‍മ്മിക മുന്നേറ്റത്തിലുമാണ്. കര്‍മ്മശോഷണവും ധര്‍മ്മശോഷണവും മൂല്യശോഷണവും സംഭവിക്കുമ്പോള്‍ സംസ്കാരം ക്ഷയിക്കുന്നു. അപ്പോള്‍ പ്രാകൃത മനുഷ്യന്‍ അവന്റെ സകലവിധ കിരാതത്വത്തോടും കൂടി പുറത്തുവരും. ദൈവവിചാരവും ദൈവഭാഷയും നിഷേധിക്കപ്പെടുന്ന ഒരു പാഠ്യപദ്ധതിക്ക് ശുദ്ധിയുള്ള സാംസ്കാരികധാരയോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയില്ല.
അധ്യാപകന് വിദ്യാര്‍ഥിയുമായി സംവദിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം പാഠ്യപദ്ധതിയാണ്. അവിടെ വരുന്ന വൈകല്യങ്ങള്‍ തലമുറകളുടെ സൃഷ്ടിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അധ്യാപകന്‍ ദേവതുല്യനാണെന്ന് കരുതുന്ന നാടാണ് ഭാരതം. മാതാപിതാ ഗുരു ദൈവം എന്നതാണ് ഭാരതീയ സങ്കല്‍പം. മാതാവിനോടും പിതാവിനോടുമൊപ്പം ഗുരുനാഥനെയും ഈശ്വരതുല്യനായി നമ്മള്‍ കാണുന്നു. ബഹുമാനിക്കുന്നു."ഗുരു" എന്ന വാക്കിന് "ഇരുളകറ്റുന്നവന്‍" എന്നാണര്‍ത്ഥം. വിദ്യാര്‍ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളിനെ മാറ്റി വിജ്ഞാനമാകുന്ന വെളിച്ചം പകര്‍ന്നു നല്‍കുന്നവനാണ് അധ്യാപകന്‍. വിജ്ഞാനവും വിവേകവും വളര്‍ത്തി ബുദ്ധിയും ഹൃദയവും വികസിപ്പിച്ച് മനുഷ്യനെ രൂപപ്പെടുത്തുക എന്ന ധര്‍മ്മമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുക.
അറിവും നെറിവും തിരിച്ചറിവുമുള്ള തലമുറകളെ രൂപപ്പെടുത്തുവാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണം. കാട്ടുമനുഷ്യനെ നാട്ടുമനുഷ്യനാക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉയരണം. സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ മനുഷ്യനെ മനുഷ്യനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. മനുഷ്യനിലെ മൃഗത്വത്തെ അമര്‍ച്ച ചെയ്തു മനുഷ്യത്വത്തെ വളര്‍ത്തുന്ന പ്രക്രിയയാണത്.
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുനെസ്ക്കോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ സേവനത്തിന്റെ നാല് നെടുംതൂണുകളായി അവതരിപ്പിക്കുന്നു. 1. അറിയുവാന്‍ പഠിക്കുക. 2. ചെയ്യുവാന്‍ പഠിക്കുക 2. താനാകുവാന്‍ പഠിക്കുക. 4. സഹവസിക്കുന്നതിന് പഠിക്കുക. ഈ നാല് ലക്ഷ്യങ്ങളും കൈവരിക്കുവാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണം.
മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സംജാതമാകണം. മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകനില്‍ നിന്നും കുട്ടികള്‍ സ്വാംശീകരിച്ച് എടുക്കുകയാണ്. അധ്യാപകന്‍ തന്നെയാണ് മൂല്യം. അധ്യാപകന്‍ മൂല്യാധിഷ്ഠിത ജീവിതം നയിക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ മൂല്യബോധമുള്ളവരാകുക.
അധ്യാപകന്‍ ജീവിതവിശുദ്ധിയുടെ നിറകുടമാകണം. വിജ്ഞാനത്തിന്റെ നിറദീപമാകണം. നേര്‍വഴി നടത്താന്‍ കഴിയുന്ന ആത്മബന്ധത്തിന്റെ കേദാരമാകണം.
അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും വിളനിലമാകണം. അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ വില്‍പ്പനക്കാരനാകണം. ശിഷ്യര്‍ക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ കഴിയുന്ന മാതൃകയാവണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.സ്നേഹവും സഹാനുഭൂതിയുമാണ് ഒരു അധ്യാപകനു വേണ്ട പ്രഥമഗുണം. കുട്ടികളെ പ്രചോദിപ്പിക്കുക, അവരെ മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, ആശ്ചര്യപ്പെടുത്തുക, പുതുമമങ്ങാതെ പഠിപ്പിക്കുക, മാര്‍ഗ്ഗദര്‍ശനം നടത്തുക, ദിശാബോധം പകരുക - ഇതാണ് അധ്യാപനത്തില്‍ സംഭവിക്കേണ്ടത്.
അധ്യാപകനാകുക ഒരു ദൈവനിയോഗമാണ്. അധ്യാപനം ഈശ്വരന് അര്‍പ്പിക്കുന്ന പൂജയാണ്. അത് ശ്രേഷ്ഠതയോടെ നിര്‍വ്വഹിക്കുവാന്‍ അധ്യാപകദിനം കരുത്തേകട്ടെ.
Rate this article



del.icio.us
Digg