Home | ലേഖനങ്ങള്‍ | ആരാണ്‌ വെറുക്കപ്പെട്ടവന്‍ ?

ആരാണ്‌ വെറുക്കപ്പെട്ടവന്‍ ?

Font size: Decrease font Enlarge font

പരീക്ഷ അടുക്കുമ്പോള്‍ ചില കുട്ടികള്‍ക്ക്‌ പനി വരും. 'പരീക്ഷപ്പനി' എന്നാണ്‌ പേര്‌. പരീക്ഷ കഴിയുമ്പോള്‍ പനി അതിന്റെ പാട്ടിനു പോകും.ഇത്തരം കള്ളപ്പനികള്‍ വേറെയുമുണ്ട്‌ നാട്ടില്‍. പക്ഷേ അക്കൂട്ടത്തിലൊന്നും കേട്ടിട്ടില്ലാത്ത പുതിയൊരു പനിയെ പറ്റിയാണ്‌ ഇപ്പോള്‍ തലസ്ഥാനത്ത്‌ ചര്‍ച്ച. 'ഉദ്ഘാടനപ്പനി' എന്നാണത്രേ അതിന്‌ പേര്‌. ഈ പനി ആദ്യം ബാധിച്ചത്‌ മുഖ്യമന്ത്രി അച്യുതാനന്ദനെയാണെന്നാണ്‌ എ.കെ.ജി. സെന്ററില്‍ നിന്ന്‌ കേള്‍ക്കുന്നത്‌.ഒരു വ്യക്തിക്ക്‌ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതയെ പറ്റി ആക്ഷേപം ഉന്നയിക്കുന്നത്‌ ശരിയല്ല. പക്ഷേ, അച്യുതാനന്ദന്‌ ബാധിച്ച പനിയെ പറ്റി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക്‌ തന്നെ ആക്ഷേപമുള്ള സ്ഥിതിക്ക്‌ ചിലത്‌ പറയാതെയും വയ്യ.

മുഖ്യമന്ത്രി ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലായതോടെ ഒഴിവായത്‌ കണ്ണൂരില്‍ സി.പി.എം. നേതൃത്വത്തില്‍ സ്ഥാപിച്ച 'വിസ്മയ' എന്ന വാട്ടര്‍ തീം പാര്‍ക്കിന്റെ ഉദ്ഘാടനമാണ്‌. ഈ ഉദ്ഘാടനത്തില്‍ നിന്ന്‌ വി.എസ്‌. മാറി നിന്നത്‌ മനപൂര്‍വമായാലും അല്ലെങ്കിലും ഉയരുന്ന സംശയം ന്യായമുള്ളതാണ്‌.എന്തായാലും വെറുക്കപ്പെട്ടവരുടെ കഥ പറഞ്ഞു കൊണ്ടാണ്‌ വി.എസ്‌. ആശുപത്രി കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റ്‌ വന്നത്‌. അതുകൊണ്ട്‌ തന്നെ പനി വെറും പനിയായിരുന്നില്ലെന്ന്‌ ഉറപ്പിക്കാം. താന്‍ വെറുക്കുന്നവരായി വി.എസ്‌. പറയുന്നവര്‍ വെറും ഡമ്മികളാണ്‌. കുഞ്ഞിനെ തല്ലിയാല്‍ തള്ളയ്ക്ക്‌ നോവും എന്ന്‌ പറയും പോലെ മറ്റ്‌ ചിലര്‍ക്ക്‌ നോവാന്‍ വേണ്ടി വി.എസ്‌. ചിലരെ തല്ലുന്നു. തല്ലു കൊള്ളാതെ വേദന അനുഭവിക്കുന്ന ഈ ചിലര്‍ ആരാണെന്നതാണ്‌ ശരിയായ പ്രശ്നം. സി.പി.എമ്മില്‍ പരസ്പരം വെറുക്കുന്നവരുടെ യുദ്ധമാണ്‌ നടക്കുന്നത്‌.
അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ രണ്ടു പക്ഷത്ത്‌ നില്‍ക്കുന്നവര്‍ പരസ്പരം വെറുപ്പ്‌ പ്രഖ്യാപിക്കുന്നത്‌ ആദ്യമാണ്‌. പരസ്പരം വെറുക്കുന്നത്‌ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും ആകുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സംവാദ രംഗത്തേക്ക്‌ 'വെറുക്കപ്പെട്ടവന്‍' എന്ന പദം വി.എസ്‌. സംഭാവന നല്‍കിയിട്ട്‌ നാളേറെയായി. ഇപ്പോഴത്‌ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. കാരണം അജ്ഞാതമല്ല. രണ്ടാം ഭൂപരിഷ്കരണമെന്നും മറ്റുമുള്ള മറപിടിച്ച്‌ നടക്കുന്ന തമ്മിലടിയുടെ തുളുമ്പല്‍ മാത്രമാണത്‌.

വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന്‌ സ്വാഭാവിക മറുപടി പറഞ്ഞതാണെന്ന ന്യായം വി.എസിന്‌ ഉയര്‍ത്താം. പക്ഷേ, വി.എസിന്റെ ക്യാബിനറ്റ്‌ ബ്രീഫിംഗുകളെ പറ്റി നന്നായറിയാവുന്നവര്‍ക്ക്‌ കാര്യങ്ങളുടെ കിടപ്പറിയാം. രാഷ്ട്രീയ രംഗത്ത്‌ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കീഴ്‌വഴക്കങ്ങള്‍ സൂക്ഷിക്കുന്നവരാണ്‌ നമ്മള്‍. അക്കൂട്ടത്തില്‍ എടുത്ത്‌ പറയാവുന്ന ഒന്നാണ്‌ മുഖ്യമന്ത്രിമാരുടെ ക്യാബിനറ്റ്‌ ബ്രീഫിംഗ്‌.
എല്ലാ ബുധനാഴ്ചയും തലസ്ഥാനത്തെ മാധ്യമ ശ്രദ്ധ മുഴുവന്‍ ഇതിലാകും. ഈ പതിവ്‌ പതിറ്റാണ്ടുകളായുള്ളതാണ്‌. ക്യാബിനറ്റില്‍ നടന്ന കാര്യങ്ങളില്‍ പുറത്ത്‌ പറയാവുന്നവയുടെ വെറും ക്ലറിക്കല്‍ റിപ്പോര്‍ട്ടിംഗല്ല മുഖ്യമന്ത്രിമാര്‍ അവിടെ നടത്താറുള്ളത്‌. സംസ്ഥാനത്തും രാജ്യത്തും വിദേശത്തും വരെ നടന്ന കാര്യങ്ങളോട്‌ മുഖ്യമന്ത്രിക്ക്‌ പറയാനുള്ളതെല്ലാം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പറയുന്ന പതിവാണവിടെയുള്ളത്‌.

ക്യാബിനറ്റ്‌ ബ്രീഫിംഗിനും റിപ്പോര്‍ട്ടിംഗിനുമെല്ലാം അതിനാല്‍ തന്നെ വല്ലാത്തൊരു ഗൗരവം കാലങ്ങളായി രൂപപ്പെട്ടിട്ടുമുണ്ട്‌. തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പടയെ മുഖ്യമന്ത്രി സംവാദ സ്വഭാവത്തോടെ നേരിടുന്നത്‌ ഒരു കലയായി തന്നെ രൂപപ്പെട്ടു എന്ന്‌ പോലും പറയാം. വിവിധ മുഖ്യമന്ത്രിമാര്‍ അവരുടെ ശൈലിയില്‍ അതിന്‌ കൊഴുപ്പേകിയിട്ടുമുണ്ട്‌. നായനാര്‍ ക്യാബിനറ്റ്‌ ബ്രീഫിംഗിന്‌ പോകുമ്പോള്‍ ഇ.ചന്ദ്രശേഖരന്‍ നായരെയും ശിവദാസ മേനോനെയും (തുടക്കത്തില്‍ ബേബി ജോണ്‍) ഇടതുമുന്നണി തുണ അയച്ചിരുന്നതും ക്യാബിനറ്റ്‌ ബ്രീഫിംഗിന്റെ ഗൗരവം ഓര്‍മിപ്പിക്കുന്ന കാര്യമാണ്‌. എന്നാല്‍ അച്യുതാനന്ദന്‍ വന്നതോടെ സ്ഥിതി മാറി. ക്യാബിനറ്റ്‌ തീരുമാനിച്ച നാല്‌ നിയമനങ്ങളുടെ കാര്യം മാത്രം പറഞ്ഞ്‌ ഒരു ചോദ്യം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ മിനിറ്റുകള്‍ക്കുള്ളില്‍ എഴുന്നേറ്റ്‌ നടന്ന്‌ പോകുന്ന മുഖ്യമന്ത്രിയെയാണ്‌ പലപ്പോഴും ലൈവായി കണ്ടിട്ടുള്ളത്‌.

എന്നാല്‍ ഇക്കാര്യത്തിലൊരു വലിയ പക്ഷേയുണ്ട്‌. 'ചിലത്‌' ചോദിച്ചാല്‍ മാത്രം മുഖ്യമന്ത്രി 'ഇരുന്നും നിന്നും നടന്നും' മറുപടി പറയും. പി.ആര്‍. ചേംബറില്‍ ഒപ്പം നടക്കാന്‍ പറ്റാത്തതിനാല്‍ മുഖ്യമന്ത്രിയുടെ നടവഴിയില്‍ ലേപ്പല്‍ മൈക്കുകള്‍ വിതറി കാത്തിരിക്കുകയാണിപ്പോള്‍ ചാനലുകാര്‍ ചെയ്യുന്നതത്രേ. മുഖ്യമന്ത്രിക്ക്‌ എപ്പോഴാണ്‌ 'നടപ്പ്ദോഷം' തുടങ്ങുന്നതെന്ന്‌ അറിയാന്‍ പറ്റില്ലല്ലോ.ക്യാബിനറ്റ്‌ ബ്രീഫിംഗിന്റെ വിലയാകെ ഇടിച്ചു താഴ്ത്തിയ വി.എസ്‌. ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പോരിന്‌ മാത്രമാണ്‌ ഈ അവസരം ഉപയോഗിക്കുന്നത്‌. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമായ എല്ലാ പ്രസ്താവനകളും സമീപകാലത്ത്‌ അദ്ദേഹം നടത്തിയത്‌ ക്യാബിനറ്റ്‌ ബ്രീഫിംഗിനിടെയാണ്‌. 'വെറുക്കപ്പെട്ടവനെ' ആദ്യവും ഒടുവിലും അദ്ദേഹം ആക്രമിച്ചതും ഈ വേദിയില്‍ തന്നെ. സമീപകാലത്തെ ക്യാബിനറ്റ്‌ തീരുമാനങ്ങളാകെ ജനങ്ങള്‍ക്കെതിരായിട്ടുള്ളതായതിനാല്‍ അതില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനും ഈ 'പ്രത്യേകതരം' ബ്രീഫിംഗ്‌ മുഖ്യമന്ത്രിയെ സഹായിക്കുന്നുമുണ്ടാകാം.

എന്തായാലും വെറുക്കുന്നവരും വെറുക്കപ്പെട്ടവരും വെറുക്കപ്പെട്ടവരെ സ്നേഹിക്കുന്നവരും ജനത്തിന്റെ സ്വസ്ഥത കളഞ്ഞത്‌ നേര്‌. സി.പി.എമ്മിന്റെ കോട്ടയം സമ്മേളനത്തിന്‌ മുന്‍പ്‌ തന്നെ മാധ്യമങ്ങള്‍ ചിലത്‌ പറഞ്ഞത്‌ ഇപ്പോള്‍ ഓര്‍ക്കാതെ വയ്യ.
കോട്ടയം സമ്മേളനത്തോടെ വി.എസിനെ പൂര്‍ണമായി ഒതുക്കുന്ന പിണറായി പക്ഷം, പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിയും വരെ മിണ്ടാതിരുന്ന ശേഷം അന്തിമ വെട്ടിനിരത്തല്‍ ആരംഭിക്കുമെന്നായിരുന്നു പ്രവചന സ്വഭാവത്തോടെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇത്‌ അക്ഷരം പ്രതി ശരിയായെന്നാണ്‌ ബോധ്യമാകുന്നത്‌. അന്തിമ യുദ്ധത്തിന്റെ സൂചനകള്‍ സി.പി.എമ്മിലെ ഇരുപക്ഷത്ത്‌ നിന്നും ഉയരുന്നു. മുങ്ങിത്താഴാന്‍ തുടങ്ങുന്നവന്റെ വെപ്രാളം വി.എസ്‌. പ്രകടിപ്പിക്കുന്നുമുണ്ട്‌.

തന്റെ നേതൃത്വമാണ്‌ ഇടതുമുന്നണിക്ക്‌ വലിയ വിജയം സമ്മാനിച്ചതെന്ന്‌ വി.എസ്‌. ഈയിടെയായി ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുന്നുണ്ട്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രയോജനപ്പെടുത്തിയ ചില വിഷയങ്ങള്‍ ഇപ്പോള്‍ വീണ്ടും പൊടിതട്ടി പുറത്തെടുത്ത്‌ അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇതു കൊണ്ട്‌ അദ്ദേഹത്തിന്‌ പ്രയോജനമുണ്ടാകാം. എന്നാല്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പഴയ പ്രതിപക്ഷ നേതാവിന്റെ പരിവേഷത്തോടെ ജനത്തെ സമീപിക്കാനുള്ള കുടില ബുദ്ധിയും അദ്ദേഹം കാണിക്കുന്നു എന്ന്‌ വേണം മനസിലാക്കാന്‍. തന്നെ പാര്‍ട്ടിക്കുള്ളിലും ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കരഞ്ഞ്‌ വിളിച്ച്‌ 'സിമ്പതി തരംഗം' സൃഷ്ടിക്കാനുള്ളതാണ്‌ ഈ പാഴ്ശ്രമം. ചിലരെ എല്ലാക്കാലത്തേക്കും അല്ലെങ്കില്‍ എല്ലാവരെയും ചിലകാലത്തേക്കും പറ്റിക്കാം. അല്ലാതെ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാമെന്ന അദ്ദേഹത്തിന്റെ വ്യാമോഹം അവസാനിപ്പിക്കുന്നതാണ്‌ നല്ലത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0