Home | ലേഖനങ്ങള്‍ | സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന്‌ സെക്രട്ടറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുമ്പോള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന്‌ സെക്രട്ടറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുമ്പോള്‍

Font size: Decrease font Enlarge font

ആറാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളെത്തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്ക്കരണത്തിന്റെ ചുവടുപിടിച്ച്‌ സംസ്ഥാനത്തും ശമ്പളം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസരംഗത്തെ വികലമായ പരിഷ്ക്കാരങ്ങള്‍ക്കും രാഷ്ട്രീയവത്ക്കരണത്തിനുമെതിരെ ജനമനഃസാക്ഷി ഉണര്‍ത്തിക്കൊണ്ട്‌ സംസ്ഥാന വ്യാപകമായി സെറ്റോ നേതൃത്വത്തില്‍ കഴിഞ്ഞ 43 ദിവസമായി നടന്ന സിവില്‍ സര്‍വീസ്‌- വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ സമാപനം കുറിച്ചുകൊണ്ട്‌ ഇന്ന്‌ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തുകയാണ്‌.

സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന പിന്‍വാതില്‍ നിയമനങ്ങളും തസ്തിക വെട്ടിക്കുറയ്ക്കലും അവസാനിപ്പിക്കണമെന്നും പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കണമെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കേരള സര്‍വ്വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട്‌ വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു സര്‍വ്വകലാശാലകളിലേയും നിയമനങ്ങള്‍ പി.എസ്‌.സിയ്ക്കു വിടണമെന്നും അദ്ധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്നും സെറ്റോ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂലൈ മാസം 23ന്‌ ചരിത്രമുറങ്ങുന്ന കാസറഗോട്ടെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപം കെ.പി.സി.സി.യുടെ അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, ജാഥാ ക്യാപ്റ്റനായ സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‌ ത്രിവര്‍ണ്ണ പതാക കൈമാറി ഫ്ലാഗ്‌ ഓഫ്‌ ചെയ്ത ജാഥ കേരളത്തിന്റെ 14 ജില്ലകളില്‍ മുന്നൂറില്‍പ്പരം സ്വീകരണ കേന്ദ്രങ്ങളില്‍ വമ്പിച്ച പൊതുയോഗങ്ങള്‍ നടത്തുകയുണ്ടായി.

സെറ്റോ സംസ്ഥാന കണ്‍വീനര്‍മാരായ ഡി.എ. ഹരിഹരന്‍, ടി. വിനയദാസ്‌, എ. വിക്രമന്‍നായര്‍, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എം.എഫ്‌. ജോയി, ട്രഷറര്‍ എന്‍.എല്‍. ശിവകുമാര്‍, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ കെ.വി. മുരളി, കെ. വേലായുധന്‍, എ.കെ. സാദിക്‌, പി. സതീഷ്കുമാര്‍, കെ. വേദവ്യാസന്‍, സി. പ്രദീപ്‌, ഡോ. പി.കെ. ജേക്കബ്‌, എം.പി. വേലായുധന്‍, എ.കെ. അബ്ദുള്‍ സമദ്‌, പി.സി. വേലായുധന്‍കുട്ടി, ഡോ. നെടുംപന അനില്‍, കൈമനം പ്രഭാകരന്‍, ജി. ഭുവനേന്ദ്രന്‍ നായര്‍, കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ വിവിധ ജില്ലകളില്‍ ജാഥയ്ക്കൊപ്പം സഞ്ചരിക്കുകയുണ്ടായി.
സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ആവശ്യങ്ങളോടൊപ്പം തന്നെ ജനജീവിതത്തെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടാണ്‌ ജാഥ മുന്നോട്ടുനീങ്ങിയത്‌. ജാഥ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വിഷയം വിലക്കയറ്റമാണ്‌. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളീയരുടെ മുഖ്യ ആഹാരമായ അരിയുടെ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചത്‌ ജനജീവിതം ദുസ്സഹമാക്കിയതായി ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിനു സമീപം ലഭിച്ച സ്വീകരണത്തിനു മറുപടി പറയവേ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ 8 രൂപയ്ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന അരിയ്ക്ക്‌ ഇപ്പോള്‍ 20 രൂപ നല്‍കണമെന്ന്‌ ഞാന്‍ പറയുകയുണ്ടായി. ആ സമയം എന്റെ മുമ്പിലൂടെ അരി സഞ്ചിയും തൂക്കി ഒരു കാരണവര്‍ നടന്നുവരികയായിരുന്നു. അദ്ദേഹം അടുത്തേയ്ക്കു വന്ന്‌ മോനെ അങ്ങനെ പറയരുത്‌ ദാ നോക്കൂ, ഈ അരി 22 രൂപയ്ക്കാണ്‌ ഞാന്‍ വാങ്ങിയത്‌. എത്ര രൂക്ഷമായ വിലക്കയറ്റമാണെന്ന്‌ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്‌. ഇതുപോലെ കൗതുകകരങ്ങളായ ധാരാളം അനുഭവങ്ങള്‍ ജാഥാംഗങ്ങള്‍ക്ക്‌ ഉണ്ടായിട്ടുണ്ട്‌.

ജസ്റ്റിസ്‌ ബി.എന്‍. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളെക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്‌ ജാഥയ്ക്കിടയിലായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര തുല്യത ഉറപ്പു വരുത്തിയുള്ള ശമ്പള പരിഷ്ക്കരണത്തിനായി ജീവനക്കാരില്‍ നിന്ന്‌ ആവശ്യമുയരുന്നത്‌ നേരില്‍ക്കാണാന്‍ ജാഥാംഗങ്ങളായ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു.
43 ദിവസമായി കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തി ആയിരക്കണക്കിനു ജീവനക്കാരുടെയും അദ്ധ്യാപകരുടേയും മറ്റ്‌ ജനാധിപത്യ വിശ്വാസികളുടേയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി, ഇന്നു നടക്കുന്ന സെക്രട്ടറിയേറ്റ്‌ മാര്‍ച്ചോടുകൂടി സിവില്‍ സര്‍വീസ്‌ വിദ്യാഭ്യാസ സംരക്ഷണ ജാഥ പരിസമാപ്തിയിലെത്തുമ്പോള്‍ അത്‌ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും അവകാശ പോരാട്ട ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു ഏട്‌ എഴുതിച്ചേര്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

രാവിലെ 11 മണിക്ക്‌ പബ്ലിക്‌ ഓഫീസ്‌ പരിസരത്തുനിന്നും ആരംഭിക്കുന്ന സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ ആയിരക്കണക്കിനു ജീവനക്കാരും അദ്ധ്യാപകരും അണിചേരും. ഒട്ടനവധി ആനുകൂല്യങ്ങള്‍ കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സമ്മാനിച്ച പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയേറ്റ്‌ മാര്‍ച്ചില്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0