കയര്‍ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായം ഏതാണ്ട് പൂര്‍ണ്ണമ ായും സ്തംഭനത്തിലാണ്. കയര്‍ ഉത്പാദകരില്‍ ബഹുഭൂരിപക്ഷം പേരും പണി അപ്പാടെ നിര്‍ത്തിവച്ചിരിക്കുകയാണ്. പണി നടത്തുന്ന കയര്‍ വ്യവസായികളില്‍ അധികം പേരും ഭാഗികമായി മാത്രമാണ് തൊഴിലാളികളെ കൊണ്ട് പണി ചെയ്യിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കയര്‍ തൊഴിലാളികളും തൊഴില്‍രഹിതരായി മാറിയിരിക്കുന്നു.കയര്‍ വ്യവസായത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പ്രധാനകാരണം കയറിന്റെ വിലയിടിവും, ഡിമാന്റില്ലായ്മയുമാണ്. തുച്ഛമായ കൂലി മാത്രം ലഭിക്കുന്ന തൊഴിലാളികള്‍ പൂര്‍ണ്ണമായും അസംതൃപ്തരാണ്.
കൂട്ടത്തോടെ കയര്‍ തൊഴിലാളികള്‍ ഈ രംഗത്ത് നിന്നു തന്നെ പലായനം ചെയ്തു തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കയര്‍ഫെഡുവഴി ന്യായവിലയ്ക്ക് കയര്‍ ഉത്പാദകരില്‍ നിന്നും കയര്‍ സംഭരിക്കുമെന്ന കയര്‍ വകുപ്പുമന്ത്രി ജി.സുധാകരന്റെ, ഒരു വര്‍ഷത്തിന് മുമ്പ് നടത്തിയ പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മന്ത്രിയുടെ തികച്ചും നിരുത്തരവാദപരമായ സമീപനങ്ങളാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നത്. അടിയന്തരമായും താങ്ങുവില നല്‍കി കയര്‍ ഉത്പാദകരില്‍ നിന്നും കയര്‍ സംഭരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി ജി.സുധാകരന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതാണ്.
പേരിനുവേണ്ടി സി.പി.എം. നേതൃത്വത്തിലുള്ള ഏതാനും ചില കയര്‍ സൊസൈറ്റികളുടെ കയര്‍ മാത്രം സംഭരിക്കുന്ന കയര്‍ഫെഡിന്റെ തെറ്റായ നിലപാടു മാറ്റി ചെറുകിട കയര്‍ ഉത്പാദകരില്‍ നിന്നുകൂടി ന്യായവിലയ്ക്ക് കയര്‍ സംഭരിക്കാന്‍ തയ്യാറായെ മതിയാവൂ. ബഹുഭൂരിപക്ഷം കയര്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നത് സ്വകാര്യ കയര്‍ ഉത്പാദകരാണ്. ഇവര്‍ക്കുകൂടി ചെറിയ ആശ്വാസം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.ടി.യു.സി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത കയര്‍തൊഴിലാളി സമരത്തെ തുടര്‍ന്ന് കയര്‍പിരി തൊഴിലാളികളുടെ പ്രതിദിനകൂലി 90 രൂപയാക്കി കഴിഞ്ഞവര്‍ഷം വര്‍ദ്ധിപ്പിക്കുകയുണ്ടായി.
കയര്‍വകുപ്പ് മന്ത്രി ജി.സുധാകരന്‍, തൊഴില്‍വകുപ്പ് മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ത്രികക്ഷി കോണ്‍ഫറന്‍സില്‍ വച്ചാണ് കയര്‍തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഈ കൂലി വര്‍ദ്ധനവ് ബഹുഭൂരിപക്ഷം കയര്‍മേഖലകളിലും ഇനിയും നടപ്പിലാക്കിയിട്ടില്ല.
കൂലി വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട കയര്‍ വകുപ്പും, തൊഴില്‍ വകുപ്പും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് നിഷേധാത്മകമായ ഒരു സമീപനമാണ് ഇപ്പോഴും കൈക്കൊണ്ടുവരുന്നത്. തൊഴിലാളികളുടെ കൂടി സാന്നിധ്യത്തില്‍ അംഗീകരിക്കപ്പെട്ട കൂലി നല്‍കാന്‍ വിമുഖത കാണിക്കുന്ന ഉത്പാദകരെ നിലയ്ക്കുനിര്‍ത്താനുള്ള ബാധ്യത തൊഴില്‍-കയര്‍ വകുപ്പുകള്‍ക്കുണ്ട്. എന്നാല്‍ ഈ ബാധ്യതകളില്‍ നിന്ന് ഓടിയൊളിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ഇരുവകുപ്പുകളും ചെയ്യുന്നത്.
1982 ല്‍ പ്രഖ്യാപിക്കപ്പെട്ട കയര്‍തൊഴിലാളികളുടെ മിനിമം കൂലി അനുസരിച്ചാണെങ്കില്‍ ഒരു തൊഴിലാളിക്ക് കുറഞ്ഞത് 160 രൂപ പ്രതിദിന വേതനമായി കിട്ടേണ്ടതാണ്. ഇത് നടപ്പിലാക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാന്‍ നാളിതുവരെ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ എഗ്രീഡ് വേജസ് ആയ 90 രൂപയെങ്കിലും കയര്‍തൊഴിലാളികള്‍ക്ക് നല്‍കാന്‍ വിമുഖത കാട്ടുന്ന കയര്‍ ഉത്പാദകര്‍ക്കെതിരായി ഒരു ചെറുവിരല്‍പോലും അനക്കാന്‍ തയ്യാറാകാത്ത ഇടതുസര്‍ക്കാരിന്റെ ഇന്നത്തെ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ഒന്നാണ്.ഏറ്റവും ഒടുവില്‍ പുറത്തുവന്ന കയര്‍ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ കയര്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിദിന കൂലി 50 രൂപയ്ക്ക് താഴെ മാത്രമാണ്.
സ്ത്രീ തൊഴിലാളികള്‍ 12 ശതമാനത്തിനും പുരുഷ തൊഴിലാളികള്‍ 58 ശതമാനത്തിനും മാത്രമാണ് പ്രതിദിനം 50 രൂപയ്ക്ക് പുറത്ത് കൂലി ലഭിക്കുന്നത്. കയര്‍ മേഖലയിലെ തൊഴിലാളികളില്‍ 82 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. ആറ് ലക്ഷത്തോളം കയര്‍തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ നല്ലൊരു ശതമാനത്തിനും ഇന്ന് തൊഴിലില്ല. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 3,83,000 തൊഴിലാളികളാണ് കയര്‍ മേഖലയിലുള്ളത്. സഹകരണമേഖലയിലെ പഴയ കണക്ക് അനുസരിച്ച് 2,12,308 തൊഴിലാളികളാണ് ഉള്ളതെങ്കില്‍ ഇപ്പോള്‍ സഹകരണമേഖലയില്‍ ആകെയുള്ള കയര്‍ തൊഴിലാളികള്‍ വെറും 20532 പേര്‍ മാത്രമാണ്. സ്വകാര്യ മേഖലയിലെ നിലവിലുള്ള കയര്‍ റാട്ടുകളില്‍ 70 ശതമാനവും, സഹകരണ മേലയിലെ 40 ശതമാനവും ഇപ്പോള്‍ ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്.
നമ്മുടെ കയര്‍ വ്യവസായം മിക്കവാറും ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന വന്‍കിട കയര്‍ ഉത്പാദകരെല്ലാം തമിഴ്‌നാട്ടിലേക്ക് ചേക്കേറി കഴിഞ്ഞിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കയര്‍ വ്യവസായം മുഴുവനായും തന്നെ തമിഴ്‌നാട്ടിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കയര്‍ വ്യവസായം സംസ്ഥാനത്ത് നിലനിര്‍ത്താന്‍ ഗൗരവമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
പഴയശൈലിയില്‍ ഈ പരമ്പരാഗതമായ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കയര്‍ വ്യവസായം വലിയ ഒരു പുനഃസംഘടനയ്ക്ക് ഉടന്‍ വിധേയമാക്കേണ്ടതാണ്. കേന്ദ്രഗവണ്‍മെന്റ് സഹായത്തോടെ ചെറുകിട കയര്‍ ഉത്പാദകര്‍ക്ക് യന്ത്രവല്‍ക്കരണം നടത്തുന്നതിനുവേണ്ടി ഇപ്പോള്‍ ഭാഗികമായി വായ്പനല്‍കി തുടങ്ങിയിട്ടുണ്ട്.
ചെറുകിട കയര്‍ ഉത്പാദകര്‍ക്ക് ഈ മേഖലയില്‍ യന്ത്രവല്‍ക്കരണം ഫലപ്രദമായി നടത്തുന്നതിലേക്കായി യന്ത്ര റാട്ടുകള്‍ വാങ്ങുന്നതിനുവേണ്ടി ഉദാരമായ വ്യവസ്ഥയില്‍ കൂടുതല്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാരും കയര്‍വകുപ്പും ഉടന്‍ തയ്യാറാകേണ്ടതാണ്. ഈ വ്യവസായം നിലനിര്‍ത്തുന്നതിന് ഇത്തരം നടപടികള്‍ അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. ഈ യന്ത്രവല്‍ക്കരണം കയര്‍മേഖലയിലാകെ എല്ലാ നിലയിലും ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്.
കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അനുവദിച്ചിട്ടുള്ള ഭൂരിപക്ഷം ഫണ്ടും വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇപ്പോള്‍ നല്‍കി വരുന്നത് സ്വന്തം പാര്‍ട്ടിക്കാരുടെ നേതൃത്വത്തിലുള്ള ഏതാനും കയര്‍ സഹകരണസംഘങ്ങള്‍ക്കുമാത്രമാണ്. ചില കയര്‍സഹകരണസംഘങ്ങളെ മാത്രം സഹായിച്ചാല്‍ കയര്‍ വ്യവസായത്തിലെ പ്രശ്നങ്ങള്‍ക്കാകെ പരിഹാരം കാണാന്‍ കഴിയുന്നതല്ല.
ഈ മന്ത്രിയുടെ ഇത്തരം നടപടികളും വ്യവസായത്തിന്റെ അടിത്തറ തന്നെ തോണ്ടുന്ന സമീപനങ്ങളും കൊണ്ടാണ് കയര്‍ വ്യവസായ മേഖലയിലാകെ നാശോന്‍മുഖത ഇന്ന് ഉണ്ടായിരിക്കുന്നത്. തികച്ചും തെറ്റായതും കയര്‍ വ്യവസായ വികസനത്തിന് വിരുദ്ധവുമായ ഈ സമീപനവുമായിട്ടാണ് കയര്‍ വകുപ്പ് മന്ത്രി മുന്നോട്ടുപോകുന്നതെങ്കില്‍ ഈ വ്യവസായം കേരളത്തെ സംബന്ധിച്ചിടത്തോളം വെറും ഒരു പഴങ്കഥ മാത്രമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. കയര്‍വ്യവസായ മേഖലയിലെ തെറ്റായതും ഈ വ്യവസായത്തിന്റെ വികസനത്തിന് വിരുദ്ധവുമായ തന്റെ നിലപാടുകള്‍ മാറ്റാന്‍ ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജി.സുധാകരന്‍ തയ്യാറാകേണ്ടതാണ്.
ഗവണ്‍മെന്റ് തയ്യാറാക്കിയ കയര്‍ സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ കയര്‍ മേഖലയുടെ വികസനത്തിനായി കൈക്കൊള്ളുമെന്നുള്ള കയര്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ പുനഃസംഘടന ഫലപ്രദമായി നടത്തുന്ന കാര്യത്തിലാണ് ഈ മന്ത്രി തന്റെ കഴിവ് കാട്ടേണ്ടത്. കയര്‍ മേഖല ഇടനിലക്കാരുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്നുള്ള സെന്‍സസ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവമുള്ളതാണ്. ഗവണ്‍മെന്റിന്റെ ഏറ്റവും ഗുരുതരമായ തുടര്‍ച്ചയായ അലംഭാവമാണ് ഈ സ്ഥിതി ഇവിടെയുണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളടക്കം കയര്‍മേഖലയിലുള്ള എല്ലാവരുമായി വിശദമായി ചര്‍ച്ച നടത്തിയായിരിക്കണം ഗവണ്‍മെന്റ് ഈ മേഖലയില്‍ വ്യവസായത്തെ നിലനിര്‍ത്താനും, ശക്തിപ്പെടുത്തുവാനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളേണ്ടത്.
Rate this article



del.icio.us
Digg