കമ്പ്യൂട്ടറും സെല്‍ഫോണും
ഈയിടെ ഞാന്‍ കൂടി പങ്കെടുത്ത ഒരു സാഹിത്യസാംസ്കാരിക സമ്മേളനം. മലയാളത്തിലെ ഏറെ പ്രശസ്തനായ കവി ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു. ഇടയ്ക്ക് സ്റ്റേജിലിരുന്ന ഒരു വിശിഷ്ടാതിഥിയുടെ സെല്‍ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം അതെടുത്ത് ചെവിയില്‍വച്ച് പെട്ടെന്ന് ഓഫാക്കി. കവി ശബ്ദം കേട്ടില്ല എന്ന് നടിച്ച് പ്രസംഗം തുടര്‍ന്നു. പക്ഷെ വേദിയിലും സദസിലും ഇരുന്ന മിക്കവരുടെയും കയ്യില്‍ സെല്‍ഫോണുകളുണ്ടായിരുന്നു. അവ ഇടയ്ക്കിടയ്ക്ക് ശബ്ദിച്ചു. അവസാനം മുന്‍ നിരയിലിരുന്ന ഒരു ശ്രോതാവ് മെല്ലെയാണെങ്കിലും ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ കവി പൊട്ടിത്തെറിച്ചു.
സെല്‍ഫോണ്‍ എന്ന വസ്തു ഇന്നത്തെ സംസ്കാരത്തിനെയും ഭാവിതലമുറയുടെ ബുദ്ധിയെയും പ്രവര്‍ത്തനശേഷിയെയും തകര്‍ക്കുകയാണെന്നും മറ്റും മറ്റും ഘോരഘോരം ഒന്നാംതരം ശൈലിയില്‍ പ്രസംഗിച്ചു. വേദിയിലിരുന്ന പ്രഗത്ഭനായ ജനപ്രതിനിധിയെ നോക്കി ഭരണാധികാരികള്‍ സെല്‍ഫോണുകള്‍ നിരോധിക്കണമെന്ന് ഉദാത്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം അവാര്‍ഡ് നല്‍കാനായി എഴുന്നേറ്റ ജനപ്രതിനിധി തന്റെ കര്‍മ്മം നിര്‍വ്വഹിച്ചശേഷം വളരെ സംസ്കാരികമായ ഉന്നത ഭാഷയില്‍ കവിയുടെ അഭിപ്രായങ്ങളെ എതിര്‍ത്തു. താന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സമയത്ത് സെല്‍ഫോണ്‍ പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രം ആ സമയത്തുണ്ടായ ഒരു ബോട്ടപകടവും പിന്നീട് പലപ്പോഴും തന്റെ നിയോജകമണ്ഡലത്തില്‍ പല അത്യാവശ്യ പ്രശ്നങ്ങളുടെയും തത്സമയ അറിവ് തനിക്ക് ലഭിച്ചുവെന്നും അതുകൊണ്ട് ഉടന്‍ നടപടിയെടുത്ത് ആ പ്രശ്നങ്ങളില്‍ സ്വത്തും ജീവനെപ്പോലും രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും പറഞ്ഞു.
രണ്ടുപേരുടെയും ആവേശം അവരവരുടെ രീതിയില്‍ ശരിയായിരുന്നു. പക്ഷെ എനിക്ക് അതില്‍ ഇടപടേണ്ടിവന്നു. മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന ഞാന്‍ ഇരുവരോടുമായി പറഞ്ഞു. സെല്‍ഫോണ്‍ എന്നത് വീട്ടിലെ ടെലിഫോണിന്റെ ഒരു പുതിയ രൂപമായി മാത്രം നിങ്ങള്‍ കാണുന്നു. അതാണ് കുഴപ്പം. സെല്‍ഫോണിന് ശബ്ദമില്ലാതെ ഫോണ്‍ വിളി വന്നുവെന്ന് അറിയിക്കാനുള്ള സാങ്കേതിക സൗകര്യമുണ്ട്. ആ ബട്ടണ്‍ അമര്‍ത്തി ആ മോഡിലിടുകയും ഒച്ച മറ്റാരും കേള്‍ക്കാതിരിക്കാനുള്ള ഇയര്‍ഫോണ്‍ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ കവിയുടെയും ജനപ്രതിനിധിയുടെയും പരാതികള്‍ അപ്രസക്തമാണെന്നു മനസ്സിലാക്കാന്‍ വിഷമമുണ്ടാകുകയില്ല.
ഇത് ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ. ആധുനിക സാങ്കേതികശാസ്ത്രം പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രായോഗികമാക്കുമ്പോള്‍ നമുക്ക് അപരിചിതമായ അവയെല്ലാം അടുത്ത തലമുറ വേഗം ഒരുമപ്പെട്ടു സ്വന്തമാക്കുന്നത് കാണുമ്പോള്‍ നാം പലപ്പോഴും എന്താണ് ഈ സാങ്കേതികമായ പുതിയ അറിവിന്റെ ആഴം എന്ന് പരിശോധിക്കാതെ അതിനെ എതിര്‍ക്കും. പണ്ട് അച്ചടിയന്ത്രം വന്നപ്പോള്‍ ജഹാംഗീര്‍ ചക്രവര്‍ത്തി, ദില്ലി ദര്‍ബാറില്‍ കാണിക്കാന്‍ കൊണ്ടുവന്ന ജര്‍മ്മന്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയെ അദ്ദേഹത്തിന്റെ യന്ത്രവുംകൊണ്ട് തിരിച്ചോടിച്ചു എന്ന കഥയുണ്ട്. അത് പഴയകാര്യം. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരായി എത്ര വലിയ പ്രക്ഷോഭമാണ് ഓരോ പുതിയ കാര്യങ്ങള്‍ ഉയര്‍ത്തി പണ്ഡിതരായ കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും നടത്തിയത്.
കമ്പ്യൂട്ടര്‍ എന്നാല്‍ ടൈപ്പ്‌റൈറ്ററിന്റെ പുതിയ രൂപം എന്നു മാത്രമേ ആദ്യ ദശകങ്ങളില്‍ ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യര്‍പോലും കരുതിയിരുന്നുള്ളൂ. അതുപോലെ ഇന്ന് ഏറ്റവും സാര്‍വ്വത്രികമായിരിക്കുന്ന സെല്‍ഫോണ്‍, പ്രത്യേകിച്ചും ഇന്ത്യയിലെ അക്ഷരാഭ്യാസം ഇല്ലാത്ത മേഖലകളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ, പല കാരണങ്ങള്‍ കാട്ടി എതിര്‍ക്കുന്ന പ്രവണത സര്‍വ്വ സാധാരണമായിട്ടുണ്ട്. സെല്‍ഫോണ്‍ എന്നത് അനോന്യം സംസാരിക്കുന്ന യന്ത്രങ്ങള്‍ മാത്രമല്ല. സന്ദേശങ്ങള്‍ അയക്കാനും സംഭാഷണവും സംഗീതവും വാര്‍ത്തകളും കേള്‍ക്കാനും ആസ്വദിക്കാനും, ഇന്റര്‍നെറ്റും ക്യാമറയും, കളികളും എന്നുവേണ്ട, നമുക്ക് സഹായകമായ പല കര്‍മ്മങ്ങളും ചെയ്യാനുള്ള സാങ്കേതിക സൗകര്യം ഉള്‍ക്കൊള്ളുന്ന വസ്തുവാണ്. അപകടങ്ങള്‍ ഏത് സാങ്കേതിക ഉപകരണങ്ങളിലും പതിയിരിക്കുന്നുണ്ട്.
വൈദ്യുതിയിലും തീവണ്ടിയിലും ഗ്യാസടുപ്പിലുമെല്ലാം നാം സൂക്ഷിച്ചുനോക്കിയാല്‍ അപകടങ്ങള്‍ കാണാന്‍ പറ്റും. പക്ഷെ ഇവയൊക്കെ അതിജീവിക്കത്തക്ക കവചങ്ങള്‍ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട് എന്നതാണ് പ്രധാനം. ഇവിടെ സാങ്കേതിക രംഗത്തെ ആധുനികതയെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള നേതൃത്വങ്ങള്‍ സമൂഹത്തിന്റെ വിവിധ ശാഖകളിലും ഉണ്ടാകുമ്പോള്‍ മാത്രമേ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളുടെ സൗകര്യം ജനസമൂഹത്തിലേക്ക് സഹര്‍ഷം എത്തിക്കാന്‍ സാധിക്കുകയുള്ളൂ. സാഹിത്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ നേതൃത്വം ടെക്നോളജിയുടെ അനന്തസാധ്യതകളെക്കുറിച്ച് മനസിലാക്കാനായി തങ്ങളുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നുവയ്ക്കണം എന്നുമാത്രമല്ല അവയെ മുന്‍വിധിയില്ലാതെ സന്തോഷത്തോടെ ഉള്‍ക്കൊള്ളുകയും വേണം.
കമ്പ്യൂട്ടറും സെല്‍ഫോണും പണ്ട് കടലാസും അച്ചടിയും പേനയും മഷിയുംപോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അവയുടെ അനന്തസാധ്യതകളെ മനസ്സിലാക്കുക എന്നത് സമൂഹനേതൃത്വത്തിന്റെ കടമ കൂടിയാണ്.
Rate this article



del.icio.us
Digg