Home | ലേഖനങ്ങള്‍ | പൊലീസും കേരളവും

പൊലീസും കേരളവും

Font size: Decrease font Enlarge font
image

പോലീസിനെ കണ്ട്‌ ഭയന്നോടിയ യുവാവിന്റെ ജഡം കിണറ്റില്‍ എന്ന്‌ മൈത്രി പൊലീസിന്റെ ഈ സുന്ദരമോഹനകാലത്തും നമ്മള്‍ പത്രത്തില്‍ വായിക്കുന്നു. വാര്‍ത്ത ഇങ്ങനെ നീളുന്നു: പൊലീസ്‌ വിരട്ടി ഓടിച്ചപ്പോള്‍ ഭയന്നോടിയ യുവാവിന്റെ ജഡം സംഭവസ്ഥലത്തിനു സമീപമുള്ള കിണറ്റില്‍ കണ്ടെത്തി.പൊലീസിന്റെ വിനോദങ്ങള്‍ക്ക്‌ ഒരു മാറ്റവുമില്ല. മര്‍ദ്ദനോപകരണം എന്ന അവസ്ഥ പൊലീസ്‌ കൈവിടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. മര്‍ദ്ദനമേറ്റുവാങ്ങുന്നവര്‍ മാറിയിരിക്കുന്നുവെന്നുമാത്രം. മര്‍ദ്ദനോപകരണമായ പൊലീസ്‌ ഇപ്പോള്‍ കേരളത്തില്‍ രാജ്യഭാരം നടത്തുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്ന മതിലിനോട്‌ ചാരിനിന്നുകൊണ്ടാണ്‌.

നമ്മുടെ ജയിലുകളുടെ അടിമനസ്സില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കൊടി കുത്തിയിട്ടുണ്ട്‌. ഈ ചാരിനില്‍പ്പിന്റെയും കൊടികുത്തലിന്റെയും സുഖം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പൊലീസ്‌ സേനയും നന്നായി ആസ്വദിക്കുന്നു. അങ്ങനെ ഇത്‌ നമ്മുടെ ജയിലും പൊലീസും രാഷ്ട്രീയാനന്ദമനുഭവിക്കുന്ന സുന്ദരമോഹനകാലം.കേരളത്തിലെ ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ്‌ സേനയും തമ്മിലുള്ള പുതിയ ബാന്ധവത്തെക്കുറിച്ച്‌ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. രാജ്യാധികാര മണ്ഡലത്തിലെ ഈ വികടബന്ധം ആകാവുന്നേടത്തോളം മനുഷ്യവിരുദ്ധമായി കഴിഞ്ഞു.

ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങളാണ്‌ പരമാധികാരികള്‍ എന്ന നീതിമന്ത്രം മാര്‍ക്സിസ്റ്റ്‌ ഭരണത്തില്‍ മാര്‍ക്സിസ്റ്റുകാരാണ്‌ പരമാധികാരികള്‍ എന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മാറ്റി എഴുതിയിരിക്കുന്നു. ജനാധിപത്യ സങ്കല്‍പങ്ങള്‍ മാറ്റിവച്ച്‌ പാര്‍ട്ടി സങ്കല്‍പങ്ങളിലേക്ക്‌ കേരളീയ ജീവിതത്തെ ഉന്തിത്തള്ളുകയാണ്‌ ഇവിടെ ഒരു രാഷ്ട്രീയകക്ഷി. ആ രാഷ്ട്രീയ കക്ഷിക്കും അതിന്റെ പോഷക സംഘടനകള്‍ക്കും കീഴ്പ്പെട്ടോ അവയോട്‌ സഹകരിച്ചോ ആണ്‌ നമ്മുടെ പൊലീസ്‌ ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്നത്‌. പൊലീസ്‌ സേന ഒരു പാര്‍ട്ടിയുടെ സമാന്തര ഭരണത്തിന്‌ കൂട്ടുനില്‍ക്കുമ്പോള്‍ തകരുന്നത്‌ അതിന്റെ വിശ്വസ്തതയും മനോവീര്യവും തന്നെയാണ്‌. നിയമസമാധാനം പ്രതീക്ഷിക്കുന്ന നീതിമാനായ ഒരു മലയാളിയുടെ മനസ്സില്‍ പതിയുന്ന ഇന്നത്തെ പൊലീസിന്റെ ചിത്രം വികൃതവും ബീഭത്സവുമാണ്‌. ഈ പൊലീസില്‍നിന്ന്‌ കമ്യൂണിറ്റി പൊലീസിനെ ഉണ്ടാക്കാനാണല്ലോ ആഭ്യന്തരമന്ത്രിയുടെ പുറപ്പാട്‌.

ഇതിന്റെ പേരില്‍ പലതരം ആഘോഷങ്ങളും ഉണ്ടായെന്നു വരും. നല്ലൊരാഘോഷപ്രിയനാണല്ലോ കോടിയേരി. എന്തായാലും കമ്യൂണിറ്റി പൊലീസ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുടെ മനസ്സില്‍ 'കമ്മ്യൂണിസ്റ്റ്‌ പൊലീസ്‌' ആണ്‌.
കേരളാ പൊലീസിന്റെ കമ്യൂണിറ്റി പൊലീസിംഗ്‌ പദ്ധതി, ജനമൈത്രി സുരക്ഷ പദ്ധതിയെന്നൊക്കെയുള്ള സങ്കല്‍പങ്ങള്‍ കേരളാ പൊലീസും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ചേര്‍ന്നു നടത്തുന്ന ഒരു കലാപരിപാടി മാത്രമാണെന്ന്‌ ജനങ്ങള്‍ക്ക്‌ നന്നായറിയാം. കമ്യൂണിറ്റി പൊലീസിങ്ങിന്റെ സൂത്രധാരന്മാരിലൊരാളായ ഇന്റലിജന്‍സ്‌ തലവന്‍ ജേക്കബ്‌ പുന്നൂസിന്റെ ഒരു പൊലീസ്‌ വാചകത്തിലൂടെ നമുക്കൊന്നു കടന്നുപോകാം: "കമ്യൂണിറ്റി പൊലീസ്‌ എന്നത്‌ ഒരു പുതിയ പൊലീസ്‌ വിഭാഗമോ പൊലീസ്‌ ജോലി സ്വയം ചെയ്യുന്ന ഒരു പ്രാദേശിക കൂട്ടായ്മയോ അല്ല.

പരമ്പരാഗത പൊലീസ്‌ ശൈലിയില്‍നിന്നും വ്യത്യസ്തമായി 'കമ്യൂണിറ്റി'യുടെ സഹകരണം തേടി 'കമ്യൂണിറ്റി'യുടെ ആവശ്യങ്ങള്‍ അറിഞ്ഞ്‌, 'കമ്യൂണിറ്റി'യുടെ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി, 'കമ്യൂണിറ്റി'യുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത്‌, 'കമ്യൂണിറ്റി'യുടെ കാര്യശേഷിയും വിഭവശേഷിയും പ്രത്യേക പ്രശ്നങ്ങളും അധിഷ്ഠിതമാക്കി പൊലീസ്‌ സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്ന ഒരു രീതിയാണ്‌ കമ്യൂണിറ്റി പൊലീസ്‌ എന്നതുകൊണ്ട്‌ വിഭാവന ചെയ്യുന്നത്‌."വര്‍ഗലക്ഷണം തികഞ്ഞ ഒരു മലയാളി മാര്‍ക്സിസ്റ്റുകാരന്‍ ഈ വാചകത്തിലെ 'കമ്യൂണിറ്റി'യെല്ലാം 'കമ്യൂണിസ്റ്റ്‌' ആക്കി വായിച്ചാസ്വദിക്കാതിരിക്കില്ല. ഇങ്ങനെ മാറ്റി ആരെങ്കിലും വായിച്ചുകൊടുത്താല്‍ ആഭ്യന്തരമന്ത്രി കോടിയേരിയും ഒന്നു പുഞ്ചിരിക്കാതിരിക്കില്ല. കേരളാ പൊലീസിനെ നവീകരിച്ചെടുത്ത്‌ ബ്രിട്ടീഷ്‌ പൊലീസിനടുത്തെത്തിക്കാന്‍ കോടിയേരിക്ക്‌ ഒരുപാട്‌ പദ്ധതികളുണ്ട്‌.

കോടിയേരിയുടെ പൊലീസ്‌ സ്വപ്നങ്ങള്‍ ഈ പദ്ധതികളിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ കേരളാ പൊലീസ്‌ കോടിയേരി ബാലകൃഷ്ണന്റെ സ്മാരകമായിരിക്കും. വി.എസ്‌.അച്യുതാനന്ദന്റെ ചുമലില്‍ കൂടു കെട്ടാതെ തന്റെ ചുമലിലേക്കു പറന്നുവന്ന പൊലീസും ജെയിലും ആഭ്യന്തരവകുപ്പും കോടിയേരിയോട്‌ വലുതായെന്തൊക്കെയോ ആവശ്യപ്പെടുന്നുണ്ട്‌. അത്‌ കമ്യൂണിറ്റി പൊലീസിംഗ്‌ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന സര്‍വസുന്ദര കേരളമായിരിക്കും.ഇന്ന്‌ മാര്‍ക്സിസ്റ്റാശയങ്ങളുടെ തണലില്‍ സംഘടിത ശക്തിയായി മാറിയ കേരളാ പൊലീസ്‌ സേനയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു പോഷക സംഘടനയായി ആ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ മുതല്‍ ബ്രാഞ്ച്‌ കമ്മിറ്റി വരെ കണ്ട സ്വപ്നം ഇന്ന്‌ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ മന്ത്രിയാണ്‌ കോടിയേരി ബാലകൃഷ്ണന്‍.

അങ്ങനെ കേരളത്തില്‍ പൊലീസിന്റെ കമ്യൂണിസ്റ്റുവല്‍ക്കരണവും സാധിച്ചുകൊണ്ടിരിക്കുന്നു. കേരളാ പൊലീസിലെ ഏറ്റവും ശക്തമായ യൂണിയന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്‌. കേരളാ പൊലീസ്‌ ഐ.പി.എസ്കാരുടെ കൂടി സഹകരണത്തോടെ പാര്‍ട്ടി പൊലീസായി മാറിക്കഴിഞ്ഞു. നല്ലതിനോ ചീത്തയ്ക്കോ എന്നറിയാതെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തിലെ എന്തിനേയും പിടിച്ചുവിഴുങ്ങുന്നു. ഇങ്ങനെ എന്തിനെയും പിടിച്ചു വിഴുങ്ങാന്‍ പൊലീസിന്റെ സഹകരണമാവശ്യമുണ്ട്‌. ആ സഹകരണം കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി സമ്പാദിച്ചു കഴിഞ്ഞു. ഇനി അമ്പലങ്ങളെയും പള്ളികളെയും വിഴുങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും വിഴുങ്ങണം.

ശ്രീവാസ്തവമാരെ വിഴുങ്ങാന്‍ കഴിയുന്നതുപോലെ ജാന്‍സി ജെയിംസുമാരെ വിഴുങ്ങാന്‍ കഴിയുന്നില്ലെന്നതാണ്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഇപ്പോഴത്തെ കേരള ദുഃഖങ്ങളിലൊന്ന്‌. ഇങ്ങനെ നാടിന്റെ എല്ലാ സ്ഥാപനങ്ങളെയും മനുഷ്യവേദികളെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പിടിച്ചുവിഴുങ്ങാന്‍ സഹായിക്കുന്ന ഒരു ശക്തികേന്ദ്രമാണ്‌ ഇന്നത്തെ കേരളാ പൊലീസ്‌. കേരളാ പൊലീസ്‌ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അതിശക്തമായ ഒരു ട്രേഡ്‌ യൂണിയന്‍ കൂടിയാണ്‌. കേരളാ പൊലീസിനെ ട്രേഡ്‌ യൂണിയന്‍ ആക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഒത്താശ ചെയ്തുകൊടുക്കുന്നത്‌ ഐ.പി.എസുകാരായ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌.

കേരളത്തിലെ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്മാരില്‍ ഗണ്യമായൊരു വിഭാഗം അന്യ സംസ്ഥാനക്കാരാണ്‌. ഭാഷയും സംസ്ക്കാരവും പരിചയമില്ലാത്ത ഇവരെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റു കൂടി ഉപയോഗിച്ചുകൊണ്ട്‌ കമ്യൂണിസ്റ്റ്‌വല്‍ക്കരിക്കുകയാണ്‌ ഈ സര്‍ക്കാര്‍. കേരളത്തിലെ ഇന്നത്തെ ഗവണ്‍മെന്റ്‌ കേരളത്തിനെന്താണന്നാര്‍ക്കുമറിയില്ല. കോടതിയും ചോദിച്ചുകൊണ്ടിരിക്കുന്നു എന്താണ്‌ ഈ ഗവണ്‍മെന്റ്‌ കാണിക്കുന്നതെന്ന്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0