Home | ലേഖനങ്ങള്‍ | അധഃസ്ഥിതരുടെ പടനായകന്‍

അധഃസ്ഥിതരുടെ പടനായകന്‍

Font size: Decrease font Enlarge font
image

ബാബു ജഗ്ജീവന്‍ റാം 1908 എപ്രില്‍ അഞ്ചിന്‌ ബീഹാറിലെ ചന്ദ്‌വ ഗ്രാമത്തില്‍ ജനിച്ചു. പിതാവ്‌ ബ്രിട്ടീഷ്‌ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാഭിമാനവും രാജ്യസ്നേഹവും അനുവദിക്കാത്തതിനാല്‍ ബ്രിട്ടീഷ്‌ ഉദ്യോഗം വലിച്ചെറിഞ്ഞ്‌ ചന്ദ്‌വ ഗ്രാമത്തില്‍ കൃഷിയാരംഭിച്ചു. ബാബുജിക്ക്‌ ആറ്‌ വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചു. മരണ സമയത്ത്‌ ബാബുജിയുടെ അമ്മ ഭര്‍ത്താവിന്‌ നല്‍കിയ ഉറപ്പ്‌ മക്കളെ പഠിപ്പിക്കുന്നതിനു കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തില്ലെന്നായിരുന്നു. ബാബുജി തന്റെ മാതാവിനെ ദൈവത്തെപ്പോലെയായിരുന്നു കണ്ടിരുന്നത്‌.

1914 ല്‍ ബാബുജി വില്ലേജ്‌ സ്കൂളില്‍ ചേര്‍ന്നു. ബാബുജി സമര്‍ത്ഥനായ വിദ്യാര്‍ഥിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1920 ല്‍ ആരാഗിയില്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ചേര്‍ന്നു. കുടുംബത്തിന്റെ കഷ്ടപ്പാട്‌ മാറ്റുന്നതിനുവേണ്ടി അന്ന്‌ നിലനിന്നിരുന്ന അയിത്ത ജാതിക്കാര്‍ക്ക്‌ വേണ്ടിയുള്ള സ്കോളര്‍ഷിപ്പ്‌ സ്വീകരിക്കാന്‍ ഉപദേശിച്ചുവെങ്കിലും അദ്ദേഹം അത്‌ നിരസിച്ചു. പഠിക്കാന്‍ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സ്കോളര്‍ഷിപ്പ്‌ അദ്ദേഹം നേടി. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളറിയുന്നതിനു വേണ്ടി പത്രങ്ങള്‍ വായിക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു.

1922 ല്‍ ബാബുജി ആരാഗാ ടൗണ്‍ സ്കൂളില്‍ ചേര്‍ന്നു. അവിടെ വച്ചാണ്‌ ബാബുജിക്ക്‌ അയിത്തത്തിന്റെ കാഠിന്യം അനുഭവിക്കേണ്ടിവന്നത്‌. ബാബുജിക്ക്‌ മാത്രമായി വെള്ളംകുടിക്കുന്നതിന്‌ പ്രത്യേക കുടം സ്കൂളില്‍ വച്ചത്‌ ബാബുജിയുടെ ജീവിതത്തിലെ വഴിത്തിരിവിനുള്ള ആദ്യ സംഭവമായിരുന്നു. അദ്ദേഹം അതിനെതിരെ പ്രതികരിച്ചു. അതോടെ അയിത്തജാതിക്കാരായ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക കുടത്തില്‍ വെള്ളം വയ്ക്കുന്നത്‌ സ്കൂള്‍ അധികൃതര്‍ അവസാനിപ്പിച്ചു. പഠിത്തത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ മെട്രിക്കുലേഷനില്‍ ബാബുജി ഫസ്റ്റ്‌ ക്ലാസില്‍ പാസായി. കണക്കിനും സംസ്കൃതത്തിനും നൂറുശതമാനം മാര്‍ക്ക്‌ നേടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

അമേരിക്കന്‍ മിഷണറിമാര്‍ ബാബുജിക്ക്‌ നല്ലരീതിയിലുള്ള ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന്‌ ലക്നൗവിലും അതിനുശേഷം അമേരിക്കയിലും അയച്ച്പഠിപ്പിക്കാന്‍ ഉറപ്പ്‌ കൊടുത്തിരുന്നെങ്കിലും ആ കാലത്ത്‌ നിലവിലിരുന്ന മതപരിവര്‍ത്തനം ബാബുജിയുടെ കുടുംബത്തിന്‌ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട്‌ മിഷണറിമാരുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചു. അക്കാലത്താണ്‌ പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവിക ആരാഗാ ഗ്രാമം 1925 ല്‍ സന്ദര്‍ശിക്കുന്നത്‌. ബാബുജിയിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയും ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റിയിലേക്ക്‌ ഉപരി പഠനത്തിന്‌ ക്ഷണിക്കുകയും ചെയ്തു.
ബനാറസ്‌ യൂണിവേഴ്സിറ്റിയില്‍ ഉന്നതപഠനത്തിനായി ചേര്‍ന്ന ബാബുജിക്ക്‌ അവിടെയും അയിത്തത്തിന്റെ ഭീകരത നേരിടേണ്ടിവന്നു.

അധ്യാപകര്‍ ബാബുജിയോട്‌ അയിത്തം കാട്ടിയില്ലെങ്കിലും മറ്റുള്ളവരുടെ പെരുമാറ്റം ബാബുജിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച്‌ പുറത്തുപോയി താമസിക്കേണ്ടിവന്നു. ബാബുജി അയിത്തത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച്‌ പൊരുതാന്‍ തീരുമാനിച്ചു. ഈ കാലഘട്ടത്തില്‍ പ്രമുഖരായ സാഹിത്യകാരന്‍മാരെയും സാംസ്ക്കാരിക പ്രമുഖരേയും ഉള്‍പ്പെടുത്തുന്നതിന്‌ ബാബുജി പ്രത്യേകം ശ്രദ്ധിച്ചു. അതില്‍ പ്രമുഖരായിരുന്നു പ്രേംചന്ദ്‌, രാമചന്ദ്ര ശുക്ല തുടങ്ങിയവര്‍. 1928 ല്‍ ബാബുജി കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ വിദ്യാസാഗര്‍ കോളെജില്‍ ബി.എസ്‌.സിക്കു ചേര്‍ന്നു.

20 വയസ്സുണ്ടായ ബാബുജി അയിത്ത ജാതിക്കാരെ അണിനിരത്തി റാലിയും സംഘടിപ്പിച്ചു. ഈ സമയത്ത്‌ പ്രമുഖ വ്യക്തികളായിരുന്ന മന്‍മദ്നാഥ്‌ ഗുപ്ത, എം.എന്‍.റോയി, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, ഡോ.വികാസ്‌ ചന്ദ്രറോയ്‌ എന്നിവരുമായി ബന്ധപ്പെടാനും ബാബുജിക്ക്‌ കഴിഞ്ഞു.ബാബുജി ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നുവെങ്കിലും സാഹിത്യത്തിലും രാഷ്ട്രതന്ത്രവിഷയങ്ങളിലും മതപരമായ വിഷയങ്ങളിലും വളരെ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹത്തിനു വിവിധ ഭാഷകളില്‍ മതിയായ പ്രാവീണ്യമുണ്ടായിരുന്നു. ശാസ്ത്രജ്ഞനാകാനായിരുന്നു അദ്ദേഹത്തിന്‌ വ്യക്തിപരമായ താല്‍പ്പര്യം. എന്നാല്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ വ്യക്തിതാല്‍പര്യത്തിന്‌ സ്ഥാനമുണ്ടായിരുന്നില്ല. അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ എടുത്തുചാടി.
ബാബുജിയാണ്‌ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ദേശീയതലത്തില്‍ അറിയപ്പെടുന്ന ദളിത്‌ നേതാവ്‌. ആ കാലഘട്ടത്തില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നും വിദ്യാഭ്യാസം നേടിയവര്‍ വളരെ കുറവായിരുന്നു. അദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ വൈസ്രോയി കൗണ്‍സില്‍ മെമ്പര്‍ പദവി വരെ വാഗ്ദാനം ചെയ്തു. ബാബുജി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോകാനാണ്‌ തീരുമാനിച്ചത്‌. വളരെക്കാലം ജയിലില്‍ കഴിയേണ്ടിവന്നിട്ടുള്ള ബാബുജി ദളിത്‌ വിഭാഗങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുപ്പിക്കുന്നതിന്‌ നേതൃത്വപരമായ പങ്കുവഹിച്ചു.പ്രഗത്ഭനായ വാഗ്മി കൂടിയായിരുന്ന ബാബുജിക്ക്‌ വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതിന്‌ പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന വിപ്ലവകരമായ ആശയങ്ങളും വാക്ചാതുര്യവും പ്രത്യേകതയുള്ളതായിരുന്നു.

ബാബുജി ഏത്‌ വിഭാഗത്തെയാണോ അഭിസംബോധന ചെയ്തത്‌, അവരെ ഗൗരവമായി ചിന്തിപ്പിക്കുന്ന പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്‌. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെല്ലാംതന്നെ ഒരു കലാകാരന്റെ സൗന്ദര്യബോധവും ഒരു ശാസ്ത്രജ്ഞന്റെ കൃത്യതയുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ ബാബു ജഗ്ജീവന്‍ റാം അധഃസ്ഥിതവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ പ്രത്യേക കഴിവ്‌ തെളിയിച്ചിരുന്നു. ബനാറസ്‌ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജാതീയതയ്ക്കും അയിത്തത്തതിനും അടിമത്തത്തിനുമെതിരെ വമ്പിച്ച റാലികള്‍ സംഘടിപ്പിച്ച്‌ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പ്രിയങ്കരനായി മാറി. കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ ബാബുജിയുടെ നേതൃത്വപാടവത്തെക്കുറിച്ച്‌ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ മുക്തകണ്ഠം പ്രസംശിച്ചു.

ബാബുജിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 28-ാ‍മത്തെ വയസില്‍ ബീഹാറില്‍ ലജിസ്ലേറ്റീവ്‌ കൗണ്‍സില്‍ അംഗമായതുമുതലാണ്‌. 1936 ഡിസംബറില്‍ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ അധഃകൃതലീഗിന്റെ സ്ഥാനാര്‍ത്ഥിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതുമുതലാണ്‌ ശ്രദ്ധേയനാകുന്നത്‌.അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ 14 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. അതിനുശേഷം കോണ്‍ഗ്രസിന്റെ ക്ഷണപ്രകാരം 14 പേരോടൊപ്പം ബാബുജി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1946ല്‍ ഇടക്കാല സര്‍ക്കാരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി ബാബുജി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബാബുജി.

സ്വതന്ത്ര ഇന്ത്യയില്‍ ബാബുജി മത്സരിച്ച എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1957ലെ തെരഞ്ഞെടുപ്പില്‍ ബാബുജി ലോക്സഭയിലേക്ക്‌ എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 1962 മുതല്‍ ബീഹാറിലെ സസ്‌റാം ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ്‌ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്നത്‌. ബാബുജി മരിക്കുന്നതുവരെ ആ നിയോജകമണ്ഡലത്തില്‍നിന്നുള്ള പ്രതിനിധിയായിരുന്നു.
കേന്ദ്രമന്ത്രിയെന്ന നിലയിലും ഡെപ്യൂട്ടി പ്രധാനമന്ത്രിയെന്ന നിലയിലും തന്റെ ഭരണപാടവം തെളിയിച്ചു. ഭരണരംഗത്തെ വ്യത്യസ്തനായ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. നെഹ്‌റു മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായാണ്‌ ബാബുജി ഭരണരംഗത്ത്‌ തുടക്കം കുറിക്കുന്നത്‌. തൊഴില്‍രംഗത്ത്‌ ഇന്ന്‌ നിലനില്‍ക്കുന്ന നിരവധി നിയമങ്ങള്‍ തൊഴിലാളികള്‍ക്കുവേണ്ടി അദ്ദേഹം അവതരിപ്പിച്ചു.

1947ലെ വ്യവസായ തര്‍ക്കനിയമം, മിനിമം കൂലി ആക്ട്‌, എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ആക്ട്‌, 1948ലെ ലേബര്‍ നിയമം, 52ലെ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ നിയമം, തൊഴിലാളികള്‍ക്ക്‌ പി.എഫ്‌, ബോണസ്‌, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുതലായവ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുത്തിയതും ബാബുജിയായിരുന്നു. കമ്യൂണിക്കേഷന്‍ വകുപ്പ്‌ മന്ത്രിയായി ചുമതലയേറ്റപ്പോഴാണ്‌ തപാല്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌, എയര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ വ്യോമയാനരംഗത്ത്‌ പിറവിയെടുത്തത്‌ ജഗജീവന്‍ റാമിന്റെ പ്രയത്നഫലമായിട്ടായിരുന്നു. അദ്ദേഹം റെയില്‍വേ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ്‌ റെയില്‍വേ യാത്രാരംഗത്ത്‌ വന്‍കുതിപ്പുണ്ടായത്‌.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം കര്‍ശനമായി നടപ്പാക്കാന്‍ ജാഗ്രതയോടെ പ്രയത്നിച്ച ഭരണാധികാരിയായിരുന്നു ബാബുജി. ഈ വിഭാഗങ്ങളുടെ സംവരണകാര്യത്തില്‍ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരെ കത്തുകളിലൂടെ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഭരണഘടനയില്‍ പത്തുവര്‍ഷത്തേക്ക്‌ നല്‍കിയിരുന്ന സംവരണത്തെ വീണ്ടും കാലാവധി നീട്ടുവാന്‍ ശക്തമായി ഇടപെട്ടതും ബാബുജിയായിരുന്നു. പട്ടികജാതി-വര്‍ഗ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തിയത്‌ ബാബുജിയുടെ ശ്രമഫലമായിട്ടാണ്‌. പ്രമോഷനിലെ സംവരണത്തിനെതിരായി ആ കാലഘട്ടത്തില്‍ പലരംഗത്തും പ്രക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹമതിനെ സമര്‍ത്ഥമായി നേരിട്ട്‌ പരാജയപ്പെടുത്തി.

ബാബുജി ഒരു ഇതിഹാസ പുരുഷനായിരുന്നു. ഇന്ത്യയിലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ കോണ്‍ഗ്രസിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ജീവിതാവസാനംവരെയും അധഃസ്ഥിത വര്‍ഗക്കാര്‍ക്കായി അദ്ദേഹം ജീവിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജ്ജിച്ചത്‌ ബാബുജിയുടെ നേതൃത്വത്തിലൂടെയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃരംഗത്ത്‌ ബാബുജി അജയ്യനായി മാറി. ബാബുജിയുടെ നൂറാം ജന്മദിന വാര്‍ഷികമാണ്‌ 2008. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജന്മശതാബ്ദി ആഘോഷിക്കപ്പെടുന്നു. കേരളജനതയ്ക്ക്‌ അദ്ദേഹം ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ കേരളം സന്ദര്‍ശിക്കാനും ഇവിടുത്തെ ജനങ്ങളുമായി ഇടപഴകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

കെ. കരുണാകരന്‍, എ.കെ ആന്റണി തുടങ്ങിയവരുമായി അദ്ദേഹത്തിന്‌ ആത്മബന്ധമുണ്ടായിരുന്നു. കേരളത്തിലെ പട്ടികജാതിക്കാര്‍ തങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്ന നേതാവാണ്‌ ബാബുജി. ഇവിടുത്തെ ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും എന്നും അദ്ദേഹമൊരു വികാരമാണ്‌, ആവേശമാണ്‌.ശതാബ്ദി ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി തിരുവനന്തപുരത്ത്‌ നിര്‍വഹിക്കും. തുടര്‍ന്ന്‌ എറണാകുളത്തും കോഴിക്കോട്ടും അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും. ആഘോഷപരിപാടികള്‍ക്ക്‌ സമാപനം കുറിച്ച്‌ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പട്ടികജാതി-ആദിവാസി സംഗമവും സംഘടിപ്പിക്കും.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0