Home | ലേഖനങ്ങള്‍ | അമിത ഔഷധപ്രയോഗത്തിനെതിരെ ഡോക്ടര്‍മാര്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം വരുന്നു

അമിത ഔഷധപ്രയോഗത്തിനെതിരെ ഡോക്ടര്‍മാര്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം വരുന്നു

Font size: Decrease font Enlarge font
image

ഔഷധബാഹുല്യത്തിന്റെ പ്രഹരത്തില്‍നിന്ന്‌ രാജ്യത്തെങ്ങുമുള്ള രോഗികള്‍ രക്ഷപെടാന്‍ പോകുന്നു. അധികമരുന്നും അനാവശ്യമരുന്നും നല്‍കി ഡോക്ടര്‍മാര്‍ക്ക്‌ ഇനി രോഗികളെ വലയ്ക്കാനാവില്ല. 'രോഗത്തിന്‌ പറ്റിയ മരുന്ന്‌, ആവശ്യത്തിന്‌ മാത്രം' വ്യവസ്ഥചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും ബാധകമാകത്തക്കവിധം ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ നിലവില്‍ വരുന്നതാണ്‌.

ഔഷധനിര്‍മ്മാണ കമ്പനികളും ചികിത്സകരും ചേര്‍ന്ന്‌ അനാവശ്യമരുന്നുകള്‍ രോഗിയില്‍ അടിച്ചേല്‍പ്പിച്ച്‌ ധനനഷ്ടവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇതിന്‌ തടയിടാന്‍ ഓരോ രോഗത്തിനും പരമാവധി നല്‍കാവുന്ന മരുന്നിന്റെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും അതില്‍ ഒതുങ്ങിനിന്ന്‌ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.ഡോക്ടര്‍മാര്‍ക്കായി ദേശീയതലത്തില്‍ ചികിത്സാ മാനദണ്ഡമാര്‍ഗ്ഗനിര്‍ദ്ദേശം (സ്റ്റാന്‍ഡേര്‍ഡ്‌ ട്രീറ്റ്മെന്റ്‌ ഗൈഡ്ലൈന്‍സ്‌) നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്‌ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പൂനയിലെ കരസേനാ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നവംബറില്‍ ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ ഈ പദ്ധതിയുടെ ആദ്യഘട്ടം ആവിഷ്കരിച്ചു.

ആരോഗ്യ പരിരക്ഷയും സാമ്പത്തിക ഭദ്രതയുമാണ്‌ ഈ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌. ഡോക്ടര്‍മാര്‍ക്ക്‌ ചികിത്സാരീതിയിലും മരുന്നുനിര്‍ദ്ദേശത്തിലും പ്രത്യേക നിബന്ധനയാണ്‌ സര്‍ക്കാര്‍ പദ്ധതിയിലുള്ളത്‌. വിവിധ രോഗങ്ങള്‍ക്ക്‌ ഒരു മരുന്നും ഒരു രോഗത്തിന്‌ പലമരുന്നും ഡോസ്കൂടിയ ഔഷധവും നല്‍കുന്നത്‌ ഇതിലൂടെ തടയാനാവും. മെഡിക്കല്‍ ഷോപ്പുകളും ഡോക്ടര്‍മാരും തമ്മില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതിനെ ഒഴിവാക്കാനും ചികിത്സാ മാനദണ്ഡമാര്‍ഗ്ഗനിര്‍ദ്ദേശം ഫലപ്രദമായി ഉപയോഗിക്കാനുമാവും. ഇരുപത്തിയഞ്ച്‌ ശതമാനം മരുന്നുകളും ഡോക്ടര്‍മാര്‍ യുക്തിഹീനമായി രോഗികള്‍ക്ക്‌ നല്‍കുന്നുണ്ടെന്നും ഇതിലൂടെ വര്‍ഷം എണ്ണായിരം കോടി രൂപയുടെ നഷ്ടം ജനങ്ങള്‍ക്കുണ്ടാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. മരുന്നു നിര്‍മ്മാണ കുത്തകകളെ സംരക്ഷിക്കുവാനും കമ്മീഷന്‍ നേടുവാനും വേണ്ടി ഡോക്ടര്‍മാര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗത്തിന്റെ അനന്തരഫലമാണിത്‌.

അനാവശ്യമരുന്ന്‌ ഉപയോഗത്തിലൂടെ രോഗികള്‍ക്ക്‌ ജീവഹാനിപോലും സംഭവിക്കാറുണ്ട്‌.
ആരോഗ്യവകുപ്പിന്റെ പുതിയ സംരംഭത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സ്വാഗതം ചെയ്തിട്ടുണ്ട്‌. ഈ നിര്‍ദ്ദേശം ശാസ്ത്രീയമാണ്‌. അത്‌ പ്രയോഗത്തില്‍ വരുത്തുകയാണ്‌ പ്രധാനമെന്ന്‌ ഐ.എം.എയുടെ സെക്രട്ടറി ജനറല്‍ എസ്‌.എന്‍.മിശ്ര പറഞ്ഞു. ചെലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സ രോഗികള്‍ക്ക്‌ ലഭ്യമാക്കുകയാണ്‌ ദേശീയതലത്തില്‍ പ്രാബല്യത്തിലാകുവാന്‍ പോകുന്ന ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. ബഹുചികിത്സാ രീതി എന്ന പരീക്ഷണസമ്പ്രദായം ഇതോടെ ഡോക്ടര്‍മാര്‍ക്ക്‌ ഉപേക്ഷിക്കേണ്ടിവരും. 'ടെസ്റ്റ്‌ ഡോസ്‌' എന്ന പേരില്‍ രോഗികളില്‍ ആവശ്യമില്ലാതെ മരുന്ന്‌ പരീക്ഷിക്കുന്ന പ്രവണതയും അവസാനിക്കും.

വിലകുറഞ്ഞ ഔഷധം കമ്പോളത്തില്‍ ലഭ്യമാണെന്നിരിക്കെ രോഗികളെക്കൊണ്ടു വിലകൂടിയ മരുന്നു കഴിപ്പിക്കുന്ന പ്രവണതയും ഇല്ലാതാകും. ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ ചികിത്സകര്‍ക്ക്‌ ഇപ്പോള്‍ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ദേശീയതലത്തില്‍ ഒരു ഐക്യരൂപമുണ്ടാക്കുകയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ലോകാരോഗ്യസംഘടന അനാവശ്യ ഔഷധ ഉപയോഗത്തിനെതിരെ അനേകം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്‌. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ചികിത്സാ അനുഭവങ്ങള്‍ ക്രോഡീകരിച്ചാണ്‌ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കിയത്‌. ചികിത്സാ പിഴവും ഇന്‍ഷൂറന്‍സ്‌ തട്ടിപ്പുകളും പരമാവധി കുറയ്ക്കാനും ചികിത്സാ മാനദണ്ഡ മാര്‍ഗ്ഗനിര്‍ദ്ദേശം സഹായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0