Home | ലേഖനങ്ങള്‍ | ബുദ്ധന്‌ ബുദ്ധി വന്ന കാലം

ബുദ്ധന്‌ ബുദ്ധി വന്ന കാലം

Font size: Decrease font Enlarge font

ബുദ്ധദേവിന്‌ ബന്ദ്‌ വേണ്ടത്രെ! സ്വന്തം പാര്‍ട്ടി ബന്ദ്‌ ആഹ്വാനം ചെയ്താലും അതിനെതിരേ വായ്‌ തുറക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ ഭീഷണി.ബംഗാളിനോട്‌ ടാറ്റ പറയാന്‍ ടാറ്റ ഒരുങ്ങുന്ന വേളയില്‍ ബൂര്‍ഷ്വാ വ്യവസായികളുടെ മുമ്പില്‍ നല്ല കുട്ടിയാകാന്‍ അദ്ദേഹം കളിച്ച കളിയാകാം. എന്തായാലും നല്ലത്‌ ആരു പറഞ്ഞാലും നല്ലതെന്ന്‌ തന്നെ പറയണം.
പക്ഷേ ബുദ്ധന്‌ മാത്രം ജ്ഞാനോദയം ഉണ്ടായിട്ട്‌ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. അദ്ദേഹത്തെ പോലെ തന്നെ സി.എമ്മും പി.ബി.എമ്മുമായ മറ്റൊരാള്‍ അതിനോട്‌ പ്രതികരിച്ച രീതി തന്നെ അതിന്‌ തെളിവ്‌. ബുദ്ധന്‍ അങ്ങിനെ പറഞ്ഞെന്നു തോന്നുന്നില്ലെന്നും പറഞ്ഞെങ്കില്‍ അതു തെറ്റാണെന്നുമാണ്‌ അച്യുതാനന്ദന്റെ പ്രതികരണം.

പിണറായി ഇതു വരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, സി.പി.എമ്മില്‍ നിന്നും മറ്റ്‌ ഇടതുകക്ഷികളില്‍ നിന്നും ഉയരുന്ന പ്രതികരണങ്ങള്‍ ആശങ്കയുണര്‍ത്തുന്നത്‌ തന്നെയാണ്‌. നശീകരണ സ്വഭാവമുള്ള ബന്ദെന്ന സമരമാര്‍ഗം നിരന്തരം ഉപയോഗിക്കുന്നതില്‍ നിന്ന്‌ പിന്മാറുന്ന പ്രശ്നമേയില്ലെന്നാണ്‌ അച്യുതാനന്ദാദികളുടെ പ്രഖ്യാപനം.
ഇക്കാര്യത്തില്‍ സി.പി.എമ്മിലുള്ള അഭിപ്രായ വ്യത്യാസമല്ല ജനങ്ങള്‍ക്ക്‌ വിഷയം. ബന്ദാണ്‌ പ്രശ്നം. കടുത്ത ദുരിതം വിതച്ച്‌ ബന്ദായി മാറിയ ഒരു ദേശീയ പണിമുടക്കിന്റെ അനുഭവച്ചൂടുമായാണ്‌ കേരളീയര്‍ ബുദ്ധന്റെ വാക്കുകളെ പറ്റി അറിഞ്ഞത്‌. കേരളീയര്‍ കടുത്ത പ്രതിഷേധത്തിലാണ്‌. കേരളീയര്‍ക്ക്‌ മാത്രമേ പ്രതിഷേധിക്കേണ്ട ആവശ്യവുമുള്ളു. പണിമുടക്ക്‌ ദേശീയമായിരുന്നെങ്കിലും നടന്നത്‌ കേരളീയമായാണ്‌. കേരളത്തിലൊഴികെ ഇന്ത്യയില്‍ ബാക്കിയെല്ലായിടത്തും ബന്ദിനായിരുന്നു ബന്ദ്‌.

നല്ലൊരു ചര്‍ച്ചയ്ക്കാണ്‌ ബുദ്ധദേവ്‌ എന്തായാലും തുടക്കമിട്ടിരിക്കുന്നത്‌. സംഗതി ബന്ദായതിനാല്‍ എനിക്കും അല്‍പം കൂടിയ താല്‍പര്യമുണ്ട്‌. ബന്ദിനെതിരേ സമരം നടത്തിയ എളിയ പാരമ്പര്യത്തിന്റെ ഉടമയാണ്‌ ഞാന്‍. ബന്ദും ഹര്‍ത്താലും നിയന്ത്രിക്കാന്‍ ഞാനൊരു സ്വകാര്യ ബില്‍ നിയമസഭയില്‍ കൊണ്ടു വരികയും ചെയ്തിരുന്നു. ഹസനെന്നൊരു വ്യക്തിക്ക്‌ ഒറ്റയ്ക്ക്‌ ചെറുക്കാവുന്നതല്ല ബന്ദും ഹര്‍ത്താലും. ആരോഗ്യകരമായൊരു ചര്‍ച്ചയും സമവായവുമാണ്‌ ഞാനും ആഗ്രഹിച്ചത്‌. ബന്ദും ഹര്‍ത്താലും നിരോധിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ എടുത്ത്‌ പറയട്ടെ. അവസാന സമരമായുധമായി അത്‌ സൂക്ഷിക്കുകയും അപൂര്‍വത്തില്‍ അപൂര്‍വമായ അവസരത്തില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്‌ എന്റെ നിര്‍ദേശം.

ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തുമ്പോള്‍ മാത്രം എതിര്‍ക്കുകയും യു.ഡി.എഫോ കോണ്‍ഗ്രസോ ഹര്‍ത്താല്‍ നടത്തുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ആളുമല്ല ഞാന്‍. എന്റെ വ്യക്തമായ അഭിപ്രായം എന്റെ പാര്‍ട്ടിക്കും മുന്നണിക്കും അറിയാം. അത്തരം ക്രിയാത്മക ചര്‍ച്ചകള്‍ക്ക്‌ ഒരുപാട്‌ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയുമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഗാന്ധിയന്‍ പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയിലെ അംഗം ഗാന്ധിയന്‍ സമര മാര്‍ഗത്തെ എതിര്‍ക്കുകയോ എന്ന്‌ ചോദിക്കുന്നവര്‍ ഉണ്ടാകാം. ഇക്കാലത്തെ ഹര്‍ത്താലും ബന്ദും ഗാന്ധിയന്‍ രീതിയിലല്ല നടക്കുന്നത്‌ എന്നത്‌ തന്നെയാണ്‌ എന്റെ എതിര്‍പ്പിന്റെ മുഖ്യ കാരണം. ജനങ്ങളെ പ്രേരിപ്പിച്ച്‌ വിജയിപ്പിക്കേണ്ട സമരമാര്‍ഗങ്ങളായല്ല ഗാന്ധിജി ബന്ദും ഹര്‍ത്താലും ഉപയോഗിച്ചത്‌. മനസില്‍ വിങ്ങുന്ന പ്രതിഷേധം സ്വയം നിശ്ചയിക്കുന്ന നിസഹകരണത്തിലൂടെ പ്രകടിപ്പിക്കുകയാണ്‌ ഗാന്ധിയന്‍ രീതി.

റൗളറ്റ്‌ ആക്ടിനെതിരായി രാജ്യമെങ്ങും ഉയര്‍ന്ന പ്രതിഷേധ വേളയിലാണ്‌ മഹാത്മാവ്‌ ആദ്യമായി ഈ വജ്രായുധം പുറത്തെടുത്തത്‌. സമസ്ത മേഖലയിലെയും ജനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരുമായി പരിപൂര്‍ണമായി നിസഹകരിക്കുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം വൈദ്യുതി പടരുന്നത്‌ പോലെയാണ്‌ ജനതയിലാകെ പടര്‍ന്നത്‌. ജനം ഒന്നാകെ സ്വയം അതനുസരിച്ചു. കോണ്‍ഗ്രസിലെയും ദേശീയ പ്രസ്ഥാനത്തിലെയും പല തലമുതിര്‍ന്ന നേതാക്കള്‍ക്കും ഈ സമരമാര്‍ഗത്തോട്‌ എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അതിശക്തമായ സംവാദം ഇതു സംബന്ധിച്ച്‌ നടക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ടാണ്‌ ഈ സമര മാര്‍ഗം വിജയിച്ചത്‌. റൗളറ്റ്‌ ആക്ടിന്റെ ഭാഗമായ കിരാത നടപടികള്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ പിന്‍വലിക്കേണ്ടി വന്നു. അമേരിക്കന്‍ വിപ്ലവത്തിന്‌ ശേഷം ബ്രിട്ടീസ്‌ സാമ്രാജ്യത്വത്തിന്‌ ഏറ്റ ആദ്യ തിരിച്ചടിയുമായിരുന്നു അത്‌.

പിന്നീടും പ്രാദേശികമായും ദേശീയമായും ഗാന്ധിജി ഈ സമര മാര്‍ഗം പ്രയോഗിച്ചിട്ടുണ്ട്‌. ത്രിവര്‍ണ പതാക ചുവപ്പ്‌ കോട്ടയില്‍ ഉയരുന്നത്‌ വരെ വിജയത്തിന്റെ കഥകളാണ്‌ ഈ സമരമാര്‍ഗം സമ്മാനിച്ചതും. ജനങ്ങളെ പ്രേരിപ്പിച്ച്‌ പങ്കാളികളാക്കുന്നില്ലെന്നതിന്‌ പുറമെ സമരത്തിന്‌ മേല്‍ അസാധ്യമായ നിയന്ത്രണവും ഗാന്ധിജിക്ക്‌ ഉണ്ടായിരുന്നു. ചൗരി ചൗരയില്‍ ഏതാനും പേര്‍ക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരു രാജ്യത്തിന്റെയാകെ സ്വാതന്ത്ര്യ സമരമാണ്‌ ഗാന്ധിജി നിര്‍ത്തിവച്ചത്‌. ഇന്നാകട്ടെ ആഹ്വാനത്തിന്‌ ശേഷം സമരം കൈവിട്ട്‌ പോവുകയാണ്‌. സമരം നടപ്പാക്കാന്‍ ഇറങ്ങുന്ന ഓരോരുത്തരുടെയും വഴിക്കാണ്‌ പിന്നെ അതിന്റെ പോക്ക്‌. ഈ മാസം ഇരുപതിനും നാം അതാണ്‌ കണ്ടത്‌.

അവസാനത്തെ സമരായുധം പുറത്തെടുക്കേണ്ട സാഹചര്യവും ലക്ഷ്യവും വളരെ പ്രധാനമാണ്‌. നിസഹകരണവും നിയമനിഷേധവും സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുള്ളിലെ ഏറ്റവും കടുത്ത സമരമാര്‍ഗമാണ്‌. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ജനത്തിനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ സ്വയം തോന്നുന്ന ഒരു കാരണത്തിന്റെ പേരിലാകണം ഇത്തരം സമരം. ഇന്ന്‌ ഒരു രാജ്യത്താകെ ബന്ദിന്‌ കാരണമായി ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ നിസാരത കടുത്ത വ്യസനമാണ്‌ ഉയര്‍ത്തുന്നത്‌. കോണ്‍ഗ്രസ്‌ ഇനി പിരിച്ചുവിടണമെന്ന്‌ ഇന്ത്യ സ്വതന്ത്രമായ വേളയില്‍ ഗാന്ധിജി പറഞ്ഞതായൊരു കള്ളപ്രചാരണം ഇന്നുമുണ്ട്‌. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയില്‍ കോണ്‍ഗ്രസ്‌ ഉപയോഗിച്ചിരുന്ന പല സമരമാര്‍ഗങ്ങളും ഇനി മുന്നോട്ട്‌ കൊണ്ടു പോകരുതെന്ന്‌ തന്നെയാണ്‌ ഗാന്ധിജി ഉദ്ദേശിച്ചതെന്ന്‌ ഉറപ്പാണ്‌.

വിദേശ ശക്തിക്കെതിരേ പ്രയോഗിച്ച ആയുധങ്ങളല്ല, സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ രംഗത്ത്‌ ഉപയോഗിക്കപ്പെടേണ്ടത്‌. ഉപയോഗിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ തന്നെ അങ്ങേയറ്റം നിയന്ത്രണത്തോടെ മാത്രമേ അതു ചെയ്യാന്‍ പാടുള്ളു. ബന്ദുണ്ടായാല്‍ നാടിനുണ്ടാകുന്ന നഷ്ടത്തിന്റെ വലിയ കണക്കുകള്‍ ഇപ്പോള്‍ പുറത്ത്‌ വരാറുണ്ട്‌. വന്‍കിട വ്യാപാരികളുടെയും ബിസിനസുകളുടെയും നഷ്ടം ചേര്‍ത്താണ്‌ ഈ കണക്കുണ്ടാക്കുന്നത്‌. അതൊഴിവാക്കേണ്ടത്‌ തന്നെ. എന്നാല്‍ ശബ്ദമില്ലാത്തവന്റെ നഷ്ടങ്ങളുടെ കണക്ക്‌ ആരുടെ പക്കലും ഇല്ല. പത്ത്‌ ചെരുപ്പ്‌ തുന്നിയാല്‍ കിട്ടുന്ന ചില്ലറ കൊണ്ടു മാത്രം ഒരു കുടുംബം പുലര്‍ത്തുന്ന ചെരുപ്പുകുത്തിയുടെ വേദന ആരറിയാന്‍.

ജീവതദുരിതം കൊട്ടിയറിയിച്ച്‌ കപ്പലണ്ടി വിറ്റ്‌ ജീവിക്കുന്നവനെ ബന്ദ്‌ വിഴുങ്ങുന്നത്‌ ആരുടെയും ശ്രദ്ധയില്‍ പെടാറില്ല. അന്നന്നത്തെ അന്നം അന്നന്ന്‌ കണ്ടെത്തുന്ന കോടിക്കണക്കിന്‌ പേരുടെ വയറ്റിലാണ്‌ ബന്ദ്‌ വിജയിക്കുന്നതെന്ന്‌ ഒരു നിമിഷം നാമെല്ലാവരും ഓര്‍ക്കണം. സമരക്കാരന്‌ എറിഞ്ഞുടയ്ക്കാന്‍ സ്വന്തം ശരീരം വിട്ടുകൊടുക്കാതെ കുഞ്ഞുങ്ങളെയും ചേര്‍ത്ത്‌ പിടിച്ച്‌ അവര്‍ തങ്ങളുടെ മാളങ്ങളില്‍ ഒതുങ്ങുകയാകും ചെയ്യുക. തലേന്ന്‌ ക്യൂ നിന്ന്‌ വാങ്ങിയ മദ്യവും കോഴിയുമായി ശരാശരി മലയാളിയുടെ ഹര്‍ത്താലാഘോഷം അപ്പോള്‍ പൊടിപൊടിക്കുകയാകും. ഹര്‍ത്താലിന്‌ കൊഴുപ്പേകാന്‍ ചാനലുകളുടെ ഹര്‍ത്താല്‍ സ്പെഷല്‍ പരിപാടികള്‍ വരുന്ന കാലവും വിദൂരമാകില്ല. ഇത്തരം ഒരുപാട്‌ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും യുക്തമായ മറുപടി കണ്ടെത്തിയ ശേഷം മാത്രമേ ബന്ദ്‌ പോലുള്ള സമരപരിപാടികളുമായി മുന്നോട്‌ പോകുന്നതില്‍ അര്‍ഥമുള്ളു. ബുദ്ധദേവ്‌ പറഞ്ഞതിന്റെ പേരിലായാലും അത്തരമൊരു സംവാദം കാലത്തിന്റെ ആവശ്യമാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0