Home | ലേഖനങ്ങള്‍ | ആശങ്ക ഉണര്‍ത്തി ബിരുദതല ഗ്രേഡിംഗ്‌

ആശങ്ക ഉണര്‍ത്തി ബിരുദതല ഗ്രേഡിംഗ്‌

Font size: Decrease font Enlarge font

കേരളത്തിലെ എല്ലാ കോളേജുകളിലും അടുത്ത വര്‍ഷം ഡിഗ്രി തലത്തില്‍ നടപ്പാക്കാന്‍ പോകുന്ന ഗ്രേഡിംഗ്‌ സമ്പ്രദായത്തിന്റെ പരീക്ഷണത്തിന്‌ കണ്ണൂര്‍ സര്‍വ്വകലാശാല ഈ വര്‍ഷം വേദിയാവുകയാണ്‌. 2008-ല്‍ ആരംഭിക്കുന്ന ഡിഗ്രി ക്ലാസുകളില്‍ ഗ്രേഡിംഗ്‌ നടപ്പാക്കാന്‍ തീരുമാനിച്ചതായുള്ള അറിയിപ്പ്‌ സര്‍വ്വകലാശാലാ പരിധിയില്‍ വരുന്ന കോളേജ്‌ പ്രിന്‍സിപ്പല്‍ മാര്‍ക്ക്‌ ലഭിച്ചുകഴിഞ്ഞു. ഡിഗ്രി തലത്തില്‍ ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിന്‌ മുന്നോടിയായി സര്‍ക്കാര്‍ നടപ്പാക്കേണ്ടതായ ഒരുക്കങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

കരിക്കുലം, അധ്യയനരീതി, ഗവേഷണം, സാമൂഹിക സേവനം എന്നീ മാനകങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ ഗ്രേഡിംഗ്‌ നടപ്പാക്കേണ്ടത്‌. നിരന്തരമൂല്യനിര്‍ണ്ണയം വിഭാവനം ചെയ്യുന്ന ക്ലാസ്‌ മുറിയില്‍ വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ്ണ സാന്നിദ്ധ്യം അത്യാവശ്യമാണെന്നും യു.ജി.സി. നിഷ്കര്‍ഷിക്കുന്നു. നീണ്ടുനില്‍ക്കുന്ന മൂല്യനിര്‍ണ്ണയ രീതിയായതിനാല്‍ കോളേജുകളില്‍ സ്ഥിരാധ്യാപകര്‍ അനിവാര്യമാണ്‌. മാര്‍ക്ക്‌ ലിസ്റ്റില്‍ മാര്‍ക്കിന്‌ പകരം അക്ഷരഗ്രേഡുമായി മാത്രം ഒരു ബാച്ച്‌ പുറത്തിറങ്ങുമ്പോള്‍ ഉണ്ടാകാവുന്ന പ്രായോഗിക പ്രശ്നങ്ങള്‍ എങ്ങും ചര്‍ച്ച ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികളുടേയും രക്ഷാകര്‍ത്താക്കളുടേയും സമൂഹത്തിന്റെയും ആശങ്കകള്‍ ദൂരീകരിക്കാതെ ഗ്രേഡിംഗ്‌ നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും.

ന്യൂനതകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും തയ്യാറാക്കാതെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ മാത്രം പരീക്ഷണ വസ്തുക്കളാക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്‌. ഏറെ ചര്‍ച്ചചെയ്ത്‌ തയ്യാറാക്കിയ യു.ജി.സി.യുടെ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിച്ച്‌ അപക്വവും അശാസ്ത്രീയവുമായ ചില വ്യതിയാനങ്ങളാണ്‌ ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വരുത്താന്‍ പോകുന്നത്‌.
കേരള നിയമസഭയില്‍ ഓര്‍ഡിനന്‍സ്‌ ആയി അവതരിപ്പിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇടതുപക്ഷ സഹയാത്രികരുടെ വേദിയാണ്‌.

അയല്‍ സംസ്ഥാനങ്ങളില്‍ പത്തിനും പതിനഞ്ചിനുമിടയില്‍ അംഗങ്ങളുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ വേദിമാത്രമാണ്‌ പ്രസ്തുത കൗണ്‍സില്‍. നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ സമൂഹത്തിന്റെ മുകളില്‍ അവരോധിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശങ്ങളും ഇല്ലാതാക്കും. വിദ്യാഭ്യാസമന്ത്രിയുടെ ഔദാര്യത്തില്‍ കൗണ്‍സിലില്‍ അംഗത്വം ലഭിച്ചവര്‍ക്ക്‌ അക്കാദമിക്‌ താല്‍പര്യത്തേക്കാള്‍ പ്രധാനം രാഷ്ട്രീയകാര്യങ്ങള്‍ക്കായിരിക്കും. പത്താം ക്ലാസിലും പ്ലസ്ടു തലത്തിലും മാര്‍ക്കുകള്‍ വാരിക്കോരി വിതരണം ചെയ്ത്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത നശിപ്പിച്ച വിദ്യാഭ്യാസമന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം അജണ്ട ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്‌.

അതിന്റെ അടിസ്ഥാനത്തിലാണ്‌ ഒട്ടേറെ നിഗൂഢതകള്‍ നിറഞ്ഞ ഗ്രേഡിംഗ്‌ പോളിസി, ചര്‍ച്ച ചെയ്യാന്‍പോലും അനുവദിക്കാതെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടപ്പാക്കാന്‍ പോകുന്നത്‌. അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോഴ്സിന്റെ പുനഃസംഘടന ലക്ഷ്യമാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 25 ശതമാനം ഗ്രേഡ്‌ ആന്തരിക മൂല്യനിര്‍ണ്ണയത്തിന്‌ അനുവദിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ഹാജരിന്‌ നല്‍കിയ വെയിറ്റേജ്‌ മാര്‍ക്ക്‌ എടുത്തുകളഞ്ഞതിനു പിറകില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്‌.
ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിന്റെ മുന്നോടിയായി കോളേജുകളിലെ ഒഴിവുകള്‍ നികത്തണമെന്നതിനാല്‍ 2008 ജൂണ്‍ മാസത്തോടെ കോളേജുകളില്‍ സ്ഥിരാധ്യാപകരുടെ നിയമനം പൂര്‍ത്തിയാക്കിയിരിക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളേജുകളിലെ നിയമനിരോധനം പിന്‍വലിച്ചുവെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത നല്‍കിക്കൊണ്ട്‌ 23.6.08 തീയതിക്ക്‌ 63/2008 നമ്പര്‍ ആയി ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ പുറത്തിറക്കിയിട്ടുണ്ട്‌. എന്നാല്‍ പ്രസ്തുത ഉത്തരവില്‍ പറയുന്ന അധ്യാപകരുടെ കണക്കാകട്ടെ. പത്തുവര്‍ഷം മുമ്പ്‌ കോളേജുകളില്‍ നിന്ന്‌ പ്രീഡിഗ്രി വേര്‍പെടുത്തപ്പെട്ടപ്പോള്‍ അധികം വന്നതെന്ന്‌ സര്‍ക്കാര്‍ കണക്കാക്കിയവരുടെ പട്ടികയാണ്‌. 1998 ന്‌ ശേഷം മൂന്നുവര്‍ഷങ്ങളിലായി കേരളത്തിലെ എല്ലാ സ്വകാര്യ-ഗവണ്‍മെന്റ്‌ കോളേജുകളിലും മൂന്നു കോഴ്സ്‌ വീതം അനുവദിച്ച്‌ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ കോഴ്സുകളില്‍ പഠനം നടത്തി നിരവധി ബാച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു.

പ്രസ്തുത കോഴ്സുകള്‍ പഠിപ്പിക്കാനുള്ള അധ്യാപകരുടെ തസ്തികകള്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ആരംഭകാലത്ത്‌ ഗസ്റ്റ്‌ അധ്യാപകരെ ഉപയോഗിച്ച്‌ കോളേജുകള്‍ പരിഹാരമുണ്ടാക്കി. മറ്റൊരു ഉത്തരവിലൂടെ ഗസ്റ്റ്‌ അധ്യാപകര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയില്ല എന്ന്‌ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്തു. പല കോളേജുകളിലും അധ്യാപക രക്ഷാകര്‍തൃ സമിതികളോ മാനേജ്മെന്റോ ആണ്‌ ഈ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഗസ്റ്റ്‌ അധ്യാപകര്‍ക്ക്‌ ശമ്പളം നല്‍കിവരുന്നത്‌. പഠിപ്പിക്കുന്ന മണിക്കൂറിന്‌ ഗവണ്‍മെന്റ്‌ നിരക്ക്‌ ശമ്പളം പോലും ലഭിക്കാത്ത ഗസ്റ്റ്‌ അധ്യാപകര്‍, മറ്റു തൊഴില്‍ ലഭിക്കുമ്പോള്‍ സ്ഥലം വിടുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ കോളേജ്‌ കാമ്പസുകളിലെ സ്ഥിതിയാണിത്‌.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പല ഡിപ്പാര്‍ട്ട്മെന്റുകളിലും സ്ഥിരാധ്യാപകര്‍ പേരിനുപോലും ഇല്ല. കഴിഞ്ഞ മാര്‍ച്ച്‌ മാസം അധ്യാപകരുടെ വിരമിക്കല്‍ കൂടി കഴിഞ്ഞപ്പോള്‍ പല കോളേജുകളിലും രണ്ടുംമൂന്നും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക്‌ ഒരേ അധ്യക്ഷന്‍ എന്ന നിലപോലും വന്നു. ബാക്കിയൊക്കെ ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന ഗസ്റ്റ്‌ അധ്യാപകരുടെ സംഘവും. ഈ സ്ഥിതിയിലാണ്‌ ഗ്രേഡിംഗ്‌ പരീക്ഷണത്തിന്‌ വാഴ്സിറ്റി തിടുക്കം കാണിക്കുന്നത്‌. വിദൂര വിദ്യാഭ്യാസ വകുപ്പില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഗ്രേഡിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. പ്രൈവറ്റ്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന കനത്ത ഫീസുകൊണ്ട്‌ വാഴ്സിറ്റിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ ദൂരീകരിക്കാന്‍ കഴിയുന്നുണ്ട്‌.

കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം അംഗസംഖ്യ വരുന്ന ഈ വകുപ്പില്‍ പെട്ടെന്ന്‌ ഒരു പരീക്ഷണം നടപ്പാക്കിയാല്‍ അത്‌ വിദ്യാര്‍ത്ഥികളെ മറ്റു സര്‍വ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലേക്ക്‌ തള്ളിവിടലാകുമെന്ന്‌ അധികാരികള്‍ക്ക്‌ നന്നായി അറിയാം. 2011-ല്‍ കണ്ണൂരില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കുന്ന ഡിഗ്രി വിദ്യാര്‍ത്ഥികള്‍ രണ്ടുതരം മാര്‍ക്ക്ലിസ്റ്റുമായി പുറത്തിറങ്ങും. മത്സരപരീക്ഷകളില്‍ ഗ്രേഡുകാരേക്കാള്‍ മാര്‍ക്ക്‌ ലിസ്റ്റുള്ള വിദ്യാര്‍ത്ഥിക്ക്‌ കൂടുതല്‍ പരിഗണന ലഭിക്കും.അടുത്ത വര്‍ഷം സംസ്ഥാനത്തൊട്ടാകെ ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിനുമുന്നോടിയായി വിദൂര വിദ്യാഭ്യാസ വകുപ്പുകളെ സര്‍വ്വകലാശാലകളില്‍ നിന്നും അടര്‍ത്തിമാറ്റി പ്രത്യേകം ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അനുശാസിക്കുന്നുണ്ട്‌.

കണ്ണൂരിലാകട്ടെ ഇതുസംബന്ധമായ പ്രാരംഭചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന്‌ മാത്രമല്ല, ഈ വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തു. റഗുലര്‍ കോളേജില്‍ നിന്ന്‌ വിദ്യാര്‍ത്ഥികളെ പിന്‍വലിച്ച്‌ വിദൂര വിദ്യാഭ്യാസ വകുപ്പിലേക്ക്‌ മാറ്റണമോ എന്ന ആശങ്കയിലാണ്‌ രക്ഷിതാക്കള്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ പിന്നോക്കം പോകാന്‍ കഴിയാത്തതുമായ അനേകം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞചതുമാണ്‌ ഗ്രേഡിംഗ്‌. പാശ്ചാത്യ സര്‍വ്വകലാശാലകള്‍ ഗവേഷണത്തിലൂന്നുന്നവയാണെന്നും ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തിലെ ഡിഗ്രി കോഴ്സുപോലെയല്ല എന്നും തിരിച്ചറിയേണ്ടതുണ്ട്‌.
2007-ല്‍ ഡിഗ്രി ക്ലാസില്‍ പ്രവേശനം തേടിയ വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു തലത്തില്‍ ഗ്രേഡിംഗുമായി വന്നവരാണ്‌ എന്നതിനാല്‍ ഡിഗ്രി തലത്തില്‍ ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ ഫാക്കല്‍ട്ടികള്‍ വിളിച്ചുചേര്‍ത്തു.

എന്നാല്‍ ഫാക്കല്‍ട്ടികള്‍ ഈ നിര്‍ദ്ദേശം പാടേ തള്ളിക്കളഞ്ഞു. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഒരുമിച്ച്‌ മാത്രമേ ഗ്രേഡിംഗ്പോലുള്ള പരിഷ്കാരങ്ങള്‍ ആരംഭിക്കാവൂ എന്നതായിരുന്നു മുന്നോട്ടുവെച്ച കാരണം. സ്വാശ്രയ കോളേജുകളും വിദൂര വിദ്യാഭ്യാസ വകുപ്പും സ്ഥിരാധ്യാപകരില്ലാത്ത റഗുലര്‍ കോളേജുകളും ഗ്രേഡിംഗ്‌ നടപ്പാക്കുന്നതിന്‌ തടസ്സങ്ങളാണെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ ഫാക്കല്‍ട്ടി യോഗങ്ങള്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥികളെ പരീക്ഷണ വസ്തുക്കളാക്കരുത്‌ എന്ന നിര്‍ദ്ദേശം മുമ്പോട്ട്‌ വെച്ചത്‌.ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌, ഫാക്കല്‍ട്ടികള്‍, അക്കാദമിക്‌ കൗണ്‍സില്‍ എന്നിവയുടെ അധികാരങ്ങളില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തുന്ന അധിനിവേശത്തിന്റെ ആദ്യത്തെ ഇരയാകാന്‍ പോകുകയാണ്‌ കണ്ണൂര്‍ സര്‍വ്വകലാശാല. ഇത്‌ തുഗ്ലക്ക്‌ പരിഷ്കാരമാകുമെന്ന്‌ പറയേണ്ടതില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0