മെഡിക്കല്‍ യൂണിവേഴ്സിറ്റി യാഥാര്‍ത്ഥ്യമാകുമ്പോള്‍
കേരളത്തില്‍ പുതിയൊരു സര്‍വകലാശാല വരാന്‍ പോകുന്നു. ദ്യശാസ്ത്രപഠനത്തിനുവേണ്ടിയാണ് ഈ യൂണിവേഴ്സിറ്റി. തൃശൂര്‍ ആസ്ഥാനമായി സ്ഥാപിക്കുന്ന സര്‍വകലാശാലയില്‍ എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും സ്ഥാനമുണ്ടാകും. സര്‍ക്കാര്‍-സഹകരണ-സ്വാശ്രയ മേഖലകളിലായി സ്ഥിതിചെയ്യുന്ന വിവിധ മെഡിക്കല്‍ കോളെജുകള്‍, വ്യത്യസ്ത സര്‍വകലാശാലകളിലാണ് ഇപ്പോള്‍ അഫിലിയേറ്റു ചെയ്തിട്ടുള്ളത്. (ഡീംഡ് യൂണിവേഴ്സിറ്റി ഒഴികെ) പാഠ്യപദ്ധതി നിര്‍ണ്ണയത്തിലും പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിര്‍ണ്ണയത്തിലും മറ്റുമുള്ള ഐകരൂപ്യമില്ലായ്മ, കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ നാനാവിധമാക്കിക്കളഞ്ഞു.
വലിഞ്ഞുനീളുന്ന കോഴ്സുകള്‍, നീണ്ടുനീണ്ടു പോകുന്ന ഫലപ്രഖ്യാപനങ്ങള്‍, ഉപരിപഠനാവസരങ്ങളിലുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിങ്ങനെ പ്രശ്നങ്ങള്‍ പലതാണ്.
സര്‍വകലാശാല എന്നാല്‍, സര്‍വകലകളുടെയും ശാസ്ത്രങ്ങളുടെയും ശാലയാണെന്നും, എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി അതിനുണ്ടെന്നും ഒരു കാഴ്ചപ്പാടുണ്ട്. കാലഹരണപ്പെട്ട ഒരു ദര്‍ശനമാണിത്. നിര്‍ണ്ണായക പ്രാധാന്യമുള്ള സവിശേഷ വിജ്ഞാനമേഖലകളില്‍ പഠനവും ഗവേഷണവും നടത്താന്‍ പ്രത്യേക സര്‍വകലാശാലകള്‍ ഉണ്ടാകുന്നത് അഭികാമ്യം തന്നെ. വൈജ്ഞാനിക രംഗത്ത് അനുദിനം സംഭവിക്കുന്ന വിസ്ഫോടനങ്ങളുടെയും പുതുതായി ഉരുത്തിരിഞ്ഞു വരുന്ന സ്പെഷ്യലൈസേഷന്‍ മേഖലകളുടെയും ഉപവിഭാഗങ്ങളുടെയും ചേര്‍ത്ത് ഏകാഗ്രവും തീവ്രവുമായ പഠനത്തിന് ഇത്തരം സവിശേഷ സര്‍വകലാശാലകള്‍ ആവശ്യം തന്നെ.
സംസ്കൃത ഭാഷയും സാഹിത്യവും മുഖ്യമായി പഠിപ്പിക്കാന്‍ ഒരു സംസ്കൃത സര്‍വകലാശാല വന്നു. ശാസ്ത്രസാങ്കേതിക സര്‍വകലാശാല കൊച്ചിയിലുണ്ട്.
നിര്‍ദ്ദിഷ്ട മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ തൃശൂരില്‍ത്തന്നെ കാര്‍ഷിക സര്‍വകലാശാല എന്ന പേരില്‍ ഒരു 'ട്യൂട്ടോറിയല്‍ കോളെജ്' പ്രവര്‍ത്തിച്ചു വരുന്നു. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയാണ്. വെറ്ററിനറി യൂണിവേഴ്സിറ്റിയും അധികം വൈകാനിടയില്ല. താമസിയാതെ പുതിയ സാങ്കേതിക സര്‍വകലാശാല വന്നുകൂടെന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇക്ബാല്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന മെഡിക്കല്‍ യൂണിവേഴ്സിറ്റിയെ കാണേണ്ടത്.
സത്യത്തില്‍ നമ്മുടെ സംസ്ഥാനത്ത് എന്നേ ഉണ്ടാകേണ്ടതായിരുന്നു ഇത്തരമൊരു സര്‍വകലാശാല. സര്‍ക്കാരുകളുടെ ദര്‍ശനശൂന്യതയും മുന്‍ഗണനാ ക്രമത്തിലെ വിവേകമില്ലായ്മയും മൂലം അതിത്രയും വൈകി. ഈ സന്ദര്‍ഭത്തില്‍ നാം കണ്ണുതുറന്നു കാണേണ്ട ചില വാസ്തവങ്ങളുണ്ട്. പൊതുവിദ്യാഭ്യാസ മേഖല ഉന്നതനിലവാരം പുലര്‍ത്തിയിരുന്നപ്പോഴും, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം പേടിപ്പെടുത്തുന്നവിധം ഇടിഞ്ഞുവരികയായിരുന്നു. പുതിയ ഋതുഭംഗികളെ സൃഷ്ടിക്കേണ്ട ആശയഗതികള്‍ തലമുറകളിലേയ്ക്കു പകരുന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ ദയനീയമായി തോറ്റുപോകുകയാണ് ചെയ്തത്. ചിന്തയുടെയും ഗവേഷണത്തിന്റെയും രംഗത്ത് എന്തു വിസ്മയങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സര്‍വകലാശാലകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.
പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും സര്‍വകലാശാലാ രംഗത്ത് മഹത്വമുറ്റ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. എന്നിട്ടും അപമാനകരമായ നില നമ്മുടെ സര്‍വകലാശാലകളെ വിട്ടൊഴിയുന്നില്ല.
ഉന്നതപദവികള്‍ക്കുവേണ്ടിയുള്ള കിടമത്സരവും തൊഴുത്തില്‍ക്കുത്തും, ഉദ്യോഗസ്ഥ ദുര്‍ഭരണം മുറപോലെ പോകുന്ന സര്‍ക്കാര്‍കാര്യം, അര്‍ത്ഥമില്ലാത്ത ഗവേഷണ ധൂര്‍ത്ത് തുടങ്ങിയ ഒഴിയാബാധകള്‍ അനവധിയാണ്. ഇതിനെക്കാള്‍ മാരകം കക്ഷിരാഷ്ട്രീയത്തിന്റെ അനുചിതമായ കടന്നാക്രമണമാണ്. സര്‍വകലാശാലകള്‍, ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയോപജീവികളുടെ മേച്ചില്‍പ്പുറമായി മാറി. തലമുറകളെ ത്രസിപ്പിക്കേണ്ട ആശയഗതികള്‍ക്കു പകരം, രാഷ്ട്രീയ വിധേയത്വത്തിന്റെ അടിമശബ്ദങ്ങളാണ് സര്‍വകലാശാലകളില്‍ നിന്ന് ഉയരുന്നത്. സിലബസ് നിശ്ചയിക്കുന്നതില്‍ വരെ സങ്കുചിത താല്‍പര്യങ്ങള്‍ കളിയാടുന്നു.
പുനര്‍മൂല്യനിര്‍ണയങ്ങളെ, ഇഷ്ടക്കാരെ കടത്തിയെടുക്കാനുള്ള അവസരമാക്കാന്‍ പോന്ന ഹീനതയുള്ള സംവിധാനങ്ങള്‍ ഭരണം നടത്തുന്ന സര്‍വകലാശാലകളില്‍ നിന്ന് എങ്ങനെയാണ് മഹത്വമുറ്റ മൂല്യങ്ങളുമായി തലമുറകള്‍ പുറത്തുവരുന്നത്? അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ പൊറാട്ടുനാടകങ്ങളെപ്പറ്റി കേട്ടാല്‍ ജനം നാണിക്കും.
സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ വേദികളില്‍ നിറഞ്ഞിരിക്കുന്നവരെ അവിടെ എത്തിച്ച യോഗ്യത, അക്കാദമികമായ മികവോ രാഷ്ട്രീയ വിധേയത്വമോ? അടിമുടി കക്ഷിരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു എന്നതു തന്നെയാണ് നമ്മുടെ സര്‍വകലാശാലകളുടെ ഏറ്റവും വലിയ ഹതവിധി. ഏതെങ്കിലും അക്കാദമിഷ്യന്‍ അബദ്ധത്തില്‍ വന്നുപെടുന്നുവെങ്കില്‍ അയാള്‍ക്കു മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ - അനുസരണശീലത്തോടെ നല്ല കുട്ടിയായി കഴിയുക, അല്ലെങ്കില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാകുക.
ബുദ്ധിജീവികളല്ലേ, അവര്‍ ഏതു മാര്‍ഗ്ഗം സ്വീകരിക്കുമെന്ന് ഊഹിക്കാം. സര്‍വകലാശാലകളുടെ തലപ്പത്തു വരുന്ന വൈസ് ചാന്‍സലര്‍മാര്‍ പലരും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പാവകളാണ്. ഭരണം മാറുമ്പോള്‍ തരംപോലെ നയം മാറ്റാന്‍ മെയ്‌വഴക്കമുള്ള വിരുതന്മാരും കുറവല്ല. ഒരു ഒന്നാംകിട ചിന്തകന്‍, ദാര്‍ശനികന്‍ വി.സിയായി വന്നാല്‍ എന്തു സംഭവിക്കും? 15 വര്‍ഷം മുമ്പ് കൊച്ചി സര്‍വകലാശാലയില്‍ നിന്ന് ഡോ.മഹേശ്വരി, കാലാവധി പൂര്‍ത്തിയാക്കാതെ കണ്ണീരോടെ ഇറങ്ങിപ്പോയത് കേരളം മറന്നിട്ടില്ല. ചേംബറിലേക്ക് കയറിവന്ന പെണ്‍കുട്ടികള്‍ കയ്യേറ്റം ചെയ്തതിനെക്കുറിച്ച് എം.ജി.സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പൊതുസമൂഹത്തോട് പരാതിപ്പെടേണ്ടി വന്നിരിക്കുന്നു.
രാഷ്ട്രീയകക്ഷികളില്‍ നിന്നും യൂണിയനുകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കാലടി വി.സിക്ക്, തുറന്ന കത്ത് എഴുതേണ്ടിവന്നു. ഭരണകക്ഷിക്ക് അനുകൂലമല്ലാത്ത വൈസ്ചാന്‍സലര്‍മാരെ പാര്‍ട്ടി അണികളെ വിട്ടു കൈകാര്യം ചെയ്യിക്കുന്ന ശൈലി അവസാനിക്കുന്നില്ലെങ്കില്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ അധോഗതിയായിരിക്കും.ഈ അന്തരീക്ഷത്തിലാണ് മെഡിക്കല്‍ സര്‍വകലാശാല പിറന്നു വീഴുന്നത്. വൈസ് ചാന്‍സലറായി നീതിമാനായ ഒരു പ്രതിഭാശാലി വന്നുകൂടെന്നില്ല. തലയില്‍ കയ്യും വച്ച് ഇറങ്ങിപ്പോകേണ്ട സാഹചര്യം അദ്ദേഹത്തിനു വരില്ല എന്നുറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ യൂണിവേഴ്സിറ്റിയും മറ്റൊരു വഴിപാടായി പരിണമിക്കും.
Rate this article



del.icio.us
Digg