Home | ലേഖനങ്ങള്‍ | പാര്‍ട്ടി കോപം പടരുന്നു; മനം മടുപ്പോടെ ഉന്നത ഉദ്യോഗസ്ഥര്‍

പാര്‍ട്ടി കോപം പടരുന്നു; മനം മടുപ്പോടെ ഉന്നത ഉദ്യോഗസ്ഥര്‍

Font size: Decrease font Enlarge font

വാഴുന്നവരുടെ അപ്രീതിക്കിരയായാല്‍ ശത്രുക്കളുടെ മാത്രമല്ല പാര്‍ട്ടി ബന്ധുക്കളുടെ പോലും തല കാണില്ലെന്ന അപായ അറിയിപ്പാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി ജി തമ്പിയുടെ രാജി തെളിയിക്കുന്നത്‌. ഇടതു മുന്നണി അധികാരത്തില്‍ വന്നതിന്‌ ശേഷം സിവില്‍ സര്‍വീസിലും പൊലീസ്‌ സേനയിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ശത്രു സംഹാരം നിയമലോകത്തേക്കും കടക്കുകയാണ്‌.സി പി എമ്മിന്റെ നുകഭാരം പേറുന്ന ഐ എ എസുകാര്‍ക്കും ഐ പി എസ്സുകാര്‍ക്കും രക്ഷയും അല്ലാത്തവര്‍ക്ക്‌ ശിക്ഷയും എന്നാണ്‌ കേരളത്തിന്റെ ഭരണ രംഗത്തെ പൊതു അവസ്ഥ. സര്‍ക്കാരിന്റെ നോമിനികളായി വരുന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പദവിക്കും പാര്‍ട്ടി വിധേയത്വമാണ്‌ സി പി എം കല്‍പിക്കുന്നത്‌.

സര്‍ക്കാര്‍ കക്ഷികളാകുന്ന കേസുകളില്‍ സര്‍ക്കാരിന്‌ വേണ്ടി വാദിക്കണമെന്ന നിലപാടാണ്‌ പി ജി തമ്പിക്കു നേരെ പാര്‍ട്ടി കോപം വരുത്തിവെച്ചത്‌. സി പി എമ്മിന്റെ അക്രമ-മാഫിയ രാഷ്ട്രീയത്തിന്‌ കോടതികളില്‍ തുണയേകും വിധം നുണപറയാന്‍ പി ജി തമ്പി തയ്യാറാവാത്തതാണ്‌ അദ്ദേഹത്തിന്റെ പടിയിറക്കത്തിന്‌ കാരണമായത്‌. ഭരണമാറ്റം സംഭവിക്കുമ്പോഴല്ലാതെ പ്രോസിക്യൂഷന്‍ ജനറല്‍, അഡ്വക്കറ്റ്‌ ജനറല്‍ തുടങ്ങിയ പദവികളില്‍ നിന്നും ചുമതലപ്പെട്ടവരെ പിരിച്ചയക്കുകയോ പീഡിപ്പിച്ചു പുറത്താക്കുകയോ ചെയ്ത സംഭവം ഇന്നോളമുണ്ടായിട്ടില്ല. സിവില്‍ സര്‍വീസിലും പൊലീസ്‌ സേനയിലും നടക്കുന്ന പതിവുകളുടെ ആവര്‍ത്തനമായാണിത്‌ വിലയിരുത്തപ്പെടുന്നത്‌.

സി പി എം ഭരണത്തില്‍ കേരളത്തിലെ സേവനകാലം ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സൈബീരിയന്‍ തടവ്‌ കാലമായാണ്‌ അനുഭവപ്പെടാറുള്ളത്‌. ഇടതു മുന്നണി അധികാരത്തിലേറുമ്പോള്‍ ഐ എ എസ്‌ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഡെപ്യൂട്ടേഷനില്‍ പോവുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്യുന്നത്‌ ഇത്തരം ദുരനുഭവങ്ങളുടെ ഭീതി കാരണമായിരുന്നു. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പിടിപ്പ്കേടു കൊണ്ട്‌ കോടതികളില്‍ നിന്ന്‌ ശകാരങ്ങളും താക്കീതുകളും ഏല്‍ക്കേണ്ടി വരുന്ന ഐ എ എസ്‌-ഐ പി എസ്‌ ഉദ്യോഗസ്ഥര്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ അപഹാസ്യരായിത്തീരുകയാണ്‌.
പാര്‍ട്ടി വിഭാഗീയതയുടെയും മുന്നണി പോരിന്റെയും മാലിന്യങ്ങളേറെയും ചെന്നു വീഴുന്നത്‌ ഭരണ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെ മേലാണ്‌.

മനംമടുപ്പും അരക്ഷിതത്വവും നിസ്സഹായതയും വാഴുന്ന അനാരോഗ്യ മേഖലയായാണ്‌ ഭരണ രംഗം ഉദ്യോഗസ്ഥര്‍ക്ക്‌ അനുഭവപ്പെടുന്നത്‌.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന്റെ നിരുത്തരവാദം മൂലമായിരുന്നു കേരളത്തിലെ ആദ്യത്തെ മുസ്ലീം ചീഫ്‌ സെക്രട്ടറി റിയാസുദ്ദീന്‌ സ്ഥാനം നഷ്ടമായത്‌. കഴിവ്കേട്‌ ചുമത്തി റിയാസുദ്ദീനെ തരം താഴ്ത്തിയ നടപടി ഐ എ എസുകാരില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ വീരവാദത്തില്‍ ആവേശഭരിതമായി മാനം മാത്രമല്ല; സ്ഥാനം പോയവരുമുണ്ട്‌. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ മുഖ്യനയച്ച മൂന്ന്‌ പൂച്ചകള്‍ക്ക്‌ പല്ലും നഖവും നഷ്ടമായി കോടതി വരാന്ത നിരങ്ങേണ്ടി വന്നത്‌ രണ്ടാം ഭൂപരിഷ്കരണ വിപ്ലവത്തിലെ അപമാനകരമായ സംഭവമായിരുന്നു.

സുരേഷ്കുമാര്‍ എന്ന സ്പെഷല്‍ ഓഫിസര്‍, രാജുനാരായണ സ്വാമി എന്ന ജില്ലാ കലക്ടര്‍ ഇവര്‍ക്ക്‌ പുറമെ ഐ ജി ഋഷിരാജ്‌ സിംഗുമായിരുന്നു ഈ നാടകത്തിലെ കോമാളി വേഷക്കാര്‍. ഐ എസ്‌ ആര്‍ ഒ ഭൂമി വിവാദത്തില്‍ സ്ഥാന ത്യാഗം ചെയ്യേണ്ടിവന്നത്‌ ചീഫ്‌ സെക്രട്ടറി ലിസി ജേക്കബിനായിരുന്നു.മുഖ്യമന്ത്രിയുടെ രൂക്ഷമായ പരസ്യവിമര്‍ശനത്തില്‍ മനംനൊന്തായിരുന്നു ഈ പ്രഗത്ഭയായ ഉദ്യോഗസ്ഥ സ്വയം വിരമിച്ചത്‌. ഗോള്‍ഫ്‌ ക്ലബ്‌ ഭൂമി വിവാദത്തില്‍ റവന്യു വകുപ്പുമന്ത്രിയുടെ വാക്കും ഉറപ്പും ഉത്തരവും പാലിച്ച റവന്യു സെക്രട്ടി നിവേദിത പി ഹരന്‌ ആദ്യം സി പിഎമ്മിന്റെ ചാട്ടയടിയും പിന്നീട്‌ കോടതിയുടെ താക്കീതുകളുമേല്‍ക്കേണ്ടി വന്നതും ഭരണ രംഗത്തെ സമീപകാല വിവാദങ്ങളായിരുന്നു.

വ്യാജ സി ഡി വേട്ടക്കിറങ്ങിയ ഐ ജി ഋഷിരാജ്‌ സിംഗ്‌, കണ്ണൂര്‍ ജയിലിലെ സി പി എം പ്രതികളുടെ അധിനിവേശ വാഴ്ച കോടതിയില്‍ ഏറ്റുപറഞ്ഞ ജയില്‍ ഡി ജി പി എം ജി എ രാമന്‍, വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്ര വര്‍മ, കണ്ണൂര്‍ എസ്‌ പി മനോജ്‌ എബ്രഹാം തുടങ്ങിയവര്‍ സി പി എം ഇംഗിതത്തിന്‌ അനഭിമതരായപ്പോള്‍ കസേരയിളകിയ ഐ പി എസുകാരാണ്‌.കേരളമെന്ന്‌ കേട്ടാല്‍ ഭീതി പടരുന്ന എഴുപതിലേറെ ഐ എ എസ്‌ ഉദ്യോഗസ്ഥന്മാര്‍ കേന്ദ്രത്തിലും അവധിയിലും ഡെപ്യൂട്ടേഷനിലുമാണെന്നാണറിവ്‌. അന്യസംസ്ഥാന ഐ എ എസുകാര്‍ മാത്രമല്ല; മലയാളികളായ ഐ എസ്‌ എസുകാര്‍ പോലും ജന്മദേശത്ത്‌ നിന്നും പറന്നകലാനാണ്‌ ആഗ്രഹിക്കുന്നത്‌. ഒരു ഡസന്‍ ഐ എ എസുകാരാണ്‌ കേന്ദ്രത്തിലേക്ക്‌ മാറ്റത്തിനായി കാത്തിരിക്കുന്നത്‌.

ഡെപ്യൂട്ടേഷന്‍ നിഷേധിക്കപ്പെടുകയും സേവനകാലം പീഡനപര്‍വമായി മാറുകയും ചെയതതോടെ ഐ എ എസ്‌ പട്ടം വലിച്ചെറിയാനും ചിലര്‍ തയ്യാറായി.ഇടതുപക്ഷം ഏറെ കൊട്ടിഘേഷിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി കണ്ണുമിഴിക്കാന്‍ ഏറെ ശ്രമിച്ച പി ജി ടെന്‍സിംഗ്‌, കെ എസ്‌ ഐ ഡി സി എം ഡിയായിരുന്ന ഹര്‍ജിന്ദര്‍ സിംഗ്‌, സാമൂഹിക ക്ഷേമവകുപ്പ്‌ ഡയറക്ടറായിരുന്ന എച്ച്‌ ജി കെ കിഷോര്‍ എന്നിവരായിരുന്നു ഐ എ എസ്‌ ത്യജിച്ച്‌ രക്തസാക്ഷികളായവര്‍. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും മരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്യു സി കുന്നുങ്കല്‍ കേരളത്തില്‍ നിന്നും സലാം പരഞ്ഞുപിരിഞ്ഞു.

ഭരണ പീഡനത്തേക്കാള്‍ ജി സുധാകരനെപോലുള്ള മന്ത്രിമാരുടെ അധിക്ഷേപങ്ങള്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ സൃഷ്ടിക്കുന്ന അമര്‍ഷവും രോഷവും ഭരണത്തിന്റെ അകത്തളങ്ങളില്‍ ഉമിത്തീയായി പുകയുകയാണ്‌.ഭരണത്തിന്റെ നിര്‍വഹണ കേന്ദ്രങ്ങള്‍ ശക്തി പേറുന്ന പീഡനപര്‍വം ഇവിടെയും അവസാനിക്കുന്നില്ല. 20 ഓളം ഐ എ എസുകാര്‍ ഇന്ന്‌ വിജിലന്‍സ്‌ അന്വേഷണം നേരിടുകയാണ്‌. സര്‍ക്കാരിന്റെ പക, മന്ത്രിമാരുടെ ഉത്തരവുകള്‍ പാലിച്ചതിന്റെ വിന ഇവയാണ്‌ ഐ എ എസുകാരെ വിജിലന്‍സ്‌ കുരുക്കിലാക്കിയത്‌.മിടുക്കരും സത്യസന്ധരും നീതിമാന്മാരുമായ ഉദ്യോഗസ്ഥര്‍ക്ക്‌ ദുരിതം വിതക്കുന്ന ഈ ദുരന്തകാലത്തില്‍ പാദസേവകരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഭരണ രാഷ്ട്രീയക്കാരോടൊപ്പം അഴിമതിയുടെ കൂട്ടുകൃഷിയിലേര്‍പ്പെട്ടു വിതയും കൊയ്തും നടത്തിക്കൊണ്ടിരിക്കുകയാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0