പാക് രാഷ്ട്രീയം പ്രതിസന്ധിയില്‍
പാകിസ്ഥാന്‍ രാഷ്ട്രീയം വീണ്ടും കലുഷിതമായി. ഭരണമുന്നണി തകര്‍ന്നു. എങ്കിലും ഗിലാനി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അനിശ്ചിതത്വവും ആശങ്കയും വിട്ടുപോകുന്നില്ല. ഏഴുമാസം മുമ്പ് ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരിച്ചുവന്ന പാക് രാഷ്ട്രീയം അനിശ്ചിതാവസ്ഥയിലായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്. ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റിനെ നയിക്കാനുള്ള ചാതുര്യം പി.പി.പി നേതൃത്വത്തിനില്ല. അധികാരമോഹവും പരസ്പരവിശ്വാസമില്ലായ്മയും ഭയവും ഗ്രഹിച്ച നേതാക്കള്‍ ചേര്‍ന്ന് ഒന്നിച്ചുനിന്നത് പര്‍വേശ് മുഷറഫ് എന്ന പൊതുശത്രുവിനെ മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു.
പട്ടാളഭരണത്തിലൂടെ ഒന്‍പതു വര്‍ഷക്കാലം ഏകാധിപതിയായി വാണ മുഷറഫ് ഇപ്പോള്‍ അധികാരത്തിലില്ല. അതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാരിന്റെ പൊതുശത്രുവും ഇല്ല. വേറെ പൊതു താല്‍പര്യങ്ങള്‍ ഒന്നുമില്ലാത്ത ഭരണകക്ഷികള്‍ സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ തല്ലിപ്പിരിയുന്ന കാഴ്ചയാണിപ്പോള്‍ പാക്കിസ്ഥാനില്‍ സംഭവിക്കുന്നത്.അധികാരത്തിലേറിയ ജനകീയ സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും രാജ്യസുരക്ഷയ്ക്കും പരിഹാരം കാണുമെന്ന പാകിസ്ഥാന്‍ ജനതയുടെ പ്രതീക്ഷയ്ക്കാണ് കൂട്ടുകക്ഷി ഭരണകൂടം വിള്ളലേല്‍പ്പിച്ചിരിക്കുന്നത്. രാജ്യം വീണ്ടും പട്ടാളഭരണത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്ന ഭീതിയിലാണ് പാക് ജനത.രാഷ്ട്രീയകുരുക്കുകളൊരുക്കി പാക് ഭരണം കൈപ്പിടിയിലൊതുക്കാനുള്ള മുന്‍ പ്രധാനമന്ത്രിയും പി.എം.എല്‍ (എന്‍) നേതാവുമായ നവാസ് ഷെറീഫിന്റെ അണിയറ നീക്കങ്ങള്‍ക്കാണ് കഴിഞ്ഞദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ ഭരണകക്ഷിക്കുള്ള പിന്തുണ പിന്‍വലിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാണ് ഷെറീഫ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് കളമൊരുക്കിയത്.
ഭരണകക്ഷിക്കെതിരെ മുന്‍ ചീഫ് ജസ്റ്റീസും മുഷറഫിന് അനഭിമതനുമായ സെയ്ദ് ഉസ്മാന്‍ സിദ്ദിഖിയെയാണ് ഷെറീഫ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്.രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്സിസ്ഥാന്‍ പി.എം.എല്‍ (എന്‍) കൈക്കൊണ്ട പുതിയ തീരുമാനം രാജ്യത്ത് സാമ്പത്തിക മാന്ദ്യതയ്ക്കും ഭീകരാക്രമണത്തിനും സാധ്യത ഒരുക്കിയിരിക്കുകയാണ്. ജനറല്‍ പര്‍വേശ് മുഷറഫിന്റെ ഭരണകാലത്ത് പുറത്താക്കപ്പെട്ട ജഡ്ജിമാരെ പുനര്‍നിയമിക്കണമെന്ന ആവശ്യം നടത്താതെ വന്നതോടെയാണ് ഷെറീഫ് മുന്നണി വിടാന്‍ തീരുമാനിച്ചത്. ജഡ്ജിമാരെ തിരിച്ചെടുക്കാമെന്ന് സര്‍ദ്ദാരി പറഞ്ഞിരുന്നെങ്കിലും അന്ത്യശാസനസമയം തിങ്കളാഴ്ച വൈകുന്നേരം തീര്‍ന്നതോടെയാണ് ഷെറീഫ് മുന്നണി വിട്ടത്. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഷെറീഫിന്റെ ഈ നീക്കം പാകിസ്ഥാന്‍ പ്രസിഡന്റ് പദം അലങ്കരിക്കാനുള്ള സര്‍ദ്ദാരിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നിരുന്നാലും ഇന്ത്യയിലെ യു.പി.എ സര്‍ക്കാരിന്റെ കൂട്ടുകക്ഷി മാതൃകയില്‍ പാകിസ്ഥാനില്‍ ഭരണസഖ്യം കാലാവധി പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തിലാണ് സര്‍ദ്ദാരി.താലിബാനെ ചെറുക്കാന്‍ പുതിയ സഖ്യമെന്ന നിലയില്‍ ഉടലെടുത്ത പാകിസ്ഥാന്‍ മുസ്ലീം ലീഗും (എന്‍) പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമാണ് ഇപ്പോള്‍ ഇരുതട്ടിലുമായിരിക്കുന്നത്.
1999 ല്‍ പട്ടാള മേധാവിയായിരുന്ന പര്‍വേശ് മുഷറഫ് പാക്ഭരണം പിടിച്ചടക്കുമ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്നു സയ്ദ് ഉസ്മാന്‍ സിദ്ദിഖി. താന്‍ പ്രഖ്യാപിച്ച താല്‍ക്കാലിക ഭരണഘടന പ്രകാരം വീണ്ടും സത്യവാചകം ചൊല്ലണമെന്ന് സിദ്ദിഖിയോട് മുഷറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 1973 ലെ ഭരണഘടനാപ്രകാരമാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതെന്നും അത് മാറ്റി ചൊല്ലാന്‍ തന്നെ കിട്ടില്ലെന്നും സിദ്ദിഖി ഉറപ്പിച്ചുപറഞ്ഞു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജിയുടെ കാലയളവ് കുറച്ച് മുഷറഫ് അദ്ദേത്തെ പുറത്താക്കുകയായിരുന്നു.
സിദ്ദിഖിയുടെ തിരിച്ചുവരവ് ഇപ്പോള്‍ മുഷറഫിനും സര്‍ദാരിക്കും ഒരുപോലെ ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റ് പിരിച്ചുവിടാനും പ്രധാനമന്ത്രിയെ പുറത്താക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. ആ അധികാരങ്ങളോടെ സര്‍ദ്ദാരി പ്രസിഡന്റായാല്‍ തന്റെ രാഷ്ട്രീയഭാവി അപകടത്തിലാകുമെന്ന ഭയം നവാസ് ഷെറീഫിനെയും അലട്ടുന്നുണ്ട്.കഴിഞ്ഞ 18 നാണ് ജനറല്‍ പര്‍വേശ് മുഷറഫ് പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഒന്‍പത് വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തില്‍ നിന്നാണ് മുഷറഫ് ഒഴിഞ്ഞുപോയത്. പാകിസ്ഥാനില്‍ ഇപ്പോഴുണ്ടായ ഭരണപ്രതിസന്ധിയും രാഷ്ട്രീയ പിന്തുണയും രാജ്യത്തെമ്പാടുമുള്ള തീവ്രവാദ ശക്തികള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ്.
അവിഭക്ത ഇന്ത്യയിലെ ദില്ലിയില്‍ ജനിച്ച പര്‍വേശ് മുഷറഫ് ഏകാധിപതിയായി ഉയര്‍ന്നത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ വീഴ്ച പ്രതീക്ഷിച്ചതും. രണ്ടിലും നവാസ് ഷെറീഫിന്റെ പങ്ക് നിര്‍ണ്ണായകമാണ്. 1999ല്‍ പാകിസ്ഥാന്‍ പ്രശ്ന സങ്കീര്‍ണ്ണമായിരിക്കുമ്പോഴാണ് രക്തരഹിത വിപ്ലവത്തിലൂടെ നവാസ് ഷെറീഫിനെ അട്ടിമറിച്ച് മുഷറഫ് പ്രസിഡന്റ് പദം തട്ടിയെടുത്തത്. ഇപ്പോള്‍ ഷെറീഫിന്റെ ശക്തമായ ഇടപെടല്‍ മൂലം മുഷറഫിന് സ്ഥാനം ഒഴിയേണ്ടിവന്നു.1961 ല്‍ പാക് സൈന്യത്തില്‍ച്ചേര്‍ന്ന മുഷറഫിനെ ലോകം അറിയുന്നത് 1998 ലാണ്. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫ്, മറ്റു നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിന്തള്ളി പര്‍വേശ് മുഷറഫിനെ സേനാമേധാവിയായി നിയമിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനകം തന്നെ അതിന്റെ വില ഷെറീഫ് നല്‍കേണ്ടിവന്നു.
പട്ടാള അട്ടിമറി നിയമവിധേയമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ നവാസ് ഷെറീഫിനെ മുഷറഫ് സൗദിയിലേക്ക് നാടുകടത്തുകയും ചെയ്തു. കുറച്ചുകാലം മാത്രം പാകിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചശേഷം 2001-ല്‍ മുഷറഫ് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു. 2002 ല്‍ ജനഹിത പരിശോധനയിലൂടെ അതുറപ്പിക്കുകയും ചെയ്തു.സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക പ്രഖ്യാപിച്ച ഭീകരവിരുദ്ധ യുദ്ധത്തിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഷറഫ് അമേരിക്കയുടെ ഉറ്റ സുഹൃത്തുമായി. 2007 വരെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയായി തുടരാന്‍ മുഷറഫിനെ സഹായിച്ചത് അമേരിക്കയുമായുള്ള ബന്ധമായിരുന്നു.
2007 മാര്‍ച്ചില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരിയെ പുറത്താക്കിയതോടെ മുഷറഫിന് തിരിച്ചടികളുടെ കാലം തുടങ്ങി. ചൗധരിയെ തിരികെ നിയമിക്കുവാന്‍ സുപ്രീം കോടതി വിധിവന്നു. നാടുകടത്തപ്പെട്ട മുന്‍ പ്രധാനമന്ത്രിമാരായ ബേനസീര്‍ ഭൂട്ടോയും നവാസ് ഷെരീഫും രാജ്യത്ത് തിരിച്ചെത്തിയതോടെ മുഷറഫ് സേനാപദവി ഒഴിയണമെന്ന ആവശ്യം ശക്തമായി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും ജഡ്ജിമാരെ പുറത്താക്കിയും തന്റെ ശക്തിതെളിയിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുഷറഫിനായില്ല. അതോടെ അടിയന്തിരാവസ്ഥ പിന്‍വലിക്കുകയും തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കുകയും ചെയ്ത മുഷറഫ് സേനാപദവും ഒഴിഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം സഖ്യസര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് മുഷറഫ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുഷറഫിനെ പുറത്താക്കണമെന്ന നിലപാടില്‍തന്നെ നവാസ് ഷെറീഫ് ഉറച്ചുനിന്നു. ഇതേത്തുടര്‍ന്ന് സേനാമേധാവി അഷ്ഠാഖ് പര്‍വേശ് ഖയാനിയും മുഷറഫിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. താലിബാനെ തുരത്താന്‍ മുഷറഫ് താല്‍പര്യം കാട്ടിയില്ലെന്നതാണ് സേനാമേധാവി ആരോപിക്കുന്നത്. ഒടുവില്‍ അമേരിക്കയും കൈവിട്ടപ്പോള്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ബേനസീര്‍ ഭൂട്ടോയുടെ മരണശേഷം പി.പി.പിയുടെ കോ-ചെയര്‍മാനായ ആസിഫ് അലി സര്‍ദ്ദാരി പാക് രാഷ്ട്രീയത്തില്‍ പിടിമുറുകുന്നതാണ് പിന്നീട് കണ്ടത്. തന്റെ വിശ്വസ്തനായ യൂസഫ് റാസ ഗിലാനിയെ പ്രധാനമന്ത്രിയാക്കി സര്‍ദ്ദാരി പിന്നില്‍നിന്നും ഭരണം നിയന്ത്രിച്ചു.
താല്‍ക്കാലിക പ്രസിഡന്റായി സെനറ്റിന്റെ അധ്യക്ഷന്‍ മുഹമ്മദ് മിയാന്‍ സൂംറോയിയെ അധികാരത്തിലേറ്റി. അടുത്ത പ്രസിഡന്റ് വനിതയായിരിക്കുമെന്ന് സര്‍ദ്ദാരി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റാകുവാനുള്ള മോഹം പുറത്തറിയിച്ച് സര്‍ദ്ദാരി സെപ്റ്റംബര്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഈ സാഹചര്യത്തിലാണ് സഖ്യ കക്ഷികള്‍ തമ്മില്‍ ഭിന്നത ഉണ്ടാകുന്നത്. അഴിമതി കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ മുഷറഫിന്റെ നടപടി ജഡ്ജിമാര്‍ പിന്‍വലിച്ചേക്കുമെന്ന ആശങ്ക സര്‍ദ്ദാരിക്കുണ്ട്. ജഡ്ജിമാരെ പുനര്‍നിയമിക്കുന്ന കാര്യത്തില്‍ ശക്തമായ തീരുമാനമെടുക്കാത്തതും അതുകൊണ്ടാണ്.
Rate this article



del.icio.us
Digg