Home | ലേഖനങ്ങള്‍ | ഇനിയും കൂടൊഴിയാത്ത അനാഥക്കിളികള്‍

ഇനിയും കൂടൊഴിയാത്ത അനാഥക്കിളികള്‍

Font size: Decrease font Enlarge font
image

ഒരു ഒളിമ്പിക്സ്‌ കൂടി കഴിഞ്ഞു. ബീജിംഗിലെ കിളിക്കൂട്‌ സ്റ്റേഡിയത്തില്‍ ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത രീതിയില്‍ ഒരു ഉത്സവമേള തീര്‍ന്നു. രണ്ടാഴ്ചത്തെ ആഘോഷം. തുടക്കവും ഒടുക്കവും പതിനായിരക്കണക്കിന്‌ കലാകാരന്മാരെ അണിനിരത്തി സാങ്കേതികവിദഗ്ദ്ധരുടെയും വോളണ്ടിയര്‍മാരുടെയും കര്‍മ്മശേഷിപ്രകടിപ്പിച്ച്‌ അതിനെല്ലാം ചാലകശക്തിയായി പതിനായിരക്കണക്കിന്‌ കോടി ഡോളറും ഒത്തുചേര്‍ന്ന്‌ നൃത്തം ആടി. വര്‍ണ്ണാഭമായ ചടങ്ങുകള്‍ ലോകജനതയുടെ പകുതിയിലേറെപ്പേര്‍ തത്സമയം ഈ ദൃശ്യങ്ങള്‍ വീക്ഷിച്ചു പുളകംകൊണ്ടു.

ഈ ഒളിമ്പിക്സിന്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു. പൊതുവെയുള്ള രാഷ്ട്രഭരണസംവിധാനങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായ രീതിയില്‍ അയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള പുരാതനസംസ്കൃതി ഇന്നും ലോകത്തിന്റെ മുന്നില്‍ ഒന്നാമതായി നില്‍ക്കുന്നു എന്ന്‌ കാട്ടാനുള്ള ചൈനയുടെ ആവേശം എവിടെയും പ്രകടമായിരുന്നു. ഒളിമ്പിക്സ്‌ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ്‌ പുരാതന ഗ്രീസിലെ ഏതന്‍സില്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആധുനിക ഒളിമ്പിക്സ്‌ 1896-ല്‍ പുനരാരംഭിച്ചപ്പോള്‍പോലും ഒളിമ്പിക്സ്‌ ഒരു നഗരത്തിന്റെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.

ഒരിക്കലും ഇതിനെയൊരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീതി വരുത്തുന്ന രീതി ആശയപരമായി ഉണ്ടായിരുന്നില്ല. പക്ഷെ, കാലംമാറി. തോക്കും ബോംബും കൊണ്ടുള്ള യുദ്ധത്തിനുപകരം തങ്ങള്‍ ജയിച്ചുവെന്ന ആത്മസംതൃപ്തിക്ക്‌ രാഷ്ട്രങ്ങള്‍ ഒളിമ്പിക്സ്‌ വേദികളാക്കി. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്സ്‌ ആര്യരക്തത്തിന്റെ ഔന്നത്യം കാട്ടുന്നതിനായി നാസി-ജര്‍മ്മിനിയുടെ ഹിറ്റ്ലര്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ചു. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികാഭ്യാസികള്‍ക്ക്‌ പണ്ട്‌ നല്‍കിയിരുന്ന മുദ്രാവാക്യം ഒന്നുമാത്രമായിരുന്നു. നിങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുക, ജയവും തോല്‍വിയും അല്ല പ്രധാനം. സ്നേഹത്തോടെ, സന്തോഷത്തോടെ എതിരാളികളെ കളിക്കളത്തില്‍ നേരിടുക.

പക്ഷെ വ്യക്തികള്‍ എന്നതില്‍നിന്ന്‌ മാറി രാഷ്ട്രങ്ങള്‍ തങ്ങളുടെ മെഡല്‍ കണക്കുകൂട്ടലുകളില്‍ ഖ്യാതി ആര്‍ജ്ജിച്ചുവന്നപ്പോള്‍ ഒളിമ്പിക്സിന്‌ എന്തോ മാറ്റം വന്നില്ലേ? ഏറ്റവുമധികം സ്വര്‍ണ്ണമെഡലുകള്‍ നേടി ഒളിമ്പിക്സില്‍ പങ്കെടുത്ത 204 രാജ്യങ്ങളില്‍ ഒന്നാമനായി ചൈന ആഘോഷിക്കപ്പെട്ടു. അമേരിക്ക രണ്ടാംസ്ഥാനത്തും.
ഇവിടെ ചൈനയുടെ സാമ്പത്തികവും വ്യാവസായികവുമായ മുന്നേറ്റവും സാംസ്കാരികമായ മെച്ചവും കാണിക്കാന്‍ ഈ കണക്ക്‌ സ്വാഭാവികമായും ഉപയുക്തമാകും. പക്ഷെ രസകരമായ ചില പാര്‍ശ്വവീക്ഷണങ്ങള്‍ നമുക്ക്‌ സൂക്ഷ്മമായി നോക്കിയാല്‍ കാണാവുന്നതാണ്‌. ഏതന്‍സില്‍ പണ്ടുപണ്ട്‌ ഒളിമ്പിക്സ്‌ മത്സരങ്ങള്‍ നടന്നിരുന്നപ്പോള്‍ അതില്‍ വിജയികള്‍ക്ക്‌ നല്‍കിയിരുന്നത്‌ ഒലീവ്‌ ദളങ്ങളുടെ ഒരു ശിരോമാലയാണ്‌.

ഇന്ന്‌ ബീജിംഗ്‌ ഒളിമ്പിക്സിലെ സൂപ്പര്‍താരമായി മാറിയ നീന്തല്‍ക്കുളത്തിലെ ഫെല്‍പ്സിന്‌ സാങ്കേതികമായി ലഭിക്കുന്ന സ്വര്‍ണ്ണ പതകത്തിനൊപ്പം ലഭിക്കാന്‍ പോകുന്നത്‌ ഒളിമ്പിക്സില്‍ പങ്കെടുത്ത 204 രാഷ്ട്രങ്ങളെയും അറുപതുശതമാനം രാഷ്ട്രങ്ങളുടെയും വാര്‍ഷികവരുമാനത്തില്‍ ഏറെയുള്ള ഒരു തുകയാണ്‌. ഫെല്‍പ്സിന്റെ പരസ്യങ്ങളിലെ ബ്രാന്‍ഡിങ്ങിന്‌ ലഭിക്കുന്ന തുക അനുദിനം വര്‍ദ്ധിക്കുകയാണ്‌.ഇത്‌ മെഡലുകളുടെയോ റെക്കാര്‍ഡുകളുടേയോ പ്രാധാന്യം കുറച്ചു കാണുകയല്ല, പക്ഷെ അത്യാധുനിക ട്രെയിനിംഗ്‌ സംവിധാനമില്ലാത്ത ദരിദ്രരാഷ്ട്രങ്ങളിലെ കായികപ്രതിഭകള്‍ക്ക്‌ ലഭിക്കുന്ന സ്വാഭാവികമായ അവഗണന നമ്മെ ചിന്തിപ്പിക്കേണ്ടതാണ്‌.വേറൊരു രസകരമായ സംഗതി ഏറ്റവുമധികം സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയെങ്കിലും ചൈനയിലെ അത്ലറ്റുകള്‍ (അതായത്‌ ഓട്ടം, ചാട്ടം, ഏറ്‌ തുടങ്ങി) മൈതാനത്തെ കായികരംഗത്ത്‌ ആദ്യകാലംമുതല്‍ ഏറ്റവും പ്രധാനമെന്ന്‌ കരുതിയിരുന്ന ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഒരു സ്വര്‍ണ്ണ മെഡലും നേടിയില്ലാ എന്നുള്ളത്‌ ആരും ഗൗരവമായി എടുത്തിട്ടില്ല എന്നതാണ്‌.

മെഡലുകളുടെ എണ്ണം കൂടുതലുള്ള, അതേസമയം പ്രത്യേകപരിശീലനവും സാങ്കേതിക സൗകര്യങ്ങളും നിരന്തരമായി ഉപയോഗിച്ച്‌ നേടുന്ന വൈദഗദ്ധ്യം പ്രകടിപ്പിക്കാവുന്ന എല്ലാ കളികളിലും ചൈന മുന്നേറുകയാണ്‌ ചെയ്തത്‌. എന്തുകൊണ്ട്‌ അത്ലറ്റിക്സില്‍ ചൈനയ്ക്ക്‌ മെഡലുകളൊന്നും ലഭിച്ചില്ല എന്നത്‌ തീര്‍ച്ചയായും ഒളിമ്പിക്സിന്റെ ഇന്നത്തെ പ്രകടനശോഭയില്‍ ഒരു വീണ്ടുവിചാരം നടത്താന്‍ ചൈനയെ പ്രേരിപ്പിക്കും എന്നുള്ളതിന്‌ സംശയമില്ല.2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ചിലപ്പോള്‍ ചൈന ഈ രംഗത്തും മുന്നോട്ട്‌ വന്നേക്കാം. പക്ഷെ ഇന്ന്‌ ഒളിമ്പിക്സ്‌ എന്നത്‌ വലിയ ഒരു ഉത്സവമാണ്‌. തങ്ങളുടെ സമ്പത്തും പ്രാവീണ്യവും പ്രദര്‍ശിപ്പിക്കാനുള്ള രംഗമായും അതിലെ വിജയം വളരെ ലളിതമായും മെഡലുകളുടെ എണ്ണത്തിലൂടെ കാട്ടാമെന്നുള്ളതും തികച്ചും ഒളിമ്പിക്‌ സ്പിരിറ്റിന്റെ യഥാര്‍ത്ഥമായ ഒരു സ്ഥിതിയാണോ എന്ന്‌ സംശയം തോന്നിയാല്‍ അതില്‍ കുറ്റംപറയാനൊക്കുകയില്ല.

ഇതിനിടയില്‍ ലോകത്തിലെ അഞ്ചിലൊന്ന്‌ ജനങ്ങള്‍ ഉള്ള നമ്മുടെ രാഷ്ട്രത്തിന്‌ 50-ാ‍ം സ്ഥാനമാണ്‌ മെഡല്‍ പട്ടികയില്‍ ലഭിച്ചത്‌. ഒരു സ്വര്‍ണ്ണമെഡലിന്റെയും രണ്ട്‌ വെങ്കലമെഡലുകളുടെയും ആവേശം തീര്‍ച്ചയായും നമുക്ക്‌ ഉള്‍ക്കൊള്ളാവുന്നതാണ്‌. പക്ഷെ വേറൊരുതരത്തില്‍ക്കൂടി നമുക്ക്‌ സമാധാനിക്കാം. ഒളിമ്പിക്സില്‍ നമുക്കും വേണമെങ്കില്‍ മുന്നോട്ടുപോകാം എന്നും സ്വര്‍ണ്ണ മെഡലുകള്‍ നമുക്കും ലഭിക്കുന്ന സാഹചര്യം ഒരു അത്ഭുതമല്ലെന്നും ബോധ്യമാക്കാന്‍ ഈ ഒളിമ്പിക്സും അഭിനവ്‌ ബിന്ദ്രയും സഹായിച്ചു എന്നതിന്‌ ഒരു സംശയവുമില്ല.

ഒപ്പം ഒളിമ്പിക്സ്‌ നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഏറ്റവും ശക്തമായ പിന്‍ബലം ഉണ്ടായിരുന്ന കാണികള്‍ ക്രിക്കറ്റ്‌ സംപ്രേഷണം കാണാന്‍ മറന്നുവെന്നതും രസകരമായ ഒരു സത്യമാണ്‌. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഏകദിനക്രിക്കറ്റിന്റെ വാശിയേറിയ മത്സരത്തിന്‌ സാധാരണ കിട്ടുമായിരുന്ന ടെലിവിഷന്‍ റേറ്റിങ്ങിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല എന്നാണ്‌ കണക്ക്‌. ഈ പ്രവണത നമ്മുടെ ഒളിമ്പിക്സ്‌ സ്വപ്നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം പകരുന്നു. ഇല്ലേ 2020-ല്‍ ദില്ലി ഒളിമ്പിക്സ്‌ ? ആ സുവര്‍ണ്ണ സ്വപ്നം യാഥാര്‍ത്ഥ്യമാകട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0