മൂവര്‍സംഘവും ഒറ്റയാനും
കേരളത്തില്‍ സി.പി.എം ഒരു പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കുകയാണ്. നൂതനവും സ്വതന്ത്രവുമായ ഒന്ന്. അവിടെ പങ്കാളിത്തം കിട്ടുന്നവര്‍ക്ക് ഒരുപാട് ജീവിതസൗകര്യങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ തീവ്രവാദികളെന്ന പേരുദോഷം സമ്പാദിച്ച് പാര്‍ട്ടിയുടെ വേലിക്കെട്ടിനു വെളിയിലാകും.സി.പി.എമ്മിന്റെ 'സെസി'ന് പുറത്താക്കുന്ന ആദ്യത്തെ നേതാവ് അച്യുതാനന്ദന്‍ ആയിരിക്കുമെന്ന് മാധ്യമങ്ങള്‍ വളച്ചുകെട്ടിപ്പറയുന്നു. പാര്‍ട്ടിയുടെ നയരേഖയില്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റാരോപണങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്. തനിക്ക് 85 വയസ്സായി എന്ന് പറയുന്ന വി.എസ്, സ്വയം തിരുത്താന്‍ ഇനി ഒരുക്കമല്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്ന 'പിള്ളേര്‍' അവനവന്റെ പാട് നോക്കൂ എന്നും സൂചിപ്പിക്കുകയാണ്.
കോട്ടയം സമ്മേളനത്തോടെ അവസാനിച്ചു എന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞുപോന്ന വിഭാഗീയത 'പ്രത്യേക സാമ്പത്തിക മേഖല' എന്ന വിഷയത്തില്‍ തട്ടി വീണ്ടും ഉയര്‍ന്നുവന്നു.സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയമാണ്. വ്യവസായികളെ ആകര്‍ഷിച്ച് നാട്ടില്‍ തൊഴിലും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കാനുള്ള ഫലവത്തായ ഒരു ശ്രമം. വിസ്തൃതമായ ഭൂപ്രദേശം വ്യവസായ സംരംഭങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല കരാര്‍ വ്യവസ്ഥയില്‍ വിട്ടുകൊടുക്കും. വെള്ളം, വൈദ്യുതി, റോഡുകള്‍, വാര്‍ത്താവിനിമയം തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. ഭൂമിയും നല്‍കും. സംരംഭകര്‍ ഈ സൗകര്യം ഉപയോഗിച്ച് നിക്ഷേപം നടത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
നാട്ടിലെ പൊതുനിയമങ്ങളൊന്നും ബാധകമല്ലാത്ത തരത്തില്‍ ഈ വ്യവസായ പ്രദേശത്തെ ഒരു പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കും. നികുതി ഇളവുകള്‍ അനുവദിക്കും. തൊഴില്‍ സമരങ്ങള്‍ ഉണ്ടാകില്ല. ശമ്പളവര്‍ദ്ധനവിനും മറ്റ് അവകാശങ്ങള്‍ക്കും വേണ്ടി സമരങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. എന്നല്ല; അന്യര്‍ക്ക് അനാവശ്യമായി അങ്ങോട്ടു പ്രവേശനം പോലും ലഭിക്കില്ല. പൊലീസിനു കടന്നുചെല്ലാന്‍ പോലും പരിമിതികളുള്ള ഒരു ലോകമാണ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്.
ധാരാളം വ്യവസായ സംരംഭങ്ങള്‍ വരുകയും തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യുമെന്നതാണ് 'സെസി'ന്റെ ഗുണവശം.
എന്നാല്‍ അത് രാജ്യത്തിനുള്ളില്‍ മറ്റൊരു അധികാര പ്രദേശവും സമാന്തരവ്യവസ്ഥയും ഭരണക്രമവും ആകുമെന്നതാണ് പ്രധാന ദോഷവശം. എല്ലാ സംരംഭങ്ങള്‍ക്കും ഗുണവും ദോഷവും ഉണ്ട്. സെസും അതുപോലെയാണ്. ദോഷങ്ങള്‍ പെരുപ്പിച്ച് കാട്ടി കര്‍ശന വ്യവസ്ഥകളോടെ നിക്ഷേപകരെ അകറ്റിയാല്‍ നാട്ടില്‍ സാമ്പത്തിക ഉന്നമനം ഉണ്ടാകില്ല. വ്യവസായങ്ങള്‍ വരണം. തൊഴിലവസരങ്ങള്‍ ഉണ്ടാകണം. എങ്കിലേ ജനങ്ങളുടെ കൈയില്‍ പണമുണ്ടാകൂ. ജീവതസൗകര്യങ്ങള്‍ മെച്ചപ്പെടൂ. ഒരു പ്രായോഗികമതിയുടെ കാഴ്ചപ്പാട് അതാണ്. എന്നാല്‍ ഒരു ആദര്‍ശവാദി വേറെ ചിലതുകൂടി പറയും. പ്രത്യേക സാമ്പത്തിക മേഖലയില്‍ സൗജന്യമായി സ്ഥലവും മറ്റ് സൗകര്യങ്ങളും നേടി, നികുതിഇളവ് അനുഭവിച്ച് വ്യവസായം തുടങ്ങുന്നയാള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ആരു ചോദിക്കും?
പതിനാലും പതിനെട്ടും മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്തു തളര്‍ന്നു വീഴുന്ന യുവ ഐ.ടി.എന്‍ജിനീയര്‍മാരുടെ ആരോഗ്യവും ജീവിതവും മാനുഷികമായി കാണേണ്ടതല്ലേ? തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇരുപത്തെട്ടാം വയസ്സില്‍ ഹൃദയാഘാതം വന്ന് നിന്നനിലയില്‍ ജീവനക്കാര്‍ മരിക്കുന്നു. കൂടെക്കൂടെ അങ്ങനുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. അതും പ്രത്യേക സാമ്പത്തിക അവകാശ മേഖലയുടെ മുഖമാണ്. മനുഷ്യമുഖമുള്ള ഒരു ഭരണകൂടത്തിന് ഇതൊന്നും കാണാതിരിക്കാനാവില്ല. അച്യുതാനന്ദന്‍ ഇതൊക്കെ കണ്ടുകൊണ്ടാണോ സെസിനെ വിമര്‍ശിക്കുന്നത് എന്ന് വ്യക്തമല്ല.
സി.പി.ഐയും ആര്‍.എസ്.പിയും സെസിനെ വിമര്‍ശിക്കുന്നത് ഇതുകൊണ്ടാണോ എന്നും അറിയില്ല. രാജ്യത്തിനുള്ളില്‍ അടച്ചിട്ട മറ്റൊരു ഭരണവ്യവസ്ഥ അനുവദിക്കാനാവില്ലെന്ന് വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
സെസിനായി നിരവധി അപേക്ഷകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കല്‍ അനുമതി കാത്തിരിപ്പുണ്ട്. ഓരോ ജില്ലയിലും ഐ.ടി.പാര്‍ക്കുകള്‍ തുടങ്ങാന്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും അതാണ്. ഇതിനു തടസ്സം നില്‍ക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനില്‍ നിന്ന് ഐ.ടി.വകുപ്പ് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെടുന്നവരും സി.പി.എമ്മിലുണ്ട്.പിണറായി വിജയന്‍, എളമരം കരീം, തോമസ് ഐസക് എന്നിവരാണ് സി.പി.എമ്മിലെ നവലിബറല്‍ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളികള്‍. വ്യവസായ മന്ത്രി, ധനമന്ത്രി, പാര്‍ട്ടി ചീഫ് മൂന്നു പേരും കൂടി വിചാരിച്ചാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കാത്തതായി ഒന്നുമില്ലെന്നു തോന്നാം. പക്ഷേ ഒന്നും സംഭവിക്കുന്നില്ല.
വാചകമടികളല്ലാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടതു ഭരണത്തിന്റേതായി കേരളത്തില്‍ എടുത്തുപറയാന്‍ ഒരു സംഭാവനയും ഇല്ല. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും വന്‍തിരിച്ചടികളും അവ്യവസ്ഥകളും അരാജകത്വവും നടമാടുന്നു. പൊതുവിതരണ സമ്പ്രദായം തകരാറിലായിരിക്കുന്നു. യാത്രാകൂലിയും വൈദ്യുതി നിരക്കും ഇരട്ടിച്ചു. സാധനവിലക്കയറ്റം ദുഃസ്സഹമായി. സാമ്പത്തിക വളര്‍ച്ചാ സംരംഭങ്ങള്‍ വിപ്ലവവായാടിത്തത്തില്‍ തടസ്സപ്പെട്ടുനില്‍ക്കുമ്പോള്‍ ബന്ദും ഹര്‍ത്താലുകളും മൂലം ജീവിതം കൂടെക്കൂടെ നിശ്ചലമാകുന്നു. കേരളം അടുത്തെങ്ങും രക്ഷപ്പെടുന്ന യാതൊരു ശുഭസൂചനയും കാണുന്നില്ല.
ഭൂമിക്ക് നാട്ടില്‍ പൊന്നിന്റെ വിലയാണ്. ഭൂരഹിത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും കൃഷിഭൂമിക്കുവേണ്ടി പ്രക്ഷോഭം നടത്തുകയാണ്. കിടപ്പാടമില്ലാത്ത നാല്‍പ്പതുലക്ഷം പേര്‍ സംസ്ഥാനത്തുണ്ട്. പുറമ്പോക്കുവാസികളുണ്ട്. ഇവര്‍ക്കൊക്കെ പ്രാഥമിക ജീവിതസൗകര്യങ്ങള്‍ ഉണ്ടാക്കിയശേഷം മതി വ്യവസായ വികസനമെന്ന് വിചാരിക്കാന്‍ ഒരു സര്‍ക്കാരിനാവില്ല. സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ വ്യവസായങ്ങള്‍ കൂടിയേതീരൂ. ജനങ്ങളുടെ പക്കല്‍ പണമുണ്ടായാല്‍ ക്രയവിക്രയം വര്‍ദ്ധിക്കും. പലതരം നികുതികളായി സര്‍ക്കാരിന്റെ പക്കലും പണമെത്തും. അതെടുത്ത് നാട്ടിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി ക്ഷേമപ്രവര്‍ത്തനം നടത്താം. ജനങ്ങള്‍ നിത്യദരിദ്രരായി കഴിഞ്ഞാല്‍ വില്‍പ്പന നികുതി വരുമാനം പോലും ഉയരില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?
ഭൂമിയില്ലാത്തവര്‍ക്കു ഭൂമി നല്‍കിയ ശേഷം മാത്രമേ വ്യവസായങ്ങള്‍ക്ക് സെസ് പദവിയില്‍ പ്രത്യേക മേഖലകള്‍ അനുവദിക്കൂ എന്ന് ശഠിക്കുന്നവരെ 'തീവ്രവാദികള്‍' എന്നാണ് സി.പി.എം നേതൃത്വം കുറ്റപ്പെടുത്തിയത്.
ഈ വിശേഷണം തന്നെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വിചാരിച്ചോ എന്നറിയില്ല. അദ്ദേഹം പറഞ്ഞു: "അവസരവാദികള്‍ക്കും റിവിഷനിസ്റ്റുകള്‍ക്കും തീവ്രവാദികളെ ഭയമാണ്." പിണറായി വിജയനും എളമരം കരീമും തോമസ് ഐസക്കും അവസരവാദികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. എന്നാല്‍ അങ്ങനെ എടുത്തുപറയാതെ തന്നെ പാര്‍ട്ടിയിലെ റിവിഷനിസ്റ്റുകള്‍ ആരെന്ന് നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. അരിശം പൂണ്ട പിണറായി തിരിച്ചടിച്ചത് "വിപ്ലവ വായാടി" എന്ന് വിളിച്ചുകൊണ്ടാണ്. അപ്പോഴും മുഖ്യമന്ത്രി അച്യുതാനന്ദന്റെ പേര് പിണറായി പറഞ്ഞില്ല. എങ്കിലും വിപ്ലവ വായാടി 85കാരനായ വി.എസ് ആണെന്ന് ജനം മനസ്സിലാക്കി.
ഐ.ടി വകുപ്പ് അച്യുതാനന്ദന്‍ ഒഴിയണമെന്ന് വ്യവസായ വകുപ്പിന് നേരത്തെതന്നെ ആഗ്രഹമുണ്ട്. ഈയിടെ മന്ത്രി എളമരം കരീം സി.പി.എം നേതൃയോഗത്തില്‍ ആ ആവശ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞ ഒരു വാചകം ഇതാണ്: "എന്തിനാ കരീമെ, ഐ.ടിമാത്രം മാറ്റുന്നത്? മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വി.എസ്സിനെത്തന്നെ നമുക്ക് അങ്ങു മാറ്റിക്കളയാം."
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കുമോ? അതോ ഇലക്ഷനു ശേഷമോ? വിപ്ലവ വായാടികള്‍ക്ക് പാര്‍ട്ടി ഒരു കുപ്പത്തൊട്ടി ഒരുക്കിവച്ചിട്ടുണ്ട്. അതില്‍ ആരായിരിക്കും ആദ്യം ചെന്നു വീഴുന്നതെന്ന് വളരെ വൈകാതെ കേരളം കാണാന്‍ പോകുന്നു.



del.icio.us
Digg