Home | ലേഖനങ്ങള്‍ | വൈദ്യുതി സര്‍ച്ചാര്‍ജും കമ്പനിവല്‍ക്കരണവും

വൈദ്യുതി സര്‍ച്ചാര്‍ജും കമ്പനിവല്‍ക്കരണവും

Font size: Decrease font Enlarge font
image

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധനവുംമൂലം ദുരിതത്തിലായ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്നതാണ്‌ വൈദ്യുതി ബോര്‍ഡ്‌ പുതുതായി കൊണ്ടുവന്നിരിക്കുന്ന തെര്‍മല്‍ സര്‍ചാര്‍ജ്ജ്‌. വ്യവസായങ്ങള്‍ക്ക്‌ 25% പവര്‍കട്ടും എല്ലാവിഭാഗം ജനങ്ങള്‍ക്കും അരമണിക്കൂര്‍ ലോഡ്‌ ഷെഡിംഗും നിലനില്‍ക്കുമ്പോഴാണ്‌ ഈ ഇരുട്ടടി കൂടി സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്‌.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ത്തന്നെ വകുപ്പുമന്ത്രി പറഞ്ഞത്‌ ജനങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന ഇളവ്‌ തുടരാനാകില്ല എന്നാണ്‌.

വളരെ വൈകാതെതന്നെ ജനങ്ങള്‍ക്കാകമാനം ആശ്വാസകരമായിരുന്ന വൈദ്യുതി ചാര്‍ജ്ജിനത്തിലെ ഇളവ്‌ സര്‍ക്കാര്‍ എടുത്തുകളയുകയും ചെയ്തു. മാത്രമല്ല അതിനുപുറമേയാണ്‌ ഇപ്പോള്‍ താപവൈദ്യുതിയുടെ പേരില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത്‌.കാലവര്‍ഷം കനിയാത്തതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമായി സര്‍ക്കാര്‍ എടുത്തുകാട്ടുന്നത്‌. കാലവര്‍ഷം താമസിച്ചു വന്നതും മഴയുടെ അളവ്‌ കുറഞ്ഞതുമായ സാഹചര്യങ്ങള്‍ മുന്‍കാലങ്ങളിലുമുണ്ടായിട്ടുണ്ട്‌. ജലവൈദ്യുതിയേക്കാള്‍ താപവൈദ്യുതി കൂടുതല്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലാണ്‌ ഇവിടെ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌.

അന്നുണ്ടായിരുന്ന ബോര്‍ഡിന്റെ അധികസാമ്പത്തികബാദ്ധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാതെ 556.46 കോടി രൂപ നല്‍കി ബോര്‍ഡിന്‌ ആശ്വാസം പകരുവാന്‍ അന്നത്തെ യു.ഡി.എഫ്‌. സര്‍ക്കാര്‍ മുന്നോട്ടുവന്നു. എന്നാല്‍, ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടിന്റെ ഫലമായുണ്ടായ പ്രതിസന്ധിയുടെ പാപഭാരം കാലവര്‍ഷത്തിന്റെ പേരു പറഞ്ഞ്‌ സാധാരണജനങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കാനാണ്‌ ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

മഴ കനിയാത്തതിന്റെ പേരില്‍ ഉപഭോക്താക്കളെ ശിക്ഷിക്കാന്‍ മുതിരുന്ന വൈദ്യുതി ബോര്‍ഡും ഇടതുമുന്നണി സര്‍ക്കാരും കഴിഞ്ഞവര്‍ഷം എക്കാലത്തെയും റെക്കോര്‍ഡ്‌ മഴയെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ മുപ്പത്‌ ശതമാനം അധികമഴ ലഭിച്ചിട്ടും അത്‌ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വിലകൂടിയ താപവൈദ്യുതി വാങ്ങി അതിന്റെ പേരില്‍ വൈദ്യുതിച്ചാര്‍ജ്ജ്‌ ഉയര്‍ത്തി സാധാരണക്കാരെ ദ്രോഹിക്കുകയാണ്‌ ചെയ്തത്‌. അണക്കെട്ടുകള്‍ നിറഞ്ഞു കവിയുകയും യൂണിറ്റിന്‌ മൂന്ന്‌ രൂപ നിരക്കില്‍ വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക്‌ വില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ ഇവിടെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ വൈദ്യുതി നിരക്ക്‌ ഉയര്‍ത്തിയിരിക്കുന്നത്‌.

അണക്കെട്ടുകളിലെ അധികമായി ലഭിച്ച വെള്ളം കരുതല്‍ശേഖരമായി സൂക്ഷിക്കാതെ അമിതമായി ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ അന്യസംസ്ഥാനങ്ങള്‍ക്ക്‌ വിറ്റതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയത്‌. ഈ വസ്തുത ജനങ്ങള്‍ മനസിലാക്കിയതിലെ ജാള്യം മറയ്ക്കുന്നതിന്‌ മന്ത്രി പുതിയ ന്യായം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച്‌ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ അന്യസംസ്ഥാനങ്ങള്‍ക്ക്‌ വിറ്റയിനത്തില്‍ 1500 കോടി രൂപ ബോര്‍ഡിന്‌ ലഭിച്ചതുകൊണ്ടാണ്‌ തെര്‍മല്‍ സര്‍ച്ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്താന്‍ വൈകിയതെന്ന വാദവും തികച്ചും ബാലിശമാണ്‌.

അതേസമയം ഈ 1500 കോടി രൂപയില്‍ ഒരു വിഹിതം നല്‍കിയാല്‍ ഇപ്പോഴേര്‍പ്പെടുത്തിയ സര്‍ച്ചാര്‍ജ്ജ്‌ ഒഴിവാക്കാവുന്നതേയുള്ളു.യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ബോര്‍ഡ്‌ 1286 കോടി രൂപ നഷ്ടത്തിലായിരുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ കരകയറാന്‍ ആന്റണി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധന പരിഗണച്ചപ്പോള്‍ ഇവിടുത്തെ ഇടതു സംഘടനകള്‍ പൊതുമുതല്‍ നശിപ്പിച്ചും വൈദ്യുതി ബോര്‍ഡിന്റെ ഓഫീസുകള്‍ ആക്രമിച്ചും നടത്തിയ സമരകോലാഹലങ്ങള്‍ കേരളജനതയ്ക്ക്‌ അത്ര പെട്ടെന്ന്‌ മറക്കാനാകില്ല.

യു.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യക്ഷമമായ നടപടികളിലൂടെയാണ്‌ ബോര്‍ഡിന്റെ നഷ്ടം ക്രമേണ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്‌. ആ നടപടികളുടെ ഫലമായി അഞ്ച്‌ വര്‍ഷം കൊണ്ട്‌ 184 കോടി രൂപ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി ബോര്‍ഡിനെ മാറ്റാന്‍ യു.ഡി.എഫ്‌. സര്‍ക്കാരിന്‌ കഴിഞ്ഞു. ഇതുമൂലമുണ്ടായ ലാഭത്തിന്റെ പങ്ക്‌ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സര്‍ക്കാര്‍ എല്ലാ വൈദ്യുതി ഉപഭോക്താക്കള്‍ക്കും യൂണിറ്റിന്‌ 20 പൈസ നിരക്കില്‍ ഇളവ്‌ അനുവദിച്ചത്‌.
ബോര്‍ഡിന്റെ സാമ്പത്തികഭദ്രതയുടെ പേരില്‍ ജനങ്ങളുടെമേല്‍ അധികഭാരം ചുമത്തുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വൈദ്യുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ വന്‍വീഴ്ചയാണ്‌ വരുത്തിയിരിക്കുന്നത്‌.

വന്‍കിട വ്യവസായശാലകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും കുടിശിക പിരിച്ചെടുത്താല്‍ത്തന്നെ ബോര്‍ഡിന്റെ ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാനാകും.വൈദ്യുതിമോഷണം തടയുന്നതിനും പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികള്‍ തുടരാന്‍ ഈ സര്‍ക്കാരിനായിട്ടില്ല. ഈ ഇനത്തില്‍ ബോര്‍ഡ്‌ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 24 ശതമാനവും നഷ്ടപ്പെടുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വൈദ്യുതി ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും കഴിഞ്ഞ സാമ്പത്തികവര്‍ഷം വൈദ്യുതോല്‍പാദനത്തില്‍ ഒരു നേട്ടവും കൈവരിക്കാന്‍ സര്‍ക്കാരിനായില്ല.

ഇതിനിടെ വൈദ്യുതി ബോര്‍ഡ്‌ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കവും ഇടതുമുന്നണി സര്‍ക്കാര്‍ ധൃതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌.1998 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്‌ കൊണ്ടുവന്ന 'വൈദ്യുതോര്‍ജ്ജനയം 98' ന്റെ ഭാഗമായി രൂപം നല്‍കിയ ടാസ്ക്‌ ഫോഴ്സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം വൈദ്യുതി ബോര്‍ഡിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ ലാഭകേന്ദ്രങ്ങളായി വിഭജിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്‌ വൈദ്യുതി ബോര്‍ഡിനെ ഉല്‍പാദനം, പ്രസരണം, വിതരണം എന്നിവ അടിസ്ഥാനമാക്കിയുള്ള ലാഭകേന്ദ്രങ്ങളായി വിഭജിച്ചുകൊണ്ടുള്ള ഉത്തരവുമിറക്കി.

എന്നാല്‍, യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റിട്ട്‌ ആദ്യം ചെയ്തത്‌ ബോര്‍ഡിനെ ലാഭകേന്ദ്രങ്ങളായി വിഭജിച്ചുകൊണ്ടുള്ള ഇടതുസര്‍ക്കാരിന്റെ ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു. വൈദ്യുതിനിയമം നിലവില്‍വന്ന 2003 ജൂണ്‍ മാസം മുതല്‍ സംസ്ഥാന വൈദ്യുതിബോര്‍ഡിനെ കേന്ദ്രനിയമപ്രകാരം കമ്പനികളാക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കുന്നതിന്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ ഫലമായി ഇന്നത്തെ നിലയില്‍ത്തന്നെ ബോര്‍ഡിനെ നിലനിര്‍ത്താനായത്‌.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വൈദ്യുതി നിയമം 2003 പ്രകാരം വൈദ്യുതി ബോര്‍ഡിനെ കമ്പനികളാക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യില്ലെന്ന്‌ വകുപ്പുമന്ത്രി അസന്ദിദ്ധമായി പ്രഖ്യാപിച്ചിട്ടും വൈദ്യുതി ജീവനക്കാരെ നിര്‍ബന്ധപൂര്‍വ്വം തെരുവിലിറക്കി സമരം ചെയ്യിച്ച മാര്‍ക്സിസ്റ്റ്‌ നേതൃത്വം ഭരണത്തില്‍ വന്നപ്പോള്‍ അവരുടെ വൈദ്യുതിമന്ത്രി ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ത്തന്നെ പ്രഖ്യാപിച്ചത്‌ വൈദ്യുതി ബോര്‍ഡിനെ കമ്പനികളാക്കി മാറ്റും എന്നാണ്‌. മാത്രമല്ല, കമ്പനിവല്‍ക്കരണത്തിന്റെ വിവിധവശങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു.

ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈദ്യുതി ബോര്‍ഡിനെ ഫ്രഞ്ച്‌ മോഡലില്‍ ഉല്‍പാദനം, പ്രസരണം, വിതരണം എന്നിവയ്ക്കായി വ്യത്യസ്ത കമ്പനികളാക്കി മാറ്റുകയും, അവയുടെ നിയന്ത്രണത്തിനായി ട്രേഡ്‌ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട 18 അംഗ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്യണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കമ്പനിവല്‍ക്കരണത്തിനെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയും പ്രസംഗിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്ത ഇടതുസംഘടനകളും ഇപ്പോള്‍ വൈദ്യുതിമേഖലയുടെ നിലനില്‍പ്പിന്‌ കമ്പനിവല്‍ക്കരണം അനിവാര്യമാണെന്ന പുതിയ വെളിപാടുമായി ചുവടുമാറ്റിയിരിക്കുന്നു.

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുമ്പോള്‍ വൈദ്യുതി വിതരണം ഫ്രാഞ്ചൈസികള്‍ക്ക്‌ നല്‍കാമെന്ന വൈദ്യുതി നിയമത്തിലെ വകുപ്പ്‌ മറയാക്കി വൈദ്യുതിവിതരണത്തിന്റെ ചുമതല സി.പി.എമ്മിന്റെ മേല്‍നോട്ടത്തിലുള്ള സൊസൈറ്റികള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും കൈമാറാനാണ്‌ ഇപ്പോള്‍ അണിയറയില്‍ നീക്കം നടത്തുന്നത്‌. ഇത്തരത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ കോടികള്‍ വരുന്ന ആസ്തി സൂത്രത്തില്‍ തങ്ങളുടെ അധീനതയിലാക്കുക എന്നതാണ്‌ ഈ ഗൂഢനീക്കത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന്‌ സംശയിക്കുന്നവര്‍ കുറവല്ല. വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ബ്രഹ്മപുരത്തെ നൂറേക്കര്‍ ചുളുവിലയ്ക്ക്‌ സ്മാര്‍ട്‌ സിറ്റിക്ക്‌ കൈമാറിയത്‌ ഒരുദാഹരണം മാത്രം.

ഇടതുപക്ഷം ഭരിക്കുന്ന ത്രിപുര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകംതന്നെ കമ്പനിവല്‍ക്കരണം നടന്നുകഴിഞ്ഞിട്ടുണ്ട്‌. വൈദ്യുതി ബോര്‍ഡിനെ ഇപ്പോഴത്തെ നിലയില്‍ത്തന്നെ നിലനിര്‍ത്തുന്നതിനുള്ള അവകാശവും അധികാരവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നിരിക്കെ ബോര്‍ഡിന്റെ പുനഃസംഘടനയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെമേല്‍ കുറ്റം ചുമത്താനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം തീര്‍ത്തും പരിഹാസ്യമാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0