ഇടതുസര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെ തൊഴില്‍ മേഖല ഉണര്‍ന്നപ്പോള്‍
കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഇടതുമുന്നണി ദുര്‍ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ തൊഴില്‍-വ്യവസായ മേഖല പുനരുദ്ധരിക്കണമെന്നും വിവിധ വിഭാഗം തൊഴിലാളികളുടെ ജോലി സുരക്ഷയും വേതനവര്‍ദ്ധനവും ക്ഷേമാനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡു നിന്നാരംഭിച്ച തൊഴിലാളി മോചനയാത്ര ജില്ലകള്‍ പിന്നിടുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ പരിപാടികളായി തെറ്റിദ്ധരിപ്പിച്ച് കയ്യടി നേടാനുള്ള നീക്കങ്ങളെ തുറന്നുകാട്ടുകയാണ് ഈ യാത്രയുടെ മറ്റൊരു ലക്ഷ്യം.കേരളത്തിലെ സി.പി.എമ്മിന്റേയും .ഐ.ടി.യുവിന്റേയും തലമുതിര്‍ന്ന നേതാക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍, വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, സഹകരണ വകുപ്പുകള്‍ മന്ത്രിമാരുടെ പിടിപ്പുകേടും അഴിമതിയുംകൊണ്ട് കലുഷിതമായിരിക്കുകയാണ്. തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അടിയന്തര ആശ്വാസം കിട്ടേണ്ട ഭരണകൂടത്തിന്റെ അലസതയും കെടുകാര്യസ്ഥതയും തൊഴിലാളി സമൂഹത്തെ നിരന്തരസമരത്തിന്റെ വീഥിയിലേക്ക് തള്ളിവിട്ടിരിക്കുന്നു.
ഐ.എന്‍.ടി.യു.സി. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരപരിപാടികളുടെ തുടര്‍ച്ചയാണ് ഇരുപത്തിയഞ്ച് ആവശ്യങ്ങളുന്നയിച്ചുള്ള തൊഴിലാളി മോചനയാത്ര. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിച്ച് ജനദ്രോഹനയങ്ങളുമായി നീങ്ങുന്ന കേരള സര്‍ക്കാരിന് ഒരു മുന്നറിയിപ്പും താക്കീതും കൂടിയാണീ സമരജാഥ. ഓഗസ്റ്റ് 13ന് കാസര്‍ഗോഡു നിന്നു തുടങ്ങിയ വാഹനജാഥ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകള്‍ വിജയകരമായി പിന്നിട്ടു.
മലബാറിലെ കൈത്തറി, ഖാദി, കശുവണ്ടി, മത്സ്യതീരദേശ മേഖലകളിലെ പരമ്പരാഗത തൊഴിലാളിസമൂഹവും, ഏലം, തേയില, കാപ്പി, കുരുമുളക്, അടയ്ക്ക തുടങ്ങിയ കാര്‍ഷിക-നാണ്യവിള മേഖലയിലെ തൊഴിലാളികള്‍, ട്രക്കര്‍-ടെമ്പോ, ഓട്ടോ, ടാക്സി, മോട്ടോര്‍ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലേയും ചെറുതുംവലുതുമായ കമ്പനികളിലേയും ഫാക്ടറികളിലേയും തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ആവേശപൂര്‍വമായാണ് ജാഥയെ വരവേല്‍ക്കുന്നത്.
തൊഴിലാളികള്‍ തങ്ങളുടെ അദ്ധ്വാനഫലത്തിന്റെ ഒരു ഭാഗം മാറ്റിവച്ച് അതവര്‍ നോട്ടുമാലകളായും പണക്കിഴിയായും ജാഥാ ക്യാപ്റ്റന് സമ്മാനിക്കുന്നു.
ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് തെരഞ്ഞെടുപ്പിലവര്‍ക്ക് പിന്തുണ നല്‍കിയ തൊഴിലാളി സമൂഹം സി.ഐ.ടി.യുവിനെ കയ്യൊഴിയുന്ന കാഴ്ച പലയിടത്തും കാണാനായി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇന്ത്യയിലാദ്യമായി നടപ്പാക്കിത്തുടങ്ങിയ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നടന്ന തൊഴിലാളി മോചനയാത്രയുടെ സ്വീകരണ പൊതുയോഗം പലതുകൊണ്ടും ശ്രദ്ധേയമായി.
ദീര്‍ഘകാലമായി സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ദേവിയും ഇരുപത്തിയെട്ട് സ്ത്രീ തൊഴിലാളികളും സി.ഐ.ടി.യു വിട്ട് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നു.
ഭരണത്തിന്റെ പിന്തുണയും സംഘബലവും കയ്യൂക്കും തൊഴിലാളി വഞ്ചനയും വിലപ്പോകില്ലെന്ന ഉറപ്പും നിശ്ചയദാര്‍ഢ്യവും ഐ.എന്‍.ടി.യു.സിയുടെ പുതിയ കര്‍മ്മപരിപാടികളും ദേവിയേയും കൂട്ടരേയുംപോലെ നിരവധിപേരെ ഈ പതാകയില്‍ ആകൃഷ്ടരാക്കിയിട്ടുണ്ട്.ലക്ഷ്യബോധവും കാര്യശേഷിയുമില്ലാത്ത കേരള ഭരണം തൊഴിലാളികളേയും സാധാരണ ജനങ്ങളേയും കൈവിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി ജനകോടികളുടെ വിശ്വാസമാര്‍ജ്ജിച്ച് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ മുന്നേറുകയാണ്.കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു മുമ്പില്‍വച്ച പത്തു വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിന്റെ വിശദരൂപം (പ്രോഗ്രസ് റിപ്പോര്‍ട്ട്) ഈയിടെ ഒരു പ്രമുഖ ഭാഷാ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജനാധിപത്യ വിശ്വാസികളിലും രാജ്യസ്നേഹികളിലും തികഞ്ഞ അഭിമാനമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ ചുരുക്കരൂപം ചുവടെ:
* ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2008 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യമാകെ വ്യാപിപ്പിച്ചു.
* കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 25000 കോടി രൂപ ചിലവില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രഖ്യാപിക്കുകയും നടപ്പാക്കിത്തുടങ്ങുകയും ചെയ്തു.
* വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കല്‍-പുനരധിവാസനയം ഉള്‍ക്കൊള്ളുന്ന ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലുമാണ്.
* സെക്കണ്ടറി വിദ്യാഭ്യാസം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ഓരോ ബ്ലോക്കിലും ഓരോ മോഡല്‍ സ്കൂള്‍ എന്ന നിലയില്‍ രാജ്യത്താകമാനം 4000 മോഡല്‍ സ്കൂളുകള്‍ ആരംഭിക്കുന്നു.
* ഉന്നത വിദ്യാഭ്യാസരംഗത്ത് കുറഞ്ഞ പ്രവേശനം രേഖപ്പെടുത്തുന്ന 370 ജില്ലകളില്‍ പുതിയ കോളേജുകള്‍ കേന്ദ്രം ആരംഭിക്കുന്നു. ഇതിനായി മാനവശേഷി വികസന വകുപ്പ് വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
* 30 പുതിയ കേന്ദ്രസര്‍വ്വകലാശാലകള്‍ ആരംഭിക്കും. 16 കേന്ദ്രസര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള ബില്‍ തയ്യാറായി കഴിഞ്ഞു. ആഗോളനിലവാരത്തിലുള്ള മറ്റു 14 സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യുടെ കീഴില്‍ സമിതിയുണ്ടാക്കി.
* ആറു പുതിയ ഐ.ഐ.ടി.കളും ഐ.ഐ.എമ്മുകളും ഐ.ഐ.ഐ.ടികളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
* ഒരുകോടി യുവാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുക എന്നത് ലക്ഷ്യമിട്ട് 1500 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളും 50,000 പുതിയ സ്കില്‍ ഡവലപ്പ്മെന്റ് സെന്ററുകളും തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം ആസൂത്രണ കമ്മീഷന് സമര്‍പ്പിച്ചു.
* അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.
* ദാരിദ്യരേഖയ്ക്കു താഴെയുള്ള 65 വയസ്സു കഴിഞ്ഞവര്‍ക്ക് ഇന്ദിരാഗാന്ധി പെന്‍ഷന്‍ പദ്ധതി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ക്ക് അവശതാസഹായത്തിന് രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന ഇന്‍ഷ്വറന്‍സ് പരിപാടി നടപ്പാക്കി വരുന്നു.
പട്ടിണിയും ദാരിദ്ര്യവും വറുതിയും മാറാരോഗങ്ങളും കൈമുതലായുള്ള ദരിദ്ര നാരായണന്മാരുടെ മഹാരാജ്യത്തെ 60 സംവത്സരങ്ങള്‍കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് നയിക്കാനായത് കോണ്‍ഗ്രസിന്റെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളിലൂടെയാണ്. ആദ്യകാലങ്ങളില്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായിരുന്നു ഐ.എന്‍.ടി.യു.സിയുടേയും പ്രസിഡണ്ടുമാര്‍. രാജ്യപുരോഗതിക്ക് തൊഴിലാളികളുടെ പങ്കും ഐ.എന്‍.ടി.യു.സിയുടെ കാഴ്ചപ്പാടുകളും എന്നും പ്രസക്തമാണ്.
അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ഒരു സര്‍ക്കാരിനു നടപ്പാക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ മന്‍മോഹന്‍ സിങ്ങിനെ സി.പി.എമ്മും സി.ഐ.ടി.യുവും ഇടതുപക്ഷവും കണ്ണടച്ചാക്ഷേപിക്കുന്നത് രാജ്യദ്രോഹമല്ലാതെ മേറ്റ്ന്താണ്?നന്മയുടേയും പുരോഗതിയുടേയും വഴികളില്‍ അനാവശ്യസമരങ്ങളും പണിമുടക്കുകളും സൃഷ്ടിച്ച് രാഷ്ട്രത്തിന്റെ വളര്‍ച്ചയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളെ പുതിയ തലമുറ വേഗത്തില്‍ തിരിച്ചറിയും.
ഏറിയാല്‍ ചില്ലറ വര്‍ഷങ്ങള്‍ കൂടി മാത്രം നിലനില്‍പുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവസരവാദി- തീവ്രവാദി തര്‍ക്കങ്ങളില്‍പ്പെട്ട് ലക്ഷ്യബോധമില്ലാതെ ആടിയുലയുന്ന കാഴ്ചയാണ് നാം കാണുന്നത്.ഐ.എന്‍.ടി.യു.സി പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാരംഭിച്ചിരിക്കുന്ന തൊഴിലാളി മോചനയാത്രയും സമരപരിപാടികളും തൊഴിലാളി മുന്നേറ്റത്തിന് ശക്തിയും ചൈതന്യവും പകരുകയും ചെയ്യുമെന്ന് ഉറപ്പാണ്.
Rate this article



del.icio.us
Digg