Home | ലേഖനങ്ങള്‍ | ഗാന്ധിജി വായിച്ച കൃഷ്ണഗീതി

ഗാന്ധിജി വായിച്ച കൃഷ്ണഗീതി

Font size: Decrease font Enlarge font
image

ഒരു മനുഷ്യന്റെ എല്ലാ കഴിവുകളേയും പൂര്‍ണമായും പ്രകടമാക്കി സമൂഹമനസുകളില്‍ സുസ്ഥിരമായ സ്ഥാനം നേടിയ അവതാരപുരുഷനായിട്ടാണ്‌ ശ്രീകൃഷ്ണഭഗവാനെ ഭാരതീയ സംസ്കൃതി കാണുന്നത്‌. ഭാരതീയചിന്തകളുടെ എല്ലാ സാരാംശങ്ങളുടെയും ഉറവിടമാണ്‌ കൃഷ്ണകഥ. ഗീതോപദേശം നല്‍കുന്ന ശ്രീകൃഷ്ണനെ ആധുനിക ചിന്തകളുടെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ വ്യാഖ്യാനങ്ങളിലൂടെ ഒരു പുനര്‍വായന നടത്തിനോക്കാം.
പുരാണത്തിലെ ശ്രീകൃഷ്ണന്‍ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ്‌.

ഗോവര്‍ദ്ധനപര്‍വ്വതവും വിരജാനദിയും വൃന്ദാവനവും ഗോപസുന്ദരിമാരും ഗോവൃന്ദങ്ങളും കല്‍പവൃക്ഷങ്ങളും രാസമണ്ഡലങ്ങളിലും വിളങ്ങുന്ന ലോകത്തുനിന്ന്‌ ജീവിതാന്ത്യത്തില്‍ ദ്വാരകാധീശസ്ഥാനം കൈവെടിഞ്ഞ്‌ ജരന്‍ എന്ന വേടന്റെ അമ്പുകൊണ്ട്‌ സ്വര്‍ഗാരോഹണം നടന്നതുവരെ സംഭവബഹുലമാണ്‌ ആ ജീവിതം. നൂറ്‌ മനുഷ്യായുസുകളില്‍ ചെയ്യാന്‍ പറ്റാത്തത്ര കര്‍മ്മങ്ങളാണ്‌ ശ്രീകൃഷ്ണന്‍ കാട്ടിക്കൊടുത്തത്‌ എന്ന്‌ പുരാണങ്ങള്‍ പറയുന്നു. മഹാഭാരതത്തിലും, ഹരിവംശത്തിലും ഭാഗവതത്തിലും വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും തുടങ്ങി ഗര്‍ഗഭാഗവതത്തിലും ചിലപ്പതികാരത്തിലും സതിഗാഥയിലും പ്രത്യക്ഷപ്പെട്ട്‌ ജയദേവന്റെ ഗീതഗോവിന്ദത്തിലും ചൈതന്യമഹാപ്രഭുവിലും മാത്രമല്ല ലോകത്തിലെ മിക്ക ഭാഷകളിലും കവികളും വിവര്‍ത്തകരും തങ്ങളുടേതായ ഭാവനാവിലാസങ്ങള്‍ ചേര്‍ത്ത്‌ ഹിന്ദുമതത്തിന്റെ വേലിക്കെട്ടിന്റെ പുറത്തേക്ക്‌ ശ്രീകൃഷ്ണനെ എത്തിച്ചു.

കൃഷ്ണാ കള്‍ട്ട്‌ വികസിത രാജ്യങ്ങളിലെ യുവതലമുറയുടെ ശാന്തിതേടിയുള്ള യാത്രയിലെ ഒരു അത്താണിയായി മാറിക്കഴിഞ്ഞു. ഭഗവത്ഗീതയെ അടിസ്ഥാനമാക്കി ഉണ്ടായിട്ടുള്ള ചിന്തകളില്‍ ഏറ്റവും സരളവും അതേസമയം നമുക്ക്‌ ജീവിതത്തിന്റെ ഭാഗമാക്കാവുന്നതുമായ വ്യാഖ്യാനം ഗാന്ധിജിയുടേതാണ്‌.ചരിത്രത്തിലെ കൃഷ്ണനെയും ഭഗവത്ഗീതയിലെ കൃഷ്ണനെയും ഗാന്ധിജി കൂട്ടിക്കുഴച്ചില്ല. കുരുക്ഷേത്രത്തില്‍ പാണ്ഡവരും കൗരവരും നയിച്ചിരുന്ന പട യുദ്ധത്തിന്‌ തയ്യാറായി മുഖാമുഖം നില്‍ക്കുമ്പോള്‍ അര്‍ജ്ജുനന്റെ സാരഥിയായി രംഗത്തുവന്ന ശ്രീകൃഷ്ണന്‍ തന്റെ ബന്ധുജനങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ച അര്‍ജ്ജുനനോട്‌ ഉപദേശിക്കുന്ന തത്വങ്ങളായിട്ടാണ്‌ ഭഗവത്ഗീത അവതരിപ്പിച്ചിരിക്കുന്നത്‌.

ഗീതോപദേശത്തില്‍ കൃഷ്ണന്‍ ഹിംസയേയും അഹിംസയേയും വിശദീകരിക്കുകയല്ല ചെയ്തത്‌. പൊതുവില്‍ ഹിംസചെയ്യാന്‍ അര്‍ജ്ജുനന്‌ എതിര്‍പ്പില്ലായിരുന്നു. സ്വന്തം ബന്ധുക്കളെ കൊല്ലുന്നതിലേ അര്‍ജ്ജുനന്‍ വിമുഖത കാട്ടിയിരുന്നുള്ളൂ. കൃഷ്ണന്‍ ഉപദേശിച്ചത്‌ കര്‍ത്തവ്യം അനുഷ്ഠിക്കുന്ന ഏതൊരാളും ബന്ധുക്കളേയും അന്യരേയും വേര്‍തിരിച്ച്‌ കാണരുത്‌ എന്നാണ്‌. ഇതില്‍ ഏറ്റവും മൗലീകമായ ഒരു വസ്തുത കുരുക്ഷേത്രയുദ്ധത്തിന്റെ കാലഘട്ടത്തില്‍ ഒരാള്‍ യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന ചോദ്യം സമൂഹത്തിലെ ആരും പ്രത്യേകിച്ചും ഒരു ഉന്നതരും ചോദിച്ചിരുന്നില്ല എന്നതാണ്‌.
വളരെക്കാലത്തിനുശേഷം ആധുനീക കാലത്ത്‌ മാത്രമാണ്‌ യുദ്ധം ആവശ്യമാണ്‌ എന്ന ചിന്തപോലും സമൂഹത്തില്‍ ഉന്നയിക്കപ്പെടാന്‍ തുടങ്ങിയത്‌.

എന്നാല്‍ പണ്ട്‌ പൊതുവെ എല്ലാവരും അഹിംസയില്‍ വിശ്വാസമുള്ളവരായിരുന്നു എങ്കിലും എന്താണ്‌ ഹിംസ എന്താണ്‌ അഹിംസ എന്ന ചോദ്യം ഇന്നത്തെപ്പോലെ അന്നും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കാം. കാലത്തിന്റെ മാറ്റമനുസരിച്ച്‌ ഈ ചോദ്യത്തിന്റെ ഉത്തരവും മാറും എന്നുള്ളതിന്‌ ഒരു സംശയവുമില്ല. ഇന്ന്‌ നമ്മള്‍ അഹിംസാത്മകമെന്ന്‌ പരിഗണിക്കുന്ന പല കാര്യങ്ങളും ഭാവിയില്‍ ഒരുപക്ഷേ ഹിംസാത്മകമായി കരുതപ്പെട്ടേക്കാം. ഉദാഹരണത്തിന്‌ നമ്മള്‍ പാലുകുടിക്കുമ്പോഴും ധാന്യം ഭക്ഷിക്കുമ്പോഴും വാസ്തവത്തില്‍ ജീവനെ നശിപ്പിക്കുന്നുണ്ട്‌. അതുകൊണ്ട്‌ വരും തലമുറകള്‍ ഒരുപക്ഷേ പാലുല്‍പ്പാദനവും ധാന്യഉല്‍പ്പാദനവും വേണ്ടെന്നു വച്ചേക്കാം.

നമ്മള്‍ ഇപ്പോള്‍ പാല്‍കുടിക്കുമ്പോഴും ധാന്യം ഭക്ഷിക്കുമ്പോഴും മാംസം ഭക്ഷിക്കുമ്പോള്‍ പോലും അഹിംസ ആചരിക്കുന്നവരാണ്‌ എന്ന്‌ സ്വയം കരുതാറുണ്ടല്ലോ. അതുപോലെ അന്ന്‌ ആ കാലഘട്ടത്തില്‍ യുദ്ധംതന്നെ അഹിംസയ്ക്ക്‌ എതിരാണെന്ന്‌ ആരും കരുതാത്തത്ര സര്‍വ്വസാധാരണമായിരുന്നിരിക്കാം. ഗാന്ധിജിയുടെ വിശകലനത്തില്‍ ഭഗവത്ഗീതയില്‍ യുദ്ധം ഒരു ദൃഷ്ടാന്തമായിട്ടാണ്‌ എടുത്തത്‌. പക്ഷേ ഭഗവത്ഗീത സമഗ്രമായി പഠിക്കുകയും അതില്‍ പ്രതിപാദിക്കുന്ന സ്ഥിതപ്രജ്ഞന്‍, ബ്രഹ്മഭൂതന്‍, ഭക്തന്‍, യോഗി എന്നിവയുടെ വിവരണങ്ങള്‍ പരിശോധിക്കുകയും ചെയ്താല്‍ ഗീതയിലെ കൃഷ്ണന്‍ അഹിംസയുടെ അവതാരകനാണെന്ന നിഗമനത്തില്‍ നമുക്ക്‌ എത്തിച്ചേരാന്‍ കഴിയും.

യുദ്ധം ചെയ്യാന്‍ അദ്ദേഹം അര്‍ജ്ജുനനു നല്‍കുന്ന അനുശാസനം കൃഷ്ണന്റെ മഹത്വത്തിനെ ഒട്ടും കുറയ്ക്കുന്നില്ല. നേരെമറിച്ച്‌ വ്യത്യസ്തമായ മറ്റൊരു ഉപദേശമായിരുന്നു കൃഷ്ണന്‍ നല്‍കുന്നതെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ അറിവിന്റെ അപൂര്‍ണതയെ തെളിയിക്കുമായിരുന്നു.ഗാന്ധിജിയുടെ വിശകലനത്തില്‍ മനുഷ്യമനസ്സിലെ ഈശ്വരഭാവവും പൈശാചികഭാവവും തമ്മിലുള്ള ശാശ്വതമായ സംഘട്ടനത്തെ വിശദീകരിക്കുന്നതിന്‌; ഈ നന്മതിന്മകള്‍ക്ക്‌ മനുഷ്യരൂപം നല്‍കിയിരിക്കുകയാണ്‌ ഭഗവത്ഗീതയില്‍ പാണ്ഡവ കൗരവ രൂപങ്ങളിലൂടെ. കുരുക്ഷേത്രത്തില്‍വച്ച്‌ പാണ്ഡവരും കൗരവരും തമ്മില്‍ ഒരു യഥാര്‍ത്ഥയുദ്ധം ഉണ്ടായി എന്ന വിശ്വാസത്തെ ഗാന്ധിജി ഒരിക്കലും നിഷേധിച്ചില്ല.

പക്ഷേ അത്‌ മഹത്തായ തത്വചിന്തകള്‍ പ്രതിപാദിക്കാനുള്ള സന്ദര്‍ഭം കോര്‍ത്തിണക്കാനുള്ള ഒരു ചരടായി സ്വീകരിച്ചിരിക്കാം എന്നാണ്‌ അദ്ദേഹം കണ്ടത്‌.ഭഗവത്ഗീതയിലൂടെ ജ്ഞാനപ്രാപ്തി ഉണ്ടാകുമ്പോള്‍ നന്മയുടേയും തിന്മയുടേയും ഭാവങ്ങള്‍ അമര്‍ന്നുപോകുകയും ശുദ്ധബോധം മനുഷ്യനില്‍ അവശേഷിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ രാഷ്ട്രമീമാംസയോടുള്ള ചായ്‌വ്‌ ഗാന്ധിജിയ്ക്ക്‌ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നത്‌ ഇവിടെ വളരെ പ്രധാനമാണ്‌. ജീവിതത്തിന്റേതായ ഒന്നും മതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണ്‌ താന്‍ പോലും രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നത്‌ എന്ന്‌ അദ്ദേഹം കണ്ടു.

രാഷ്ട്രീയം ഇന്ത്യയുടെ അന്തഃസത്തയില്‍ എതാണ്ട്‌ എല്ലാ അംശത്തിലും സ്പര്‍ശിക്കുന്നുണ്ട്‌ എന്നതായിരുന്നു അതിന്റെ കാരണം.ഭഗവത്ഗീതയിലെ തത്വചിന്തകള്‍ സമൂഹത്തിന്‌ നല്‍കിയ കഥാപുരുഷനായിട്ടാണ്‌ ഇവിടെ ഗാന്ധിജി ശ്രീകൃഷ്ണ ഭഗവാനെ കണ്ടത്‌. ശ്രീകൃഷ്ണ ഭഗവാന്റെ സ്ഥാനം ഭാരതീയ ചിന്തകളില്‍ സഹസ്രാബ്ദങ്ങളായി ഉറച്ചുനില്‍ക്കുന്നതിന്റെ കാരണവും അതുതന്നെയാണ്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0