Home | ലേഖനങ്ങള്‍ | ഉലക്കകള്‍ ആയുധമാക്കി യാദവകുലം

ഉലക്കകള്‍ ആയുധമാക്കി യാദവകുലം

Font size: Decrease font Enlarge font
image

മുഖ്യമന്ത്രി പദത്തിലിരുന്ന്‌ ഇനിയൊരു ഓണമുണ്ണാനുള്ള സൗഭാഗ്യം വി എസ്‌ അച്യുതാനന്ദന്‌ ഉണ്ടാകുമോ എന്ന കാര്യമാണ്‌ കേരള രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുന്നത്‌. വി എസിനെ പടിയിറക്കാനുള്ള നീക്കത്തിന്റെ ഒരുക്കങ്ങള്‍ അത്രയും തകൃതിയിലാണ്‌ എ കെ ജി സെന്ററില്‍ നടക്കുന്നതെന്നാണ്‌ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. പിണറായി പക്ഷം മുഖ്യമന്ത്രി പദത്തില്‍ വി എസിന്‌ കുറിച്ചിട്ട ആയുസ്സ്‌ ഏറിയാല്‍ രണ്ടുവര്‍ഷമായിരുന്നു. ആ കാലാവധിയും കഴിഞ്ഞു പിന്നെ കാല്‍വര്‍ഷം പിന്നിട്ടപ്പോഴാണ്‌ ഒരു വട്ടം കൂടി ക്ഷമിക്കാന്‍ തയ്യാറല്ലാത്ത പിണറായി പക്ഷം അന്ത്യക്രിയക്ക്‌ അരങ്ങൊരുക്കുന്നത്‌.

അസാമാന്യനായ തന്ത്രശാലിയും മെയ്‌വഴക്കം വന്ന പോരാളിയുമായ വി എസിന്‌ എത്തിപ്പെട്ട സ്ഥാനങ്ങളുടെ അനുഭൂതി ആസ്വദിച്ച്‌ മാന്യമായി പിരിയാനുള്ള ഒരവസരം പാര്‍ട്ടി നല്‍കില്ലെന്നാണ്‌ കഴിഞ്ഞ രണ്ടാഴ്ചയായി സി പി എം രാഷ്ട്രീയത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ജനാധിപത്യവും രാഷ്ട്രീയ മാന്യതയും ആത്രയൊന്നും വേരുറച്ചിട്ടില്ലാത്ത പാക്കിസ്ഥാനില്‍ പോലും വിചാരണ കൂടാതെ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷ്‌റഫിന്‌ മാന്യമായി ഒഴിഞ്ഞു പോകാനുള്ള അവസരമാണ്‌ അവിടത്തെ ഭരണസഖ്യം നല്‍കിയിരിക്കുന്നത്‌. എണ്‍പത്‌ വയസ്സിലെ ജീവിത യാത്രയില്‍ ഏഴ്‌ പതിറ്റാണ്ടുകാലം പാര്‍ട്ടിക്കൊപ്പം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്ത വി എസ്‌ കരുണ അര്‍ഹിക്കാത്ത വിധം പുറത്ത്‌ പോകണമെന്നാണ്‌ പിണറായിയുടെ ശാഠ്യം.

രണ്ടു ശത്രുരാഷ്ട്രങ്ങളിലെ തലവന്‍മാര്‍ ഒരേ കൂടാരത്തില്‍ നിറച്ച തോക്കുമായി കഴിയുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി പി എമ്മില്‍. നേരിയ ഒരനക്കത്തിന്‌ പോലും വെടിയും മറുവെടിയും ഉതിര്‍ത്തുകൊണ്ടാണ്‌ പോളിറ്റ്ബ്യൂറോയുടെ വിസിലും ചാട്ടയും കൊണ്ട്‌ ഇവര്‍ കൂടാരം പങ്കിട്ടത്‌. പരസ്പരം കടിച്ചുകീറുന്ന ഇരു നേതാക്കളെയും കുറേക്കാലം പോളിറ്റി ബ്യൂറോയുടെ പുറത്ത്‌ മഞ്ഞും മഴയും വെയിലും നല്‍കി ശിക്ഷിച്ചെങ്കിലും 'ഞങ്ങളെ തല്ലണ്ട കാരാട്ടേ, ഞങ്ങള്‍ നന്നാവില്ലെന്നാണ്‌' ഇരുവരും പറയുന്നത്‌.

ആഗസ്റ്റ്‌ ഏഴിനും എട്ടിനും ചേര്‍ന്ന സംസ്ഥാന സമിതിയും ഭരണം നിയന്ത്രിക്കാന്‍ അവിടെ പണിതെടുത്ത നയരേഖയുമാകുന്നു ഏറ്റവും ഒടുവിലത്തെ യുദ്ധത്തിന്‌ സാഹചര്യമൊരുക്കിയത്‌. ഇതിനിടയില്‍ സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച്‌ തലം വരെ ചര്‍ച്ചയ്ക്ക്‌ വരുന്ന റിവ്യു റിപ്പോര്‍ട്ട്‌ എന്ന കുറ്റപത്രവും വഴക്കിന്റെ രൂക്ഷതയ്ക്ക്‌ കാരണമായി. റിവിഷനിസ്റ്റുകളെന്ന്‌ പിണറായി പക്ഷവും ത്രീവവാദികളെന്ന്‌ വി എസ്‌ പക്ഷവും വിഭജിക്കപ്പെട്ട സി പി എമ്മിലെ കുലനാമങ്ങള്‍ ഇരുപക്ഷവും യോഗ്യമാവും വിധം എടുത്തണിഞ്ഞു. റിവ്യു റിപ്പോര്‍ട്ടിംഗ്‌ എന്ന പേരിലുള്ള കുറ്റപത്രം വിഎസിന്റെ കണ്ഠം ഛേദിക്കാനുള്ള വാളായി പാര്‍ട്ടി നേതൃനിരയിലും അണികള്‍ക്കിടയിലും സഞ്ചരിക്കുകയാണ്‌.

വിപ്ലവം അതിന്റെ സന്തതികളെ ഭക്ഷിക്കുമെന്ന മാര്‍ക്സിസ്റ്റ്‌ ആചാര്യ വചനം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നടപ്പായി വന്നത്‌ നേതാക്കളെ പുറംതള്ളലിലൂടെയായിരുന്നു. 64ല്‍ രൂപീകൃതമായ സി പി എമ്മില്‍ നിന്നും നക്സല്‍ വാദികളെയായിരുന്നു ആദ്യം പുറത്താക്കിയത്‌. പി ഗംഗാധരന്‍, എ വി ആര്യന്‍, കോസല രാമദാസ്‌, കെ പി ആര്‍ ഗോപാലന്‍, ചാത്തുണ്ണി മാസ്റ്റര്‍, എം വി രാഘവന്‍, സി പി മൂസാന്‍കുട്ടി, പുത്തലത്ത്‌ നാരായണന്‍, കെ ആര്‍ ഗൗരിയമ്മ, വി വിശ്വനാഥമേനോന്‍ എണ്ണമറ്റ നേതാക്കളെ പലഘട്ടങ്ങളിലായി സി പി എം പുറത്താക്കി. നക്സല്‍ വാദികളുടെ വിഭാഗീയതക്ക്‌ ശേഷം സി പി എമ്മിലെ ഓരോ പുറത്താക്കലും വ്യക്തിപരമായ ശീതസമരങ്ങളുടെ ഫലമായിരുന്നു.

ഇ എം എസിന്റെ അപ്രമാദിത്വത്തോട്‌ സംഘടനാപരമായും ബൗദ്ധികമായും വിയോജിക്കുന്നവരെ നിര്‍ദ്ദയം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുക എന്നതായിരുന്നു പാര്‍ട്ടിയിലെ ദണ്ഡനീതി. ഇ എം എസ്‌ യുഗത്തിന്‌ ശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത വിഭാഗീയതക്ക്‌ നേരത്തെ ചുക്കാന്‍ പിടിച്ചത്‌ നായനാരും സി ഐ ടി യു വിഭാഗവുമായിരുന്നു. പാലക്കാട്‌ സമ്മേളനത്തില്‍ വിജയശ്രീലാളിതരായ സി ഐ ടി യു വിഭാഗം ഒടുവില്‍ തകരുകയും വി എസ്‌-പിണറായി എന്ന ശക്തി ദ്വയങ്ങള്‍ രൂപം കൊള്ളുകയുമായിരുന്നു.

വി എസ്‌-പിണറായി പിണക്കം കേവലം ഭരണക്കെറുവിന്റെ പേരില്‍ രൂപംകൊണ്ട വിഭാഗീയതയല്ല. വി എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ തന്നെ ഈ വൈരം ആരംഭിച്ചിരുന്നു. സ്ത്രീ പീഡന-പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സ്വന്തം പ്രതിഛായ വളര്‍ത്താന്‍ വി എസ്‌ ആരംഭിച്ച ഒറ്റയാന്‍ പോരാട്ടങ്ങള്‍ പാര്‍ട്ടിക്കും ഇടതു മുന്നണിക്കകത്തും ആലോസരങ്ങള്‍ സൃഷ്ടിച്ചു. വളര്‍ന്നു വരുന്ന വിഭാഗീയതയുടെ ഒരു പക്ഷത്ത്‌ പിണറായിയും മറുപക്ഷത്ത്‌ വി എസും അണിനിരന്നത്‌ പാര്‍ട്ടി രണ്ടായി പകുത്ത അവസ്ഥയുണ്ടാക്കി. മലപ്പുറം സമ്മേളനത്തോടുകൂടി വി എസ്‌ പക്ഷത്തിന്റെ മേല്‍ സമ്പൂര്‍ണ ആധിപത്യം നേടാനായ പിണറായിക്ക്‌ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

പാര്‍ട്ടി മാത്രമല്ല; വര്‍ഗ ബഹുജന സംഘടനകളും പിണറായിയുടെ പക്ഷക്കാരായി തീര്‍ന്നു. വിയോജിക്കുന്നവരെ സമ്പൂര്‍ണമായി ഉന്മൂലനം ചെയ്യുക വഴി സംഘടനാ തലത്തില്‍ വി എസ്‌ വല്ലാതെ ഒറ്റപ്പെടുകയായിരുന്നു. ഇതിനിടയില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ്‌ മത്സരിക്കേണ്ട എന്ന പോളിറ്റ്ബ്യൂറോ തീരുമാനമെടുത്തു. വികസന വിരുദ്ധനെന്നും ന്യൂനപക്ഷ വിരുദ്ധനെന്നും അധിക്ഷേപിക്കപ്പെടുന്ന വി എസ്‌ മത്സരിച്ചാല്‍ ഇടതു മുന്നണി തോല്‍ക്കുമെന്ന പിണറായി പക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പി ബിയുടെ ഈ തീരുമാനം.

പക്ഷെ; ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ വി എസ്‌ പരസ്യമായി പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്തു. നാടെങ്ങും വി എസിനു വേണ്ടി പ്രകടനങ്ങള്‍ നടന്നു. സി പി എമ്മിന്റെ സംസ്ഥാന ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിലേക്ക്‌ പോലും ചെങ്കൊടിയേന്തി യുവാക്കള്‍ ഇരച്ചു കയറി. ചരിത്രത്തിലാധ്യമായി കൈകൊണ്ട തീരുമാനം പിന്‍വലിച്ചുകൊണ്ട്‌ വി എസിന്‌ മത്സരിക്കാനുള്ള അനുമതി പി ബി നല്‍കി.
തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വരികയും മന്ത്രിസ്ഥാനങ്ങള്‍ പങ്കിടുകയും ചെയ്തെങ്കിലും ഭരണ വഴിയില്‍ തടസ്സവുമായി പിണറായി പിന്നെയും നിലകൊണ്ടു.

വഴക്കിന്റെയും വിഴുപ്പലക്കിന്റെയും നാളുകളുമായി മന്ത്രിസഭ 27 മാസങ്ങള്‍ പിന്നിട്ടപ്പോഴും ഒരു സ്മാര്‍ട്ട്‌ സിറ്റിയല്ലാതെ ഒരു നേട്ടവും സര്‍ക്കാരിന്‌ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഭരണ നിശ്ചലവും ഭരണകൂടം പ്രതിസന്ധിയിലുമായിരുന്നുവെങ്കിലും അഴിമതിക്ക്‌ ഒട്ടും കുറവുണ്ടായിരുന്നില്ല. ഭരിക്കാനറിയില്ല എന്ന്‌ പിണറായിയും ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന്‌ വി എസും പരസ്പരം പഴിചാരുമ്പോള്‍ വഞ്ചിക്കപ്പെട്ടത്‌ കേരളത്തിലെ പൊതുസമൂഹമായിരുന്നു.
ഭരണത്തിലേറുമ്പോള്‍ വി എസിനുണ്ടായ വീരപരാക്രമ ശീലവും സൂര്യപ്രഭയുമൊക്കെ അധികാരത്തിന്റെ ഇടനാഴികളില്‍ കോടമഞ്ഞേറ്റ്‌ തണുത്തുറഞ്ഞു പോവുകയായിരുന്നു.

യു ഡി എഫ്‌ ഭരണകാലത്ത്‌ എന്തിനെയൊക്കെ വി എസ്‌ എതിര്‍ത്തുവോ അതൊക്കെ തന്റെ ഭരണത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറിയപ്പോള്‍ അദ്ദേഹം അവസരവാദത്തിന്റെ മണലില്‍ തലപൂഴ്ത്തിയ ഒട്ടകപക്ഷിയാവുകയായിരുന്നു. ഭൂ മാഫിയകളും കെട്ടിട നിര്‍മാണ മാഫിയകളും കേരളത്തെ പകുത്തെടുക്കുമ്പോള്‍ അതിന്റെ ദല്ലാള്‍ പണം പറ്റുന്ന പിണറായി പക്ഷത്തിന്‌ മുമ്പില്‍ വി എസ്‌ മൂകനായി നിന്നു.
പെരുകിവന്ന പെണ്‍പീഡന കഥകള്‍ കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മാവിലായിക്കാരനായി മാറുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളില്‍ പതിനായിരക്കണക്കിന്‌ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കാകുലരായി നെട്ടോട്ടമോടുമ്പോള്‍ മന്ത്രിയുടെ ഭ്രാന്തന്‍ നയങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കെല്‍പില്ലാത്തവിധം മുഖ്യമന്ത്രി കീഴടങ്ങുകയായിരുന്നു.

മൈക്കിന്‌ മുമ്പിലും മാധ്യമങ്ങള്‍ക്ക്‌ മുമ്പിലും മാത്രം വായതുറക്കുന്ന വി എസ്‌ തന്റെ ഭരണത്തെ വിലയിരുത്തുന്ന പാര്‍ട്ടി യോഗത്തില്‍ നിന്ന്‌ പോലും വിട്ടുനിന്നു. തന്റെ പ്രതിഛായക്ക്‌ മങ്ങലേല്‍ക്കുമ്പോള്‍ മാത്രം പ്രവര്‍ത്തന നിരതമാകുന്ന വി എസിന്റെ ധാര്‍മിക മൂല്യങ്ങളെ കുറിച്ച്‌ ഒരു പുനര്‍വായന കേരളത്തിലെ പൊതുസമൂഹം നടത്തി കഴിഞ്ഞിരിക്കുന്നു. കേരളത്തെ പകുത്ത്‌ വില്‍ക്കാന്‍ അച്ചാരം വാങ്ങിയ പിണറായിപക്ഷവും അതിന്‌ മുമ്പില്‍ കണ്ണടച്ച്‌ നില്‍ക്കുന്ന വി എസ്‌ പക്ഷവും ഇത്തരം പാപങ്ങളില്‍ തുല്യപങ്കാളികളാണ്‌. വി എസ്‌ തുടര്‍ന്നാലും വി എസിനെ മാറ്റി പകരക്കാരന്‍ വന്നാലും കേരളത്തിന്റെ പൊതുഅവസ്ഥകള്‍ക്ക്‌ ഒട്ടും മാറ്റമുണ്ടാവില്ല.

പഴയ വീഞ്ഞു പുതിയ കുപ്പികളിലെത്തുന്ന മാറ്റം മാത്രമേ അതിനുണ്ടുവുകയുള്ളു. സെസിന്റെ മറവില്‍ വായില്‍ കപ്പലോട്ടാനുള്ള വെള്ളവുമായി കഴിയുന്ന പിണറായി പക്ഷത്തിന്റെ അധികാരാരോഹണത്തോടെ അഴിമതി വന്‍കാടുകളായി പടരും.
അഴിമതിയും സുഖലോലുപതയും തല മുതല്‍ പാദം വരെ വളര്‍ന്നു കഴിഞ്ഞ സി പി എം രാഷ്ട്രീയം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌ 90കളുടെ ആരംഭത്തിലെ സോവിയറ്റ്‌ യൂണിയനെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയുമാണ്‌. കമ്യൂണിസം സ്മാരക ശിലകളായി മാറിയ ആ ശ്മശാന ഭൂമികളെ കേരളത്തിലേക്ക്‌ ആനയിക്കുകയാണ്‌ പിണറായിയും വി എസും. സെസും നയരേഖയും റിവ്യു റിപ്പോര്‍ട്ടുമെല്ലാം ഉലക്കകളായി തീരുകയും സി പി എം എന്ന യാദവ കുലത്തിന്റെ ഒടുക്കത്തെ ആയുധങ്ങളായി അത്‌ മാറുകയും ചെയ്യുന്ന ദുരന്തപര്‍വത്തിനാണ്‌ കേരളം ഇപ്പോള്‍ കണ്ണുനട്ടും കാതോര്‍ത്തുമിരിക്കുന്നത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0