കണ്ണീര്‍പ്പുഴ ഇനി ഒഴുകാതിരിക്കട്ടെ!
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ഓമനപ്പുത്രന്റെ മൃതദേഹത്തിനരികിലെത്താന്‍ കണ്ണീര്‍പ്പുഴ ഒഴുക്കിയ ഒരമ്മയുടെ വേദന കേരളം ഏറ്റുവാങ്ങിയ ദിവസമായിരുന്നു ബുധനാഴ്ച. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ നിസ്സഹായയായിരുന്നു പൊട്ടിക്കരഞ്ഞ കോട്ടയം സ്വദേശിയായ ആ അമ്മ കേരളത്തിന്റെ ദുരന്തമാണ്. മകന്റെ മരണവാര്‍ത്തയറിഞ്ഞ് എട്ടു മണിക്കൂര്‍ കൊണ്ടാണ് റോഡിയയ്ക്ക് പിഞ്ചുമകന്‍ റോണലിന്റെ മൃതദേഹത്തിനരികില്‍ എത്താനായത്.
അതേസമയം കണ്ണൂരില്‍ ട്രാക്കില്‍ കുത്തിയിരുന്നു പണിമുടക്കനുകൂലികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ശിവകുമാര്‍ എന്ന 30 കാരന്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലിരുന്നു കരയുകയായിരുന്നു. സത്യ എന്ന യുവതിയുമായുള്ള തന്റെ വിവാഹനിശ്ചയത്തിനു ചെന്നൈയില്‍ വ്യാഴാഴ്ച എത്തേണ്ടിയിരുന്ന ശിവകുമാറിന്റെ വിവാഹസ്വപ്നങ്ങളാണ് യാത്രമുടങ്ങിയതിനെ തുടര്‍ന്ന് വീണുടഞ്ഞത്.ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത അനേകായിരങ്ങളുടെ കണ്ണീര്‍ വേറെയുമുണ്ട്. ഇനിയൊരാള്‍ക്കും ഈ ഗതി വരരുത് എന്നതുകൊണ്ടാണ് അങ്ങേക്ക് ഞാനീ കത്തെഴുതുന്നത്.
കേരളത്തില്‍ ഇന്നലെ സംഭവിച്ചത് എന്താണെന്ന് ആദ്യം നോക്കാം. പണിമുടക്കെന്ന് ആഹ്വാനം ചെയ്തിട്ട് സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെയും സംരക്ഷണത്തോടെയും അത് ബന്ദായി മാറുകയായിരുന്നു. വ്യാപകമായ ആക്രമണമാണ് അരങ്ങുതകര്‍ത്തത്. പൊലീസ് നോക്കിനില്‍ക്കുമ്പോഴാണ് സാമൂഹ്യ വിരുദ്ധരെപ്പോലെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു . ടൂവീലര്‍കാരെപ്പോലും ബലം പ്രയോഗിച്ചു തടഞ്ഞു. കടകമ്പോളങ്ങള്‍ അടപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് നിരത്തിലിറങ്ങാന്‍ അനുവദിച്ചില്ല.
ട്രെയിനുകള്‍ വ്യാപകമായി തടഞ്ഞു. 22 ട്രെയിനുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. നിരത്തില്‍ നിന്ന് വാഹനങ്ങളെ ഭീഷണിപ്പെടുത്തി മാറ്റിയതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനിനെയാണ് ആശ്രയിച്ചത്. ട്രെയിന്‍ യാത്രക്കാര്‍ ഇതുപോലെ നരകിച്ച മറ്റൊരു ദിവസമില്ല. ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുന്നവരെ പൊലീസ് നീക്കംചെയ്യുകയാണ് പതിവെങ്കിലും ഇത്തവണ അതുണ്ടായില്ല. യാത്രക്കാര്‍ കുടിവെള്ളംപോലും കിട്ടാതെ വലഞ്ഞു. ഓട്ടോറിക്ഷകളെ നിരത്തിലിറങ്ങാന്‍ അനുവദിച്ചില്ല.
ജനങ്ങളെ പരമാവധി ദ്രോഹിക്കാന്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ മത്സരിച്ചു. സര്‍ക്കാര്‍ അതിനു താളമിട്ടു. സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് നോക്കിനിന്നു.പൊലീസിന്റെ സംരക്ഷണം ലഭിച്ചത് അവര്‍ക്കാണ്. യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ഡി.ജി.പിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ മൊബെയില്‍ നമ്പരുകള്‍ പൊതുജനങ്ങള്‍ക്കു നല്‍കിയിരുന്നു. ഇത്തവണ അതുണ്ടായില്ല.ജനങ്ങളെ സഹായിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. സാധാരണ ഗതിയിലുള്ള ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായില്ല. ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിയില്ല. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാന്‍പോലും തുനിഞ്ഞില്ല.തുറന്നവ ഉടനടി അടയ്ക്കപ്പെട്ടു.
1993 ല്‍ ആരംഭിച്ച ടെക്നോപാര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി അവിടം സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനു പൊലീസിന്റെ ഒത്താശ തേടി. സംരക്ഷണം കൊടുക്കേണ്ട പൊലീസ് ഭീഷണിപ്പെടുത്തിയാണ് ടെക്നോപാര്‍ക്ക് സ്തംഭിപ്പിക്കാന്‍ നോക്കിയത്. കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിലൂടെ ഒരുതലമുറയുടെ മുഴുവന്‍ അവസരങ്ങള്‍ തുലച്ച ഇടതുപക്ഷം കേരളത്തില്‍ പിച്ചവയ്ക്കാന്‍ തുടങ്ങുന്ന ഐടിമേഖലയെ പിച്ചിച്ചീന്താന്‍ ശ്രമിക്കുകയാണ്. മൂവാറ്റുപുഴയിലെ കിന്‍ഫ്ര പാര്‍ക്കും അടയ്ക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള കിന്‍ഫ്ര പാര്‍ക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുകയാണ് പതിവ്. ഒറ്റ ദിവസം കൊണ്ട് ഉല്‍പാദനത്തിലും വരുമാനത്തിലും 700 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായി എന്നാണ് കണക്ക്.
പണിമുടക്കുമൂലം കുടിവെള്ളവും വൈദ്യുതിയും വ്യാപകമായി മുടങ്ങി. നാട് ഇരുട്ടില്‍ത്തപ്പി. വീടുകളില്‍പ്പോലും കുടിനീര്‍ കിട്ടാതെ വന്നു. മെഡിക്കല്‍ കോളെജുകളുടെയും സര്‍ക്കാര്‍ ആശുപത്രികളുടേയും പ്രവര്‍ത്തനം താറുമാറായി. രോഗികള്‍ക്ക് ഭക്ഷണം വരെ നിഷേധിക്കപ്പെട്ടു. ആംബുലന്‍സുകള്‍ തടഞ്ഞു. കോഴിക്കോട് നടുവണ്ണൂര്‍ തൃക്കുറ്റിശേരി ഗവ.യു.പി.എസിലെ നാല് അധ്യാപകരെ ഡി.വൈ.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടിയിടുകയും അവരെ തുറന്നുവിട്ടാല്‍ കൈവെട്ടുമെന്നു കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ചതോറും നടക്കാറുള്ള മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. മന്ത്രിമാരാരും ഓഫീസില്‍ ഹാജരായില്ല. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ വെറും സമരക്കാരായി തരംതാഴ്‌ന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായി ആക്രമണം ഉണ്ടായി. സര്‍ക്കാരും പൊലീസും ഭയന്നതു മീഡിയയെ മാത്രമായിരുന്നു. അവരെക്കൂടി നിശബ്ദമാക്കാനാണ് ശ്രമിച്ചത്. കേന്ദ്രവിരുദ്ധ സമരമായിരുന്നെങ്കിലും കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഹാജര്‍നില രേഖപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ചെലവില്‍ കേന്ദ്രവിരുദ്ധ സമരം നടത്തുകയായിരുന്നെന്നു വ്യക്തം. കേന്ദ്രവിരുദ്ധ സമരം അക്ഷരാര്‍ത്ഥത്തില്‍ ജനവിരുദ്ധസമരമാകുകയും ചെയ്തു.
ഭരണമല്ല, സമരമാണ് തങ്ങള്‍ക്ക് അനുയോജ്യമെന്ന് ഇടതുപക്ഷം ഒരിക്കല്‍ക്കൂടി ജനങ്ങളെ ബോധ്യപ്പെടുത്തി.കേരളത്തിലൊരു ഈച്ചപോലും അനങ്ങാത്ത അവസ്ഥയുണ്ടാക്കിയപ്പോള്‍, തിരുവനന്തപുരത്ത് ദേശാഭിമാനിക്കും കൈരളിക്കും നിര്‍മിക്കുന്ന പടുകൂറ്റന്‍മന്ദിരങ്ങളുടെ നിര്‍മ്മാണം യാതൊരു വിഘ്നവും കൂടാതെ നടന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. 18 കോടി രൂപ ചെലവഴിച്ച് 60 സെന്റ് ഭൂമിയില്‍ നിര്‍മിക്കുന്ന കൈരളിയുടെ ആറുനില മന്ദിരത്തിന്റെ നിര്‍മാണം അഭംഗുരം നടന്നപ്പോള്‍ കേരളത്തില്‍ മറ്റൊരിടത്തും ചെറുവിരല്‍ അനക്കാന്‍ പോലും ആരെയും അനുവദിച്ചിരുന്നില്ല.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റത്തിനു ശേഷം 175 ഹര്‍ത്താലുകളും പണിമുടക്കുകളുമാണ് നമ്മുടെ നാട്ടില്‍ നടന്നത്.
ഇതില്‍ 13 ഹര്‍ത്താലുകള്‍ സംസ്ഥാന വ്യാപകമായി നടത്തിയതാണ്. ഇതില്‍ എഴെണ്ണം ഇടതുപക്ഷവും അഞ്ചെണ്ണം ബിജെപിയും ഒരെണ്ണം യുഡിഎഫും നടത്തിയതാണ്. വിലക്കയറ്റം താങ്ങാനാവാതെ വരുകയും സര്‍ക്കാര്‍ നിഷ്ക്രിയമായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് യുഡിഎഫ് ഒരേയൊരു ഹര്‍ത്താല്‍ നടത്തിയത്. ചിക്കുന്‍ഗുനിയ മൂലം ജനം നരകിച്ചപ്പോള്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും അത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നു കണ്ടതിനെതുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പ്രതിപക്ഷത്തിരുന്ന് സര്‍ക്കാരിനെ അടിക്കാനുള്ള ഏറ്റവും ശക്തമായ വടിയായിട്ടാണ് ഹര്‍ത്താലിനെ സാധാരണഗതിയില്‍ ഉപയോഗിക്കാറുള്ളത്.
എന്നാല്‍ പ്രഹരമേല്‍ക്കുന്നതു ജനത്തിനാണെന്നു ബോധ്യമുള്ളതിനാല്‍ യു.ഡി.എഫ് ഈ വടി ഉപയോഗിക്കുക വളരെ അപൂര്‍വമായാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം 22 സംസ്ഥാന ഹര്‍ത്താലാണ് നടത്തിയത്.ജനാധിപത്യ വ്യവസ്ഥയില്‍ വിയോജിപ്പ് അറിയിക്കാനും പ്രതിഷേധം പ്രടിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും അതു സര്‍ക്കാരിന്റെ സംരക്ഷണത്തോടെ ഹര്‍ത്താലും ബന്ദുമാക്കി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനോട് ഒട്ടും യോജിക്കാന്‍ വയ്യ. ഹര്‍ത്താല്‍ ദിനങ്ങളില്‍ ജനങ്ങളുടെ ഭയമകറ്റാന്‍ പൊലീസും ഭരണകൂടവും നടപടികള്‍ കൈക്കൊള്ളണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്.
ഹര്‍ത്താലുകള്‍ സര്‍ക്കാര്‍ ഈവിധം കൈകാര്യം ചെയ്താല്‍ ദൈവത്തിനുപോലും ഈ നാടിനെ രക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതിക്കു പറയേണ്ടി വന്നു. ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമുള്ള ആരുടെയും കണ്ണുതുറപ്പിക്കേണ്ടവയാണ് കോടതിവിധികളും നമ്മുടെ ചുറ്റും ഒഴുകിയിറങ്ങുന്ന കണ്ണീര്‍ത്തുള്ളികളുമെന്ന് അങ്ങയെ ഓര്‍മപ്പെടുത്താന്‍ ഞാനീ അവസരം വിനിയോഗിക്കട്ടെ!
വിശ്വാസപൂര്‍വം
ഉമ്മന്‍ ചാണ്ടി



del.icio.us
Digg