Home | കേരളം | ഫസല്‍ വധം: സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ശരിവച്ചു

ഫസല്‍ വധം: സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ശരിവച്ചു

Font size: Decrease font Enlarge font

കൊച്ചി: തലശേരിയിലെ എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഫസല്‍ കൊല്ലപ്പെട്ട കേസ്‌ സി.ബി.ഐ അന്വേഷിക്കാനുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ശരിവച്ചു. എന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ കേന്ദ്ര ഇടപെടലാണ്‌ പരിഹാരമെന്ന്‌ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍ ദത്ത്‌ ജസ്റ്റിസ്‌ എ.കെ ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌ നീക്കി.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഡിവിഷന്‍ബഞ്ച്‌ നല്‍കിയിട്ടുണ്ട്‌. കണ്ണൂരില്‍ ക്രമസമാധാന പാലനത്തിന്‌ കേന്ദ്രസേനയെ നിയോഗിക്കാമെന്നും ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കാമെന്നും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയരംഗത്ത്‌ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സിംഗിള്‍ ബഞ്ച്‌ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ്‌ ഡിവിഷന്‍ ബഞ്ചിന്റെ വിധി.2006 ഒക്ടോബര്‍ 26-ന്‌ പുലര്‍ച്ചെ തലശേരി ടെമ്പിള്‍ റോഡിലുള്ള ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനു സമീപത്താണ്‌ തേജസ്‌ പത്രം ഏജന്റായിരുന്ന മുഹമ്മദ്‌ ഫസലിനെ വെട്ടേറ്റ്‌ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. പോലീസ്‌ പെട്രോളിംഗ്‌ സംഘം ഫസലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗ്ഗമദ്ധ്യേ മരണം സംഭവിച്ചു. അനേകം കേസുകളില്‍ പ്രതികളായ സുനില്‍കുമാര്‍, ബ്രിജേഷ്‌, ജിതേഷ്‌ എന്നിവരെയാണ്‌ പോലീസ്‌ ഈ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്‌.

തലശേരിയിലെ മുസ്ലീം യുവാക്കളെ എന്‍.ഡി.എഫില്‍ ചേര്‍ത്തിരുന്ന മുഹമ്മദ്‌ ഫസലിനോട്‌ സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക്‌ വിരോധം ഉണ്ടായിരുന്നു. കേസന്വേഷണ ഡയറി പരിശോധിച്ചതില്‍നിന്ന്‌ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ തക്കവിധമുള്ള ബുദ്ധിപരമായ അന്വേഷണം നടത്താന്‍ പോലീസ്‌ നടത്തിയിട്ടില്ലെന്ന്‌ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 11ന്‌ ഉണ്ടായ സിംഗിള്‍ ബഞ്ച്‌ വിധിയില്‍ പറഞ്ഞിരുന്നു. മുഹമ്മദ്‌ ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്‌.പി കെ രാധാകൃഷ്ണനെ വ്യഭിചാരകേസില്‍ പ്രതിചേര്‍ത്ത പോലീസ്‌ നടപടിയും ഹൈക്കോടതി പിന്നീട്‌ റദ്ദാക്കി.

ഫസല്‍ വധക്കേസില്‍ സ്വാധീനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതിരുന്നതിനാലാണ്‌ തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന വാദത്തില്‍ കഴമ്പുണ്ടെന്നായിരുന്നു കോടതിയുടെ നിഗമനം.
സിംഗിള്‍ ബഞ്ച്‌ വിധിയെതുടര്‍ന്ന്‌ കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ആരെയും പ്രതിചേര്‍ക്കാതെ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഫസലിന്റെ വിധവ മറിയം സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ്‌ ഹൈക്കോടതി കേസ്‌ സി.ബി.ഐ ഏല്‍പ്പിച്ചത്‌. 

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0