Home | കേരളം | അഭയകേസ്‌ അന്വേഷണം വീണ്ടും സി ബി ഐയുടെ കേരള ഘടകത്തിന്‌

അഭയകേസ്‌ അന്വേഷണം വീണ്ടും സി ബി ഐയുടെ കേരള ഘടകത്തിന്‌

Font size: Decrease font Enlarge font
image

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ അന്വേഷണചുമതലയില്‍ നിന്ന്‌ സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനെ ഹൈക്കോടതി മാറ്റി. കേസിലെ തുടര്‍ന്നുള്ള അന്വേഷണം സി.ബി.ഐയുടെ കേരളാ ഘടകം നടത്താന്‍ ജസ്റ്റിസ്‌ വി. രാംകുമാര്‍ ഉത്തരവായി.
തുടരന്വേഷണത്തിന്‌ സത്യസന്ധതയും ആര്‍ജവവും തെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി അന്വേഷണം നിരീക്ഷിക്കും. ശരിയായ ദിശയിലല്ല അന്വേഷണം മുന്നോട്ടു നീങ്ങുന്നതെന്ന്‌ സംശയം തോന്നിയാല്‍ അതേപ്പറ്റി മജിസ്ട്രേറ്റിന്‌ ഹൈക്കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കാം. ഇത്തരം റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ അന്വേഷണ ചുമതലയില്‍ നിന്ന്‌ സി.ബി.ഐയെ ഒഴിവാക്കി പകരം കേരളപോലീസിലെ മികച്ച ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ സംശയിക്കുന്ന രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്ക്ക്‌ വിധേയരാക്കിയതിന്റെ സിഡിയുടെ കാര്യത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച സി.ബി.ഐ ഡല്‍ഹി യൂണിറ്റിലെ ഡി.വൈ.എസ്‌.പി ആര്‍.കെ അഗര്‍വാളിനെതിരെ നടപടിയുണ്ടാകുമെന്ന്‌ കോടതി ഉത്തരവില്‍ പറഞ്ഞു. സത്യം പുറമേ കൊണ്ടുവരുന്നതിന്‌ കോടതി ഉന്നയിച്ച ചോദ്യാവലിക്ക്‌ ഉദാസീനമായ ഭീതിയില്‍ മറുപടി നല്‍കിയതിന്‌ അഗര്‍വാളിനെ കോടതി ശാസിച്ചു.
നാര്‍ക്കോ പരിശോധനയുടെ ഒരു സി ഡി മാത്രമേയുള്ളുവെന്ന്‌ സി.ബി.ഐ വാദം കോടതി നിരാകരിച്ചു. ഐ.ടി വിദഗ്ധരുടെ സഹായത്തോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി.

അതേസമയം സിഡിയില്‍ കൃത്രിമം നടത്തിയെന്ന്‌ ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബോറട്ടറി അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ. എസ്‌. മാലിനിയാണെന്ന സി.ബി.ഐയുടെ ആരോപണം ക്രൂരവും അധാര്‍മ്മികവുമാണെന്ന്‌ കോടതി വിലയിരുത്തി. മൂന്ന്‌ സിഡികള്‍ 2007 ഒക്ടോബര്‍ 24ന്‌ സി.ബി.ഐ ഇന്‍സ്പെക്ടര്‍ ലാല്‍മോഹന്‍ ചൗധരിക്ക്‌ കൈമാറിയതിന്‌ രേഖാമൂലം തെളിവുകളുണ്ട്‌. മൂന്ന്‌ നാര്‍ക്കോ പരിശോധന റിപ്പോര്‍ട്ടിന്റെ അന്ത്യത്തിലും അതിന്റെ സിഡി അയയ്ക്കുന്നതായി സൂചിപ്പിച്ചിട്ടുണ്ട്‌. സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ ലഭ്യമല്ലാത്തത്‌ നാര്‍ക്കോ പരിശോധനയുടെ ഏറ്റവും പ്രസക്തമായ ഭാഗമാണെന്നും കോടതി പറഞ്ഞു.

ഫോറന്‍സിക്‌ ലാബോറട്ടറിയില്‍ നിന്ന്‌ നേരിട്ട്‌ ലഭിച്ച സിഡികളിലും നാര്‍ക്കോ പരിശോധന റിപ്പോര്‍ട്ടിലും ഒരേ കാര്യങ്ങള്‍ തന്നെയാണ്‌ ഉള്ളത്‌. എന്നാല്‍ സിഡിയെപ്പറ്റി ഓഗസ്റ്റ്‌ അഞ്ചിന്‌ കോടതി ഉന്നയിച്ച ചോദ്യാവലിക്ക്‌ പരിശോധനയുടെ എല്ലാ വിവരങ്ങളും സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ ഡി.വൈ.എസ്‌.പി. മറുപടി നല്‍കിയിരുന്നത്‌. എന്നാല്‍ ലാബില്‍ നിന്ന്‌ ലഭിച്ച സിഡിയുടെ എഡിറ്റു ചെയ്ത പകര്‍പ്പാണ്‌ കോടതിയില്‍ ഹാജരാക്കിയതെന്ന്‌ ഡി.വൈ.എസ്‌.പി കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എസ്‌.പി തെറ്റായ വിവരങ്ങളാണ്‌ കോടതിയ്ക്ക്‌ നല്‍കിയതെന്ന്‌ നാര്‍ക്കോ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍തന്നെ വ്യക്തമാകും.അഞ്ചുമാസം മുമ്പാണ്‌ നാര്‍ക്കോ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ മുദ്രവച്ച കവറില്‍ ഇതേ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കിയത്‌. അക്കാര്യം മറന്നാണ്‌ നാര്‍ക്കോ പരിശോധനയുടെ കുറേ ഭാഗങ്ങള്‍ മാത്രമുള്ള സിഡി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയതെന്ന്‌ വ്യക്തമാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0