അഭയകേസ്: സത്യം കുഴിച്ചുമൂടാന്‍ അദൃശ്യ കരം പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: അഭയകേസില്‍ സത്യം കുഴിച്ചുമൂടാന്‍ ഏതോ അദൃശ്യകരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ അഭിപ്രായപ്പെട്ടു. അഭയ കേസന്വേഷണത്തില്‍ അകത്തുനിന്നോ പുറത്തുനിന്നോ സമ്മര്‍ദ്ദങ്ങളില്ലെന്ന ഡി.വൈ.എസ്.പി കെ.ആര്‍ അഗര്‍വാളിന്റെ മൊഴി വിശ്വസിക്കാനാവാത്തതാണ്.
അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ നടന്ന തിരിമറിയും തന്റെ മനസാക്ഷിക്ക് നിരക്കാത്തവിധം പ്രവര്‍ത്തിക്കേണ്ട അവസ്ഥ കേസിലുണ്ടായിട്ടുണ്ടെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടവയാണ്. ഈ സംഭവഗതികളുടെ പശ്ചാത്തലത്തില്‍ വേണം കേസിലെ അപൂര്‍ണ്ണ സിഡി സി.ബി.ഐ ഹാജരാക്കിയതു വിലയിരുത്താനെന്നും കോടതി പറഞ്ഞു.നാര്‍ക്കോ പരിശോധനയ്ക്ക് ആ രംഗത്തെ ഏറ്റവും വൈദഗ്ധ്യം ഉള്ളയാളുടെ സേവനം പ്രയോജനപ്പെടുത്തിയില്ലെന്നാണ് അഭയയുടെ നിസ്സഹനായ പിതാവിന്റെ ആരോപണം. കേസില്‍ ആരോപണവിധേയനായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ അഡീ. എസ്. ഐ. പി.വി. അഗസ്റ്റിന്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയതും അവഗണിക്കാവുന്ന കാര്യമല്ല.
കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആന്തരികമോ ബാഹ്യമോ ആയ സമ്മര്‍ദ്ദങ്ങള്‍ക്ക് ബോധപൂര്‍വ്വമായോ അല്ലെങ്കില്‍ നിസ്സഹായരായോ വഴങ്ങേണ്ട അവസ്ഥയുണ്ടെന്നാണ് ഇതില്‍ നിന്നെല്ലാം പ്രകടമാകുന്നത്. ഏതായാലും തങ്ങളുടെ മനസാക്ഷിയെ പണയപ്പെടുത്തി പ്രവര്‍ത്തിക്കേണ്ട സ്ഥിതി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് പരിഗണിക്കപ്പെട്ടിരുന്ന കുറ്റാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്നത് നാണക്കേടാണെന്ന് കോടതി പറഞ്ഞു.അതേസമയം നാര്‍ക്കോ പരിശോധനയുടെ ശരിയായ വിവരങ്ങള്‍ കോടതിക്ക് ലഭ്യമാക്കിയതിന് ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി സൈക്കോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. മാലിനി, ഡോ. ബി.എം മോഹന്‍ എന്നിവരെ കോടതി അഭിനന്ദിച്ചു.
പോലീസ് സംവിധാനത്തിന്റെ കീഴിലായിരുന്നിട്ടും സത്യസന്ധമായി വസ്തുതകള്‍ കോടതിയെ അറിയിക്കുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ ആര്‍ജ്ജവം കാട്ടിയതായി കോടതി പറഞ്ഞു. അഭിനന്ദനം ഇരുവരെയും നേരിട്ടറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.നാര്‍ക്കോ പരിശോധനയുടെ വെളിച്ചത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് ഐക്കര കുന്നേല്‍ എം തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോട്ടയത്തു നടന്ന കൊലപാതകത്തെപ്പറ്റി മലയാള ഭാഷ അറിയാത്ത സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് കേസിന്റെ തുടരന്വേഷണം സി.ബി.ഐയുടെ കേരളഘടകം നടത്താന്‍ നിര്‍ദ്ദേശിക്കവേ കോടതി പറഞ്ഞു.
Rate this article



del.icio.us
Digg