Home | കേരളം | വിസ്മയ പാര്‍ക്ക്‌: പഠിക്കാതെയാണോ ഉദ്ഘാടനത്തിന്‌ സമ്മതിച്ചത്‌?-ഉമ്മന്‍ചാണ്ടി

വിസ്മയ പാര്‍ക്ക്‌: പഠിക്കാതെയാണോ ഉദ്ഘാടനത്തിന്‌ സമ്മതിച്ചത്‌?-ഉമ്മന്‍ചാണ്ടി

Font size: Decrease font Enlarge font
image

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം പാര്‍ക്ക്‌ സ്ഥാപിച്ചതു സംബന്ധിച്ച്‌ പഠിച്ച ശേഷം മറുപടി പറയാമെന്ന്‌ പറയുന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, നേരത്തെ ഇതിന്റെ ഉദ്ഘാടനത്തിന്‌ സമ്മതിച്ചത്‌ പഠിക്കാതെയാണോയെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ചോദിച്ചു.ഇപ്പോള്‍ പഠിച്ചിട്ട്‌ പ്രതികരിക്കാമെന്ന്‌ പറയുന്ന മുഖ്യമന്ത്രി ഉദ്ഘാടനത്തിന്‌ പോകാന്‍ തീരുമാനിക്കും മുമ്പ്‌ വിഷയത്തെക്കുറിച്ച്‌ പഠിക്കാന്‍ തയാറാകണമായിരുന്നു. ഉദ്ഘാടന ദിവസം അസുഖം ബാധിച്ച്‌ ആശുപത്രിയിലായതിനെ തുടര്‍ന്നാണ്‌ അച്യുതാനന്ദന്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്‌.

ആദായമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ തിരക്കുകൂട്ടുന്ന സിപിഎം ഇനിയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാവപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നും പിരിവു നടത്തുമെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യക്തികളെ നികൃഷ്ട ജീവി, വെറുക്കപ്പെട്ടവന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ട്‌ വിശേഷിപ്പിക്കുന്നത്‌ പൊതു പ്രവര്‍ത്തകര്‍ക്ക്‌ ചേര്‍ന്നതല്ലെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫാരിസ്‌ അബൂബക്കര്‍ വെറുക്കപ്പെട്ടവനാണെന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങറയില്‍ ഭൂമിക്കായി സമരം നടത്തുന്നവരെ തൊഴിലാളികളെ കൊണ്ട്‌ അടിച്ചമര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുന്നതിനോട്‌ യോജിപ്പില്ല.

എന്നാല്‍ സമരം നടത്തുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക്‌ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. എസ്റ്റേറ്റ്‌ ഉടമ എത്ര ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നത്‌ അളന്ന്‌ തിട്ടപ്പെടുത്തണം. അധിക ഭൂമിയില്ലെന്ന്‌ ബോധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം കണ്ടെത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു. ഭക്ഷണവും ചികിത്സയുമില്ലാതെ ദുരിതപൂര്‍ണമായിരിക്കുകയാണ്‌ ചെങ്ങറയില്‍ സമരം നടത്തുന്നവരുടെ സ്ഥിതി. പാട്ടക്കാലാവധി കഴിഞ്ഞ പല തോട്ടങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ല. ഇതിനായി സമഗ്രമായ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തണം. കോടികളുടെ തട്ടിപ്പ്‌ നടത്തിയ തലസ്ഥാനത്തെ ഫോര്‍ യു എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി നിക്ഷേപകര്‍ക്ക്‌ പണം തിരിച്ചു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പട്ടു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0