സെസും കീറാമുട്ടിയാകുന്നു
സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം വേണമെന്ന് സി പി ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പുമായി മുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷിയായ സി.പി.ഐ രംഗത്ത്. സംസ്ഥാനത്ത് സെസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ കാനം രാജേന്ദ്രനെ അധ്യക്ഷനാക്കി സി.പി.ഐ നിയോഗിച്ച സമിതി വിഷയത്തില്‍ പാര്‍ട്ടിയുടെ മൊത്തത്തിലുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടിന് രൂപം നല്‍കി. സെസിന്റെ കാര്യത്തില്‍ സി.പി.എം ഔദ്യോഗിക പക്ഷം പുലര്‍ത്തുന്ന നയസമീപനങ്ങള്‍ക്ക് കടകവിരുദ്ധമായി സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ ആരംഭിച്ച സി.പി.ഐ നേതൃയോഗത്തില്‍ അവതരിപ്പിച്ചു. മുന്നണിയില്‍ കടുത്ത ആശയ സംഘര്‍ഷത്തിന് വഴിവെയ്ക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളോട് സംസ്ഥാന സമിതി ഏകകണ്ഠമായാണ് യോജിപ്പ് പ്രകടിപ്പിച്ചത്.തോന്നിയതുപോലെ സെസ് അനുവദിക്കാന്‍ പാടില്ല എന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇത് ശരിക്കും സി.പി.എം ഔദ്യോഗിക പക്ഷത്തിന് മുഖമടച്ചുള്ള മറുപടിയാണ്. ഇതോടെ പ്രത്യേക സാമ്പത്തിക മേഖല കേരളത്തിലെ ഇടതുമുന്നണിക്ക് അടുത്ത കീറാമുട്ടിയായി. സെസ് അനുവദിക്കാനുള്ള സി.പി.എം നീക്കതിനെതിരെ ഇടതു കക്ഷികള്‍ ഓരോന്നായി രംഗത്തെത്തിയതോടെ ഇതുസംബന്ധിച്ച തീരുമാനം നീളുമെന്നും ഉറപ്പായി.
സര്‍ക്കാരിന് പൂര്‍ണനിയന്ത്രണം നല്‍കി കൊണ്ട് മാത്രമേ സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റേതുപോലെ ക്രിയാത്മകമായ നിയമത്തിന് രൂപം നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സ്മാര്‍ട്ട് സിറ്റിക്കും മറ്റു നാല് ഐ.ടി സംരംഭങ്ങള്‍ക്കും ഇതിനകം തന്നെ സെസ് പദവി ലഭിച്ചശേഷമാണു സെസ് കേരളത്തില്‍ വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച പോരും ചര്‍ച്ചയും തുടങ്ങുന്നത് എന്നതാണ് ഇതിലെ വൈരുധ്യം. ഇക്കാര്യത്തില്‍ തിരക്കിട്ടുള്ള നടപടി വേണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള ആവശ്യത്തിലാണ് ആര്‍.എസ്.പിയും ജനതാദളും ഉറച്ചുനില്‍ക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷവും രണ്ടു നിലപാടെടുത്തതിനെ തുടര്‍ന്നാണു സി.പി.എം തീരുമാനം നീണ്ടത്. ഒടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവും പിന്നീട് സംസ്ഥാന കമ്മറ്റിയും അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കാമെന്നു തീരുമാനിച്ചതോടെ എതിര്‍പ്പുമായി ഘടകകക്ഷികള്‍ രംഗത്തെത്തി. മുന്നണിയോഗം ആദ്യം വിഷയം പരിഗണിക്കുകയും പാര്‍ട്ടികള്‍ക്ക് അഭിപ്രായം സ്വരൂപിക്കാന്‍ സമയം അനുവദിക്കുകയും ചെയ്യുക എന്ന പ്രക്രിയ സി.പി.എം നേരത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ, അനിശ്ചതത്വം ഒഴിവാക്കാമായിരുന്നു.
സെസ് പദവി ലഭിക്കുന്ന സ്ഥാപനങ്ങള്‍ പ്രയത്നത്തിന്റെ ഓഹരി (സ്വെറ്റ് ഇക്വിറ്റി) സംസ്ഥാന സര്‍ക്കാരിനു നല്‍കണമെന്നാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉറച്ച നിലപാട്. ബംഗാളില്‍ ഇങ്ങനെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതു കപ്പം വാങ്ങുന്നതിനു സമമാണെന്നും അതു സംരംഭകരെ നിരുത്സാഹപ്പെടുത്തുകയേയുള്ളൂവെന്നും ഔദ്യോഗികപക്ഷം വിശ്വസിക്കുന്നു. ബംഗാള്‍ സര്‍ക്കാര്‍ ഈ നിബന്ധന വച്ചിട്ടില്ലെന്നാണ് അവരുടെ കണ്ടെത്തല്‍. ഈ ഭിന്നത പിന്നീട് ചര്‍ച്ചചെയ്ത് തീര്‍ക്കാമെന്ന ധാരണയിലാണ് അപേക്ഷകള്‍ കേന്ദ്രബോര്‍ഡിന് അയക്കാനുള്ള അനുമതി പാര്‍ട്ടി ജനറല്‍ സെക്രട്ടറി നല്‍കിയത്.
സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വന്നശേഷവും തന്റെ വിയോജിപ്പുകള്‍ രേഖാമൂലവും അല്ലാതെയും വി.എസ് വീണ്ടും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഈ വേളയിലാണ് അദ്ദേഹത്തിന്റെ നിലപാടിനു കരുത്തു പകര്‍ന്നുകൊണ്ട് സി.പി.ഐയും ആര്‍.എസ്.പിയും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കേരളം മാത്രമായി സെസ് പദവിയില്‍ നിന്നു മാറുന്നത് സംസ്ഥാന താല്‍പര്യത്തിനു ഗുണകരമല്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇവര്‍ക്കുള്ള മറുപടിയുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചുരുക്കത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ് ഉടലെടുത്തിരിക്കുന്ന പുതിയ കോലാഹലം ഇടതുമുന്നണിക്ക് ശരിക്കും കീറാമുട്ടിയായിരിക്കുകയാണ്.
Rate this article



del.icio.us
Digg