Home | കേരളം | മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാന്‍ സംഘചേതനയുടെ 'കനല്‍പ്പാത'

മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാന്‍ സംഘചേതനയുടെ 'കനല്‍പ്പാത'

Font size: Decrease font Enlarge font
image സംഘചേതനയുടെ കനല്‍പ്പാത നാടകത്തില്‍ നിന്ന്‌

കണ്ണൂര്‍: ഇടതുസര്‍ക്കാരിനെതിരേ രണ്ടാം വിമോചനസമരത്തിനൊരുങ്ങുകയാണ്‌ മതന്യൂനപക്ഷ വിഭാഗങ്ങളെന്ന്‌ മുന്‍കൂട്ടി വിധിയെഴുതി അവരെ നാടകത്തിലൂടെ ആക്ഷേപിക്കാന്‍ സി പി എമ്മിന്റെ പദ്ധതി. സി പി എം നിയന്ത്രണത്തിലുള്ള നാടകസംഘമായ കണ്ണൂര്‍ സംഘചേതനയാണ്‌ കനല്‍പ്പാത എന്ന നാടകത്തിലൂടെ മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാനൊരുങ്ങുന്നത്‌.കമ്യൂണിസ്റ്റ്‌ ഭരണത്തിനെതിരായി ഉയര്‍ന്ന ജനരോഷം കേരളത്തിലുടനീളം അലയടിച്ചതിന്റെ വിഹ്വലതകള്‍ വിട്ടുമാറാതെ ഒരു കെട്ടുകഥയുണ്ടാക്കി അതിന്‌ യാഥാര്‍ത്ഥ്യത്തിന്റെ പരിവേഷം നല്‍കുകയാണ്‌ ഇതിന്റെ അണിയറക്കാര്‍. വിമോചനസമരകാലത്ത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അരങ്ങുകള്‍ക്കു വേണ്ടി നാടകം കളിച്ച്‌ മതാധികാരികളുടെ ഗുണ്ടകള്‍ അക്രമിച്ച്‌ കാല്‍ നഷ്ടപ്പെടുത്തിയ കരുണനാശാനെ മുഖ്യകഥാപാത്രമാക്കിയാണ്‌ മതന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി ശബ്ദമുയര്‍ത്തുന്ന പ്രസ്ഥാനങ്ങളെ ആക്ഷേപിക്കാന്‍ നാടകം മുതിരുന്നത്‌.

കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ പ്രചരണാര്‍ത്ഥം കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കപ്പെട്ട നാടകങ്ങളെയൊക്കെ കോര്‍ത്തിണക്കുമ്പോള്‍ കരുണനാശാന്‍ എന്ന ഇല്ലാത്ത കഥാപാത്രം തികച്ചും തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്‌. യഥാര്‍ത്ഥ സംഭവങ്ങളെയും കെട്ടുകഥകളെയും സമന്വയിപ്പിച്ചാണ്‌ ഇടതുസര്‍ക്കാരിനെതിരേ ആരും രണ്ടാമതൊരു വിമോചനസമരം നടത്തേണ്ടെന്ന താക്കീത്‌ നാടകം നല്‍കുന്നത്‌. മതമേലധ്യക്ഷന്മാരെയും സമുദായനേതാക്കളെയുമൊക്കെ അവഹേളിക്കുകയെന്ന അജണ്ടയോടെ നാടകം അവതരിപ്പിക്കാനാണ്‌ പരിപാടി.
സുരേഷ്‌ ബാബു ശ്രീസ്ഥ രചിച്ച്‌ ഡോ ഷിബു എസ്‌ കൊട്ടാരം സംവിധാനം ചെയ്ത നാടകത്തിന്റെ അരങ്ങേറ്റം ആറിന്‌ വൈകുന്നേരം 6.30ന്‌ കണ്ണൂര്‍ ദിനേശ്‌ ഓഡിറ്റോറിയത്തിലാണ്‌ നടക്കുകയെന്ന്‌ എം വി ജയരാജന്‍, സുരേഷ്ബാബു ശ്രീസ്ഥ,വി പുരുഷോത്തമന്‍, മുരളി കാടാച്ചിറ, വേണുമാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0