Home | കേരളം | ശബരിമല മണ്ഡലപൂജ: ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമല മണ്ഡലപൂജ: ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി

Font size: Decrease font Enlarge font
image

കൊച്ചി: ഈ വര്‍ഷത്തെ ശബരിമല മണ്ഡലപൂജ മകരവിളക്ക്‌ ഉത്സവങ്ങളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി റിട്ട. ജഡ്ജിയും ദേവസ്വം ഓംബുഡ്സ്മാനും ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കഴിഞ്ഞ സീസണില്‍ ഭക്തജനങ്ങള്‍ക്ക്‌ വേണ്ടത്ര അളവില്‍ അരവണ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ. ഗുപ്തന്‍ നമ്പൂതിരി അംഗങ്ങളായ പി. നാരായണന്‍, പി.കെ. സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോട്ടയം സ്വദേശി ജയപ്രകാശ്‌ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമുണ്ട്‌.

ബോര്‍ഡ്‌ ഭാരവാഹികളുടെ ദുര്‍ഭരണം കാരണം വഴിപാട്‌, കാണിക്കയിനങ്ങളില്‍ ദേവസ്വംബോര്‍ഡിന്‌ ലഭിക്കേണ്ട വരുമാനം നഷ്ടമായിട്ടുണ്ട്‌. ഇതു സര്‍ചാര്‍ജ്ജായി ബോര്‍ഡ്‌ ഭാരവാഹികളില്‍ നിന്ന്‌ ഈടാക്കാന്‍ നടപടി വേണം-ഹര്‍ജിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ പി.ആര്‍. രാമന്‍, ടി.ആര്‍. രാമചന്ദ്രന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ പ്രാരംഭവാദം കേട്ടശേഷം ഹര്‍ജി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മറുപടിക്ക്‌ മാറ്റിയത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0