Home | കേരളം | വിവാദ പാഠപുസ്തകം: കെ പി സി സി നേതൃത്വം ഗവര്‍ണറെ കണ്ടു

വിവാദ പാഠപുസ്തകം: കെ പി സി സി നേതൃത്വം ഗവര്‍ണറെ കണ്ടു

Font size: Decrease font Enlarge font
image

തിരുവനന്തപുരം: വിവാദ പാഠപുസ്തകം സംബന്ധിച്ച്‌ കെ പി സി സി പ്രതിനിധിസംഘം ഗവര്‍ണറെകണ്ടു.കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്‌ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷത്തിന്റെ കടമയായതിനാലാണ്‌ ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സന്ദര്‍ശനശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌ എന്നീ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ കെ എന്‍ പണിക്കര്‍ കമ്മിറ്റിയും കെ പി സി സി നിയോഗിച്ച ഡോക്ടര്‍ എം ജി എസ്‌ നാരായണ്‍ കമ്മിറ്റിയും ശരിവച്ചു.

പാഠപുസ്തകങ്ങളില്‍ ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന്‌ രണ്ട്‌ കമ്മിറ്റികളും കണ്ടെത്തിയിട്ടും സര്‍ക്കാര്‍ അത്‌ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.ഏഴാം ക്ലാസിലെ മാറ്റംവരുത്തിയ പാഠപുസ്തകം ഉള്‍പ്പെടുത്തിയ മലയാളം സാമൂഹ്യപാഠ പുസ്തകവും പൂര്‍ണമായി പിന്‍വലിച്ച ഏഴാം ക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്തകവും ഇതുവരേയും സ്കൂളുകളില്‍ എത്തിച്ചിട്ടില്ല. ഇത്‌ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്‌. ഈ അധ്യയന വര്‍ഷം വിവാദ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയവരെതന്നെ അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ നിയോഗിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാഠപുസ്തകം സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ അറിയിച്ചിരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ്‌ ഈ വിഷയം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.പാഠപുസ്തകം എങ്ങനെ തയ്യാറാക്കണം എന്നുള്ള മാര്‍ഗനിര്‍ദ്ദേശം അടങ്ങുന്ന കെ പി സി സി തയ്യാറാക്കിയ ഒരു ഗവേഷണഗ്രന്ഥം നാളെ പ്രതിപക്ഷനേതാവ്‌ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസരംഗം, സ്വാശ്രയ വിദ്യാഭ്യാസരംഗം, ഉന്നത വിദ്യാഭ്യാസരംഗം എന്നിവ താറുമാറാക്കിയ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പ്ലസ്‌വണ്‍ ഏകജാലക പ്രവേശനവും പരാജയപ്പെട്ടിരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി പോലും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ പലതവണ വിമര്‍ശിച്ചിരിക്കുന്നു.വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ അജണ്ടകളാണ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല തകരുവാന്‍ കാരണമായതെന്ന്‌ അദ്ദേഹം പറഞ്ഞു.യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍, കെ പി സി സി വൈസ്‌ പ്രസിഡന്റുമാരായ തലേക്കുന്നില്‍ ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പീതാംബരക്കുറുപ്പ്‌ എന്നിവരും കെ പി സി സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഒപ്പം ഗവര്‍ണറെ സന്ദര്‍ശിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0