സൈനുദ്ദീന്‍ കൊലക്കേസ്: അന്വേഷണം സി ബി ഐക്ക്
കൊച്ചി: ഇരിട്ടിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ജനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്കു വിട്ടു. നിയമവാഴ്ച ഉറപ്പാക്കാനും നീതിനിര്‍വ്വഹണ സംവിധാനം അട്ടിമറിക്കപ്പെടാതിരിക്കാനും കേസില്‍ നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ കുപ്രസിദ്ധമാണ്. എന്നാല്‍ പൊതുരംഗത്ത് സംശുദ്ധമായ പ്രതിഛായ അവകാശപ്പെടുന്നവര്‍പോലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നീതിപൂര്‍വ്വകമായ അന്വേഷണത്തിന് മുറവിളി ഇല്ലാത്ത അവസ്ഥയാണ്. ആസൂത്രിതമായാണ് സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കാത്തത് സംശയകരമാണ്. ഇക്കാര്യത്തില്‍ സാമാന്യ ബുദ്ധിയുള്ള സാധാരണക്കാര്‍ക്ക് തോന്നുന്ന സംശയം പോലും കേസന്വേഷകര്‍ക്ക് തോന്നാതിരുന്നത് അതിശയകരമാണെന്നും കോടതി പറഞ്ഞു.
കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന ധാരണ നിയമവാഴ്ച ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്. അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ ഉണ്ടാകുന്ന മുഖം മിനുക്കല്‍ നടപടികള്‍ അപര്യാപ്തമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ക്രിമിനല്‍ നീതി നിര്‍വ്വഹണ ഏജന്‍സികള്‍ക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും. കോടതി ഓര്‍മ്മിപ്പിച്ചു. കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ കുന്നുമ്മല്‍ വീട്ടില്‍ നാസര്‍, വി ബിനീഷ്, കെ.പി ബൈജു, എന്‍ നിഖില്‍ എന്നിവരെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഡി.വൈ.എസ്.പി ഇ.പി ഷൗക്കത്തലി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുരളീധരന്‍നായര്‍ എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതായി പ്രതികള്‍ മജിസ്ട്രേറ്റിനോടോ, പരിശോധിച്ച ഡോക്ടറോടോ പരാതിപ്പെട്ടിരുന്നില്ല. ജയില്‍ ഡോക്ടര്‍ വൈകി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത് ദുരൂഹവും സംശയം ജനിപ്പിക്കുന്നതുമാണ്.
സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ നിഗമനങ്ങള്‍ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അംഗീകരിക്കാത്തതും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.എന്നാല്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുന്നത് സി.ബി.ഐയുടെ നടപടികള്‍ അതേപടി അംഗീകരിക്കുന്നതു കൊണ്ടല്ലെന്നു കോടതി വ്യക്തമാക്കി. സ്വതന്ത്രമായ കുറ്റാന്വേഷണത്തിന് മറ്റ് ഏജന്‍സികള്‍ ഇല്ലാത്തതിനാല്‍ കേസ് സി.ബി.ഐക്ക് വിടുകമാത്രമാണ് പോംവഴിയായുള്ളൂ.കഴിഞ്ഞ ജൂണ്‍ 23ന് ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. കക്കയങ്ങാട്ട് സലാല ചിക്കന്‍ സെന്ററിനു സമീപം സൈനുദ്ദീന്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സൈനുദ്ദീന്റെ മാതാവ് വിളക്കോട് ജൂനിയില്‍ സുബൈടയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംഭവത്തിന് തൊട്ടുമുമ്പ് സി.പി.എം ഏരിയാകമ്മറ്റി ഓഫീസില്‍ യോഗം നടന്നതായും സംഭവസ്ഥലത്തിന് 100 മീറ്റര്‍ മാത്രം അകലെയാണ് ഏരിയാകമ്മറ്റി ഓഫീസെന്നും ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. സണ്ണി മാത്യു ബോധിപ്പിച്ചു. യോഗത്തില്‍ ഏരിയാ സെക്രട്ടറി പങ്കെടുത്തിരുന്നു. എന്നാല്‍ ഗൂഡാലോചനയെപ്പറ്റി അന്വേഷണം നടന്നിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മറ്റ് ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറേണ്ട ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. വേണമെങ്കില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാമെന്നും അഡീ. പ്രോസിക്യൂട്ടര്‍ പി. എന്‍. സുകുമാരന്‍ പറഞ്ഞു. ഈ വാദം കോടതി നിരാകരിക്കുകയാണുണ്ടായത്.
Rate this article



del.icio.us
Digg