Home | കേരളം | ചെങ്ങറ സമരം നീണ്ടുപോകുന്നത്‌ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലം: ഉമ്മന്‍ ചാണ്ടി

ചെങ്ങറ സമരം നീണ്ടുപോകുന്നത്‌ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലം: ഉമ്മന്‍ ചാണ്ടി

Font size: Decrease font Enlarge font
image

ഒരു സമരത്തെ മറ്റൊരു സമരം കൊണ്ട്‌ അടിച്ചമര്‍ത്തുന്നത്‌ അംഗീകരിക്കാനാകില്ല

തിരുവനന്തപുരം: ചെങ്ങറ ഭൂസമരം നീണ്ടുപോകുന്നത്‌ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.ചെങ്ങറ ഭൂ സമരം ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ചെങ്ങറ ഭൂ സമരം ഐക്യദാര്‍ഢ്യ സമിതി സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിയ 24 മണിക്കൂര്‍ നീണ്ടുനിന്ന കൂട്ട സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിക്കുവേണ്ടി സമരം നടത്തുന്നവരും തൊഴിലാളികളുമായി ഏറ്റുമുട്ടലുണ്ടാക്കാന്‍ പാടില്ലാത്തതാണ്‌. അതിന്‌ കളമൊരുക്കിയത്‌ സര്‍ക്കാരിന്റെ നയവൈകല്യവും പിടിപ്പുകേടും കൊണ്ടാണ്‌. ഇത്‌ ഇത്രത്തോളം വഷളാകാതെ സര്‍ക്കാര്‍ ഇടപെട്ട്‌ പരിഹരിക്കണമായിരുന്നു. ഒരു സമരത്തെ മറ്റൊരു സമരം കൊണ്ട്‌ അടിച്ചമര്‍ത്തുന്നത്‌ അംഗീകരിക്കാനാകില്ല. തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടാതെ സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചാല്‍ അതിന്‌ യു.ഡി.എഫിന്റെ പിന്തുണയുണ്ടാകും.

ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതിന്‌ എ.കെ ആന്റണി സര്‍ക്കാരാണ്‌ മുന്‍കൈയെടുത്തത്‌. പക്ഷേ തുടര്‍ നടപടിയുണ്ടായില്ല. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റ്‌ ഇതര വിഭാഗത്തിലെ ഭൂരഹിതര്‍ക്കും മുന്‍ഗണന നല്‍കി പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കണം. കെ.ഡി.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി. രാമഭദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. രാമന്‍പിള്ള, സി.പി ജോണ്‍, കെ.അംബുജാക്ഷന്‍, ശ്രീരാമന്‍ കൊയ്യോന്‍, കെ.എം സലിം കുമാര്‍ അബ്ദുള്‍ മജീദ്‌ ഫൈസി, മുവാറ്റുപുഴ അഷറഫ്‌ മൗലവി സീറ്റാദാസന്‍, പി.പി സന്തോഷ്‌, വിളയോളി വേണുഗോപാല്‍, വി.സി രാജപ്പന്‍, സി. ഭാസ്കരന്‍, എം. ബിനാന്‍സ്‌, ഡി. ദേവപ്രസാദ്‌, മണ്‍വിള രാധാകൃഷ്ണന്‍, എന്‍. കൃഷ്ണന്‍, എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0