Home | കേരളം | ആത്മഹത്യയ്ക്ക്‌ ശ്രമിച്ച പോളി വിദ്യാര്‍ഥിനി ആശുപത്രിയില്‍

ആത്മഹത്യയ്ക്ക്‌ ശ്രമിച്ച പോളി വിദ്യാര്‍ഥിനി ആശുപത്രിയില്‍

Font size: Decrease font Enlarge font
image

എസ്‌ എഫ്‌ ഐ നേതാവിന്റെ പീഡനം

തൊടുപുഴ: എസ്‌.എഫ്‌.ഐ നേതാവിന്റെ റാഗിംഗിനും ആക്രമണത്തിനും വിധേയയായി പോളിടെക്നിക്‌ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ നേതാവിനെതിരെ പൊലിസ്‌ കേസെടുത്തു.മുട്ടം പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ എസ്‌.എഫ്‌.ഐ ഭാരവാഹിയും മുന്‍ മാഗസിന്‍ എഡിറ്ററുമായ യു.അഭിലാഷിനെതിരെയാണ്‌ കേസെടുത്തത്‌. കായംകുളം സ്വദേശിയായ അഭിലാഷ്‌ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്‌.

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വിദ്യാര്‍ഥിനി അപകടഘട്ടം തരണം ചെയ്തു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ്‌ രേഖാമൂലം നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ എന്‍. ലത ഇന്നലെ കാഞ്ഞാര്‍ പൊലിസിന്‌ കൈമാറിയതിനെ തുടര്‍ന്നാണ്‌ കേസെടുത്തത്‌.നെടുമ്പ്രം സ്വദേശിയായ വിദ്യാര്‍ഥിനിയെ ക്ലാസ്‌ ആരംഭിച്ച കഴിഞ്ഞ 21ന്‌ അഭിലാഷ്‌ 15 മിനിറ്റോളം ക്ലാസ്‌ മുറിയില്‍ എഴുനേല്‍പ്പിച്ച്‌ നിര്‍ത്തിയിരുന്നതായി പെണ്‍കുട്ടി പൊലിസിന്‌ മൊഴിനല്‍കി. പിന്നീട്‌ നിരന്തരം ശല്യപ്പെടുത്തിയ അഭിലാഷ്‌ 28ന്‌ പോളിടെക്നിക്‌ വര്‍ക്ക്ഷോപ്പിന്‌ സമീപത്തുവച്ച്‌ പെണ്‍കുട്ടിയുടെ ചുണ്ട്‌ കടിച്ചുമുറിച്ചു.

പ്രണയാഭ്യര്‍ത്ഥന നടത്തിയ അഭിലാഷ്‌, തന്റെ ഇംഗിതത്തിന്‌ വഴങ്ങിയില്ലെങ്കില്‍ ആത്മഹത്യയ്ക്കൊരുങ്ങിക്കൊള്ളാന്‍ പറയുകയും പെണ്‍കുട്ടിയുടെ കയ്യില്‍ ഉറക്കഗുളികകള്‍ നല്‍കുകയും ചെയ്തു. പീഡനത്തില്‍ മനംനൊന്ത വിദ്യാര്‍ഥിനി അന്നുതന്നെ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.മറ്റ്‌ പല പെണ്‍കുട്ടികളോടും അഭിലാഷ്‌ അപമര്യാദയായി പെരുമാറിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ നാണക്കേടും ഭയവുംമൂലം സംഭവം പുറത്തുപറയാന്‍ പലരും മടിച്ചു. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക്‌ ശ്രമിച്ച സംഭവം പുറത്തായതോടെ മുഖംരക്ഷിക്കാന്‍ എസ്‌.എഫ്‌.ഐ കപടപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. സ്വഭാവ ദൂഷ്യംമൂലം രണ്ട്‌ മാസം മുമ്പേ അഭിലാഷിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നെന്നു പറഞ്ഞ്‌ തടിതപ്പാനാണ്‌ എസ്‌.എഫ്‌.ഐ നേതൃത്വം ശ്രമിക്കുന്നത്‌.

എന്നാല്‍ പോളി തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍ അഭിലാഷ്‌ തന്നെയായിരുന്നു.കേസെടുത്തതിനെ തുടര്‍ന്ന്‌ അഭിലാഷ്‌ ഒളിവില്‍ പോയതായാണ്‌ പൊലിസ്‌ പറയുന്നത്‌. എന്നാല്‍ എസ്‌.എഫ്‌.ഐ നേതാക്കളുടെ സംരക്ഷണയിലാണ്‌ അഭിലാഷെന്ന്‌ സഹപാഠികള്‍ പറയുന്നു. കാമ്പസിനുള്ളില്‍വച്ച്‌ വിദ്യാര്‍ഥിനിയെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്ത എസ്‌.എഫ്‌.ഐ നേതാവിനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ കെ.എസ്‌.യു ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ജിയോ മാത്യു ആവശ്യപ്പെട്ടു.പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ അഭിലാഷിനെ പോളിടെക്നിക്കില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ തയാറാകണമെന്നും ജിയോ ആവശ്യപ്പെട്ടു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0