Home | കായികം | ഭീകരാക്രമണം: ഇന്ത്യന്‍ ക്രിക്കറ്റിന്‌ വന്‍ നഷ്ടം

ഭീകരാക്രമണം: ഇന്ത്യന്‍ ക്രിക്കറ്റിന്‌ വന്‍ നഷ്ടം

Font size: Decrease font Enlarge font
image

മുംബൈ:രാജ്യത്തെ നടുക്കിയ മൂംബൈയിലെ ഭീകരാക്രമണം ഇന്ത്യന്‍ ക്രിക്കറ്റിന്‌ വന്‍ തിരിച്ചിടിയാകുന്നു.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന്‌ ആരംഭിക്കാനിരുന്ന പ്രഥമ ചാമ്പ്യന്‍സ്‌ ട്രോഫി ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ മാറ്റിവച്ചതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്‌ ഏറ്റ ആദ്യതിരിച്ചടി. ഇംഗ്ലണ്ട്‌ ഏകദിന പരമ്പര ഉപേക്ഷിച്ചതും കനത്ത നഷ്ടമായി.ഐ പി എല്‍ തലവന്‍ ലളിത്‌ മോഡിയാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ട്വന്റി-20 മാറ്റിവെച്ച വിവരം അറിയിച്ചത്‌. വിദേശ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലീഷ്‌ കൗണ്ടിടീമായ മിഡില്‍ സെക്സ്‌ മുംബൈയിലേക്കുള്ള വിമാനം കയറുന്നതിന്‌ തൊട്ടുമുമ്പാണ്‌ ആക്രണമണം ഉണ്ടായത്‌. ആക്രമണത്തെ തുടര്‍ന്ന്‌ ടീം യാത്ര റദ്ദാക്കുകയാണുണ്ടായത്‌. നേരത്തെ ഓസ്ട്രേലിയന്‍ ടീമുകള്‍ പരമ്പരയില്‍ പങ്കെടുക്കുന്നില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ മുംബൈയിലേക്കുള്ള യാത്രാമധ്യേ സിംഗപ്പൂരിലാണ്‌. യാത്ര തുടരണോ എന്ന കാര്യം വോണ്‍ തീരുമാനിച്ചിട്ടില്ല എന്നാണ്‌ അറിയുന്നത്‌. റോയല്‍സിന്റെ തന്നെ കളിക്കാരായ കമ്രാന്‍ അക്മലും സുഹൈല്‍ തന്‍വീറും സംഭവം നടക്കുമ്പോള്‍ മുംബൈയില്‍ ഉണ്ടായിരുന്നു.ഭീകരാക്രമണം ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ലോകക്രിക്കറ്റിനെ സമ്പത്ത്‌ കാട്ടി നിയന്ത്രിച്ചു നിര്‍ത്തുന്ന ബി സി സി ഐ ലോകത്തെ ഏറ്റവും സാമ്പത്തികലാഭമുള്ള കായികസംഘടനകളിലൊന്നാണ്‌. കോടിക്കണക്കിനു രൂപയുടെ ലാഭവും മല്‍സരങ്ങളും സമീപഭാവിയില്‍ ഇന്ത്യയ്ക്ക്‌ നഷ്ടമായിക്കഴിഞ്ഞു. രണ്ടു വീതം ടെസ്റ്റ്‌ ആകദിന മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പര്യടനം ഉപേക്ഷിച്ച്‌ ഇംഗ്ലണ്ട്‌ ടീമംഗങ്ങള്‍ നാട്ടിലേക്ക്‌ മടങ്ങി. ഒരു കളി മുടങ്ങിയാല്‍ തന്നെ കോടികളുടെ നഷ്ടമാണ്‌ സംഭവിക്കുക.

പരമ്പര ഇടക്കുവച്ച്‌ മുടങ്ങിയതിനാല്‍ പരമ്പരയിലൂടെ കിട്ടുന്ന വരുമാനം ഇല്ലാതാകുന്നതിനൊപ്പം ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരും. തുടര്‍ച്ചയായ വിജയങ്ങളില്‍ ഹരം പിടിച്ച്‌ ആരാധകര്‍ ടിക്കറ്റിന്‌ പൊന്നുംവിലകൊടുത്ത്‌ സ്റ്റേഡിയം നിറക്കുന്ന സമയത്താണ്‌ ഭീകരാക്രമണം ബി സി സി ഐയ്ക്ക്‌ ഇരുട്ടടിയായിരിക്കുന്നത്‌. ഐ പി എല്‍ ടൂര്‍ണമെന്റിന്റെ വമ്പന്‍ വിജയത്തിന്റെ ആവര്‍ത്തനമാവുമെന്ന്‌ കരുതിയിരുന്ന ചാംപ്യന്‍സ്‌ ലീഗ്‌ ട്വന്റി-20 ടൂര്‍ണമെന്റ്‌ അടുത്ത വര്‍ഷത്തേക്ക്‌ മാറ്റിവച്ചുകഴിഞ്ഞു. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി താരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ക്രിക്കറ്റ്‌ ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്നില്ലെന്ന്‌ അറിയിച്ചുകഴിഞ്ഞ ശേഷമാണ്‌ ഐ പി എല്‍ തലവന്‍ ലളിത്‌ മോഡി ടൂര്‍ണമെന്റ്‌ മാറ്റിവച്ച കാര്യം അറിയിച്ചത്‌.

ഇന്ത്യയില്‍ നടത്തുന്നതിനു പകരം മേറ്റ്വിടെയെങ്കിലും ടൂര്‍ണമെന്റ്‌ നടത്തിയാല്‍ പങ്കെടുക്കാമെന്ന നിലപാടിലാണ്‌ വിദേശ ടീമുകള്‍. ചാമ്പ്യന്‍സ്‌ ട്രോഫി ടൂര്‍ണമെന്റ്‌ നടക്കാതിരിക്കുകയോ മേറ്റ്വിടേക്കെങ്കിലും മാറ്റിയാലോ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കോടികളുടെ നഷ്ടം ഉണ്ടാകും. ചാംപ്യന്‍സ്‌ ലീഗ്‌ കഴിഞ്ഞാല്‍ ഇന്ത്യ പാക്കിസ്ഥാനിലേക്കാണ്‌ പോകേണ്ടിയിരുന്നത്‌. സുരക്ഷാ കാരണങ്ങളാല്‍ അഞ്ച്‌ ഏകദിനങ്ങളുടെയും മൂന്ന്‌ ടെസ്റ്റുകളുടെയും പരമ്പരയ്ക്കായി പോകില്ല എന്ന നിലപാടിലാണ്‌ ബി.സി.സി.ഐ. ജനുവരില്‍ നിശ്ചയിച്ചിരിക്കുന്ന ഈ പരമ്പര നടന്നില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത രാജ്യാന്തര മല്‍സരം 2009 മാര്‍ച്ചിലായിരുക്കും നടക്കുക. 2009 മാര്‍ച്ചില്‍ ഇന്ത്യ രണ്ട്‌ ടെസ്റ്റും അഞ്ച്‌ ഏകദിനങ്ങളും കളിക്കുന്നതിനായി ന്യൊാസെലന്‍ഡിലേക്ക്‌ പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ രാജ്യാന്തര മല്‍സരത്തിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

മിന്നുന്ന ഫോമിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമാണ്‌ ഇത്‌. ലോകക്രിക്കറ്റിന്റെ പൊന്മുട്ടയിടുന്ന താറാവിന്‍കൂട്ടത്തെയാണ്‌ ചുരുക്കത്തില്‍ ബി സി സി ഐയ്ക്ക്‌ ഭീകരാക്രമണം മൂലം നഷ്ടമായിരിക്കുന്നത്‌.ബി.സി.സി.ഐ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്‌ ഏകദിന പരമ്പരയില്‍ അവശേഷിക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ഇംഗ്ലണ്ട്‌ ടീം തീരുമാനിച്ചത്‌. ടെസ്റ്റ്‌ മല്‍സരങ്ങള്‍ നടക്കുമെന്നാണ്‌ കരുതുന്നതെന്നാണ്‌ ബി സി സി ഐ വക്തവിനെ അടിസ്ഥാനമാക്കി ക്രിക്ക്‌ ഇന്‍ഫോ വെബ്സൈറ്റ്‌ പറയുന്നത്‌. മുംബൈയിലെ ടെസ്റ്റ്‌ വേദി മേറ്റ്വിടെക്കേങ്കിലും മാറ്റുമെന്നുള്ള കാര്യം ഏതാണ്ട്‌ തീര്‍ച്ചയായിട്ടുണ്ട്‌.

ഭീകരാക്രമണം നടന്നുവരുന്ന ഐ സി എല്‍ ലോകസീരിസ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിനെയും രഞ്ജി ട്രോഫി മത്സരങ്ങളെയും ബാധിക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ഐ സി എല്‍ തലവന്‍മാര്‍ ഗുജറാത്ത്‌ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ അഹമ്മദാബാദില്‍ നടന്നുവരുന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാവി തീരുമാനിക്കപ്പെടൂ. അതേസമയം കളിക്കാര്‍ക്ക്‌ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന്ന്ന്‌ കിരണ്‍ മോറെ അറിയിച്ചു.ഈ മാസം 29 ന്‌ നടക്കാനിരുന്ന മുംബൈ-ഹൈദരാബാദ്‌ രഞ്ജി ട്രോഫി മത്സരം ഡിസംബര്‍ രണ്ടിനും അഞ്ചിനും ഇടയിലേക്ക്‌ മാറ്റി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0