യുവേഫ ചാമ്പ്യന്‍സ് ലീഗ്; കരുത്തര്‍ മുന്നേറി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആര്‍സനല്‍, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ വമ്പന്‍മാര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലെത്തി. ഇവര്‍ക്കൊപ്പം വില്ലാറയല്‍, ബയേണ്‍ മ്യൂണിക്ക്, എ ഫ് സി പോര്‍ട്ടോ എന്നിവരും അവസാന 16 ല്‍ കടന്നു.വില്ലാറയലിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ മുന്നേറിയത്. സമനില പ്രകടനത്തോടെ വില്ലയ്ക്കും പ്രീ ക്വാര്‍ട്ടറിലെത്താനായി. ഗ്രൂപ്പ് ഇയില്‍ ഇരുവര്‍ക്കും ഒമ്പത് പോയിന്റ് വീതമുണ്ട്.
ഗ്രൂപ്പ എഫില്‍ നിന്നും ഫ്രഞ്ച് ക്ലബ് ലിയോണും ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കും പ്രീ ക്വാര്‍ട്ടറിലെത്തി. ഇരുവര്‍ക്കും 11 പോയിന്റ് വീതമുണ്ട്. റുമാനിയന്‍ ക്ലബ് സ്റ്റീയ ബുക്കാറെസ്റ്റിന്‍ തിരിച്ചു കിട്ടാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. ലിയോണാകട്ടെ ഇറ്റാലിയന്‍ ക്ലബ് ഫിയോറെന്റിനയുടെ വെല്ലുവിളി 2-1 ന് മറികടന്നു.ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളും. ലിയോണിനായി ലോപ്പസ് ഇരട്ട ഗോള്‍ നേടി. ഗിലാര്‍ഡിനോയുടേതായിരുന്നു ഫിയോറെന്റിനയുടെ ആശ്വാസ ഗോള്‍. റുമാനിയന്‍ ക്ലബിനെതിരെ രണ്ടാം പകുതിയിലായിരുന്നു ബയേണിന്റെ മൂന്നു ഗോളും. ലൂക്കാ ടോണി രണ്ടും മിറോസ്ലാവ് ക്ലോസ് ഒരു ഗോളും സ്വന്തമാക്കി.
ഉക്രെയിന്‍ ക്ലബ് ഡൈനാമോ കീവിനെ തിരിച്ചു കിട്ടാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആര്‍സനല്‍ നോക്കൗട്ട് റൗണ്ടിലെത്തിയത്.
കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ബെന്‍ഡ്നറുടേതായിരുന്നു വിജയ ഗോള്‍. വിജയത്തോടെ ആര്‍സനലിന് 11 പോയിന്റായി. ഒമ്പത് പോയിന്റുള്ള എ എഫ് സി പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട് റൗണ്ടിലെത്തിയ മറ്റൊരു ടീം. പോര്‍ട്ടോ 2-1 ന് ഫെനര്‍ബാസിനെ കീഴടക്കി. ആദ്യ പകുതിയില്‍ തന്നെ പോര്‍ട്ടോ രണ്ടു ഗോളിന് മുന്നിലെത്തി. ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ യുവന്റസും റയല്‍ മാഡ്രിഡും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഏഴാം മിനിറ്റില്‍ റൗള്‍ നേടിയ ഗോളിന് റയല്‍, ബേറ്റ് ബോറിസോവയെ പരാജയപ്പെടുത്തി. നേരത്തെ തന്നെ നോക്കൗട്ട് റൗണ്ടിലെത്തിയ യുവന്റസ് റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സമനിലയോടെ സെനിത് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. മുന്‍ ചാമ്പ്യന്‍മാരായ ബാര്‍സലോണയും പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണുമാണ് പ്രീ ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകള്‍.
Rate this article



del.icio.us
Digg