മേല്‍ക്കോയ്മ തുടരാന്‍ ഇന്ത്യ
ഇംഗ്ലണ്ടുമായുള്ള അഞ്ചാം ഏകദിനം ഇന്ന്; മല്‍സരം 2.30 മുതല്‍ നിയോ ക്രിക്കറ്റില്‍
കട്ടക്ക്: തുടര്‍ച്ചയായ അഞ്ചാം ജയം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ നാലു മല്‍സരവും ജയിച്ച ഇന്ത്യ ഇപ്പോള്‍ ഏഴു മല്‍സര പരമ്പരയില്‍ 4-0 ത്തിന് മുന്നിലാണ്.ഇന്നുള്‍പ്പെടെയുള്ള അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളിലും റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ പരമ്പര തൂത്തുവാരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നതിനാല്‍ മൂന്നു മല്‍സരങ്ങളെയും വില കുറച്ച് കാണില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.ഇംഗ്ലണാകട്ടെ സമര്‍ദത്തിന്റെ നടുക്കടലിലാണ്. കഴിഞ്ഞ രണ്ടു മല്‍സരത്തിലും ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമമാണ് ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിച്ചത്.
എന്നാല്‍ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ചിത്രത്തില്‍ പോലുമുണ്ടായില്ല. ഇനിയുളള മല്‍സരങ്ങളിലെങ്കിലും തോല്‍ക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു. റിസര്‍വ് താരങ്ങളെ ഇന്ത്യ പരീക്ഷിക്കുമെങ്കിലും ആതിഥേയരെ വില കുറച്ച് കാണാന്‍ ഇംഗ്ലണ്ടിനാകില്ല. ഡല്‍ഹിയുടെ വിരാത് കോഹ്ലി ഇന്ത്യയുടെ ആദ്യ ഇലവനിലുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നാലു മല്‍സരത്തിലും വിരാത് കളിച്ചിരുന്നില്ല. ദാംബുള്ളയില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു വിരാത് അവസാനമായി കളിച്ചത്. ആര്‍ പി സിംഗിന് പകരം ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ പന്തെറിയുന്നവരുടെ പട്ടികയില്‍ മുന്‍ നിരയിലുണ്ടാവും. ലെഫ്റ്റ് ആം സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്കും ഇന്ന് അവസരം ലഭിക്കും.
അവസാനം കളിച്ച എട്ടു മല്‍സരങ്ങളിലും ഏഴിലും ജയിച്ചതിന്റെ ആത്മവിശ്വാസം ധോണിക്കും സംഘത്തിനുമുണ്ട്. മൂന്നു ജയങ്ങളാകട്ടെ ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ നേടിയതാണ്. 57.50 ആണ് ധോണിയുടെ വിജയ ശരാശരി. 40 മല്‍സരങ്ങളില്‍ കുറവ് ടീമിനെ നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച വിജയ റെക്കോഡ് ധോണിക്കാണ്.
Rate this article



del.icio.us
Digg