വില്യംസ് ക്വാര്‍ട്ടര്‍
*സെമി സ്ഥാനത്തിനായി സെറീന-വീനസ് പോരാട്ടം; *ആന്‍ഡി മുറേ അവസാന എട്ടില്‍
ന്യൂയോര്‍ക്ക്: യു. എസ്. ഓപ്പണ്‍ ക്വാര്‍ട്ടറില്‍ വില്യംസ് സഹോദരിമാരുടെ പോരാട്ടം. സെമി സ്ഥാനത്തിനായി സെറീന വില്യംസും വീനസ് വില്യംസും പരസ്പരം ഏറ്റുമുട്ടും.പ്രീ-ക്വാര്‍ട്ടറില്‍ ഇരുവരും നിഷ്പ്രയാസ ജയം നേടി. ഏഴാം സീഡ് വീനസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പോളണ്ടിന്റെ അഗ്നീസ്ക്ക റാഡ്മാന്‍സ്ക്കയെ തകര്‍ത്തു. സ്കോര്‍ 6-1, 6-3. രണ്ടുതവണ ചാമ്പ്യനായ സെറീന ഫ്രാന്‍സിന്റെ സെവറിന്‍ ബ്രെമറിനെ 2-6, 2-6 ന് തൂത്തുവാരി. 17-ാം തവണയാണ് വില്യംസ് സഹോദരിമാര്‍ പരസ്പരം പോരാടുന്നത്. കഴിഞ്ഞ 16 പോരാട്ടങ്ങളില്‍ വിജയം ഇരുവരും തുല്യമായി പങ്കിട്ടു. അവസാനമായി വിമ്പിള്‍ഡണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം വീനസിനായിരുന്നു.
റഷ്യയുടെ ദിനാര സാഫിനയും ഇറ്റാലിയന്‍ താരം ഫ്ലാവിയ പെന്നറ്റയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍. മികച്ച ഫോം തുടരുന്ന സാഫിന നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മനിയുടെ അന്നാ ലീന ഗ്രോന്‍ഫെല്‍സിനെ തോല്‍പ്പിച്ചു. സ്കോര്‍ 7-5, 6-0. കഴിഞ്ഞ 19 മത്സരങ്ങളില്‍ സാഫിന നേടുന്ന 18-ാം വിജയമാണിത്. മുന്‍ ലോക ഒന്നാം നമ്പര്‍ ഫ്രാന്‍സിന്റെ അമേലി മോറിസ്മോയെ പരാജയപ്പെടുത്തിയാണ് പെന്നറ്റ,
സാഫിനയെ നേരിടാന്‍ യോഗ്യത നേടിയത്. സ്കോര്‍ 6-3, 6-0. 14 ഇരട്ട പിഴവുകളിനൊപ്പം 40 അപ്രേരിത പിഴവുകളും മോറിസ്മോ വരുത്തി. ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ സാഫിന, പെന്നറ്റയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.
പുരുഷ വിഭാഗത്തില്‍ ബ്രിട്ടീഷ് ഒന്നാം നമ്പര്‍ ആന്‍ഡി മുറേ ക്വാര്‍ട്ടറിലെത്തി.
10-ാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌രിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുറേ തകര്‍ത്തു. സ്കോര്‍: 6-1, 6-3, 6-3. മുറേയുടെ ആദ്യ യു. എസ്. ഓപ്പണ്‍ ക്വാര്‍ട്ടറാണിത്. ഈ പ്രകടനത്തോടെ ലോകറാങ്കില്‍ ആദ്യ അഞ്ചി് ലെത്താന്‍ മുറേയ്ക്കാകും. കരിയറിലെ മികച്ച റാങ്കായ ആറിലാണ് മുറേ ഇപ്പോള്‍. 15 അപ്രേരിത പിഴവുകള്‍ മാത്രം വരുത്തിയ മുറേ 38 വിന്നറുകള്‍ പായിച്ചു. അര്‍ജന്റീനയുടെ 17-ാം സീഡ് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായാണ് മുറേയുടെ ക്വാര്‍ട്ടര്‍ മത്സരം. 21ക്കാരന്‍ മുറേ ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ എതിരാളിയെ തോല്‍പ്പിച്ചു.
വിംബിള്‍ഡണിനുശേഷം ആദ്യമായാണ് ഒരു ഗ്രാന്റ് സ്ലാമില്‍ മുറേ ക്വാര്‍ട്ടറിലെത്തുന്നത്.
വിംബിള്‍ഡണില്‍ റാഫേല്‍ നദാലിനോട് മുറേ തോറ്റിരുന്നു. ആറടി അഞ്ചിഞ്ചുകാരന്‍ പോട്രോ 6-3, 6-4, 6-3ന് ജപ്പാന്റെ കി നിഷിക്കോറിയെ തകര്‍ത്തു. തുടര്‍ച്ചയായ 23-ാം വിജയമാണ് പോട്രോയുടേത്.ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും അമേരിക്കയും മാര്‍ഡി ഫിഷും അവസാന എട്ടില്‍ ഇടം നേടി. അമേരിക്കയുടെ സാം ക്യൂറിയുടെ വെല്ലുവിളി 6-2, 5-7, 7-6, 6-3ന് നദാല്‍ മറികടന്നു. ആദ്യ യു എസ് ഓപ്പണ്‍ സെമി ലക്ഷ്യമിടുന്ന നദാല്‍ ക്വാര്‍ട്ടറില്‍ അണ്‍ സീഡഡ് ഫിഷിനെ നേരിടും. അമേരിക്കക്കാരന്‍ ഫിഷ് ഫ്രാന്‍സിന്റെ ഗേല്‍ മോണ്‍ഫില്‍സിനെ 7-5, 6-2, 6-2ന് തോല്‍പ്പിച്ചു.
Rate this article



del.icio.us
Digg