ആണവ പരീക്ഷണാവകാശം ഉറപ്പുണ്ടെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ആണവപരീക്ഷണം നടത്താനുള്ള അവകാശം അമേരിക്കയ്ക്ക് അടിയറവച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 123 കരാര്‍ അനുസരിച്ച് ഇന്ത്യയ്ക്ക് ആണവ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അവകാശമുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. ഇന്തോ-യു.എസ് ആണവകരാര്‍ സംബന്ധമായ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പുകള്‍ക്കപ്പുറം സര്‍ക്കാരിന് പോകാനാവില്ലെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇക്കാര്യത്തില്‍ യു.പി.എ സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പാര്‍ലമെന്റിന് നല്‍കിയ ഉറപ്പുകളും തങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകളും പാലിക്കുക തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ കരടുരേഖ സര്‍ക്കാര്‍ കണ്ടിരുന്നു, അതില്‍ ഭേദഗതികള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ആണവ വിതരണ രാഷ്ട്രങ്ങള്‍ (എന്‍.എസ്.ജി) അംഗീകരിച്ചാല്‍ തങ്ങള്‍ക്കും സമ്മതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ പ്രതിബദ്ധത ആണവക്കരാറിനോട് മാത്രമാണെന്ന് സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും നേരത്തേ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം അവശേഷിക്കേ ഇടതുപാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കും ഉയര്‍ത്തികാട്ടാന്‍ ഒരു വിഷയമില്ല. ഈ സാഹചര്യത്തില്‍ ഇരുവരും ഗൂഢാലോചന നടത്തി പുതിയ വിവാദം മെനഞ്ഞെടുക്കുകയാണ്.
ആവശ്യമെങ്കില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുക തന്നെ ചെയ്യും. ഇതിന് ഇന്ത്യയ്ക്ക് ആരുടേയും അനുമതി ആവശ്യമില്ല. മുമ്പും ഇന്ത്യ ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്, അപ്പോഴൊന്നും ആരുടേയും അനുമതിക്ക് വേണ്ടി ഇന്ത്യ കാത്തുനിന്നിരുന്നില്ലെന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.ആണവക്കരാറിന്റെ കാര്യത്തില്‍ രാജ്യതാത്പര്യം പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ആണവകരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ആണവ വ്യാപാരാനുമതി നല്‍കുന്നതു പരിഗണിക്കാന്‍ 45 രാഷ്ട്ര ആണവ വിതരണ സംഘത്തിന്റെ യോഗം ഇന്നലെ വിയന്നയില്‍ ആരംഭിച്ചു.
ഇതുസംബന്ധിച്ച് അമേരിക്ക മുന്നോട്ടുവെച്ച കരാറില്‍ ഇന്ത്യ ഭേദഗതി വരുത്തിയിട്ടുണ്ട്. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിട്ടിട്ടില്ലാത്ത ഇന്ത്യയ്ക്ക് പ്രത്യേക അനുമതി നല്‍കുന്നതിനെ ഓസ്ട്രിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ എന്‍.എസ്.ജി യോഗത്തില്‍ എതിര്‍ത്തിരുന്നെങ്കിലും ഈ എതിര്‍പ്പ് മറികടക്കാന്‍ അമേരിക്ക ഫലപ്രദമായ നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു.എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സിനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹമാണ് യു.എസ് സംഘത്തെ വിയന്നയില്‍ നയിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍, പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ ശ്യാം ശരണ്‍, അണുശക്തി വകുപ്പിലെ സ്ട്രാറ്റജിക് അഫയേഴ്സ് ഡയറക്ടര്‍ ആര്‍.ബി ഗ്രോവര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഈ യോഗത്തില്‍ എന്‍.എസ്.ജി അനുമതി ലഭിച്ചില്ലെങ്കില്‍ ഇന്ത്യ-യു.എസ് ആണവ കരാര്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് അംഗീകാരം നേടാന്‍ ബുഷ് ഭരണകൂടത്തിനു കഴിയാതെ വരുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അങ്ങനെവന്നാല്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി വൈകും. പുതിയ പ്രമേയത്തെക്കുറിച്ചും സംശയം ഉന്നയിക്കുന്ന രാജ്യങ്ങളുമായി യു.എസ് പ്രത്യേകം കൂടിയാലോചന നടത്തും. ആണവ വസ്തുക്കള്‍ ബോംബ് നിര്‍മാണത്തിന് ഇന്ത്യ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഉപാധികള്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ പറയുന്നു. ഇവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികളും യു.എസ് പ്രതിനിധികളും സംയുക്ത നീക്കമാണ് നടത്തുന്നത്.
Rate this article



del.icio.us
Digg