Home | ദേശീയം | മൃദുഹിന്ദുത്വ സമീപനമെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന്‌ ജയ്ദേവ്‌ ജയ്ന

മൃദുഹിന്ദുത്വ സമീപനമെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന്‌ ജയ്ദേവ്‌ ജയ്ന

Font size: Decrease font Enlarge font

ന്യൂഡല്‍ഹി: ഒറീസ അക്രമങ്ങളില്‍ കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌ എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന്‌ ഒറീസ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍ ജയ്ദേവ്‌ ജയ്ന വ്യക്തമാക്കി. കോണ്‍ഗ്രസിന്‌ മാത്രമേ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷകരായി എക്കാലവും നിലകൊള്ളാന്‍ കഴിയൂവെന്നും അദ്ദേഹം ഡല്‍ഹിയില്‍ വീക്ഷണത്തോട്‌ പറഞ്ഞു.ആസന്നമായി ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്‌ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന രാഷ്ട്രീയ ഗൂഡാലോചനയാണ്‌ ക്രൈസ്തവ സമുദായ അംഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക്‌ പിന്നില്‍. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെ വര്‍ക്ഷീയ വത്ക്കരിച്ചതിന്‌ പിന്നിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ്‌.

ക്രൈസ്തവ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളെ കോണ്‍ഗ്രസ്‌ ഗൗരവമായാണ്‌ എടുത്തിട്ടുള്ളത്‌.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്നനിലയില്‍ കോണ്‍ഗ്രസ്‌ സഭയ്ക്കുള്ളില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പുറത്തും ക്രമസമാധാന തകര്‍ച്ചയ്ക്കെതിരായി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. അക്രമങ്ങളെ കുറിച്ച്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ രാഷ്ട്രപതിയെ കണ്ടു.ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നിരിക്കേ മൃദുഹിന്ദുത്വ സമീപനമെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്‌- ജയ്ന പറഞ്ഞു.

മാധ്യമ പ്രവര്‍ത്തരേയും രാഷ്ട്രീയ നേതാക്കളേയും കലാപ ബാധിത സ്ഥലങ്ങളിലേക്ക്‌ പ്രവേശിക്കാന്‍ അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്‌. സി.ബി.ഐയെപ്പോലെ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തിയാല്‍ മാത്രമേ അക്രമങ്ങള്‍ക്ക്‌ പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ. ഇതിലൂടെ മാത്രമേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കാനാകൂ.

അക്രമബാധിത പ്രദേശങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമാധാന യാത്രകള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും പി.സി.സി അധ്യക്ഷിന്‍ വ്യക്തമാക്കി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0