|
പി.സജിത് കുമാര്‍
കണ്ണൂര്‍: നഗരത്തില്‍ റബ്കോയുടെ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഇടുങ്ങിയ റോഡിലൂടെ യാത്ര ചെയ്താണ് പാര്‍വ്വതിപുരം എന്ന് വോട്ടര്‍പട്ടികയില്‍ പേരുള്ള വീട് കണ്ടു പിടിച്ചത്. അടുത്തൊക്കെ ഒട്ടനവധി വീടുകളുണ്ട്.
ഈ വീട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷമായി ആളു കയറിയ ലക്ഷണം കാണുന്നില്ല. വീടിന്റെ ഉമ്മറം വരെ കാടു മൂടിക്കിടക്കുന്നു. കണ്ണൂരിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ശരിയാണെങ്കില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ പാര്‍ട്ട് നമ്പര്‍ ഏഴില്‍ 6/429 എ എന്ന വീട്ടു നമ്പറിലുള്ള പാര്‍വതിപുരത്ത് അച്ഛനും മകനുമടക്കം ആറു വോട്ടര്‍മാരുണ്ട്. സി പി എം നിയന്ത്രണത്തിലുള്ള ബാഗ് കമ്പനിയായ എല്‍കോയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന ചേലോറയിലെ അരിങ്ങളയന്‍ ലക്ഷ്മണന്‍(ചേലോറ പഞ്ചായത്തില്‍ പാര്‍ട്ട് നമ്പര്‍ 7 ക്രമ നമ്പര്‍ 485) മകനും വലിയന്നൂര്‍ ബേങ്കിലെ ബില്‍ കലക്ടറുമായ പി ഷെമിന്‍ (ചേലോറ പാര്‍ട്ട് നമ്പര്‍ 7 ക്രമ നമ്പര്‍ 482) എന്നിവര്‍ പാര്‍വതിപുരമെന്ന വീട്ടില്‍ യഥാക്രമം പാര്‍ട്ട് നമ്പര്‍ 7 ക്രമനമ്പര്‍ 1082, 1088 ആയി കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരായിരിക്കുന്നു. കൂട്ടിന് വേറെയുമുണ്ട് നാലുപേര്‍. കുഞ്ഞമ്പുവിന്റെ മകന്‍ 46 വയസ്സുള്ള വി കെ സുരേശന്‍ (ക്രമനമ്പര്‍ 1083), ഗോവിന്ദന്റെ മകന്‍ 44 വയസ്സുള്ള സുരേഷന്‍ (ക്രമ നമ്പര്‍ 1084), ഗോവിന്ദന്റെ മകന്‍ കെ അനില്‍കുമാര്‍ (ക്രമനമ്പര്‍ 1074), ഗോവിന്ദന്റെ മകന്‍ സുനില്‍കുമാര്‍ (ക്രമനമ്പര്‍ 1075) എന്നിവര്‍. ആണുങ്ങള്‍ ആറുപേരുണ്ടായിട്ട് ഈ വീട്ടുപറമ്പിലെ കാടൊന്നു വെട്ടിത്തെളിക്കാന്‍ പറ്റിയിട്ടില്ല. ചുറ്റുവട്ടത്തൊക്കെ അന്വേഷിച്ചപ്പോള്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നതാണ് ഈ വീടെന്ന് അവരെല്ലാം പറഞ്ഞു. നമ്മുടെ തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പറയും ഇത് വാസയോഗ്യമായ ഗൃഹം തന്നെയെന്ന്. പാര്‍വതീപുരമെന്ന വീടിനു തൊട്ടുമുന്നിലെ ചന്ദ്രിക യെന്ന വീട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കൂടിയായ സി പി എം നേതാവ് ഒ കെ വിനീഷിന്റെ കുടുംബവീടാണ്. വീട്ടുനമ്പര്‍ 6/429. ഇവിടെയും വന്നു പുതിയ വോട്ടര്‍മാര്‍. യഥാര്‍ത്ഥത്തില്‍ ചന്ദ്രികയിലെ താമസക്കാര്‍ പുരുഷോത്തമന്‍, ചന്ദ്രമതി, സരള എന്നിവരാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.വിനീഷിന്റെ ഭാര്യ പി സി ശ്രീഷയെ കൂടാതെ പല ദിക്കുകളിലുള്ള ബന്ധുക്കളെയും ഇവിടെ വോട്ടര്‍മാരാക്കി. എന്‍ സഹദേവന്റെ മക്കളായ ഒ കെ സന്ദീപ്, ഒ കെ സനൂപ്, എന്നിവരെ കൂടാതെ സി പി സതീന്ദ്രന്റെ മകന്‍ എന്‍ രസിന്‍(20) സി വി മുകുന്ദന്റെ മകന്‍ നിഗില്‍ മുകുന്ദന്‍(18) എന്നിവരും ചന്ദ്രികയിലെ വോട്ടര്‍മാര്‍. ചെറിയൊരു വ്യത്യാസം മാത്രം രസിനും (പാര്‍ട്ട് നമ്പര്‍ 7, ക്രമ നമ്പര്‍ 1087) നിഗില്‍ മുകുന്ദനും (പാര്‍ട്ട് നമ്പര്‍ 7 ക്രമനമ്പര്‍ 1090) നല്‍കിയിരിക്കുന്ന വീട്ടു നമ്പര്‍ 6/429 എ എന്നാണ്. അതായത് തൊട്ടുമുന്നില്‍ കാടുപിടിച്ചു കിടക്കുന്ന ആള്‍ താമസമില്ലാത്ത പാര്‍വതീപുരമെന്ന വീട്ടിന്റെ അതേ നമ്പര്‍. രണ്ടുംകൂട്ടിവായിച്ചാല്‍ മനസ്സിലാകും ഗൂഢാലോചന നടന്നത് ഏതു വഴിക്കെന്ന്.
തീര്‍ന്നില്ല 6/428 എ എന്ന വീട്ടു നമ്പറില്‍ കൈരളിയെന്ന വീട്ടു പേരിട്ട് പ്രേമരാജന്‍ (ക്രമനമ്പര്‍ 1076), അനില്‍കുമാര്‍ (ക്രമനമ്പര്‍ 1077) എന്നിവര്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരായിട്ടുണ്ട്. പ്രേമരാജന്‍ ചൊവ്വ കോ-ഓപ്പറേറ്റീവ് ബേങ്കില്‍ നൈറ്റ് വാച്ച്മാനും, അനില്‍കുമാര്‍ ലൈത്ത് തൊഴിലാളിയുമാണ്. ചേലോറയില്‍ പത്താം ബൂത്തിലും ഏഴാം ബൂത്തിലുമാണ് ഇവര്‍ക്ക് യഥാര്‍ത്ഥ വോട്ട്.കൈരളിയെന്ന വീട്ടുപേരില്‍ നടത്തിയ അന്വേഷണം അവസാനിച്ചത് റബ്കോ ഹൗസിനു മുന്നിലെ ഒറ്റമുറിയില്‍. എസ് എഫ് ഐ നേതാവും പോളിയൂണിയന്‍ ചെയര്‍മാനുമായിരുന്ന സുധീശന്‍ താമസിച്ചിരുന്ന മുറിയാണിത്. ഇവിടെയാണ് പ്രേമരാജനെയും അനില്‍ കുമാറിനെയും കുടിയേറ്റക്കാരാക്കിയത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ തന്നെ ആറാം വാര്‍ഡില്‍ എന്‍ ജി ഒ ഹോമെന്നും എന്‍ ജി ഒ ഹൗസെന്നും പേരിട്ട് വ്യത്യസ്ത കെട്ടിട നമ്പര്‍ നല്‍കി താമസിക്കുന്നവരെല്ലാം വ്യാജവോട്ടര്‍മാരാണ്. കോരന്റെ മകന്‍ കെ ചന്ദ്രന്‍, കുമാരന്റെ മകന്‍ ടി കെ ശശികുമാര്‍, ഫ്രാന്‍സിസിന്റെ മകന്‍ സി ടി സുരേഷ് ബാബു, അനന്തന്റെ മകന്‍ കെ അജേഷ്, ഇ കെ കമലാക്ഷിയുടെ മകന്‍ ഇ ശ്രീജിത്ത് (യഥാക്രമം ക്രമനമ്പര്‍ 1095 മുതല്‍ 1099 വരെ ) ചന്തുക്കുട്ടിയുടെ മകന്‍ എന്‍ പത്മനാഭന്‍, കുഞ്ഞിക്കണ്ണന്റെ മകന്‍ എ വിജയകുമാര്‍, കോരന്റെ മകന്‍ സി കെ പ്രദീപന്‍, കുഞ്ഞിരാമന്റെ മകന്‍ സി കെ പ്രജീഷ് ബാബു, ഗോപിയുടെ മകന്‍ കെ സുരേഷ് (യഥാക്രമം ക്രമനമ്പര്‍ 1123 മുതല്‍ 1128 വരെ) എന്നിവരുമാണ് എന്‍ ജി ഒ ഹോമിലെ വോട്ടര്‍മാര്‍.
ഈ കെട്ടിടത്തില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പറഞ്ഞവരെ അവിടെയുള്ളവര്‍ക്ക് കൃത്യമായി അറിയുക പോലുമില്ല.സി പി എമ്മിന്റേയും പോഷകസംഘടനകളുടേയും ഓഫീസുകളൊക്കെ അന്യനാടുകളില്‍ നിന്നുള്ള താമസക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവര്‍ക്കെല്ലാം കണ്ണൂരിലെന്തു ജോലി എന്നു മാത്രം ചോദിക്കരുത്. ഏതെങ്കിലും ഗ്രാമത്തിലെ ചെത്തുതൊഴിലാളികളുണ്ടാകും, ഓട്ടോഡ്രൈവര്‍മാരുണ്ടാകും, പാര്‍ട്ടി ഗ്രാമങ്ങളിലെ കൊടുംക്രിമിനലുകളുമുണ്ടാകും ഇക്കൂട്ടത്തില്‍. താഴെചൊവ്വ റെയില്‍വേ ഗേറ്റിനടുത്ത് കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിനു സമീപമുള്ള സി ഐ ടി യു ഓഫീസില്‍ താമസിക്കുന്നത് 14 പേര്‍. പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തെ പി ജി മന്ദിരമെന്ന ചുരുക്കപ്പേര് നല്‍കിയാണ് പല ദിക്കുകളിലുള്ളവരെ വോട്ടര്‍മാരാക്കിയത്. പാര്‍ട്ട് 14ല്‍ ക്രമനമ്പര്‍ 864 മുതല്‍ 876 വരേയും ക്രമനമ്പര്‍ 904 ആയും പി ജി മന്ദിരത്തില്‍ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. പരിഷത്ത് ഭവനില്‍ കെ സി രഘുനാഥന്‍, കെ ഗോപിനാഥന്‍ എന്നിവരും കെ എസ് ടി എ ഭവനില്‍ ശ്രീധരന്റെ മകന്‍ ഷൈജു, മാധവന്റെ മക്കളായ ഇ പി ശ്രീജിത്ത്, ഇ പി ശ്യാംജിത്ത് എന്നിവരും വോട്ടര്‍മാരായി.
മുണ്ടേരിയിലെ ചെത്തുതൊഴിലാളിയടക്കം നാലു ഹിന്ദുക്കള്‍ താമസിക്കുന്നത് ഖദീജ മന്‍സിലില്‍. ചെത്തുതൊഴിലാളിയായ കെ സഹജീവന്‍, കെ പി പ്രദീപന്‍, കെ രഞ്ജിത്ത്, പി സതീശന്‍ എന്നിവരാണ് ഖദീജ മന്‍സിലിലെ താമസക്കാര്‍.വലിയന്നൂര്‍ ബാങ്കിലെ ക്ലര്‍ക്കും പഞ്ചായത്ത് കിണര്‍ ബ്രാഞ്ച് സി പി എം സെക്രട്ടറിയുമായ അനിരുദ്ധനും ഇതേ ബാങ്കിലെ മറ്റൊരു ക്ലാര്‍ക്കും മേനോന്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ എം പി ശശിധരനും ചേലോറയില്‍ നിന്ന് കണ്ണൂരിലെ വോട്ടറായി. വലിയന്നൂര്‍ ബാങ്ക് ക്ലര്‍ക്കായ മതുക്കോത്ത് ബ്രാഞ്ച് സെക്രട്ടറി പി സുനില്‍കുമാറും വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി പ്രേമരാജനും കണ്ണൂരിലെ വോട്ടര്‍മാരായി.മുണ്ടേരി പഞ്ചായത്തില്‍ മുപ്പതാം ബൂത്തില്‍ വോട്ടറായ ഏച്ചൂര്‍ ബാങ്ക് ജീവനക്കാരന്‍ കെ രഞ്ജിത്തിന്റെ വീട്ടു പേര് കാളഹൗസായിരുന്നു. ഇപ്പോള്‍ മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ട് നാലില്‍ ഖദീജ മന്‍സിലിലായിരിക്കുന്നു രഞ്ജിത്തിന്റെ താമസം. എ കെ ജി ഹോസ്റ്റലിന്റെ പേരില്‍ വ്യാജവോട്ട് ചേര്‍ത്ത ഐഷാ ശ്രീധരന്‍ സി പി എം മട്ടന്നൂര്‍ ലോക്കല്‍ സെക്രട്ടറി കാരായി ശ്രീധരന്റെ മകളാണ്. സി പി എം ചേര്‍ത്ത കള്ളവോട്ടുകളുടെ പരമ്പര തന്നെയാണ് ഓരോ ബൂത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു പ്രക്രിയ നടത്തുന്നുവെന്ന് വീമ്പിളക്കുന്ന ഉദ്യോഗസ്ഥര്‍ കണ്ണു തുറന്നു നോക്കണം ചെയ്തു കൂട്ടിയ ക്രമക്കേടുകള്‍ എന്തൊക്കെയെന്ന്.
|