സി പി എം ലോക്കല്‍ സെക്രട്ടറിക്ക്‌ രണ്ട്‌ വീട്ടുപേര്‌; രണ്ട്‌ അച്ഛനും!

Imageവീട്ടുപേര്‌ രണ്ടാകുന്നതു സഹിക്കാം. എന്നാല്‍ അഛന്റെ പേര്‌ ഒരാള്‍ക്ക്‌ രണ്ടിടങ്ങളില്‍ രണ്ടായി കണ്ടാല്‍ ആര്‍ക്കാണ്‌ സഹിക്കാന്‍ പറ്റുക. പക്ഷേ കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയ സി പി എം മാടായി ലോക്കല്‍ സെക്രട്ടറി വി വിനോദ്‌ അതുംസഹിക്കും.

സ്വന്തം അച്ഛനെകുറിച്ചുതന്നെ സംശയമുയര്‍ത്തുന്ന രീതിയിലാണ്‌ വിനോദ്‌ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്‌. മാടായി പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ കൂടിയായ വിനോദ്‌ ഇപ്പോള്‍ ചിറക്കല്‍ പഞ്ചായത്തിലെ വോട്ടറായിരിക്കുന്നു. (പാര്‍ട്ട്‌ നമ്പര്‍ 042, ക്രമനമ്പര്‍ 1321).അഛന്റെ പേര്‌ കാണിച്ചിരിക്കുന്നത്‌ സി കുഞ്ഞിരാമന്‍. വീട്ടുപേര്‌ പാലക്കല്‍. ഫോട്ടോ പ്രകാരം ഇതേ വിനോദിനെ തന്നെ മാടായി പഞ്ചായത്തിലെ വോട്ടര്‍പട്ടികയിലും കാണാം. പാര്‍ട്ട്‌ നമ്പര്‍ 056, ക്രമനമ്പര്‍ 460 ലുള്ളത്‌ വിനോദാണ്‌. പക്ഷേ രണ്ടു വ്യത്യാസം. വീട്ടു പേര്‌ ചെമ്മഞ്ചേരി. അഛന്റെ പേര്‌ നാരായണന്‍. അഛനാരാണെന്ന്‌ വിനോദ്‌ തന്നെ പറയണം, അതല്ലെങ്കില്‍ നാളെ ദേശാഭിമാനിയിലൂടെ വെളിപ്പെടുത്തണം. ചെറിയരന്വേഷണം നടത്തിയപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായി. വിനോദിന്റെ വ്യാജവോട്ടിന്‌ നല്‍കിയ വീട്ടുനമ്പര്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫിലെ പ്രശാന്തിന്റെ കോട്ടക്കുന്ന്‌ സ്കൂളിനടുത്തുള്ള വീടിന്റേതാണ്‌.
ഏതാനും ഒറീസക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 51-ാ‍ം ബൂത്തില്‍ 14/958 എ നമ്പറിലുള്ള ക്വാര്‍ട്ടേഴ്സില്‍ ഇപ്പോള്‍ ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം കണ്ട്‌ ഉടമയായ പുതിയതെരുവിലെ ഹാജിക്ക്‌ തല വട്ടം ചുറ്റിപ്പോയി.


ആസിമ ക്വാര്‍ട്ടേഴ്സ്‌, നസീമ ക്വാര്‍ട്ടേഴ്സ്‌, ആമിന ക്വാര്‍ട്ടേഴ്സ്‌, ആയിഷ ക്വാര്‍ട്ടേഴ്സ്‌ എന്നിങ്ങനെ തന്റെ കെട്ടിടത്തിന്‌ പല പേരുകളിട്ട്‌ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെല്ലാം വോട്ടര്‍മാരായിരിക്കുന്നു. ആരോ പറഞ്ഞതു കേട്ട്‌ ഹാജി തന്റെ ക്വാര്‍ട്ടേഴ്സില്‍ ചെന്നപ്പോള്‍ അവിടെ ഒറീസക്കാരായ നാലു പേര്‍ മാത്രം. ക്രമനമ്പര്‍ 1229 മുതല്‍ 1240 വരെ ഇവിടത്തെ സ്ഥിരതാമസക്കാരെന്ന കള്ളസര്‍ട്ടിഫിക്കറ്റുമായി വോട്ടര്‍പട്ടികയില്‍ ഇടം നേടിയവരിവരാണ്‌- ജോജോ, ജോസഫ്‌, പെരുമാള്‍, സെബാസ്റ്റ്യന്‍, കെ കെ മുകുന്ദന്‍, പത്രോസ്‌, തോമസ്‌, മധുസൂദനന്‍, ജോര്‍ജ്‌, ശ്രീനിവാസന്‍, സുരേന്ദ്രന്‍, വിനോദ്‌ കുമാര്‍, നാസര്‍ എന്നിവര്‍. വീട്ടു നമ്പര്‍ ഒന്ന്‌, ക്വാര്‍ട്ടേഴ്സിന്റെ പേര്‌ നാലു തരം, താമസിക്കുന്നത്‌ വിവിധ മതസ്ഥര്‍. കെട്ടിടഉടമ ഹാജിയെന്തറിയുന്നു, താമസിക്കുന്ന ഒറീസക്കാരെന്തറിയുന്നു. എല്ലാമറിയുന്നത്‌ സി പി എം നേതാക്കള്‍ക്കും അവര്‍ക്ക്‌ ചൂട്ടുപിടിച്ച ഉദ്യോഗസ്ഥര്‍ക്കും.


മണിമാളികകളില്‍ താമസിക്കുന്ന നേതാവ്‌ വോട്ടര്‍പട്ടികയില്‍ ചെറിയൊരു ക്വാര്‍ട്ടേഴ്സ്‌ മുറിയിലെ അന്തേവാസിയാകുന്നതും കണ്ണൂര്‍ വോട്ടര്‍പട്ടികയിലെ മറിമായങ്ങളിലൊന്ന്‌. പാപ്പിനിശേരി റേഞ്ചിലെ ചെത്തുതൊഴിലാളി യൂണിയന്‍ നേതാവ്‌ കെ പി നാരായണന്‍ ആലിങ്കീഴില്‍ വലിയ മണിമന്ദിരത്തിലാണ്‌ താമസിക്കുന്നതെന്ന്‌ സകലമാന സഖാക്കള്‍ക്കും അറിയാം. എന്നാല്‍ വോട്ടര്‍പട്ടികയില്‍ 'പാവം നാരായണന്‍' താമസിക്കുന്നത്‌ ചിറക്കലിലെ സംഗം ക്വാര്‍ട്ടേഴ്സില്‍.
സി പി എം ഭരിക്കുന്ന കരാറിനകം ബാങ്കിലെ മുഴുവന്‍ ജീവനക്കാരേയും കരാറെടുത്തിരിക്കുകയാണ്‌ കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലേക്ക്‌. രാജേഷ്‌, സി അരുണ്‍, കമല്‍രാജ്‌, കെ പ്രജീഷ്കുമാര്‍, ഷിജു, യു കെ സത്യവതി, എം വി ബേബി, എ സി രവീന്ദ്രന്‍, പ്രകാശന്‍, ബേബി ഷീല തുടങ്ങിയവരാണ്‌ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍. അഴീക്കോട്‌ പഞ്ചായത്തിലെ മുന്‍ മെമ്പര്‍ പി എ രഘുനാഥന്‍ ചിറക്കല്‍ പഞ്ചായത്തിലെ വോട്ടറായും (പാര്‍ട്ട്‌ നമ്പര്‍ 051, ക്രമനമ്പര്‍ 1162) കെ എസ്‌ ടി എ ജില്ലാ പ്രസിഡന്റ്‌ ഷുക്കൂര്‍ മാസ്റ്ററുടെ സഹോദരന്‍ അഴീക്കോട്‌ പുന്നക്കാപ്പാറയിലെ അബ്ദുള്‍കരീം പുഴാതിയിലെ വോട്ടറായും (പാര്‍ട്ട്‌ നമ്പര്‍ 096, ക്രമനമ്പര്‍ 1093) മാറിയത്‌ കണ്ണൂരിലെ സി പി എം - ഉദ്യോഗസ്ഥ ലോബിയുടെ ലീലാവിലാസങ്ങളാല്‍ തന്നെ. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തി രണ്ടാഴ്ച മാത്രമായ ചിറക്കല്‍ പഞ്ചായത്തിലെ നാല്‍പ്പതാം ബൂത്തില്‍ സുഗുണന്‌ ലഭിച്ചു ആറു മാസമായി സ്ഥിരതാമസക്കാരനാണെന്ന റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌.


കഴിഞ്ഞ ഓഗസ്റ്റ്‌ 16ന്‌ വിവാഹിതയായ കെ വി മിനി (പാര്‍ട്ട്‌ നമ്പര്‍ 053, ക്രമനമ്പര്‍ 1208) കല്യാണത്തിനു മാസങ്ങള്‍ക്കു മുമ്പേ ഭര്‍തൃഗൃഹത്തില്‍ താമസിച്ചിരുന്നുവെന്ന്‌ റസിഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ സത്യമാണെങ്കില്‍ കരുതേണ്ടി വരും.ആള്‍ത്താമസമില്ലാത്ത നിരവധി വീടുകളുടെ പേരില്‍ വീട്ടുടമകളറിയാതെ ഒട്ടേറെ പേര്‍ വോട്ടു നേടിയതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ഇരട്ട വോട്ടുള്ളവരാണ്‌ ഇവരില്‍ ഏറെയും. ചിറക്കല്‍ പഞ്ചായത്തിലെ 43-ാ‍ം ബൂത്തില്‍ കണ്ണാടിപ്പറമ്പിലെ കണിയറയ്ക്കല്‍ സുലൈഖയുടെ ഉടമസ്ഥതയിലുള്ള 8787-എ നമ്പര്‍ കെട്ടിടത്തിന്റെ പേരില്‍ ആറു വോട്ടര്‍മാരെ വീട്ടുടമ അറിയാതെ ചേര്‍ത്തു. സുലൈഖയുടെ കെട്ടിടത്തില്‍ 875 മുതല്‍ 850 വരെ ക്രമനമ്പറില്‍ പി.കെ ചന്ദ്രന്‍, സിദ്ധാര്‍ദാസ്‌, പി.വി ബിനോയ്‌, അ നൂപ്‌, എ.വി അനൂപ്‌, അജിത്കുമാര്‍ എന്നിവരാണ്‌ വോട്ടര്‍മാരായിട്ടുള്ളത്‌. ഇവര്‍ മയ്യില്‍ പഞ്ചായത്ത്‌ പെരുമാച്ചേരിയിലെ സ്ഥിര താമസക്കാരും അവിടുത്തെ വോട്ടര്‍മാരുമാണ്‌.


നാളുകളായി ആള്‍ത്താമസമില്ലാതെ കിടക്കുന്ന തന്റെ കെട്ടിടം ആര്‍ക്കും വാടകയ്ക്ക്‌ കൊടുത്തിട്ടില്ലെന്നും ഈ കെട്ടിടത്തി ന്റെ പേരില്‍ വോട്ടര്‍മാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്‌ സുലൈഖ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌. ഇത്തരത്തില്‍ നിരവധി വീട്ടുടമകള്‍ പരാതി നല്‍കാന്‍ തുടങ്ങിയതോടെ വ്യാജമേല്‍വിലാസം നല്‍കി വോട്ടര്‍മാരായവര്‍ക്ക്‌ വരുംനാളുകളില്‍ കേസും കോടതിയുമായി കുറേകാലം നടക്കേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. ആയിക്കരയിലെ സിഐടിയു ഓഫീസ്‌ കെട്ടിടത്തിന്റെ പേരില്‍ വോട്ടുചേര്‍ക്കപ്പെട്ട 24 പേരില്‍ പലരും ജില്ലയുടെ മലയോര പ്രദേശത്തുള്ള സിഐടിയു, സിപിഎം പ്രവര്‍ത്തകരാണെന്നും പുറത്തു വന്നിട്ടുണ്ട്‌. ഇവരെല്ലാം അവരുടെ നാട്ടില്‍ വോട്ടുള്ളവരുമാണ്‌.ആയിക്കരയിലെ കിലാസി ലൈനില്‍ ഒരു കടയുടെ മുകളിലുള്ള ഒറ്റ മുറിയാണ്‌ സിഐടിയു ഓഫീസായി പ്രവര്‍ത്തിക്കുന്നത്‌. 151-സി നമ്പറിലുള്ള ഈ മുറിയുടെ പേരില്‍ ഒരു സ്ത്രീയടക്കം 24 പേരാണ്‌ വോട്ടര്‍മാരായത്‌. പല ക്വാര്‍ട്ടേഴ്സുകളുടെ പേര്‌ ഇവര്‍ വോട്ടര്‍പട്ടികയില്‍ നല്‍കിയ വിവരം ഇന്നലെ വീക്ഷണം പ്രസിദ്ധീകരിച്ചതാണ്‌.


ഇവരില്‍ ശശി പുതുപ്പറമ്പില്‍, പി.പി നാരായണന്‍, ടി.വി ജനാര്‍ദനന്‍ എന്നിവര്‍ മലയോര പഞ്ചായത്തായ നടുവിലിലെ തൊഴിലാളികളും സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകരുമാണ്‌. ലിസ്റ്റിലുള്ള മാത്യു പുറങ്ങനാല്‍ നടുവില്‍ പഞ്ചായത്തിലെ വിളക്കന്നൂര്‍ സ്വദേശിയാണ്‌. ഇവരെല്ലാം ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുമാണ്‌. ശശി, നാരായണന്‍ എന്നിവര്‍ ഇരിക്കൂറിലെ 46 ാ‍ം ബൂത്തില്‍ യഥാക്രമം 845, 100 ക്രമനമ്പര്‍ പ്രകാരം വോട്ടര്‍മാരാണെങ്കില്‍ മാത്യു 41 ാ‍ം ബൂത്തിലെയും ജനാര്‍ദനന്‍ 43 ാ‍ം ബൂത്തിലെയും മൂന്നാം നമ്പര്‍ വോട്ടര്‍മാരാണ്‌. ഇവര്‍ക്കൊന്നും ആയിക്കരയുമായി യാതൊരു ബന്ധവുമില്ല. മത്സ്യതൊഴിലാളികളാണെന്നാണ്‌ സി പി എം വിശദീകരിക്കുന്നതെങ്കിലും ആയിക്കരയില്‍ ഇങ്ങനെയാരും ഇല്ലെന്ന്‌ ഇവിടത്തെ തൊഴിലാളികള്‍ പറയുന്നു.


തീര്‍ന്നിട്ടില്ല, ഇനിയുമിതാ ക്രമക്കേടുകളുടെ നീണ്ട പട്ടിക. കണ്ണൂര്‍ നഗരസഭയിലെ 32-ാ‍ം ബൂത്തില്‍ ചേര്‍ത്ത വോട്ടര്‍മാരുടെ യഥാര്‍ത്ഥ വിവരങ്ങളാണ്‌ ഇനി. ക്രമനമ്പര്‍ 1096 ലജിത്ത്‌ യഥാര്‍ത്ഥത്തില്‍ താമസിക്കുന്നത്‌ ചേലോറ പഞ്ചായത്തില്‍ മാതൃഭൂമി സ്റ്റോപ്പിന്‌ പിന്നിലെ വീട്ടിലാണ്‌. ഇയാള്‍ കാപ്പാട്‌ ബാങ്ക്‌ ജീവനക്കാരനാണ്‌. ക്രമനമ്പര്‍ 1093 എം വി രതീശന്‍ സി പി എം ചേലോറ ലോക്കല്‍ കമ്മിറ്റിയംഗവും ദേശാഭിമാനി ഏജന്റുമാണ്‌. ചേലോറ പഞ്ചായത്തിലാണ്‌ താമസം. ക്രമനമ്പര്‍ 1112 സുര്‍ജിത്ത്കുമാര്‍ സി പി എം ചെമ്പിലോട്‌ ലോക്കല്‍ കമ്മിറ്റിയംഗവും കെ എം എസ്‌ ആര്‍ എയുടെ സംസ്ഥാന ഭാരവാഹിയുമാണ്‌.ക്രമനമ്പര്‍ 1129 കെ കെ സജീവന്‍ ജില്ലാ ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരനാണ്‌. യഥാര്‍ത്തത്തില്‍ വോട്ട്‌ കൂത്തുപറമ്പില്‍. ക്രമനമ്പര്‍ 1126 എ വി അജയന്‍ പെരളശേരി കള്ളു ചെത്തു സംഘത്തിലാണ്‌. കണ്ണൂര്‍ നഗരസഭയിലെ തന്നെ ഏഴാം ബൂത്തില്‍ ക്രമനമ്പര്‍ 1100 ആയി ചേര്‍ത്ത എന്‍ ജി ഒ ക്വാര്‍ട്ടേഴ്സിലെ രാജേഷ്‌ യഥാര്‍ത്ഥത്തില്‍ പെരളശേരി പഞ്ചായത്തിലാണ്‌ .


തെരഞ്ഞെടുപ്പ്‌ നിഷ്പക്ഷവും നീതിപൂര്‍വവുമായി നടക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ അധികാരികള്‍ ആവര്‍ത്തിക്കുന്നു. പക്ഷേ ഇത്രയേറെ കള്ളവോട്ടുകളുടെ തെളിവുകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ ഇവിടെ നീതിപൂര്‍വമായ തെരഞ്ഞെടുപ്പാണെന്ന്‌ പറയാനാകുമോ..? സി പി എമ്മും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ നടത്തിയ ജനാധിപത്യത്തിന്റെ കുരുതിക്കളത്തില്‍ നിന്ന്‌ ഇനിയും പുറത്തു വരാനുണ്ട്‌ ഇതിലും ഭീകരമായ തെളിവുകള്‍. ഈ കള്ളവോട്ടുകളുടെ പിന്‍ബലത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന കണ്ണൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരെ അവഹേളിക്കുകയല്ലേ ചെയ്യുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?