|
ആഴ്‌വാഞ്ചേരി രാമന്‍ തമ്പ്രാക്കള്‍ അന്തരിച്ചു |
മലപ്പുറം: ആഴ്‌വാഞ്ചേരി മനയില്‍ രാമന്‍ തമ്പ്രാക്കള്‍ (84) അന്തരിച്ചു. തിരുനാവായയിലെ ആതവനാട് ഗ്രാമത്തിലെ മനയില്‍ രാവിലെ 10.40നായിരുന്നു അന്ത്യം. ബ്രാഹ്മണമേധാവിത്വം അതിന്റെ പാരമ്യതയില്‍ നില നിന്ന കാലത്ത് ഏറെ പ്രാധാന്യമുള്ള തറവാടായിരുന്നു ആഴ്‌വാഞ്ചേരി. രാജഭരണ കാലത്ത് നമ്പൂതിരി സമുദായത്തിനുമേല്‍ അധീശത്തമുണ്ടായിരുന്ന ഏക വ്യക്തിയാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍.
കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച്ചയോ കിരീടധാരണമോ നടക്കണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. കേരള ഐതീഹ്യത്തിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കളെക്കുറിച്ച് പരാമര്‍ശമുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയാണെന്നാണ് ഐതിഹ്യം. ആര്യാദേവി അന്തര്‍ജനമാണ് ഭാര്യ. കൃഷ്ണന്‍, സാവിത്രി, ജലജ, പത്മജ എന്നീ നാല് മക്കളുണ്ട്. മരുമക്കള്‍: ഡോ.കടലായി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, തെക്കേടത്ത് മനക്കല്‍ ശങ്കരന്‍ ഭട്ടതിരിപ്പാട്, പൂമുള്ളി വാസുദേവന്‍ നമ്പൂതിരി, രജനി ആഞ്ഞൂര്‍ മന.
|