|
ബൈബിള്‍ നാടക കുലപതി സെയ്ത്താന്‍ ജോസഫ് അന്തരിച്ചു |
ആലപ്പുഴ: ബൈബിള്‍ പ്രമേയങ്ങളെ അരങ്ങിലെത്തിച്ച് മലയാള നാടക വേദിയ്ക്ക് പുത്തന്‍ ഭാവങ്ങള്‍ പകര്‍ന്ന നിരവധി നാടകങ്ങളുടെ അമരക്കാരനും നായകനുമായ ആലപ്പുഴ കാഞ്ഞിരംചിറ കല്ലുപുരയ്ക്കല്‍ വീട്ടില്‍ സെയ്ത്താന്‍ ജോസഫ് (85) അന്തരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സ്വവസതിയിലായിരുന്നു അന്ത്യം. പന്ത്രണ്ട് വര്‍ഷത്തോളം ആലപ്പുഴ നഗരസഭാഗമായിരുന്നു സെയ്ത്താന്‍ ജോസഫ്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് ആലപ്പുഴ വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് പള്ളിയില്‍. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കള്‍ മെറ്റില്‍ഡ, സിസ്റ്റര്‍ ജോവിറ്റ, ഗ്രേസമ്മ, സിസ്റ്റര്‍ വിമല്‍ ജോസ്, ജെസി, ലാലി. മരുമക്കള്‍: ജോര്‍ജ്, ഷിബു, പരേതരായ ഐസക്ക്, സജി. അഞ്ച്‌സെന്റ് ഭൂമിയെന്ന സാമൂഹ്യ നാടകം അവതരിപ്പിച്ചുകൊണ്ടാണ് 1952ല്‍ സെയ്ത്താന്‍ ജോസഫ് അരങ്ങേറിയത്. 1960 ല്‍ സ്വന്തം നാടക ട്രൂപ്പായ ആലപ്പി തിയേറ്റേഴ്‌സ് തുടങ്ങി. മുപ്പത് വെള്ളികാശ് എന്ന ബൈബിള്‍ നാടകത്തിലൂടെ തേരോട്ടം തുടങ്ങിയ സെയ്ത്താന്റെ ആലപ്പി തീയറ്റേഴ്‌സ് പിന്നീട് ബൈബിള്‍ പ്രമേയമാക്കി കേരളീയരിലും ഒരു വിശ്വാസ സമൂഹത്തിലും കലകൊണ്ട് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. രംഗസജ്ജീകരണത്തിലൂടെ വേദിയില്‍ മായാജാലം തീര്‍ത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തിരികൊളുത്തിയ ഇദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി. 30 ഓളം ബൈബിള്‍ നാടകങ്ങളും അത്രയുംതന്നെ സാമൂഹ്യ നാടകങ്ങളും രംഗത്തെത്തിച്ച ആലപ്പി തീയറ്റേഴ്‌സിന് 1977 ലെ പ്രഥമ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായില്‍ നിന്നും ബെനാമെരേന്തി പുരസ്‌ക്കാരവും സെയ്ത്താന്‍ ജോസഫിന് ലഭിച്ചു. കടലിന്റെ മക്കള്‍, ജലോത്സവം, കടല്‍, മലനാടിന്റെ മക്കള്‍, ഹിരോഷിമ, ബന്ദ്, ഏഴാം സ്വര്‍ഗം തുടങ്ങിയ സാമൂഹ്യ നാടകങ്ങള്‍ രംഗത്തവതരിപ്പിച്ച സെയ്ത്താന്‍ പത്ത് കല്‍പ്പനകള്‍, സെന്റ് പോള്‍, സ്‌നാപകയോഹന്നാന്‍, മോസസ് തുടങ്ങി അന്‍പത്തഞ്ചിലേറെ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആറാം തിരുമുറിവ് എന്ന വിവാദ നാടകത്തിന് മറുപടിയുമായെത്തിയ ക്രിസ്തുവിന്റെ അഞ്ചാം തിരുമുറിവ് എന്ന ബൈബിള്‍ നാടകമായിരുന്നു. നാടക സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും കലാരംഗത്ത് സ്വന്തമായി ഒരിരിപ്പിടം ഒരുക്കിയെടുത്ത അതുല്യ കലാകാരനാണ് സെയ്ത്താന്‍ ജോസഫ്.
|