|
പടിയിറങ്ങുന്നത് അപമാനഭാരത്തോടെ |
|
കണ്ണൂര്‍: ജില്ലാ വരണാധികാരിയുടെ അധികാരം സി പി എം ജില്ലാ സെക്രട്ടറി പി ശശിക്ക് അടിയറവ് വെച്ച കണ്ണൂരിലെ ജനാധിപത്യ പ്രക്രിയയ്ക്ക് തീരാകങ്കം ചാര്‍ത്തിയാണ് വി കെ ബാലകൃഷ്ണന്‍ കണ്ണൂരില്‍ നിന്നും മടങ്ങുന്നത്.
ഒരു കലക്ടറും ചെയ്തിട്ടില്ലാത്ത അന്തസ്സുകെട്ട പ്രവൃത്തികള്‍ മാര്‍ക്സിസ്റ്റ് മേലാളന്‍മാര്‍ക്കുവേണ്ടി ചുരുങ്ങിയ നാള്‍ക്കകം ചെയ്തുകൊടുക്കുകയായിരുന്നു കലക്ടര്‍ വി കെ ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രകൃക്രിയകള്‍ നിഷ്പക്ഷമായി നിര്‍വഹിക്കുന്നതിന് പകരം അഴീക്കോടന്‍ സെന്ററിലെ ആജ്ഞകള്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് നിര്‍വഹിപ്പിക്കാനുള്ള ഇടനിലക്കാരനായി തരം താഴുകയായിരുന്നു ബാലകൃഷ്ണന്‍. സി പി എം യൂണിയനിലെ ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടിക അട്ടിമറിക്കാനുള്ള പാര്‍ട്ടി തീരുമാനം കൃത്യമായി നടപ്പിലാക്കിയപ്പോള്‍ നിസംഗതയോടെ അതിന് മേല്‍നോട്ടം വഹിക്കലായിരുന്നു ഈ കലക്ടറുടെ ജോലി. ഇതിനായി മാത്രമാണ് ആലപ്പുഴയില്‍ നിന്ന് ബാലകൃഷ്ണനെ കണ്ണൂരില്‍ കലക്ടറാക്കുന്നത്. ആലപ്പുഴയിലും മാര്‍ക്സിസ്റ്റുകാരുടെ പാദസേവ നടത്തിയതിന്റെ പ്രതിഫലമായിരുന്നു സ്ഥലം മാറ്റം.
ഇഷിതാറോയിയും ദിനേശ് അറോറയും കണ്ണൂരില്‍ ബാലകൃഷ്ണന്റെ മുന്‍ഗാമികളായിരുന്നു. ഭരണകക്ഷിയുടെ ആജ്ഞകള്‍ നടപ്പാക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവരൊന്നും ബാലകൃഷ്ണനേപ്പോലെ തരം താണിട്ടില്ല. കലക്ടര്‍ എന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ച് തന്റേടത്തോടെ നട്ടെല്ല് നിവര്‍ത്തി തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ ബാലകൃഷ്ണന്‍ നേരേ മറിച്ചായിരുന്നു. ഒരു കലക്ടറുടെ സാന്നിദ്ധ്യം ഒരു വിഷയത്തിലും ബാലകൃഷ്ണന്‍ വന്നതില്‍പ്പിന്നെ കണ്ടിട്ടില്ല. ഭരണപരമായ തീരുമാനങ്ങള്‍ സി പി എം ഓഫീസില്‍ നിന്ന് എടുക്കുമെന്ന അവസ്ഥയിലേക്ക് കലക്ടര്‍ കാര്യങ്ങള്‍ എത്തിച്ചു. കെ സുധാകരന്‍ എം പി ക്കെതിരായി എടുത്ത കള്ളക്കേസ് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കലക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ ഓഫീസില്‍ വോട്ടര്‍ പട്ടികയുടെ വര്‍ക്ക് ഷീറ്റിന് ചെന്നതാണ് കെ സുധാകരന്‍ എം പി ചെയ്ത കുറ്റം. ഇവിടെ ഡെ തഹസില്‍ദാരുടെ പ്രകോപനപരമായ പെരുമാറ്റത്തില്‍ പ്രവര്‍ത്തകര്‍ ക്ഷുഭിതരായപ്പോള്‍ അവര നിയന്ത്രിച്ചത് എം പി യായിരുന്നു.
സംഭവത്തില്‍ തഹസില്‍ദാര്‍ക്ക് പരാതി ഇല്ലാതിരുന്നപ്പോഴാണ് മൂന്ന് ദിവസം കഴിഞ്ഞ് കലക്ടര്‍ക്ക് പരാതി ഉണ്ടാകുന്നത്. ഇവിടെയും വി കെ ബാലകൃഷ്ണന്‍ എന്ന കലക്ടര്‍ സി പി എം ജില്ലാ സെക്രട്ടറിയുടെ അനുസരണയുള്ള ദാസനായി അധപതിക്കുകയായിരുന്നു. ഒടുവില്‍ അപമാനഭാരത്തോടെ കണ്ണൂര്‍ കലക്ട്രേറ്റിന്റെ പടിയിറങ്ങാനായി മാര്‍കിസ്റ്റുകാരുടെ വിനീതദാസന്റെ വിധി. പക്ഷേ പ്രശ്നങ്ങള്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ വരുത്തിവെച്ച ക്രമക്കേടുകള്‍ നിറഞ്ഞ വോട്ടര്‍പട്ടിക ജനവിധി അട്ടിമറിക്കാന്‍ ബാക്കിനില്‍ക്കുകയാണ്. |