കണ്ണൂര്‍ വോട്ടര്‍ പട്ടികയില്‍ ബംഗാളികളും

Imageപി സജിത്കുമാര്‍
ഒരു കലക്ടര്‍ വി.കെ ബാലകൃഷ്ണനെ മാറ്റിയതുകൊണ്ട്‌ മാത്രം മായുന്നില്ല കണ്ണൂരില്‍ സി പി എം ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ നടത്തിയ ജനാധിപത്യ ധ്വംസനത്തിന്റെ പാപക്കറ. വോട്ടര്‍പട്ടികയുടെ പകര്‍പ്പ്‌ ഇന്നലെ ഔദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ കൈമാറിയപ്പോള്‍

പതിനായിരത്തോളം കള്ളവോട്ട്‌ സി പി എം ചേര്‍ത്തതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്‌ വെളിച്ചത്തുവന്നത്‌. ഓരോ ബൂത്തിലും വ്യാജവോട്ടുകളുടെ വലിയ പട്ടിക തന്നെയുണ്ട്‌. ആള്‍ത്താമസമില്ലാത്ത വീടുകളിലും പൊളിച്ചുമാറ്റിയ വീടുകളില്‍ പോലും സ്ഥിരതാമസമുള്ള വോട്ടര്‍മാര്‍ കണ്ണൂര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂരില്‍ നാല്‌ മാസം മുമ്പ്‌ മാത്രം വന്ന ബംഗാള്‍ സ്വദേശികള്‍ക്കും ഇടംകിട്ടി വോട്ടര്‍പട്ടികയില്‍ പുഴാതി പഞ്ചായത്തില്‍ ലാവണ്യ എന്ന വീട്ടുപേരിലാണ്‌ രാമചന്ദ്രദാസ്‌, ജഗദീഷ്‌ മൈറ്റി, അഭിജിത്ത്‌ മൈറ്റി, ഇന്ദ്രജിത്ത്‌ മൈദി, കിംഗര്‍രത്ത്‌, ഫിര്‍ദോസ്‌ പാഷ, ബസുദേവ്‌ പത്ര, സുനിത്ത്‌ രഞ്ജന്‍ ദാസ്‌, ലല്‍ത്തു ദാസ്‌ എന്നിവര്‍ കണ്ണൂരിലെ വോട്ടര്‍മാരായത്‌. കണ്ണൂര്‍ വോട്ടര്‍ പട്ടിക കാര്യം ശരിയാണെങ്കില്‍ എ കെ ജി ആശുപത്രിയിലെ 16 നേഴ്സുമാര്‍ ഒരു പുരുഷനോടൊപ്പമാണ്‌ താമസിക്കുന്നത്‌. പുഴാതി പഞ്ചായത്തില്‍ 11/870 എ എന്ന വീട്ടുനമ്പറിലാണ്‌ ഒരു പുരുഷനോടൊപ്പം പതിനാറ്‌ സ്ത്രീകളെ വോട്ടര്‍മാരാക്കിയത്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ പുരുഷന്മാര്‍ മാത്രം താമസിക്കുന്ന യശോറാം അപ്പാര്‍ട്ട്മെന്റ്സ്‌ എന്ന കെട്ടിടമാണ്‌. ഈ കെട്ടിടത്തിനാണ്‌ എ കെ ജി മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന്‌ പേരിട്ട്‌ വനിതകളെ കൂടി പാര്‍പ്പിച്ചിട്ടുള്ളത്‌. ഇവിടെ പതിനേഴ്‌ കള്ളവോട്ടാണ്‌ ചേര്‍ത്തത്‌.

സി പി എം നിയന്ത്രണത്തിലുള്ള റെയ്ഡ്കോവിന്റെ ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ്ജ്‌ വിജയന്‍ മാച്ചേരിയുടെ വീട്ടില്‍ രണ്ട്‌ വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്‌. രണ്ടുപേരും റെയ്ഡ്ക്കോയിലെ ജീവനക്കാര്‍ (പാര്‍ട്ട്‌ നമ്പര്‍ 097 ക്രമനമ്പര്‍ 1084, 1085).പാര്‍ട്ട്‌ 96ല്‍ പുഴാതി പഞ്ചായത്തില്‍ മതസൗഹാര്‍ദ്ദം തുളുമ്പുന്നൊരു കാര്യമുണ്ട്‌. ഒരു മുസ്ലീംഗൃഹത്തില്‍ താമസിക്കുന്നത്‌ മുഴുവന്‍ ഹിന്ദുക്കള്‍. വീട്ടുപേര്‌ റുക്സാനാസ്‌. താമസക്കാര്‍ പ്രിയേഷ്‌, രാജീവന്‍, രജീഷ്‌, വിജീഷ്‌, വിനേഷ്‌ എന്നിവര്‍. ഇവരെല്ലാം അഴീക്കോട്‌ മണ്ഡലത്തിലെ ഏഴാം ബൂത്തില്‍ വോട്ടര്‍മാരാണ്‌. അഴീക്കോട്‌ സൗത്ത്‌ സി പി എം ലോക്കല്‍ സെക്രട്ടറി പത്മനാഭന്റെ മകന്‍ സന്തോഷ്‌ അടക്കം ആറുപേര്‍ പുഴാതി 10/406 എ മണ്ഡൂക്ക്‌ എന്ന വീട്ടുപേരില്‍ വോട്ട്‌ ചേര്‍ത്തിട്ടുണ്ട്‌. പുഴാതിയിലെ എസ്‌ ബി ടി ഓഫീസേഴ്സ്‌ കോളനിയില്‍ അഴീക്കോടെ ദിനേശ്‌ ബീഡി മേസ്ത്രി മണ്ഡൂക്ക്‌ മോഹനന്‍ അടക്കം വോട്ടറായിരിക്കുന്നു.
പുഴാതി കണ്ണോത്തുംചാലില്‍ നിഹാല ക്വാര്‍ട്ടേഴ്സെന്ന പേരില്‍ കാണിച്ചിരിക്കുന്ന കെട്ടിടത്തിന്‌ പല വീട്ടുനമ്പറുകളാണ്‌ വോട്ടര്‍ പട്ടികയിലുള്ളത്‌. അഴീക്കല്‍ ചാലിലെ എം ഷിജില്‍, ടി ദിലീപന്‍, പ്രതീപന്‍, സുധാകരന്‍, പവനന്‍, വിനോദ്ബാലന്‍, സുനീഷ്‌, ഷൈനു തുടങ്ങിയവരാണ്‌ ഇവിടെ ആള്‍താമസമില്ലാത്ത വീട്ടിലെ സ്ഥിരതാമസക്കാര്‍.കണ്ണൂര്‍ നഗരസഭയിലെ പാര്‍ട്ട്‌ 32 ആയിക്കര പ്രദേശത്തെ സി ഐ ടി യു ഓഫീസില്‍ 20ലധികം വോട്ടുകളാണ്‌ അനധികൃതമായി ചേര്‍ത്തിട്ടുള്ളത്‌. 26/151 സി എന്ന വീട്ടുനമ്പറില്‍ നംഷീല്‍ കോട്ടേജ്‌, ഫൗസിയ കോട്ടേജ്‌, മാലിനി വില്ല, ആമിന കോട്ടേജ്‌ മൊയ്തീന്‍ വീട്‌, ഖിലാസി കോട്ടേജ്‌ തുടങ്ങിയ വീട്ടുപേരുകളിലാണ്‌ സി ഐ ടി യുകാര്‍ വോട്ടുചേര്‍ത്തത്‌. മൊയ്തീന്‍ വീട്ടില്‍ താമസിക്കുന്നത്‌ മാധവന്റെ മക്കളായ വിജിത്ത്കുമാറും സ്വപ്നയും ശ്രീജിത്ത്കുമാറും. 151 സി യഥാര്‍ത്ഥത്തില്‍ സി ഐ ടി യു ഓഫീസാണ്‌.

പാര്‍ട്ട്‌ 88 ല്‍ ക്രമനമ്പര്‍ 1299, 1300 ആയി ചേര്‍ത്തിട്ടുള്ള വോട്ടുകള്‍ ടൗണ്‍സ്റ്റേഷനിലെ ഒരു പൊലീസ്‌ കോണ്‍സ്റ്റബിളിന്റെ വീട്ടിലാണ്‌. ഇവിടെ ഇങ്ങനെ രണ്ട്‌ വോട്ടര്‍മാരും താമസമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ താമസമില്ലെന്ന്‌ കണ്ട്‌ പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്ത നിരവധി പേരെ വീണ്ടും വോട്ടര്‍പട്ടികയില്‍ തിരിച്ചു കയറ്റിയിട്ടുണ്ട്‌. ഒരുപക്ഷെ ഇന്ത്യയിലൊരിടത്തും ഇത്രയും ആസൂത്രിതമായൊരു വോട്ടര്‍പട്ടിക അട്ടിമറി നടന്നിട്ടുണ്ടാകില്ല. തിരഞ്ഞെടുപ്പ്‌ നടപടി ക്രമങ്ങളുടെയും ഉദ്യോഗസ്ഥരുടെ നിലപാടുകളുടെയും വിശ്വാസ്യതയിലാണ്‌ ഈ വോട്ടര്‍ പട്ടിക സംശയമുയര്‍ത്തുന്നത്‌. കളക്ടര്‍ ബാലകൃഷ്ണന്‍ മാറുമെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി എക്കാലത്തും ഉണ്ടാകും കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ സി പി എം നടത്തിയ ഈ അട്ടിമറി.കണ്ണൂരില്‍ വിജയിക്കാന്‍ എന്തുനെറികേടും സി പി എമ്മുകാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ്‌ ഈ വോട്ടര്‍പട്ടിക.

യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്താന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ കടയ്ക്കല്‍ കത്തി വെച്ചിരിക്കുകയാണ്‌ സി പി എം. കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ യു ഡി എഫിനനുകൂലമായ വികാരത്തെ മറികടക്കാന്‍ സി പി എം ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ നടത്തിയ കുടിലതന്ത്രങ്ങളുടെ വിശദവിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വരുമ്പോള്‍ പകച്ചു നില്‍ക്കുകയാണ്‌ ഇവിടത്തെ വോട്ടര്‍മാര്‍. ക്രമക്കേടുകള്‍ക്കെല്ലാം നിസംഗതയോടെ ഒത്താശ നല്‍കിയ കലക്ടര്‍ വി കെ ബാലകൃഷ്ണനെ മാറ്റിയതു കൊണ്ട്‌ അവസാനിക്കുന്നില്ല പ്രശ്നങ്ങള്‍.
സി പി എം ഓഫീസില്‍ നിന്ന്‌ അച്ചടിച്ചു നല്‍കിയ ഉത്തരവു പ്രകാരം ഈ ക്രമക്കേടുകളെല്ലാം വരുത്തിയ ഉദ്യോഗസ്ഥരും ജനവിധിയെ അട്ടിമറിക്കുന്ന വോട്ടര്‍പട്ടികയും അതേ പടി നിലനില്‍ക്കുമ്പോള്‍ ഇവിടെ ജനാധിപത്യമെവിടെയെന്ന ചോദ്യം ബാക്കിയാകുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls